ഞായറാഴ്‌ച, ഡിസംബർ 01, 2013

കേരള സ്‌കൂൾ പാഠ്യപദ്ധതി പരിഷ്കരണവും അസീസ് കമ്മിറ്റി റിപ്പോർട്ടും

ആമുഖം

പൊതുവിദ്യാഭ്യാസത്തിന്റെ ഭാവിയെ സംബന്ധിച്ച ആശങ്കകൾ വർധിപ്പിക്കുന്ന, തുടർച്ചയായ നടപടികളാണ്‌ കേരളത്തിൽ ഇന്നു അരങ്ങേറിക്കൊണ്ടിരിക്കുന്നത്‌. പരിഷത്തടക്കമുള്ള സംഘടനകൾ നേരത്തേ തന്നെ മുന്നറിയിപ്പു നൽകിയ കാര്യങ്ങൾ ഇന്നു യാഥാർഥ്യമാവുകയാണ്‌. ശക്തമായ എതിർപ്പ്‌ ഉണ്ടായിട്ടും വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണം അതിവേഗം ആധിപത്യം നേടുന്നു. അതിന്റെ സൂത്രധാരത്വം വഹിക്കുന്നതിൽ മുഖ്യപങ്ക്‌ സ്വകാര്യ ഏജൻസികളല്ല ഭരണകൂടം തന്നെയാണ്‌ ഏറ്റെടുത്തിരിക്കുന്നത്‌ എന്നതാണ്‌ ഇന്ന്‌ ഏറെ ഗൗരവതരമായിട്ടുള്ളത്‌. പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിൽ മുഖ്യ പങ്കുവഹിച്ച ഭരണകൂടം തന്നെ ഇന്നതിനെ തകർക്കുന്നതിനും നേതൃത്വം നൽകുകയാണ്‌.
കേരളപ്പിറവിക്കു ശേഷമുള്ള ആദ്യ മൂന്നുപതിറ്റാണ്ട്‌ വിദ്യാഭ്യാസം സേവനമേഖലയുടെ ഭാഗമായി അംഗീകരിക്കപ്പെട്ടിരുന്നു. സാമൂഹ്യ ഉന്നമനമായിരുന്നു അതിന്റെ ലക്ഷ്യം. അതിലേക്ക്‌ വ്യവസായികളും ജനങ്ങളുമെല്ലാം സംഭാവനനൽകും.പക്ഷേ, അത്‌ വാണിജ്യത്തിന്റെ ഭാഗമായിരുന്നില്ല. സേവനങ്ങൾ വാണിജ്യമാണെന്ന്‌ ഗാട്ട്‌ കരാറിലൂടെ ഇന്ത്യയും അംഗീകരിച്ചതോടെയാണ്‌ ഇതിനു മാറ്റം വന്നത്‌. വിദേശ - സ്വദേശ മൂലധന സമ്മർദം വഴിയായും അന്താരാഷ്‌ട്ര കരാറുകളുടെ നിബന്ധനകൾ മൂലവും വിദ്യാഭ്യാസത്തിനു നൽകിപ്പോന്ന സഹായം വൻതോതിൽ വെട്ടിക്കുറച്ചു. തുടർന്നു പൊതുസ്വകാര്യപങ്കാളിത്തത്തെ (PPP) ക്കുറിച്ചുള്ള പല്ലവിയായി. ലാഭനഷ്ടക്കണക്കുകളുടെ അടിസ്ഥാനത്തിലല്ല, സേവനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊതുവിദ്യാലയങ്ങളുടെ കാര്യശേഷി കണക്കാക്കിയിരുന്നത്‌. കാര്യശേഷി വളർത്താൻ പണമില്ലെന്ന്‌ വാദിച്ച ഗവൺമെന്റ്‌ DPEP, SSA തുടങ്ങിയ കേന്ദ്രഗവൺമെന്റ്‌ പദ്ധതികളെയാണ്‌ ആശ്രയിച്ചുപോന്നത്‌. സാമ്പത്തിക നഷ്ടമെന്നുപറഞ്ഞ്‌ സ്‌കൂളുകൾ അടച്ചുപൂട്ടാൻ ശ്രമിച്ചു. വിദ്യാഭ്യാസത്തിന്റെ മുതൽമുടക്കിൽ അധികമധികം സ്വകാര്യ പങ്കാളിത്തമായി. ഭൂമിയും സൗകര്യങ്ങളും ഗവൺമെന്റ്‌ നൽകി വിദ്യാലയനടത്തിപ്പ്‌ സ്വകാര്യ ഏജൻസികൾ ഏറ്റെടുക്കണമെന്നുവരെയായി. ഉന്നത വിദ്യാഭ്യാസമേഖലയിൽ ഇത്‌ വ്യാപകമായിത്തുടങ്ങി.
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും ആദ്യകാലം മുതലേ ഇവിടെ ചർച്ചാവിഷയമാണ്‌. കേന്ദ്രതലത്തിൽ, ഗുണനിലവാരം മെച്ചപ്പെടുത്താനായി നടത്തിയ എല്ലാ പരിഷ്‌ക്കാരങ്ങളും തൽസമയം നടപ്പാക്കിയ സംസ്ഥാനമാണല്ലോ നമ്മുടേത്‌. 1997 മുതൽ കേരളത്തിൽ നടപ്പാക്കിയ പാഠ്യപദ്ധതി പരിഷ്‌ക്കാരം ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ട കേരളത്തിന്റെ തനത്‌ മുന്നേറ്റമായിരുന്നു. ഇവിടുത്തെ അധ്യാപകരുടെ അനുഭവങ്ങളുടെയും ലോകമാകെ വളർന്നുവന്ന വിദ്യാഭ്യാസപരിപ്രേക്ഷ്യങ്ങളുടെയും പശ്ചാത്തലത്തിൽ രൂപംകൊണ്ട പാഠ്യപദ്ധതി പൊതുവിൽ ഫലപ്രദമാണെന്ന്‌ അനുഭവങ്ങൾ തെളിയിക്കുകയും വിദ്യാലയങ്ങളുടെ പൊതുപ്രകടനം വലിയ തോതിൽ ഉയരുകയും ചെയ്‌തു. പ്രാദേശിക തലത്തിൽ നിലനിന്ന വമ്പിച്ച പരാധീനതകളെയും പൊതുവിദ്യാലയങ്ങളോട്‌ പൊതുവെയുള്ള അവഗണനയെയും മറികടന്നാണ്‌ നിരവധി വിദ്യാലയങ്ങൾ ഈ നേട്ടങ്ങളുണ്ടാക്കിയത്‌.
എന്നാൽ നവലിബറൽ സ്വാശ്രയലോബിക്കും വിദ്യാഭ്യാസത്തെ സംബന്ധിച്ച സാമ്പ്രദായിക വ്യവഹാരവാദപരമായ കാഴ്‌ചപ്പാടുകൾ തുടരുന്നവർക്കും ഈ മാറ്റങ്ങൾ സ്വീകാര്യമായില്ല. അവർ പുതിയ പാഠ്യപദ്ധതിയെ കടന്നാക്രമിക്കാൻ തുടങ്ങി. അക്കാദമീയമായചർച്ചകൾ നടത്തി നിലപാടുകൾ സ്വീകരിക്കേണ്ടതിനു പകരം കേവല രാഷ്‌ട്രീയത്തിലൂന്നിയ അക്കാദമീയ സമൂഹത്തിലൊരു വിഭാഗവും ഈ കടന്നാക്രമണത്തിൽ പങ്കാളികളായി. പുതിയ പാഠ്യപദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച്‌ ഈ വിവാദം സൃഷ്ടിച്ച ആശയക്കുഴപ്പം ചില്ലറയല്ല.
ഇപ്പോൾ പാഠ്യപദ്ധതിക്കെതിരായ ആക്രമണത്തിന്റെ മുന വിദ്യാഭ്യാസനിലവാരം തകരുന്നുവെന്നതാണ്‌. നിലവാരത്തകർച്ചമൂലം കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ നിന്ന്‌ ഒഴിഞ്ഞുപോകുന്നുവെന്ന വാദമാണുയരുന്നത്‌. അൺ എയ്‌ഡഡ്‌ അടക്കം എല്ലാ വിദ്യാലയങ്ങളിലും കുട്ടികൾ കുറയുന്നു എന്നതാണു വാസ്‌തവം. ഇത്തവണത്തെ പ്രവേശനനിരക്കിൽ സർക്കാർ വിദ്യാലയങ്ങളാണ്‌ അൺ എയിഡഡിനേക്കാൾ മുമ്പിലെന്നതും വസ്‌തുതയാണ്‌. ജനസംഖ്യയിലുള്ള കുറവാണ്‌ കുട്ടികൾ കുറയുന്നതിനുള്ള പ്രധാന കാരണം.
1980 മുതൽ തുടർച്ചയായി കുട്ടികളുടെ എണ്ണം കുറയുന്നുണ്ട്‌. ചിലയിടങ്ങളിൽ അൺഎയ്‌ഡഡ്‌ വിദ്യാലയങ്ങളിൽ കുട്ടികളെ ചേർക്കുന്ന പ്രവണതയുമുണ്ട്‌. സാധാരണക്കാരുടെ കൂടെ സ്വന്തം മക്കളെ വിടാൻ തയ്യാറാകാത്ത വർഗബോധമുള്ളവരും മധ്യവർഗ സംസ്‌കാരം ഉൽപ്പാദിപ്പിക്കുന്ന വ്യാമോഹങ്ങളുമാണ്‌ ഇതിനു പിന്നിൽ. മലയാളം മീഡിയത്തിൽ കുട്ടികളെ പഠിപ്പിക്കാത്തതുകൊണ്ട്‌ കുട്ടികളുടെ നിലവാരമെന്തെന്നും സ്വന്തം കുട്ടികളുടെ നിലവാരവുമായുള്ള താരതമ്യം എങ്ങനെയാകണമെന്നും വിലയിരുത്താൻ പോലും ഈ രക്ഷിതാക്കൾക്കാകുന്നില്ല. കച്ചവട വിദ്യാഭ്യാസലോബിയും അവരെ പിന്താങ്ങുന്ന ചില `വിദഗ്‌ധരും' സംഘടനകളുമാണ്‌ നിലവാരത്തകർച്ച ഉയർത്തി പൊതു വിദ്യാലയങ്ങളെ തകർക്കാൻ ശ്രമിക്കുന്നത്‌.
കേരളത്തിൽ പൊതുവിദ്യാലയങ്ങൾക്കു തന്നെയാണിപ്പോഴും പ്രാമുഖ്യം. 80 ശതമാനത്തിലേറെ വിദ്യാർഥികളും അവിടെത്തന്നെയാണു പഠിക്കുന്നത്‌. ഇത്തരം വിദ്യാലയങ്ങളുടെ ഗുണമേന്മ ഏറ്റവും മികച്ചതാക്കുകയെന്നതാവണം നമ്മുടെ ലക്ഷ്യം. ദൗർഭാഗ്യവശാൽ ഗവൺമെന്റിന്റെ നയസമീപനങ്ങൾ ഈ ദിശയിലല്ല. കേന്ദ്രസർക്കാരിൽ നിന്നു ലഭിക്കുന്ന എസ്‌.എസ്‌.എ, ആർ.എം.എസ്‌.എ ഫണ്ടുകളും വിദ്യാഭ്യാസ അവകാശനിയമമനുസരിച്ച്‌ പൊതുവിദ്യാലയങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനുള്ള സാധ്യതകളും ഫലവത്തായ പ്രവർത്തനങ്ങളാക്കി മാറ്റാൻ സർക്കാർ ശ്രമിക്കുന്നില്ല. ഈ വീഴ്‌ച മറച്ചുവയ്‌ക്കാൻ കൂടിയാണ്‌ വിദ്യാഭ്യാസ നിലവാരം തകരുകയാണെന്ന വ്യാപകമായ പ്രചാരണം നടത്തുന്നത്‌.
വിദ്യാഭ്യാസ നിലവാരം വർധിപ്പിക്കാൻ അധ്യാപകനിയമനത്തിൽ ഗുണനിലവാരം ഉറപ്പുവരുത്തുക, സ്‌കൂൾ ഭരണനിർവഹണം കാര്യക്ഷമമാക്കുക, ഭൗതിക സൗകര്യങ്ങൾ വർധിപ്പിക്കുക ഇൻസർവീസ്‌ പരിശീലനം കാര്യക്ഷമമാക്കുക, ബോധന പഠന രൂപങ്ങളും നിരന്തര മൂല്യനിർണയവും കൃത്യമായി മോണിട്ടർ ചെയ്യുക തുടങ്ങിയവ അത്യാവശ്യമാണ്‌. ഇതിനെല്ലാമുള്ള ബാധ്യത സർക്കാരിനും വിദ്യാഭ്യാസ വകുപ്പിനുമുണ്ട്‌. ഇവയിലൊന്നും ഒരു പുതിയ പരിപാടിയും ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്നില്ല. എന്നുമാത്രമല്ല, ഉണ്ടായിരുന്ന ക്ലസ്റ്റർ പരിശീലനമടക്കം അപ്രത്യക്ഷമാവുകയും ചെയ്‌തിരിക്കുന്നു. ഇതോടൊപ്പം പാഠ്യപദ്ധതി മുഴുവൻ അഴിച്ചുപണിയാൻ സർക്കാർ തീരുമാനിക്കുകയും ചെയ്‌തിരിക്കയാണ്‌.
2007-ൽ നിലവിൽ വന്ന കേരള സ്‌കൂൾ പാഠ്യപദ്ധതിയും (കെ.സി.എഫ്‌) അതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെട്ട പാഠപുസ്‌തകങ്ങളും കേരള സർക്കാർ മാറ്റുകയാണ്‌. അതിനായി പ്രൊഫ.പി.കെ.അബ്‌ദുൾ അസീസ്‌ ചെയർമാനായി ഒരു വിദഗ്‌ധസമിതിയെ ഈ വർഷമാദ്യം സർക്കാർ നിയമിക്കുകയുണ്ടായി. അതിന്റെ ഭാഗമായി കമ്മിറ്റിയുടെ നിർദ്ദേശാനുസരണം അധ്യാപകരുടെ ഇടയിൽ 2013 ഫെബ്രുവരിയിൽ ഒരു സർവെ നടത്തിയിരുന്നു. 2013 ജൂണിൽ സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിനുള്ള ഒരു സമീപനരേഖ കമ്മിറ്റി പുറത്തിറക്കി.
സമീപന രേഖയുടെ അടിസ്ഥാനത്തിൽ വ്യാപകമായ ചർച്ച നടത്തി അഭിപ്രായ ശേഖരണം നടത്തിയാവണം റിപ്പോർട്ട്‌ തയ്യാറാക്കേണ്ടത്‌. അത്ഭുതകരമെന്ന്‌ പറയട്ടെ, പ്രസ്‌തുത റിപ്പോർട്ട്‌ ലഭിക്കും മുമ്പ്‌, ജൂലൈയിൽ തന്നെ, പാഠപുസ്‌തക രചന എസ്‌ സി ഇ ആർ ടി യിൽ ആരംഭിച്ചിരുന്നു. പാഠപുസ്‌തകങ്ങൾ മാറ്റണമെന്ന്‌ ആദ്യം തീരുമാനിക്കുക. അതിനുശേഷം അതിനാവശ്യമായ റിപ്പോർട്ട്‌ ഉണ്ടാക്കുക - ഇതാണിവിടെ നടന്നത്‌. 1, 3, 5, 7, 11 ക്ലാസുകളിലെ പാഠപുസ്‌തകങ്ങളാണ്‌ അടുത്ത അക്കാദമിക വർഷം മാറ്റുന്നത്‌. വളരെ തിടുക്കത്തിലാണ്‌ സർക്കാർ കാര്യങ്ങൾ മുന്നോട്ട്‌ കൊണ്ടുപോകുന്നത്‌. എന്തിനാണിത്ര ധൃതി പിടിക്കുന്നത്‌ എന്ന്‌ ആരും ചോദിച്ചുപോവും. നിലവിലുള്ള പാഠ്യപദ്ധതിയും പാഠപുസ്‌തകങ്ങളും ധൃതഗതിയിലുള്ള പരിഷ്‌കരണം അനിവാര്യമാക്കും വിധം `പഴഞ്ചനാ'യോ?
സർക്കാരിന്റെ ന്യായീകരണങ്ങൾ ഒട്ടും തന്നെ ന്യായയുക്തങ്ങളല്ലെങ്കിലും, 2013 ആഗസ്‌തിൽ അസീസ്‌ കമ്മിറ്റി റിപ്പോർട്ട്‌ സമർപ്പിച്ചു. ഈ റിപ്പോർട്ടും അതിലെ ശുപാർശകളും വിലയിരുത്തണമെങ്കിൽ കേരളത്തിലെയും ഇന്ത്യയിലെയും പാഠ്യപദ്ധതി രൂപീകരണ ചരിത്രം അല്‌പം പരിശോധിച്ചേ മതിയാവൂ.

