ബുധനാഴ്‌ച, ജനുവരി 22, 2014

വിദ്യാലയ വികസന സ്വപ്നങ്ങളുമായി പുഞ്ചാവി സ്കൂൾ..

Photo: ഉൽഘാടനം:ഇ.ചന്ദ്രശേഖരൻ.എം.എൽ.എ
Photo: സ്വാഗതം:നജ്മ റാഫി(മുനിസിപ്പൽ കൌൺസിലർ&ചെയർമാൻ,വിദ്യാലയവികസനസമിതി)

Photo: അധ്യക്ഷ:ജാനകിക്കുട്ടി.സി(ചെയർ പേഴ്സൻ,വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി,കാഞ്ഞങ്ങാട് നഗരസഭ)
കാഞ്ഞങ്ങാട്: നവതിയോടടുക്കുന്ന പുഞ്ചാവി ഗവ:എൽ.പി.സ്കൂളിന്റെ വികസനസ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാൻ സഹായവാഗ്ദാനങ്ങളുമായിപൂർവവിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും രംഗത്തെത്തിയപ്പോൾ,ഈ ആവേശം നിലനിർത്താനായാൽ ലക്ഷ്യമിട്ട കാര്യങ്ങൾ ഉദ്ദേശിച്ചസമയത്തിനു മുമ്പുതന്നെ പൂർത്തിയകുമെന്ന ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്കുകളുമായി കാഞ്ഞങ്ങാട് എം.എൽ.എ ഇ.ചന്ദ്രശേഖരൻ എത്തിയത് ഇതിനുപിന്നിൽ പ്രവർത്തിച്ചവർക്ക് ആവേശം പകർന്നു.എൺപതുവർഷത്തിലധികം കാലം വാടകക്കെടട്ടിടത്തിൽ പ്രവർത്തിച്ച ഈ കടലോരവിദ്യാലയത്തിനു സ്വന്തമായി കെട്ടിടം പണിതിട്ട് ആറുവർഷമേ ആയിട്ടുള്ളൂ..കെട്ടിടം നിൽക്കുന്ന 12 1/4 സെന്റു സ്ഥലമല്ലാതെ ഒരിഞ്ചു സ്ഥലം പോലും സ്വന്തമായി ഇല്ല എന്നത് വിദ്യാലയവികസനത്തിനു തടസ്സമായി ഇപ്പോഴും നിൽക്കുന്നു.വിദ്യാലയത്തിനു ചുറ്റുമുള്ള സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുട്ടികളെ ഈ വിദ്യാലയത്തിലേക്കയയ്ക്കാൻ രക്ഷിതാക്കൾ മടിച്ചതോടെ കുട്ടികളുടെ എണ്ണം വർഷം കഴിയുതോറും കുറയുന്ന അവസ്ഥയുമായി.ഈ സാഹചര്യം മുതലെടുത്തുകൊണ്ട് സമീപത്തുള്ള സ്വകാര്യ-അൺ അയിഡഡ് വിദ്യാലയങ്ങൾ വാഹനങ്ങളുമായി എത്തിയതോടെ വിദ്യാർഥികൾ കൂട്ടത്തോടെ അവിടങ്ങളിലേക്ക് പോകുന്ന അവസ്ഥയുമായി.ഈ സ്ഥിതി തുടർന്നാൽ വിദ്യാലയം അടച്ചുപൂട്ടുന്ന അവസ്ഥ ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞ നാട്ടുകാർ വിദ്യാലയവികസനസമിതി രൂപീകരിച്ച് വിദ്യാലയസംരക്ഷണപ്രവർത്തനങ്ങൾ ഊർജിതമാക്കി.കാഞ്ഞങ്ങാട് നഗരസഭയുടെ ബഡ്ജറ്റിൽ തുക നീക്കിവെച്ചുകൊണ്ട് 30 സെന്റ് സ്ഥലം വിലകൊടുത്തു വാങ്ങുന്നതിനുള്ള പ്രവർത്തനങ്ങൾ ഉടൻ തന്നെ ലക്ഷ്യം കാണുമെന്ന പ്രതീക്ഷയിലാണു നാട്ടുകാർ.