തിങ്കളാഴ്‌ച, ഡിസംബർ 05, 2011

വേണം മറ്റൊരു കേരളം

('വേണം മറ്റൊരു കേരളം' എന്ന മുദ്രാവാക്യവുമായി കേരളത്തില്‍ നടക്കുന്ന ക്യാംപെയിനിനെക്കുറിച്ച് കേട്ടപ്പോള്‍ മനസ്സില്‍ തോന്നിയ ചില കാര്യങ്ങള്‍ ഇവിടെ കുറിച്ചിടുകയാണ്.. കവിത എന്ന് ഇതിനെ വിളിക്കാമോ എന്ന് അറിയില്ല..എന്തായാലും 'മുദ്രാഗീതം' എന്ന് വിളിക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു..ഇത് ഒരു തുടക്കം മാത്രം...വിഷയവുമായി ബന്ധപ്പെട്ട  കൂടുതല്‍ വരികള്‍ ആര്‍ക്കും എഴുതാം..കമന്റു ബോക്സില്‍ രേഖപ്പെടുത്താം...അഭിപ്രായങ്ങളും ആവാം..ക്യാമ്പെയിന്‍ നടത്തുന്ന പ്രസ്ഥാനവുമായി ഈ എഴുത്തിനു യാതൊരു ബന്ധവുമില്ല..വ്യക്തിപരമായി എന്റെ ആശയങ്ങള്‍,ചിന്താഗതികള്‍ പങ്കു വെക്കുന്നു..അത്രമാത്രം..)
 

  വേണം മറ്റൊരു കേരളം

            (ഒന്ന്)

വേണം മറ്റൊരു കേരളമെന്ന്
വേപഥു  പൂണ്ടവര്‍ ചൊല്ലുമ്പോള്‍ 
വേണ്ടാതിനമത് ചൊല്ലരുതെന്ന്
വേണ്ടപ്പെട്ടവര്‍ മൊഴിയുന്നോ? 
                  ''ഭാര്‍ഗവരാമന്‍ മഴുവാല്‍ തീര്‍ത്തൊരു 
                   ഭൂവിത് കേരളമറിയേണം  
                   ശിവപാര്‍വതിമാര്‍ തെക്ക് വടക്കായ്
                   കാക്കും നാടെന്നറിയേണം       
ദൈവത്തിന്റെ സ്വന്തം നാടിതു 
മാറണമെന്നത്  പറയുന്നോര്‍ 
ദൈവനിഷേധികളെന്നല്ലാതെ 
പിന്നെന്തവരെ വിളിക്കേണ്ടൂ?''
                   (പലവേഷത്തില്‍ പലഭാവത്തില്‍ 
                   ആള്‍ ദൈവങ്ങള്‍ വിലസുമ്പോള്‍ 
                   ദൈവത്തിന്‍ നാടെന്നല്ലാതെ  
                   മറ്റെന്തിതിനെ വിളിക്കേണ്ടൂ!)
ദൈവപ്പേരില്‍ ചെപ്പടിവിദ്യകള്‍ 
കാട്ടിനടപ്പൂ കേമന്മാര്‍-
കാവിയുടുത്തോര്‍,വെള്ളയുടുത്തോര്‍,   
പാട്ടും ആട്ടവുമറിയുന്നോര്‍!
                   അവരുടെ കാല്‍ക്കല്‍ വീഴാനും 
                   അവരുടെ മാറില്‍ ചായാനും 
                   കവിളില്‍ മുത്തം വാങ്ങാനും 
                   കാത്തുകിടപ്പൂ പാവങ്ങള്‍!
കോവിലിനുള്ളില്‍ കുടികൊള്ളും തിരു-
രൂപം കണ്ടു തൊഴാനായി,
കോടികണക്കിനു ഭക്തര്‍ ക്യൂവില്‍ 
തൊഴുകൈകളുമായ് നില്‍ക്കുമ്പോള്‍ 
                    കാശുമുടക്കിയ മുന്തിയ ഭക്തര്‍ 
                    'ഗ്രീന്‍ചാനല്‍' വഴിയെത്തുന്നു!
                     വി.ഐ.പി.കള്‍ ക്യൂവിനുനേരെ 
                     കൈവീശുന്നു, ചിരിക്കുന്നു!
ചാക്കുകണക്കിന് കാശുകൊടുത്താല്‍ 
ചാക്കില്‍ കയറും ദൈവങ്ങള്‍!
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ 
നാട്ടുനടപ്പിതു മാറണ്ടേ?
                    വേണം മറ്റൊരു കേരളമെന്ന് 
                    വേപഥു പൂണ്ടവര്‍ ചൊല്ലുമ്പോള്‍
                    കാരണമെന്തെന്നറിയാനായ് 
                    കാതുകള്‍ നമ്മള്‍ തുറക്കണ്ടേ?      