പാഠ്യപദ്ധതി രൂപീകരണ ചരിത്രം

1976-ൽ ഒരു ഭരണഘടനാ ഭേദഗതി വഴിയാണ്‌ സംസ്ഥാന ലിസ്റ്റിൽ പെട്ട വിദ്യാഭ്യാസം സംയുക്ത ലിസ്റ്റിൽ (Concurrent list) ഉൾപ്പെടുത്തുന്നത്‌. സംയുക്ത ലിസ്റ്റിലായാൽ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും നിയമ നിർമാണം നടത്താൻ അധികാരം ലഭിക്കും. 1986-ൽ ഇന്ത്യൻ പാർലിമെന്റ്‌ പാസാക്കിയതും 1992-ൽ ഭേദഗതി വരുത്തിയതുമായ ദേശീയ വിദ്യാഭ്യാസ നയമാണ്‌ രാജ്യത്ത്‌ ഇപ്പോൾ നിലനിൽക്കുന്നത്‌. ഇന്ത്യയിൽ വിദ്യാഭ്യാസ മേഖലയിലെ നവലിബറൽ നയങ്ങൾക്ക്‌ തുടക്കം കുറിച്ച ഒരു രേഖയായിരുന്നു അത്‌. ഇന്ന്‌ വിദ്യാഭ്യാസരംഗത്ത്‌ കണ്ടുവരുന്ന ഉദാരവത്‌കരണ നയങ്ങളെ അത്‌ സാധൂകരിക്കുന്നു. എന്നിരുന്നാലും, എലിമെന്ററി (1-8 വരെ ക്ലാസുകൾ) വിദ്യാഭ്യാസത്തെ ശിശുകേന്ദ്രിതവും പ്രവർത്തനാധിഷ്‌ഠിതവുമാക്കണമെന്നും `ജയ-പരാജയങ്ങൾ' പ്രൈമറി ഘട്ടത്തിൽ പാടില്ലെന്നും മൂല്യനിർണയം നിരന്തരമായി നടക്കണമെന്നും ആ രേഖ പറഞ്ഞുവച്ചിരുന്നു. ഈ നയം പുനഃപരിശോധിക്കാൻ വേണ്ടി ആചാര്യ രാമമൂർത്തിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെ പുതുതായി വന്ന കേന്ദ്രസർക്കാർ 1990-ൽ നിയോഗിക്കുകയുണ്ടായി. ഒട്ടേറെ നിർദ്ദേശങ്ങൾ വെച്ചതോടൊപ്പം ശിശുകേന്ദ്രിതമായ പഠന-ബോധനത്തിന്റെ ചില മാതൃകകളും പ്രസ്‌തുത കമ്മിറ്റി അവതരിപ്പിക്കുകയുണ്ടായി.
1980-കളിൽ മധ്യപ്രദേശിലെ `ഏകലവ്യ' എന്ന സംഘടന ശിശുകേന്ദ്രിതമായ പഠനത്തിന്‌ രീതിശാസ്‌ത്രപരമായ ധാരാളം മാതൃകകൾ ക്ലാസ്‌മുറികളിൽ പരീക്ഷിച്ചുനോക്കുന്നുണ്ടായിരുന്നു. കേരളത്തിൽ, പഠനപ്രവർത്തനങ്ങൾ ശിശുസൗഹൃദപരമായും പ്രവർത്തനാധിഷ്‌ഠിതമായും ക്രമീകരിച്ച്‌ ക്ലാസ്‌മുറികളെ ജനാധിപത്യ സംവാദത്തിനുള്ള ഇടങ്ങളായി പരിണമിപ്പിക്കാനുള്ള ശ്രമങ്ങൾ, തങ്ങളുടെ ബാലവേദികളിൽ ശാസ്‌ത്രസാഹിത്യ പരിഷത്തും നടത്തുന്നുണ്ടായിരുന്നു. 1986-ലെ ബാലോത്സവ ജാഥകൾ, 1989-ൽ ആരംഭിച്ച അക്ഷരവേദികൾ, 1987-ലെ അഖിലേന്ത്യാ ബാലോത്സവം, തുടർന്നങ്ങോട്ട്‌ നടത്തിയ നിരവധി പ്രാദേശിക ബാലോത്സവങ്ങൾ എന്നിവ കേരളത്തിലെ വിദ്യാഭ്യാസപ്രവർത്തകർക്ക്‌ ഔപചാരിക വിദ്യാഭ്യാസത്തെ ഫലപ്രദമാക്കാനായി കൊണ്ടുവരേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ആശയങ്ങളും വൈദഗ്‌ധ്യവും ലഭ്യമാക്കി. 1989-90 ലെ എറണാകുളം സാക്ഷരതാ പരിപാടിയിലും 1990-91 ലെ സാക്ഷരകേരളം പരിപാടിയിലും തയ്യാറാക്കിയ പാഠ്യപദ്ധതിയും പാഠപുസ്‌തകങ്ങളും പ്രവർത്തനാധിഷ്‌ഠിതവും പരിസരബന്ധിതവും സാമൂഹ്യ-സാമ്പത്തിക-രാഷ്‌ട്രീയ പ്രശ്‌നങ്ങളെ വിമർശനാത്മകമായി അപഗ്രഥിക്കുന്നതും പഠിതാവിനെ കേന്ദ്രീകരിച്ചുള്ളതുമായ ഒരു പഠനരീതി സ്വായത്തമാക്കുന്നതിന്‌ പ്രയോജനകരമായി. 1993-ൽ പുറത്തുവന്ന `ഭാരരഹിത പഠനം' (Learning without Burden) എന്ന പ്രൊഫ.യശ്‌പാലിന്റെ റിപ്പോർട്ടാകട്ടെ, അധ്യാപകർക്ക്‌ ഈ ദിശയിലുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കൂടുതൽ പ്രചോദനവും ആത്മവിശ്വാസവും നൽകി.
1997-ൽ കേരളം ഏറ്റെടുത്ത പാഠ്യപദ്ധതി പരിഷ്‌കരണത്തിൽ ഈ അനുഭവങ്ങളുടെയെല്ലാം പിൻബലമുണ്ടായിരുന്നു. നാളതുവരെ സംസ്ഥാനത്ത്‌ നടന്ന പാഠ്യപദ്ധതി പ്രവർത്തനങ്ങളിൽ നിന്ന്‌ തികച്ചും വ്യതിരിക്തമായിരുന്നു അത്‌. കുട്ടികൾ ഒഴിഞ്ഞ പാത്രങ്ങളല്ലെന്നും, ഒട്ടേറെ അനുഭവങ്ങളുമായാണ്‌ അവർ സ്‌കൂളിലെത്തുന്നതെന്നും, പുതിയ അനുഭവങ്ങൾ കുട്ടികൾക്ക്‌ ലഭ്യമാക്കി അറിവ്‌ സൃഷ്‌ടിക്കാൻ കുട്ടിയെ സഹായിക്കുകയാണ്‌ അധ്യാപകർ ചെയ്യേണ്ടതെന്നും അന്ന്‌ തിരിച്ചറിഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ പാഠപുസ്‌തകം, അധ്യാപകസഹായി, അധ്യാപകപരിശീലനം, അധ്യാപകർക്കുള്ള തൽസ്ഥല സഹായം, ക്ലാസ്‌മുറിയിലെ സൗകര്യങ്ങൾ, വിദ്യാഭ്യാസ മാനേജ്‌മെന്റ്‌, മൂല്യ നിർണയം എന്നിവയിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ നിർദ്ദേശിക്കപ്പെട്ടു. ഇതിനനുസൃതമായി സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരിക്കുകയും ചെയ്‌തു.