സ്ഥലമുടമയുടെ സമ്മതപത്രം ഉൾപ്പെടെ ആവശ്യമായ മുഴുവൻ രേഖകളും ഇതിനകം മുനിസിപ്പാലിറ്റിയിൽ സമർപ്പിച്ചുകഴിഞ്ഞു.അടുത്ത നഗരസഭാ കൌൺസിൽ യോഗത്തിൽ തീരുമാനമെടുത്തുകൊണ്ട് സർക്കാർ അനുമതിയോടെ ഈ സാമ്പത്തികവർഷംതന്നെ സ്ഥലമെടുപ്പ് നടപടികൾ പൂർത്തീകരിക്കാൻ ശ്രമിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ ഹസീന താജുദ്ദീൻ വിദ്യാലയവികസനസമിതി ഭാരവാഹികൾക്ക് ഉറപ്പുനൽകി. എം.എൽ.എ ഫണ്ടിൽ നിന്ന് ബസ് വാങ്ങാൻ അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ച് സ്കൂൾ ബസ് വാങ്ങുന്നതോടെ പുഞ്ചാവിയിലെ ‘മുഴുവൻ കുട്ടികളും പുഞ്ചാവി സ്കൂളിൽ‘ എന്ന ലക്ഷ്യം നിറവേറ്റാൻ കഴിയും എന്ന് വികസനസമിതി അംഗങ്ങൾക്ക് ഉറച്ച വിശ്വാസം ഉണ്ട്. അധികാരികളിൽ നിന്നു കിട്ടുന്ന സഹായങ്ങൾക്കപ്പുറം വികസനപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി 10 ലക്ഷം രൂപയുടെ വിദ്യാലയവികസനനിധി സംഭാവനയായി സ്വരൂപിക്കാനുള്ള പ്രവർത്തനത്തിനു നല്ല പ്രതികരണമാണു നാട്ടുകാരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. പൂർവ വിദ്യാർഥിയായ കമലാക്ഷൻ പുഞ്ചാവിയിൽ നിന്നും ആദ്യസംഭാവന സ്വീകരിച്ചുകൊണ്ട് സാമ്പത്തിക സമാഹരണത്തിന്റെ ഉൽഘാടനം ഇ.ചന്ദ്രശേഖരൻ എം.എൽ.എ നിർവഹിച്ചു.കാഞ്ഞങ്ങാട് നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൻ സി.ജാനകിക്കുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ഇതേ വേദിയിൽ വെച്ച് രക്ഷിതാക്കളിൽ നിന്നുള്ള സംഭാവനയുടെ ആദ്യവിഹിതം മുൻ.എം.പി.ടി.എ പ്രസിഡന്റ് സുജയും പൊതുജനങ്ങളിൽ നിന്നുള്ള ആദ്യസംഭാവന ഡോ:ബാബുവിനുവെണ്ടി ഭാര്യ ധന്യയും എം.എൽ.എ യ്ക്കു കൈമാറി. വിദ്യാലയ വികസനപദ്ധതിയുടെ രൂപരേഖയും ഇതുവരെ നടന്ന പ്രവർത്തനങ്ങളുടെ റിപ്പോർട്ടും പ്രധാനാധ്യാപകൻ കെ.നാരായണൻ അവതരിപ്പിച്ചു.നഗര സഭാ കൌൺസിലർമാരായ മോഹനൻ പി.വി, പ്രദീപൻ മരക്കാപ്പ്,വികസനസമിതി വൈസ് ചെയർമാൻ കുഞ്ഞിക്യ് ഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.വാർഡ് കൌൻസിലറും വിദ്യാലയവികസനസമിതി ചെയർപേഴ്സനുമായ നജ്മ റാഫി സ്വാഗതവും, കെ.എൻ.സുരേഷ്മാഷ് നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