                          (രണ്ട്)
'ജാതിയുമൊന്ന്,മതവും ഒന്ന്,
ദൈവവുമൊന്ന്  മനുഷ്യന്ന്'
ഗുരുവചനം കേട്ടാഹ്ലാദിച്ചൂ     
അന്നീ കേരളമൊന്നാകെ.
                       നാനാജാതികളുപജാതികളും 
                       സംഘം ചേര്‍ന്ന് നടക്കുമ്പോള്‍ 
                       സംഘര്‍ഷത്തിന്‍ നാടായ്‌ മാറീ
                       ഇന്നീ കേരള മറിയേണം!
നന്മകള്‍ വിളയും നാടെന്ന്
കവികള്‍ പാടിയ കേരളമേ,
തിന്മകള്‍ നിന്നില്‍ നിറയുമ്പോള്‍ 
കരളുരുകുന്നൂ തകരുന്നൂ 
                   മണ്ണിനു,പെണ്ണിന് വില പറയുന്നൊരു 
                   മാഫിയ നര്‍ത്തനമാടുന്നൂ!
                   മണ്ണിനു പൊന്നിന്‍ വില നല്‍കുന്നൂ 
                   പെണ്ണിന്‍ മാനം കവരുന്നൂ 

സ്വര്‍ണ്ണക്കടകള്‍,ബാര്‍ഹോട്ടലുകള്‍ 
മുക്കിനു മുക്കിനുപെരുകുന്നൂ 
നൂറുകണക്കിന് നാനോ കാറുകള്‍ 
നിത്യം റോഡിലിറങ്ങുന്നൂ!
            ഐ.ടി.പാര്‍ക്കും സ്മാര്‍ട്ട് സിറ്റീം 
            കണ്ണഞ്ചിക്കും കാഴ്ചകളും,
            വികസനമെത്തീ അതിവേഗം 
             മുന്നേറീ നാം ബഹു ദൂരം!     
 
                            
                                         (മൂന്ന്)

                          അക്ഷയതൃതിയ അടുത്തെത്തി  
                          അയലത്തൂന്നും വിളിയെത്തി 
                        '' സുവര്‍ണ്ണ നാളില്‍ സുന്ദര നാളില്‍ 
                          സ്വര്‍ണ്ണം ഒരുതരി വാങ്ങണ്ടേ?'' 


                                   
                                                     കാണം വിറ്റും ഓണം ഉണ്ണാന്‍
                                                      കാത്തുകിടന്നൊരു മലയാളി 
                                                      കണ്ടം വിറ്റും പണ്ടം വാങ്ങാന്‍ 
                                                      ക്യൂ നില്‍ക്കുന്നൂ ജ്വല്ലറിയില്‍!
                                  

 മഴുവാല്‍ തീര്‍ത്തൊരു നാടിന്‍ നാശം 
മഴുവാല്‍ത്തന്നെ തുടങ്ങീ നാം 
കാടുകള്‍ വെട്ടീ,മേടുകള്‍ തട്ടീ 
നാടിന്‍ വികസന പാതയ്ക്കായ്
                       കാടുകള്‍ തോടുകള്‍ കുഞ്ഞരുവികളും 
                            കുളങ്ങള്‍ വയലുകള്‍ കുന്നുകളും 
                            കാണാ കാഴ്ചകളാകുന്നൂ 
                            കേരളനാടിത് വളരുന്നൂ!  
 രണ്ടും മൂന്നും മേനി വിളഞ്ഞൊരു  
 പാടം പാര്‍പ്പിടമാകുന്നൂ
 നെല്ലിനു പകരം 'വില്ലകള്‍' വിളയും 
 നാടായ്‌ നാടിതു മാറുന്നൂ!
                       വൈദ്യുതിവെട്ടം വന്നൊരുനാട്ടില്‍
                       കുട്ടിച്ചാത്തനകന്നപ്പോള്‍
                        വൈദ്യുതി തന്നുടകമ്പടിയോടെ 
                        'പെട്ടി'യിലെത്തീ ചാത്തന്മാര്‍!
ഏലസ്സുകളുടെ  അത്ഭുതസിദ്ധികള്‍  
ചാനല്‍ ചര്‍ച്ചയില്‍ നിറയുന്നൂ 
എതിരാളികളുടെ വാദമുഖങ്ങള്‍
സിദ്ധര്‍ നിഷ്പ്രഭാമാക്കുന്നൂ! 
                       സാക്ഷരസുന്ദര കേരളനാട്ടില്‍ 
                      യക്ഷിക്കഥകള്‍കൊഴുക്കുമ്പോള്‍ 
                      കണ്ണില്‍ക്കണ്ടതു പോലാക്കഥകള്‍ 
                      സാക്ഷരജനത വിഴുങ്ങുന്നൂ!
  വേണം മറ്റൊരു കേരളമെന്ന്
വേപഥു  പൂണ്ടവര്‍ ചൊല്ലുമ്പോള്‍ 
കാരണമെന്തെന്നറിയാനായ്
കഥകള്‍ ഇനിയും ചൊല്ല ണമോ?