എൻ.സി.എഫ്‌ - 2005

2001-ൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്ന ഒന്നാം യു.പി.എ സർക്കാർ, വർഗീയവത്‌കൃതമെന്ന്‌ വിലയിരുത്തപ്പെട്ട 2000-ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്‌ പരിഷ്‌കരിക്കുകയും പ്രൊഫ. യശ്‌പാലിന്റെ നേതൃത്വത്തിൽ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്‌ 2005 (നാഷണൽ കരിക്കുലം ഫ്രെയിംവർക്ക്‌ -എൻ.സി.എഫ്‌ 2005) എന്ന പുതിയ രേഖ തയ്യാറാക്കുകയും ചെയ്‌തു. 1997-ലെ കേരള പാഠ്യപദ്ധതിയും പുരോഗതി പ്രാപിച്ച രാജ്യങ്ങളിലെ സ്‌കൂൾ പാഠ്യപദ്ധതികളും മറ്റും പരിശോധിച്ചാണ്‌ എൻ.സി.എഫ്‌ 2005 തയ്യാറാക്കിയത്‌. അതിനാൽ ഇന്ത്യയിലെ സ്‌കൂൾ വിദ്യാഭ്യാസത്തിലെ അടിസ്ഥാനപരവും പുരോഗമനപരവുമായ ഒരു മാറ്റത്തിനാണ്‌ ഈ രേഖ വഴിയൊരുക്കിയത്‌. സ്‌കൂളിന്‌ പുറത്തുള്ള ജീവിതവുമായി അറിവിനെ ബന്ധിപ്പിക്കുക, കാണാപ്പാഠമാക്കുന്ന രീതി ഒഴിവാക്കുക, പാഠപുസ്‌തക കേന്ദ്രിതമാകാതെ കുട്ടിയുടെ സമഗ്രമായ വികസനത്തിന്‌ പര്യാപ്‌തമായ ധാരാളം പ്രവർത്തനങ്ങൾക്ക്‌ സാധ്യതയുള്ള പാഠ്യപദ്ധതി വികസിപ്പിക്കുക, പരീക്ഷകളെ വഴക്കമുള്ളതാക്കുകയും അതുവഴി ക്ലാസ്‌മുറിയിലെ പഠനപ്രവർത്തനങ്ങളുമായും അന്തരീക്ഷവുമായും അതിനെ ഉദ്‌ഗ്രഥിപ്പിക്കുക, രാജ്യത്തെ ജനാധിപത്യ രാഷ്‌ട്രീയത്തിൽ താല്‌പര്യമെടുക്കുന്ന ശക്തമായ സ്വത്വം കുട്ടിയിൽ വളർത്തിയെടുക്കുക എന്നീ അടിസ്ഥാന തത്ത്വങ്ങൾക്കനുസരിച്ചാണ്‌ എൻ.സി.എഫ്‌ 2005 തയ്യാറാക്കിയിട്ടുള്ളത്‌.
എൻ.സി.എഫ്‌ 2005 ഒട്ടേറെ നിർദ്ദേശങ്ങളും ശുപാർശകളും മുന്നോട്ടുവെച്ചു. സ്‌കൂൾ പഠ്യപദ്ധതിയും പാഠപുസ്‌തകങ്ങളും അതത്‌ പ്രായത്തിലുള്ള കുട്ടികളുടെ പ്രകൃതത്തിനും ചുറ്റുപാടിനും അനുസൃതമായിരിക്കണമെന്നും, എല്ലാ കുട്ടികൾക്കും തുല്യ അവസരം ലഭ്യമാക്കണമെന്നും, അധ്യാപനമെന്നത്‌ വിവരങ്ങൾ പ്രേഷണം ചെയ്യലോ കാണാപ്പാഠമാക്കാൻ പരിശീലിപ്പിക്കലോ അല്ലെന്നും, അതിനുപകരം അറിവിന്റെ നിർമ്മാണത്തിന്‌ കുട്ടിയെ സഹായിക്കും വിധം അനുഭവങ്ങൾ പ്രദാനം ചെയ്യലാണ്‌ അധ്യാപകന്റെ ചുമതലയെന്നും, ഉദ്‌ഗ്രഥിത ജ്ഞാനം ലഭ്യമാക്കി അറിവ്‌ നേടുന്നതിലെ ആനന്ദം കുട്ടിക്ക്‌ അനുഭവവേദ്യമാക്കണമെന്നും, പ്രാദേശിക അറിവുകളും പരമ്പരാഗത കരവിരുതുകളും വിമർശനാത്മകമായി സ്വന്തം അറിവുമായി ഉൾച്ചേർക്കപ്പെടണമെന്നും, ഗോത്രഭാഷകളടക്കമുള്ള മാതൃഭാഷയാണ്‌ കുട്ടിയുടെ പഠനമാധ്യമമാക്കേണ്ടതെന്നും പ്രസ്‌തുത രേഖ നിർദ്ദേശിക്കുകയുണ്ടായി. എന്നുമാത്രമല്ല, തോൽവി-ജയം എന്ന രീതിയിൽ കുട്ടികളെ തരംതിരിക്കാതെ അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ഗ്രേഡുകളാക്കി തിരിക്കുക, നിരന്തര മൂല്യനിർണയ രീതികൾ ക്ലാസുമുറികളിൽ ഉപയോഗപ്പെടുത്തി മൂല്യനിർണയ സങ്കേതങ്ങളെ ഉടച്ചുവാർക്കുക, പഠനം ഫലപ്രദമാക്കാൻ ക്ലാസ്‌മുറിയിൽ സാമൂഹ്യജ്ഞാന നിർമിതിയും വിമർശനാത്മക ബോധനശാസ്‌ത്രവും ഉപയോഗപ്പെടുത്തുക എന്നീ നിർദേശങ്ങളും പ്രസ്‌തുതരേഖയിലൂടെ മുന്നോട്ടുവച്ചു.

കെ.സി.എഫ്‌ 2007

എൻ.സി.എഫ്‌ 2005 തയ്യാറാക്കിയ ശേഷം സംസ്ഥാനങ്ങളോട്‌ അവരവരുടെ സ്വന്തം പാഠ്യപദ്ധതി ചട്ടക്കൂടും അതിനനുസരിച്ചുള്ള പാഠപുസ്‌തകങ്ങളും തയ്യാറാക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെടുകയുണ്ടായി. എൻ.സി.ഇ.ആർ.ടി കേരളത്തിന്‌ അതിനായി 2005-ൽ 10 ലക്ഷം രൂപ നൽകി. ഈ പണം ഉപയോഗിച്ചുള്ള കേരളത്തിലെ പ്രവർത്തനം 2006-ലാണ്‌ ആരംഭിച്ചത്‌.
പാഠ്യപദ്ധതിയെന്നത്‌ ഒരു സാമൂഹ്യ-രാഷ്‌ട്രീയ രേഖയാണല്ലോ. അതുകൊണ്ടുതന്നെ അത്‌ രൂപപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ജനങ്ങളോട്‌ വ്യാപകമായി ചർച്ച ചെയ്യേണ്ടതുണ്ട്‌. വിശദമായ ചർച്ചകൾക്കും, പഠനങ്ങൾക്കും ശേഷം തയ്യാറാക്കിയ കരടുരേഖ പ്രാദേശിക തലത്തിൽ പി.ടി.എ കളിലും മറ്റും ചർച്ച ചെയ്‌ത ശേഷമാണ്‌ കേരള പാഠ്യപദ്ധതി ചട്ടക്കൂടിന്‌ (കേരള കരിക്കുലം ഫ്രെയിം വർക്ക്‌ - കെ.സി.എഫ്‌ 2007) അവസാനരൂപം കൊടുത്തത്‌. അങ്ങിനെ തയ്യാറാക്കിയ രേഖ 2007-ൽ പ്രസിദ്ധീകരിച്ചു. . കേരളം വളർത്തിക്കൊണ്ടുവന്ന വിദ്യാഭ്യാസ പരിഷ്‌കരണ പ്രക്രിയയിലെ ഒരു നാഴികക്കല്ലാണ്‌ കെ.സി.എഫ്‌. 2007 ന്റെ രൂപീകരണം. എൻ.സി.എഫ്‌. മുന്നോട്ടുവച്ച വിമർശനാത്മക ബോധനത്തിന്‌ കേരളീയമായ ഒരു മാതൃക നിർമിച്ച്‌ മുന്നോട്ടു പോകാനാണ്‌ കെ.സി.എഫ്‌.-ലൂടെ ശ്രമിച്ചത്‌. വിദ്യാഭ്യാസത്തെ സമകാലിക സമൂഹത്തിലെ യാഥാർഥ്യങ്ങളോട്‌ അടുപ്പിക്കാനുള്ള ആഹ്വാനത്തെയാണ്‌ അതിലൂടെ സാക്ഷാത്‌കരിച്ചത്‌. `എന്തിന്‌ പഠിക്കണം' എന്ന അടിസ്ഥാന ചോദ്യത്തിൽ നിന്ന്‌, ഭാവികേരളസമൂഹത്തെ സംബന്ധിച്ച ചില കാഴ്‌ചപ്പാടുകൾ കെ.സി.എഫ്‌. മുന്നോട്ടുവെച്ചു. സാമൂഹ്യനീതിയിൽ അധിഷ്‌ഠിതമായതും സമഗ്രവികസനം സാധ്യമാക്കുന്നതും ജനാധിപത്യം തൊട്ടുള്ള മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതും ശാസ്‌ത്രീയ മനോഭാവം പുലർത്തുന്നതും വിമർശനാത്മകമായ നിലപാടുകൾ സ്വീകരിക്കുന്നതുമായ ഒരു സമൂഹനിർമിതിയാണ്‌ കേരളം അതിലൂടെ ലക്ഷ്യം വെച്ചത്‌. ലോകമാകെ അംഗീകരിക്കപ്പെട്ടതും പ്രശ്‌നാധിഷ്‌ഠിത പഠനം (Problem based learning) എന്ന ജ്ഞാനനിർമിതിയിൽ ഊന്നിയതുമായ പ്രാമാണിക സമീപനത്തെ കെ.സി.എഫ്‌. ഇതിനായി പ്രയോജനപ്പെടുത്തി. കേരളം ഇന്നഭിമുഖീകരിക്കുന്ന സാമൂഹ്യ പ്രശ്‌നങ്ങൾ, വികസന പ്രശ്‌നങ്ങൾ എന്നിവ തിരിച്ചറിഞ്ഞുകൊണ്ടുള്ള പഠനപ്രക്രിയ, പഠനത്തെ അർഥപൂർണമാക്കും എന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ, ശിൽപ്പശാലകളിലൂടെ നിരവധി പ്രശ്‌നങ്ങൾ പട്ടികപ്പെടുത്തി. സൗകര്യാർഥം അവയെ എട്ട്‌ പ്രശ്‌ന മേഖലകളാക്കി തരം തിരിച്ചു. വിശ്വമാനവൻ എന്ന കാഴ്‌ചപ്പാട്‌ രൂപപ്പെടാത്ത അവസ്ഥ, അധ്വാനശേഷി വികാസത്തിന്റെ അഭാവം, സാംസ്‌കാരികത്തനിമയെക്കുറിച്ചും അതിന്റെ സ്വതന്ത്ര വികാസത്തെക്കുറിച്ചുമുള്ള ധാരണക്കുറവ്‌, കൃഷി ഒരു സംസ്‌കാരമായി കാണാത്ത അവസ്ഥ, ശാസ്‌ത്രീയമായ ആരോഗ്യ-പൊതുജനാരോഗ്യ കാഴ്‌ചപ്പാടിന്റെ അഭാവം, പാർശ്വവത്‌ക്കരിക്കപ്പെട്ടവരോടുള്ള പരിഗണനയില്ലായ്‌മ, ശാസ്‌ത്രീയമായ സ്ഥല-ജല മാനേജ്‌മെന്റിന്റെ അഭാവം, പരിസ്ഥിതിസൗഹൃദമായ വ്യവസായവത്‌കരണത്തിന്റെയും നഗരവത്‌കരണത്തിന്റെയും അഭാവം എന്നിങ്ങനെ എട്ടെണ്ണമാണ്‌ തിട്ടപ്പെടുത്തപ്പെട്ട സാമൂഹ്യപ്രശ്‌ന മേഖലകൾ. പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനത്തിലൂടെ ഓരോ വിഷയത്തിലും ഓരോ യൂണിറ്റിലും എത്തിച്ചേരേണ്ട നിശ്ചിതമായ ധാരണകളും മനോഭാവങ്ങളും പട്ടികപ്പെടുത്തി. അതിലൂടെ സമഗ്രമായ സിലബസ്‌ ഗ്രിഡുകൾക്ക്‌ രൂപം നൽകി. അവയെ അടിസ്ഥാനമാക്കി പാഠപുസ്‌തകങ്ങൾ നിർമിച്ചു. വിദ്യാഭ്യാസമെന്നത്‌ സമൂഹത്തെ മാറ്റിപ്പണിയാനുള്ളതാണ്‌. ഒരു വ്യക്തിയുടെ ഏറ്റവും മികച്ച കഴിവുകളെ പുറത്തു കൊണ്ടുവരികയും അങ്ങിനെ ചെയ്യുമ്പോൾ സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌ന നിർധാരണത്തിന്‌ സഹായിക്കുന്നവയാകുന്നുവെന്നുറപ്പാക്കുകയും വേണം. അതിനാണിവിടെ ശ്രമിച്ചത്‌ എന്നത്‌ വ്യക്തമാണ്‌.

കെ എൻ പണിക്കർ കമ്മിറ്റി പറഞ്ഞതെന്ത്‌?

ഇത്തരത്തിൽ സമഗ്രവീക്ഷണത്തോടെ തയ്യാറാക്കിയ കെ.സി.എഫ്‌ 2007-നെ തിരസ്‌കരിക്കുന്ന സമീപനമാണ്‌ അബ്‌ദുൾ അസീസ്‌ കമ്മിറ്റി എടുത്തിട്ടുള്ളത്‌. നിലവിലുള്ള പാഠ്യപദ്ധതി മാറ്റുന്നതിനുള്ള യുക്തിയായി മൂന്ന്‌ കാര്യങ്ങളാണ്‌ അസീസ്‌ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നത്‌.
1. ഡോ. കെ.എൻ.പണിക്കർ കമ്മിറ്റി റിപ്പോർട്ട്‌ തന്നെ ഇത്തരമൊരു പരിഷ്‌കരണം ആവശ്യപ്പെടുന്നുവെന്നതാണതിലൊന്ന്‌. 2008-ൽ തയ്യാറാക്കിയ ഏഴാം ക്ലാസിലെ സാമൂഹ്യശാസ്‌ത്രം പാഠപുസ്‌തകത്തിലെ `മതമില്ലാത്ത ജീവൻ' എന്ന ഭാഗത്തെപ്പറ്റി സമൂഹത്തിൽ ചർച്ച ഉയർന്നപ്പോഴാണ്‌ അന്നത്തെ സർക്കാർ കെ.എൻ.പണിക്കരുടെ നേതൃത്വത്തിൽ ഒരു ഉന്നതാധികാര കമ്മിറ്റിയെ നിയോഗിച്ചത്‌. പണിക്കർ കമ്മിറ്റി വിശദമായി ചർച്ചകളും തെളിവെടുപ്പും നടത്തി സർക്കാരിന്‌ റിപ്പോർട്ട്‌ കൊടുത്തു. റിപ്പോർട്ടിലെ `നിരീക്ഷണങ്ങളും അവലോകനവും' എന്ന രണ്ടാമത്തെ അധ്യായത്തിൽ 21 നിരീക്ഷണങ്ങളുണ്ട്‌. പല സ്രോതസ്സുകളിൽ നിന്ന്‌ ലഭിച്ച അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ എന്നിവയെ പരിശോധിക്കുകയാണ്‌ അവിടെ ചെയ്‌തത്‌. ഇതൊന്നും കമ്മിറ്റിയുടെ ശുപാർശകളല്ലെന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈ നിരീക്ഷണങ്ങളിലെ 7 എണ്ണത്തിലെ ചില ഭാഗങ്ങൾ മാത്രം സാഹചര്യത്തിൽ നിന്ന്‌ അടർത്തി മാറ്റി അസീസ്‌ കമ്മിറ്റി തെറ്റായ രീതിയിൽ ഉപയോഗപ്പെടുത്തുകയാണ്‌ ചെയ്‌തിരിക്കുന്നത്‌. ഉദാഹരണമായി, ഡോ.കെ.എൻ.പണിക്കരുടേതെന്ന നിലയിൽ അസീസ്‌ കമ്മിറ്റി എടുത്തു ചേർത്ത ഒരു നിരീക്ഷണമിതാണ്‌:
`പ്രശ്‌നാധിഷ്‌ഠിത പാഠ്യപദ്ധതി സയൻസ്‌, കണക്ക്‌ എന്നീ വിഷയങ്ങളുടെ സിലബസ്‌ ഗ്രിഡ്‌ തയ്യാറാക്കുന്നതിന്‌ പരിമിതി ഉണ്ടാക്കുന്നുണ്ട്‌'. എന്നാൽ ഇക്കാര്യം പണിക്കർ കമ്മിറ്റിറിപ്പോർട്ടിൽ പറയുന്നതിങ്ങനെയാണ്‌:
`പ്രശ്‌നങ്ങൾ ഋണാത്മകമായി (negative) പ്രസ്‌താവിച്ചത്‌ വിമർശിക്കപ്പെട്ടിട്ടുണ്ട്‌... ഇവ സയൻസ്‌, കണക്ക്‌ തുടങ്ങിയ വിഷയങ്ങളുടെ സിലബസ്‌ ഗ്രിഡ്‌ തയ്യാറാക്കുന്നതിന്‌ പരിമിതി ഉണ്ടാക്കുന്നുണ്ടോ എന്ന്‌ അതത്‌ വിഷയസമിതികൾ പരിശോധിക്കേണ്ടതുണ്ട്‌. പ്രശ്‌നങ്ങൾ ഋണാത്മകത്തിന്‌ പകരം ധനാത്മകമായാണ്‌ (Positive) പ്രസ്‌താവിക്കേണ്ടത്‌.'
ഇതിൽ എവിടെയാണ്‌ പ്രശ്‌നാധിഷ്‌ഠിത സമീപനത്തെ ചോദ്യം ചെയ്‌തിരിക്കുന്നത്‌? തുറന്ന ഒരു സമീപനം സ്വീകരിക്കുക മാത്രമല്ലേ കമ്മിറ്റി ചെയ്‌തിരിക്കുന്നത്‌?
പണിക്കർ കമ്മിറ്റിയുടെ മൂന്നാമത്തെ അധ്യായത്തിലാണ്‌ അവരുടെ 16 ശുപാർശകൾ കൊടുത്തിട്ടുള്ളത്‌. ഇവയിൽ നിന്ന്‌ വെറും മൂന്നെണ്ണം മാത്രമാണ്‌ അസീസ്‌ കമ്മിറ്റി സ്വീകരിച്ചിട്ടുള്ളത്‌. സ്വീകരിച്ചവയാകട്ടെ അത്രയേറെ അക്കാദമികമായി പ്രാധാന്യമില്ലാത്തവയാണ്‌ - പാഠപുസ്‌തകത്തിലെ ഭാഷ, ചിത്രീകരണം, പുസ്‌തകത്തിലെ കടലാസിന്റെ ഗുണമേന്മ തുടങ്ങിയവ.
പണിക്കർ കമ്മിറ്റി ശുപാർശ ചെയ്‌തത്‌ എന്തെല്ലാമാണെന്നു നോക്കാം.
 • വിമർശനാത്മക സമീപന പ്രകാരം പാഠപുസ്‌തകത്തിൽ ഒരു വിഷയത്തെക്കുറിച്ച്‌ മുഴുവൻ വിവരങ്ങളും ഉൾപ്പെടുത്തുകയില്ല. അതിനാൽ തന്നെ എൻ.സി.ഇ.ആർ.ടി. പാഠപുസ്‌തകമായോ പഴയ പാഠ്യപദ്ധതി പ്രകാരമുള്ള പാഠപുസ്‌തകമായോ നിലവിലുള്ളതിനെ താരതമ്യം ചെയ്യുന്നത്‌ ഉചിതമല്ല. കാരണം അവ വ്യത്യസ്‌ത പാഠ്യപദ്ധതികളെ അടിസ്ഥാനപ്പെടുത്തി രൂപപ്പെട്ടവയാണ്‌. കുട്ടികളുടെ അറിവുനിർമാണ പ്രക്രിയയ്‌ക്ക്‌ സഹായകമായ വിധത്തിൽ സാമൂഹികശാസ്‌ത്രത്തിൽ ഉളളടക്കപരമായ സമ്പുഷ്ടീകരണവും സൂചനകളും നൽകേണ്ടതുണ്ട്‌. അങ്ങനെ ചെയ്യുമ്പോൾ ദേശീയ പ്രസ്ഥാനങ്ങൾക്കും നവോത്ഥാന നേതാക്കൾക്കുമുളള പ്രാതിനിധ്യം പാഠപുസ്‌തകത്തിൽ കൂടും. ശാസ്‌ത്ര പാഠപുസ്‌തകത്തിൽ കുട്ടികളുടെ നിലവാരത്തിനനുസൃതമല്ലാത്ത വിവരങ്ങളും നിർവചനങ്ങളും ഒഴിവാക്കണം.
 • പ്രാദേശിക കാര്യങ്ങളിൽ നിന്നും ദേശീയ കാര്യങ്ങളിലേക്ക്‌ കുട്ടികളെ നയിക്കുന്ന രീതി പ്രശംസനീയമാണ്‌. എന്നാൽ പ്രാദേശികതയ്‌ക്ക്‌ അമിതപ്രാധാന്യം ലഭിക്കുന്നത്‌ പ്രാദേശികവാദത്തേയും സങ്കുചിത ബോധത്തേയും പ്രോത്സാഹിപ്പിച്ചേക്കാം. അതിനാൽ ദേശീയവും അന്തർദേശീയവുമായ കാര്യങ്ങളിലേക്കുളള കവാടം അനുയോജ്യമായ ഘട്ടത്തിൽ പാഠപുസ്‌തകം തുറന്നിടേണ്ടതാണ്‌.
 • ക്ലാസ്‌ റൂം ഗവേഷണത്തിന്റേയും വിമർശകനാത്മക വിലയിരുത്തലിന്റേയും അടിസ്ഥാനത്തിൽ കാലാകാലങ്ങളിൽ പാഠപുസ്‌തകങ്ങൾ പരിഷ്‌കരിക്കണം. ഇതിനായി ഓരോ വിഷയത്തിനും മൂന്ന്‌ മുതൽ അഞ്ചുവരെ അംഗങ്ങളടങ്ങുന്ന വിദഗ്‌ധ സമിതി രൂപീകരിക്കാവുന്നതാണ്‌.
 • വിമർശനാത്മക ബോധനശാസ്‌ത്രത്തിന്റെ വിജയം പഠന പ്രക്രിയയിൽ നിർണായകപങ്ക്‌ വഹിക്കുന്ന അധ്യാപകരുടെ ബൗദ്ധിക സുസജ്ജതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉള്ളടക്ക മേഖലകൾ, പഠനബോധനശാസ്‌ത്രം, കുട്ടികളുടെ വികാസം, എന്നിവയിൽ എല്ലാ അധ്യാപകർക്കും വേണ്ടത്ര പരിശീലനം ലഭിക്കുന്നുവെന്ന്‌ ഉറപ്പാക്കേണ്ടതാണ്‌.
 • എല്ലാ പാഠപുസ്‌തകങ്ങളും ജെൻഡർ പരിഗണന ഉളളതാകണം. കൂടു തൽ മൂർത്തമായ വിവരണങ്ങളും അനുഭവങ്ങളും പാഠപുസ്‌തകങ്ങളിൽ ഉൾക്കൊള്ളിച്ച്‌ സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗവിവേചനപരമായ ബന്ധങ്ങളെ അഭിസംബോധന ചെയ്യണം. പാഠ്യപദ്ധതി, സിലബസ്‌, പാഠപുസ്‌തകം എന്നിവയുടെ നിർമാണത്തിൽ കൂടുതൽ വനിതകളെ ഉൾപ്പെടുത്തണം.
 • ചിത്രീകരണങ്ങൾ കൂടുതൽ മെച്ചപ്പെടുത്തണം.
 • പാഠപുസ്‌തകത്തിന്റെ കെട്ടും മട്ടും ആകർഷകമാകണം, നല്ല കടലാസിൽ അച്ചടിക്കണം.
 • പാഠപുസ്‌തക ഭാഷ ശിശുസൗഹൃദമാക്കണം.
 • പാഠപുസ്‌തകത്തിന്റെയും അധ്യാപനസഹായിയുടെയും നിർമാണത്തിൽ അതത്‌ വിഷയങ്ങളുടെ ഉള്ളടക്കത്തിലും ബോധനശാസ്‌ത്രത്തിലും ധാരണയുളള വിദഗ്‌ധരുടെ പങ്കാളിത്തം ഉറപ്പുവരുത്തണം.
 • പാഠപുസ്‌തക രചയിതാക്കളുടെ പ്രൊഫണഷൽ വളർച്ചയ്‌ക്കു വേണ്ടി അക്കാദമിക അവസരങ്ങളും ഗവേഷണ നടപടികളും ഒരുക്കണം.
 • പാഠപുസ്‌തകം തയ്യാറാക്കിയവരുടെ പേരുകൾ പുസ്‌തകത്തിൽ നൽകണം.
 • സിലബസ്‌, പാഠപുസ്‌തകം, അധ്യാപകസഹായി എന്നിവ വെബ്‌സൈറ്റിൽ ഇടണം. ഫീൽഡിൽ നിന്നുളള പ്രതികരണങ്ങളും നിർദ്ദേശങ്ങളും വിദഗ്‌ധ സമിതി പരിഗണിക്കണം. ഇക്കാര്യത്തിൽ വിപുലമായ ചർച്ചകൾ സാധ്യമാക്കുന്ന രീതി എസ.്‌ഇ.ആർ.ടി. വികസിപ്പിക്കണം.
 • ഏഴാം ക്ലാസിലെ സാമൂഹികശാസ്‌ത്രത്തിന്റെ ഇംഗ്ലീഷ്‌ പരിഭാഷ നിലവാരമില്ലാത്തതാണെന്നതിനാൽ പരിഭാഷകളുടെ ഗുണമേന്മ ഉറപ്പാക്കാൻ ക്രമീകരണം രൂപപ്പെടുത്തണം.
 • സംസ്ഥാനത്ത്‌ നിലവിലുള്ള പാഠപുസ്‌തകങ്ങൾ മോണിറ്റർ ചെയ്യുന്നതിന്‌ ഒരു പാഠപുസ്‌തക കമ്മീഷനെ നിയോഗിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കാവുന്നതാണ്‌.
ഈ നിർദേശങ്ങളിൽ ഒരിടത്തും നിലവിലുള്ള പാഠ്യപദ്ധതിയോ പാഠപുസ്‌തകങ്ങളോ. മാറ്റണമെന്നു പറയുന്നില്ല. മറിച്ച്‌ പാഠപുസ്‌തകങ്ങൾ തയ്യാറാക്കുമ്പോൾ പൊതുവിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടുക മാത്രമാണ്‌ ചെയ്‌തിരിക്കുന്നത്‌. അത്തരം മെച്ചപ്പെടുത്തലിനു പകരം നിലവിലുള്ള പഠനസമീപനങ്ങൾ തിരുത്തിയെഴുതിക്കൊണ്ട്‌ പാഠപുസ്‌തകങ്ങൾ ഒന്നടങ്കം മാറ്റുന്ന പ്രക്രിയയാണ്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌. അതിനുള്ള ന്യായം കണ്ടെത്താൻ പണിക്കർ കമ്മിറ്റിയെ തെറ്റായി അവതരിപ്പിച്ചത്‌ അക്കാദമികമായ സത്യസന്ധതയ്‌ക്ക്‌ നിരക്കുന്നതല്ല.
2. പണിക്കർ കമ്മിറ്റിയുടെ ശുപാർശകൾക്കനുസരിച്ച്‌ പാഠ്യപദ്ധതി പരിഷ്‌കരണം നടത്താത്തതിനാൽ കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം താഴ്‌ന്നുപോയി എന്നതാണ്‌ രണ്ടാമത്തെ കാരണം. ഇത്തരമൊരു വിലയിരുത്തൽ നടത്തുമ്പോൾ അതിനായി ശാസ്‌ത്രീയപഠനങ്ങൾ നടത്തി വിവരങ്ങൾ ശേഖരിക്കുകയോ, ഇപ്പോൾ ലഭ്യമായ പഠന റിപ്പോർട്ടുകൾ ഉപയോഗപ്പെടുത്തുകയോ ചെയ്യണമായിരുന്നു. അതൊന്നും കമ്മിറ്റി ചെയ്‌തില്ല. എസ്‌.സി.ഇ.ആർ.ടി, എസ്‌.എസ്‌.എ, എൻ.സി.ഇ.ആർ.ടിയുടെ National Achievement Survey-NAS 2010, അസർ (Annual Status of Education Report - ASER), എഡ്യൂക്കേഷൻ ഇനിഷ്യേറ്റീവ്‌ (Education Initiative - EI) ബാംഗ്ലൂരിലെ റീജിയണൽ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇംഗ്ലീഷ്‌ (RIE) എന്നിവയുടെ പഠന റിപ്പോർട്ടുകളെല്ലാം കേരളത്തിലെ കുട്ടികളുടെ പഠനനിലവാരം മറ്റ്‌ സംസ്ഥാനങ്ങളുടേതിൽ നിന്ന്‌ വളരെ മെച്ചമാണെന്നാണ്‌ പറയുന്നത്‌. കേരളത്തിലെ നിലവിലുളള പാഠ്യപദ്ധതി കേന്ദ്രപാഠ്യപദ്ധതിയേക്കാൾ ഉളളടക്കപരമായി മികച്ചതാണെന്ന്‌ കെ.എസ.്‌ടി.എ, ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ തുടങ്ങിയ പ്രസ്ഥാനങ്ങൾ നടത്തിയ പഠനങ്ങൾ തെളിയിക്കുകയുണ്ടായി. ഇവയിലോ മറ്റേതെങ്കിലും പഠനങ്ങളിലോ മറിച്ചൊരു വിലയിരുത്തൽ ഉണ്ടെങ്കിൽ അസീസ്‌ കമ്മിറ്റി അവ കേരള സമൂഹത്തിന്‌ മുമ്പിൽ വയ്‌ക്കേണ്ടതായിരുന്നു.
3. മൂന്നാമത്തെ കാരണം, സ്വകാര്യ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകളുടെ എണ്ണത്തിലുള്ള വർധനവാണത്രേ. കമ്മിറ്റിയെ സംബന്ധിച്ചിടത്തോളം, കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നിന്നും കുട്ടികൾ മറ്റുധാരകളിലേക്ക്‌ പോകുന്നതിൽ പാഠ്യപദ്ധതിയാണ്‌ പ്രതി! എന്നാൽ പ്രധാനപ്രതി സർക്കാർ തന്നെയാണെന്നത്‌ പകൽപോലെ വ്യക്തമാണ്‌. സർക്കാരിന്റെ നയപരമായ തീരുമാനവും അനുവാദവുമില്ലാതെ ഇംഗ്ലീഷ്‌ മാധ്യമത്തിലുള്ള സി.ബി.എസ്‌.ഇ സ്‌കൂളുകളോ സംസ്ഥാന സിലബസിലുള്ള അൺ എയ്‌ഡഡ്‌ സ്‌കൂളുകളോ ആരംഭിക്കാൻ സാധ്യമല്ലെന്ന്‌ ആർക്കാണറിയാത്തത്‌? 1967 മുതൽ 2011 വരെയുള്ള കാലഘട്ടത്തിൽ സംസ്ഥാന സിലബസിലുള്ള 825 അൺഎയ്‌ഡഡ്‌ സ്‌കൂളുകളാണ്‌ അനുവദിക്കപ്പെട്ടിരുന്നത്‌. അതിൽ 92%-വും യു.ഡി.എഫ്‌ സർക്കാരുകളുടെ ഭരണകാലങ്ങളിലാണ്‌ താനും! സർക്കാരിന്റെ ഇത്തരം നയങ്ങൾക്കൊപ്പം, വിദ്യാലയങ്ങളിൽ മാതൃഭാഷ അവഗണിക്കുന്ന രീതി സാധ്യായദിനങ്ങളിൽ വരുന്ന കുറവ്‌, പ്രഥമാധ്യാപകരുടെ ചുമതലകൾ ഫലപ്രദമായി നിർവഹിക്കാൻ കഴിയായ്‌ക, മധ്യവർഗ താൽപര്യങ്ങൾക്കടിപ്പെട്ട സമൂഹം തുടങ്ങിയ മറ്റു ഘടകങ്ങൾ പരിഗണിക്കാനോ പഠിക്കാനോ കമ്മിറ്റി തയ്യാറായില്ല. രണ്ടായിരത്തിലേറെ കുട്ടികൾ പഠിക്കുന്നവയും സൗകര്യക്കുറവിനാൽ പ്രവേശനം നിഷേധിക്കേണ്ടിവരുന്നവയുമായ ഒട്ടേറെ പൊതുവിദ്യാലയങ്ങൾ കേരളത്തിൽ ഉണ്ടെന്ന യാഥാർത്ഥ്യവും കമ്മിറ്റിയുടെ ശ്രദ്ധയിൽ പെട്ടിട്ടില്ല. ഉറങ്ങുന്നവനെ ഉണർത്താം. ഉറക്കം നടിക്കുന്നവനെ ഉണർത്താനാവില്ലല്ലോ.

അസീസ്‌ കമ്മിറ്റി കണ്ടെത്തിയ പ്രശ്‌നങ്ങൾ

ഇപ്പോഴുള്ള പാഠ്യപദ്ധതിയെപ്പറ്റി വിവരശേഖരണം നടത്താൻ അസീസ്‌ കമ്മിറ്റി ഒരു സർവെ നടത്തിയിരുന്നു. സർവെയിലെ ചോദ്യാവലി തികച്ചും അശാസ്‌ത്രീയമായ രീതിയിലാണ്‌ തയ്യാറാക്കിയിരുന്നത്‌. ഉദാഹരണമായി ചില ചോദ്യങ്ങളിതാ:
ഹൈസ്‌കൂൾ തലത്തിൽ ഇപ്പോൾ നിലവിലിരിക്കുന്ന നിരന്തര വിലയിരുത്തൽ രീതി തൃപ്‌തികരമാണോ? (മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന്‌ ആരാണ്‌ പറയാത്തത്‌?)
(ഹയർസെക്കന്റി) പാഠപുസ്‌തകത്തിലെ ഉള്ളടക്കം ദേശീയനിലവാരത്തിലുള്ളതാണോ? (എന്താണീ ദേശീയ നിലവാരം? അത്‌ ആരെങ്കിലും തീരുമാനിച്ചിട്ടുണ്ടോ?)
ഈ ചോദ്യങ്ങളെല്ലാം തന്നെ ഗവേഷകന്റെ മുൻവിധി പ്രകടിപ്പിക്കുന്നവയാണ്‌. പക്ഷപാതരഹിതമായ ചോദ്യാവലി വഴി മാത്രമേ സത്യസന്ധമായ വിവരം ലഭിക്കൂ എന്നത്‌ പഠനതന്ത്രങ്ങളിലെ ബാലപാഠമാണ്‌. ഈ പഠനം ആ സത്യത്തെ നിരാകരിക്കുന്നു.
അസീസ്‌ കമ്മിറ്റിയുടെ ചോദ്യാവലിയിലെ മറ്റു ചില ചോദ്യങ്ങൾ കൂടി നോക്കാം. `പാഠപുസ്‌തകത്തിന്റെ ഉളളടക്കം ആഗോള നിലവാരം പുലർത്തുന്നുണ്ടോ?' എത്ര പേർക്ക്‌ ഉത്തരം എഴുതാനാകും? എന്താണ്‌ വിദ്യാഭ്യാസത്തിന്റെ ആഗോള നിലവാരം? ആരാണ്‌ അങ്ങനെയൊരു നിലവാരം രൂപീകരിച്ചത്‌? ജപ്പാൻ, ഫിൻലാന്റ്‌, കൊറിയ, സിങ്കപ്പൂർ, ആസ്‌ത്രേലിയ തുടങ്ങിയ ഏത്‌ രാജ്യത്തെ പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കി ഉത്തരം പറയണം? അസീസ്‌ കമ്മിറ്റിക്ക്‌, കേരള പാഠ്യപദ്ധതി ദേശീയ നിലവാരവും ആഗോള നിലവാരവുമില്ലാത്താണെന്ന്‌ അധ്യാപകരെക്കൊണ്ട്‌ പറയിക്കണം; അത്‌ വസ്‌തുതകളുടെ അടിസ്ഥാനത്തിലാകണമെന്നില്ല.
മറ്റൊരു ചോദ്യം നോക്കൂ.
`വിമർശനാത്മക ബോധനശാസ്‌ത്രം ഔപചാരിക വിദ്യാഭ്യാസ പ്രക്രിയയ്‌ക്ക്‌ യോജിച്ചതാണെന്ന്‌ കരുതുന്നുണ്ടോ?' വിമർശനാത്മക ബോധനശാസ്‌ത്രം ഇന്ത്യയിൽ അവതരിപ്പിച്ചത്‌ എൻ സി എഫ്‌ വഴി എൻ.സി.ഇ.ആർ.ടി.യാണ്‌. ഇന്ത്യയിലെ പരമോന്നത അക്കാദമിക സ്ഥാപനം. അവിടെ ഉളളവർക്കില്ലാത്ത സംശയമാണ്‌ അസീസ്‌ കമ്മിറ്റിക്ക്‌. എൻ സി ഇ ആർ ടി പറഞ്ഞതാണെങ്കിൽ പോലും മറിച്ചുള്ള യുക്തിയുണ്ടെങ്കിൽ അംഗീകരിക്കാം. അതുണ്ടോ? കേരളത്തിലെ എസ.്‌സി.ഇ.ആർ.ടി.യുടെ നേതൃത്വത്തിൽ തന്നെ ലോകപ്രശ്‌സ്‌ത വിദ്യാഭ്യാസചിന്തകനായ മൈക്കിൾ ആപ്പിളിനെ തിരുവനന്തപുരത്ത്‌ കൊണ്ടുവന്ന്‌ ഒരു അന്താരാഷ്ട്ര സെമിനാർ നടത്തുകയുണ്ടായി. ആ സെമിനാറിൽ വിമർശനാത്മക ബോധനശാസ്‌ത്രം ഔപചാരിക വിദ്യാഭ്യാസത്തിൽ പ്രയോഗിച്ചതിന്‌ ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നിരവധി വിജയഗാഥകളാണ്‌ പങ്കുവയ്‌ക്കപ്പെട്ടത്‌. വിമർശനാത്മക ബോധനശാസ്‌ത്രം വിദ്യാലയങ്ങളിൽ പ്രയോജനപ്പെടുത്തിയതിന്റെ ധാരാളം അനുഭവങ്ങൾ ഇന്റർനെറ്റിൽ ഇന്ന്‌ ലഭ്യമാണ്‌. സാവോപോളോയിലെ ഔപചാരികവിദ്യാഭ്യാസ മേഖലയിൽ പൗലോ ഫ്രയർ നടത്തിയ ഇടപെടലിൽ പാഠ്യപദ്ധതി പരിഷ്‌കരണവും ലക്ഷ്യമിട്ടിരുന്നു എന്ന്‌ അദ്ദേഹത്തെ പഠിച്ച എല്ലാവർക്കും അറിയാം.
ഹയർ സെക്കണ്ടറി അധ്യാപകരോടുള്ള ചോദ്യാവലിയിൽ ഇങ്ങനെയൊരു ചോദ്യമുണ്ട്‌:
`ഉദ്‌ഗ്രഥിത സമീപനം ഉളളടക്കച്ചോർച്ചയ്‌ക്ക്‌ ഇട വരുത്തുന്നുണ്ടോ?' - നമുക്കറിയാം ഹയർ സെക്കണ്ടറിയിൽ ഉദ്‌ഗ്രഥിതസമീപന പ്രകാരമല്ല പഠിപ്പിക്കുന്നതെന്ന്‌. അവിടെയുളള അധ്യാപകർ എങ്ങനെയാണ്‌ ഒന്ന്‌-രണ്ട്‌ ക്ലാസുകളിൽ പിന്തുടരുന്ന സമീപനത്തെക്കുറിച്ച്‌ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഉത്തരം നൽകുക?
ഏറ്റവും വക്രതയുളള മറ്റൊരു ചോദ്യം ഇതാ.
`സ്‌കൂളിന്റെ മൊത്തത്തിലുളള ഗുണനിലവാരം പരിഗണിച്ച്‌ സ്‌കൂളുകളെ ഗ്രേഡ്‌ ചെയ്യുന്നത്‌ ഗുണകരമാണോ?' വിദ്യാലയങ്ങളെ ഗ്രേഡ്‌ ചെയ്‌താൽ സ്വാഭാവികമായും അവ പല ഗ്രേഡുകളിൽ വരും. ഗ്രേഡു കുറഞ്ഞവയെ പൊതുസമൂഹം ഉപേക്ഷിക്കും. അങ്ങനെ അവയെ അടച്ചുപൂട്ടാൻ കഴിയും. ഇത്തരത്തിൽ ഗ്രേഡ്‌ ചെയ്യണമെങ്കിൽ അതിന്‌ പരീക്ഷ വേണം. അഞ്ചിലും എട്ടിലും പൊതുപരീക്ഷ എന്ന ആവശ്യം പൊതുവിദ്യാലയഹത്യയെ ലക്ഷ്യമിട്ടാണ്‌. പാഠ്യപദ്ധതി മെച്ചപ്പെടുത്താൻ നിയോഗിച്ച കമ്മിറ്റി ഈ ആവശ്യം സമൂഹത്തിന്റെ ആശയമായി നിർമിച്ചെടുക്കുകയാണ്‌. മത്സരം വളർത്തുക എന്നത്‌ ആഗോളവത്‌കരണത്തിന്റെ അജണ്ടയാണ്‌. പൊതു സ്ഥാപനങ്ങളിലെ മുതൽമുടക്ക്‌ കുറയ്‌ക്കുക, സാമൂഹിക സേവന മേഖലകളിൽ നിന്നും സർക്കാർ പിന്മാറുക തുടങ്ങിയവ അതിൽ പെടുന്നു. അതാണ്‌ ഈ കമ്മിറ്റിയുടെയും ലക്ഷ്യം. ചില മുൻവിധികളുടെ വെളിച്ചത്തിൽ തങ്ങൾക്കിണങ്ങുന്ന ഉത്തരം ലഭിക്കത്തക്കവിധം രൂപകല്‌പന ചെയ്‌ത ചോദ്യാവലി ഉപയോഗിച്ച്‌ വിവരശേഖരണം നടത്തി റിപ്പോർട്ടുണ്ടാക്കിയതിന്‌ മറ്റെന്ത്‌ സാധൂകരണമാണ്‌ നൽകാനാവുക?
സർവേയുടെ ഫലങ്ങളായി ചില കാര്യങ്ങൾ അസീസ്‌ കമ്മിറ്റി റിപ്പോർട്ടിൽ ചേർത്തിട്ടുണ്ടെങ്കിലും അതിനാധാരമായ ചോദ്യാവലിയോ സാമ്പിളിന്റെ രൂപമോ ചോദ്യാവലിയോട്‌ പ്രതികരിച്ചവർ നൽകിയ ഉത്തരങ്ങളുടെ വർഗീകരണമോ അനുബന്ധമായി പോലും നൽകിയിട്ടില്ല. സർവേയുടെ വിശദാംശങ്ങൾ നൽകാതെ നിഗമനങ്ങൾ മാത്രം ക്രോഡീകരിക്കുന്നത്‌ റിപ്പോർട്ടിന്റെ ആധികാരികതയെ ചോദ്യം ചെയ്യുന്നതാണ്‌.
ഇത്തരമൊരു അശാസ്‌ത്രീയമായ ചോദ്യാവലി ഉപയോഗിച്ച്‌ വിവരശേഖരണം നടത്താൻ ഉപയോഗപ്പെടുത്തിയ `സാമ്പിൾ' തെരഞ്ഞെടുത്തതെങ്ങിനെയെന്ന്‌ നോക്കാം.
സർവെയിൽ പങ്കെടുത്ത അധ്യാപകരിൽ ഭൂരിഭാഗവും പാഠ്യപദ്ധതിക്കെതിരെ നേരത്തെ പരസ്യമായ നിലപാടെടുത്തവരായിരുന്നു. ഇങ്ങനെ ശാസ്‌ത്രീയമല്ലാത്ത ഒരു ചോദ്യാവലി ഉപയോഗിച്ചും പ്രാതിനിധ്യ സ്വഭാവമില്ലാത്ത ഒരു സാമ്പിളുപയോഗിച്ചും പഠനം നടത്തിയാൽ കിട്ടുന്ന വിവരങ്ങളുടെ വിശ്വസനീയതയും വസ്‌തുനിഷ്‌ഠതയും ചോദ്യം ചെയ്യപ്പെടുന്നത്‌ സ്വാഭാവികം മാത്രം.
ഈ `പഠന'ത്തിൽ നിന്ന്‌ നിലവിലുള്ള പാഠ്യപദ്ധതിക്ക്‌ ഒട്ടേറെ പ്രശ്‌നങ്ങൾ അസീസ്‌ കമ്മിറ്റി കണ്ടെത്തിയിട്ടുണ്ടത്രേ.
1) എട്ട്‌ പ്രശ്‌നമേഖലകളുമായി ബന്ധപ്പെട്ടാണ്‌ ഉള്ളടക്കം സ്വീകരിച്ചത്‌ എന്നതിനാൽ ഉള്ളടക്കത്തിന്‌ തുടർച്ചയോ നൈരന്തര്യമോ ഇല്ല.
2) നിലവിലുള്ള പാഠ്യപദ്ധതി ലക്ഷ്യം നേടുന്നതിനുള്ള ചില പഠനരീതികൾ പഠന ലക്ഷ്യം നേടുന്നതിന്‌ അനുയോജ്യമല്ല.
3) ലഭ്യമായ സമയത്തിനുള്ളിൽ നടപ്പാക്കാൻ പറ്റുന്നതിനേക്കാൾ പഠനപ്രവർത്തനങ്ങൾ പല വിഷയങ്ങളിലുമുണ്ട്‌.
4) കൂടുതൽ കുട്ടികളുള്ള ക്ലാസുകളിൽ പഠനപ്രവർത്തനം നടത്താൻ പ്രയാസം അനുഭവപ്പെടുന്നു.
5) പാഠപുസ്‌തകങ്ങൾ സ്വയം സമ്പൂർണമല്ല; അത്‌ വായനയെ പ്രോത്സാഹിപ്പിക്കുന്നില്ല.
6) കലാപഠനം, കായികവിദ്യാഭ്യാസം എന്നിവ കോ-കരിക്കുലർ ആയി മാത്രം പരിഗണിക്കുന്നു.
7) അധ്യാപക കൈപ്പുസ്‌തകം പ്രിസ്‌ക്രിപ്‌റ്റീവ്‌ (Prescriptive) ആണ്‌, സജസ്റ്റീവ്‌ (Suggestive) അല്ല.
8) ഭാഷാപഠനത്തിനാവശ്യമായ വ്യാകരണാടിത്തറ കുട്ടികൾക്ക്‌ ലഭിക്കുന്നില്ല.
9) ഇംഗ്ലീഷ്‌ പഠനപദ്ധതി ആശയ വിനിമയശേഷി ഉണ്ടാക്കുന്നതിൽ പരാജയപ്പെട്ടു.
10) ജ്ഞാനനിർമിതി വാദവും വിമർശനാത്മക ബോധനശാസ്‌ത്രവും മാത്രം സ്വീകരിക്കുക വഴി പഠനം വൈരസ്യമുള്ളതും ബോറടിക്കുന്നതുമായി മാറി എന്നിവയാണവ. ഇവയിലേതൊക്കെയാണ്‌ സർവേയോട്‌ പ്രതികരിച്ചവരിൽ നിന്നെടുത്തതെന്നറിയാൻ വഴിയില്ല. കേരളത്തിലെ അധ്യാപകരിൽ എത്രശതമാനം ഇതിനോട്‌ യോജിക്കുമെന്നും അറിയില്ല.
ഇവയിൽ എത്രത്തോളം സത്യമുണ്ട്‌ എന്ന്‌ പരിശോധിക്കുന്നത്‌ ഉചിതമായിരിക്കും.
 • ഒന്നാമത്തേത്‌ അക്കാദമികമായി പരിശോധിക്കേണ്ട കാര്യമാണ്‌. അതാണ്‌ പണിക്കർ കമ്മിറ്റിയും പറഞ്ഞത്‌. വിദ്യാഭ്യാസമെന്നത്‌ സമൂഹം നേരിടുന്ന പ്രശ്‌നങ്ങളെ നിർധാരണം ചെയ്യാൻ വ്യക്തിയെ വളർത്തിയെടുക്കലാണ്‌. ഇപ്പോഴുള്ള എട്ട്‌ പ്രശ്‌നമേഖലകൾ സമഗ്രമല്ലെങ്കിൽ ചിലത്‌ കൂട്ടിച്ചേർത്തോ, നിലവിലുള്ളത്‌ മെച്ചപ്പെടുത്തിയോ മാറ്റങ്ങൾ വരുത്താവുന്നതാണ്‌. എന്നാൽ അത്തരമൊരു പരിശോധന അസീസ്‌ കമ്മിറ്റി നടത്തിയതിന്റെ തെളിവുകളൊന്നും റിപ്പോർട്ടിലില്ല. പകരം മറ്റു പല കാര്യങ്ങളിലുമെന്നതുപോലെ കാടടച്ച്‌ വെടിവെക്കുന്ന സമീപനമാണ്‌ സ്വീകരിച്ചു കാണുന്നത്‌. ഈ ആശയം തന്നെ ശരിയല്ലെന്ന്‌ പറയുന്നത്‌ വിദ്യാഭ്യാസപരമായ കാരണങ്ങൾ കൊണ്ടല്ലെന്ന്‌ തീർച്ച.
 • രണ്ടാമത്തേത്‌ ശരിയല്ല; അത്‌ തെളിയിക്കാനുള്ള പഠനങ്ങളും നടന്നിട്ടില്ല. മറിച്ചുള്ളതിന്‌ ഒട്ടേറെ അനുഭവ സാക്ഷ്യങ്ങളുണ്ട്‌ താനും.
 • മൂന്നാമത്തേത്‌ ശരിയെങ്കിൽ, ലഭ്യമായ സമയത്തിനുള്ളിൽ ചെയ്യാൻ പറ്റുന്ന പ്രവർത്തനങ്ങൾ മാത്രം അധ്യാപകർ തെരഞ്ഞെടുക്കുകയാണ്‌ വേണ്ടത്‌. ഈ പഠനപ്രവർത്തനങ്ങൾ മുഴുവൻ നടത്തേണ്ടതാണെങ്കിലോ? അതിന്‌ സമയം കണ്ടെത്താനാവശ്യമായ ഭരണപരമായ തീരുമാനമാണ്‌ വേണ്ടത്‌.
 • നാലാമത്തേത്‌ ശരിയെങ്കിൽ വേണ്ടത്‌, പാഠ്യപദ്ധതി പരിഷ്‌കരണമല്ല, ക്ലാസിലെ കുട്ടികളുടെ എണ്ണം കുറയ്‌ക്കാനാവശ്യമായ തീരുമാനം ഭരണതലത്തിലുണ്ടാവുക എന്നതാണ്‌ കരണീയം.
 • അഞ്ചാമത്തേത്‌ പരസ്‌പര വൈരുദ്ധ്യമുള്ള പ്രസ്‌താവനയാണ്‌. പാഠപുസ്‌തകങ്ങൾ സ്വയം സമ്പൂർണമായാൽ മറ്റ്‌ പുസ്‌തകങ്ങൾ കുട്ടികൾ വായിക്കില്ല. അതുകൊണ്ട്‌ അവ സ്വയം സമ്പൂർണമാവരുത്‌ എന്നതാണ്‌ അക്കാദമികമായി ശരി.
 • ആറാമത്തെ പ്രശ്‌നത്തെക്കുറിച്ച്‌ കേരള പാഠ്യപദ്ധതി ചട്ടക്കൂട്‌ 2007 പറയുന്നത്‌ ഇപ്രകാരം: പ്രീ-സ്‌കൂളിലും പ്രൈമറിയിലും ഉദ്‌ഗ്രഥിത സമീപനവും, സെക്കന്ററിയിലും ഹയർസെക്കന്ററി തലത്തിലും ഉദ്‌ഗ്രഥിത സമീപനത്തോടൊപ്പം പ്രത്യേക വിഷയമായി പഠിക്കാനുള്ള സാധ്യതകളും ഉണ്ടാവണം. (പേജ്‌ 85) ഇതിന്റെ അർത്ഥം ഈ വിഷയങ്ങളെ വെറും കോ-കരിക്കുലർ ആയി കെ.സി.എഫ്‌ കാണുന്നില്ലെന്ന്‌ തന്നെയാണ്‌.
 • അധ്യാപകരുടെ കൈപ്പുസ്‌തകം 1997-ലെ പാഠ്യപദ്ധതി പരിഷ്‌കരണത്തിൽ 'സജസ്റ്റീവ്‌' ആയിരുന്നു. അതിനെതിരെ വ്യാപകമായ പരാതി ഉണ്ടായപ്പോഴാണ്‌ `പ്രിസ്‌ക്രിപ്‌റ്റീവ്‌ ' ആക്കാൻ തീരുമാനിച്ചത്‌. ഇപ്പോൾ അതായിരിക്കുന്നു പരാതിയെന്ന്‌ ഏഴാമത്തെ കാര്യം പരിശോധിച്ചാൽ അറിയാം. എങ്ങനെ ചെയ്‌താലും വിമർശനം എന്നായാൽ പിന്നെയെന്ത്‌ ചെയ്യും?
 • സ്‌കൂൾ ക്ലാസുകളിൽ ഔപചാരിക വ്യാകരണപഠനം ആവശ്യമില്ലെന്നാണ്‌ എല്ലാ ആധുനിക ഭാഷാപണ്ഡിതന്മാരും പറയുന്നത്‌. ഭാഷയെക്കുറിച്ച്‌ ആഴത്തിൽ പഠിക്കുന്നവർക്ക്‌ ഉയർന്ന ക്ലാസുകളിൽ അത്‌ വേണം താനും. താഴ്‌ന്ന ക്ലാസുകളിൽ നല്ല മലയാളം എഴുതാനും പറയാനുമുള്ള ശേഷി വളർത്തുകയാണ്‌ വേണ്ടത്‌. അതിൽ സ്വാഭാവികമായും വ്യാകരണം ഉൾച്ചേർന്നിരിക്കും.
? ഇംഗ്ലീഷ്‌ പഠനരീതി ആശയവിനിമയ ശേഷിയുണ്ടാക്കുന്നതിൽ പരാജയപ്പെട്ടുവെന്നത്‌ തീർത്തും തെറ്റാണ്‌. ശ്രദ്ധാപൂർവ്വം പഠനം നടക്കുന്നിടത്ത്‌ അത്‌ വിജയമായിരുന്നുവെന്നാണ്‌ ബാംഗ്ലൂരിലെ ആർ.ഐ.ഇ ആലപ്പുഴ ജില്ലയിൽ നടത്തിയ പഠനങ്ങൾ കാണിക്കുന്നത്‌.
 • ജ്ഞാനനിർമിതി വാദത്തെയും വിമർശനാത്മക ബോധനത്തെയും എതിർക്കാനായി മാത്രം ഉന്നയിച്ച കാര്യമാണ്‌ അവസാനത്തേത്‌. ഇതിന്റെ ഭാഗമായി ഒട്ടേറെ വൈവിധ്യമുള്ള പ്രവർത്തനങ്ങൾ നടക്കേണ്ടതുണ്ട്‌. മുതിർന്നവരും സഹപാഠികളുമായുള്ള സംവാദം, പ്രാഥമിക സ്രോതസ്സിൽ പോയി വിവരശേഖരണം നടത്തൽ, അനുഭവജ്ഞാനമുള്ളവരിൽ നിന്ന്‌ കേട്ടുപഠിക്കൽ, റഫറൻസ്‌ നടത്തൽ, ചെയ്‌തുപഠിക്കൽ, ഉപകരണങ്ങൾ രൂപകൽപ്പന ചെയ്യൽ, സർവെ വഴിയുള്ള വിവരശേഖരണം, വിദഗ്‌ധരുമായുള്ള അഭിമുഖം, സെമിനാറുകൾ എന്നിങ്ങനെ ഈ രീതിയിലുള്ള പഠനത്തിന്‌ അവലംബിക്കുന്ന പല രീതികൾ ഉണ്ടെന്നിരിക്കെ പഠനം ഏകമുഖവും വിരസവുമാണെന്നു പറയുന്നത്‌ കണ്ണടച്ച്‌ ഇരുട്ടാക്കലാണ്‌.

എൻ സി എഫിന്‌ വിരുദ്ധമായ നിലപാടുകൾ

എൻ.സി.എഫിന്റെ മികവുകളെന്ന്‌ ഇന്ത്യയൊട്ടാകെയുള്ള അക്കാദമിക വിദഗ്‌ധരും പൊതുസമൂഹവും അംഗീകരിച്ചിട്ടുള്ള കാര്യങ്ങളെ നിരാകരിച്ചുകൊണ്ടുള്ള ഒരു റിപ്പോർട്ടാണ്‌ അസീസ്‌ കമ്മിറ്റി തയ്യാറാക്കിയിട്ടുള്ളതെന്ന്‌ രണ്ടും വായിച്ചു നോക്കിയാൽ ആർക്കും മനസ്സിലാവും.
1. ഓർമ പരിശോധനയ്‌ക്ക്‌ പ്രാധാന്യം നൽകിയിരുന്ന പഴയ പഠനരീതി തള്ളിക്കളയണമെന്നത്‌ എൻ.സി.എഫ്‌.ൽ വ്യക്തമായി പറഞ്ഞിട്ടുള്ള ഒരു കാര്യമാണ്‌. വിവരങ്ങളെ അറിവായി തെറ്റിദ്ധരിക്കുമ്പോൾ പാഠപുസ്‌തകങ്ങൾ കുട്ടികൾക്ക്‌ ഭാരമാവുന്നു (പേജ്‌ 27). വിവരങ്ങളുടെ കുറേ തുണ്ടുകൾ കുത്തിനിറച്ചിട്ടുള്ള പാഠപുസ്‌തകങ്ങൾ മനഃപാഠമാക്കുകയും അത്‌ എത്രകണ്ട്‌ പരീക്ഷാ പേപ്പറിൽ ഛർദിച്ചു എന്നതിനനുസരിച്ച്‌ പഠനനിലവാരം നിശ്ചയിക്കുകയും ചെയ്യുന്ന പഴഞ്ചൻ രീതി മാറ്റിയേ പറ്റൂ എന്നും എൻ.സി.എഫ്‌. നിഷ്‌കർഷിക്കുന്നു. `പഠനനേട്ടങ്ങൾ'ക്ക്‌ (Outcome) ആവശ്യത്തിൽ കവിഞ്ഞ ഊന്നൽ നൽകുമ്പോൾ കുട്ടിയിൽ വളർന്നു വികസിക്കേണ്ട മറ്റനേകം കഴിവുകൾ വിസ്‌മരിക്കപ്പെടുന്നതിനാൽ കുട്ടികൾ `അറിവ്‌ നിർമിക്കുന്ന' (Constructing knowledge) പ്രക്രിയകൾക്കും, അതുവഴിയുണ്ടാകുന്ന ആഴത്തിലുള്ള ധാരണാവികസനത്തിനുമാണ്‌ പ്രാധാന്യം നൽകേണ്ടതെന്ന്‌ ആധുനിക പഠനസിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ എൻ.സി.എഫ്‌.വ്യക്തമായി പറയുന്നു (പേജ്‌ 19, 20). എന്നാൽ എൻ.സി.എഫ്‌. തള്ളിക്കളഞ്ഞ സമീപനം (Outcome Focussed Approach) തന്നെയാണ്‌ (പേജ്‌ 23) അസീസ്‌ കമ്മിറ്റി മുന്നോട്ടുവെക്കുന്നത്‌ എന്നത്‌ ആരെയും അമ്പരപ്പിക്കും.
മാത്രവുമല്ല, പരസ്‌പര വിരുദ്ധമായ വ്യവഹാര വാദവും ജ്ഞാന നിർമിതി വാദവും (സാമൂഹ്യജ്ഞാന നിർമിതിയല്ല) അധ്യാപകർ ഉപയോഗപ്പെടുത്തണമെന്ന അവിയൽ സമീപനം മറ്റൊരിടത്ത്‌ പറയുന്നു. അതിനായി ആൻഡേർസൺ, ക്രാത്ത്‌വാൾ എന്നിവരുടെ ഗ്രന്ഥം റഫറൻസായി സൂചിപ്പിക്കുന്നു. 1956-ൽ ബെഞ്ചമിൻ.എസ്‌.ബ്‌ളും പ്രസിദ്ധീകരിച്ച Taxonomy of Educational Objectives ആണ്‌ വ്യവഹാരവാദക്കാരുടെ ബൈബിൾ. ഈ ഗ്രന്ഥത്തിന്റെ സഹരചയിതാക്കളിൽ ഒരാളാണ്‌ ഡേവിഡ്‌ ക്രാത്ത്‌വാൾ. ലോറിൻ ആൻഡേർസണാകട്ടെ ക്രാത്ത്‌വാളിന്റെ ശിഷ്യനാണ്‌; വ്യവഹാരവാദത്തെ തന്നെ അടിസ്ഥാനമാക്കുന്ന ആളും. അതായത്‌ അസീസ്‌ കമ്മിറ്റി റിപ്പോർട്ട്‌ വ്യക്തമായും എൻ.സി.എഫ്‌ നിലപാടിനോട്‌ വിയോജിക്കുന്നു എന്നർത്ഥം. അധ്യാപകർക്ക്‌ ഇഷ്‌ടമുള്ള രീതി ക്ലാസിൽ അവലംബിക്കാമെന്നും റിപ്പോർട്ട്‌ തുടർന്ന്‌ പറയുന്നുണ്ട്‌. ഇതിന്റെ അപകടം എന്തെന്ന്‌ കമ്മിറ്റി അറിയാത്തതാണോ? കെ സി എഫിൽ പറഞ്ഞതൊന്നും അംഗീകരിക്കില്ലെന്ന ദുർവാശി നിമിത്തം എൻ സി എഫിനെപ്പോലും നിരാകരിച്ചിരിക്കുന്നു! പൊതുവിദ്യാഭ്യാസരംഗം തകർക്കാൻ ലക്ഷ്യമിട്ട്‌ ബഹുദിശകളിൽ നിന്നുള്ള ശ്രമമാണിതെന്ന്‌ തീർച്ച. അധ്യാപകകേന്ദ്രിതവും പാഠപുസ്‌തകകേന്ദ്രിതവുമായ പഠനരീതിയും പഴഞ്ചൻ മൂല്യനിർണയ രീതികളിലും സ്‌കൂളുകളിൽ പ്രത്യക്ഷപ്പെടുന്നതിന്റെ കേളികൊട്ട്‌ തുടങ്ങിയതായി കാണാവുന്നതാണ്‌.
2. വിദ്യാഭ്യാസത്തെ സമൂഹജീവിതവുമായി ബന്ധപ്പെടുത്തിയേ നടപ്പിലാക്കാവൂ എന്ന്‌ എൻ.സി.എഫ്‌. ൽ പലയിടത്തും ആവർത്തിച്ചിട്ടുണ്ട്‌. അത്‌ സമത്വപൂർണമായ സാമൂഹ്യക്രമത്തിനുള്ള ഉപകരണമാവണം. സമൂഹമാവട്ടെ പലവിധ വൈരുധ്യങ്ങൾ നിറഞ്ഞതാണ്‌. വർഗം, വർണം, ലിംഗം, മതം, ജാതി, ഭാഷ, ഭൂപ്രദേശം എന്നിങ്ങനെ അനവധി വ്യത്യസ്‌തതകൾ നമ്മുടെ ജീവിതത്തെ നിർണയിച്ചുകൊണ്ടിരിക്കുന്നു. ഇതിലെ ഓരോ ഘടകവും സമൂഹത്തിൽ നിരവധി തട്ടുകൾ നിർമിക്കുന്നുണ്ട്‌. ഏത്‌ ഘടകമെടുത്താലും, മേൽതട്ടിലുള്ളവർക്ക്‌ കീഴ്‌ത്തട്ടുകാരെ അപേക്ഷിച്ച്‌ പല സൗകര്യങ്ങളും അവകാശങ്ങളും അംഗീകാരവും ലഭിക്കുന്നു. കീഴ്‌ത്തട്ടുകാർ ദുരിതവും ഇല്ലായ്‌മകളും അവഗണനയും പേറുന്നു. ഇതിന്റെ ഫലമായി പല തട്ടുകളിലുള്ള വിദ്യാഭ്യാസവും സമൂഹത്തിൽ നിലനിൽക്കുന്നു. നിലവിലുണ്ടായിരുന്ന അന്തരങ്ങളെ ആഗോളവത്‌കരണം വീണ്ടും പെരുപ്പിച്ചിരിക്കുന്നുവെന്ന്‌ എൻ.സി.എഫ്‌. ഓർമിപ്പിക്കുന്നു. അതുകൊണ്ടാണ്‌ പല തരക്കാർക്കുവേണ്ടി പലതരം സ്‌കൂളുകൾ എന്ന സ്ഥിതിവിശേഷം അനുദിനം ശക്തിപ്പെടുന്നത്‌. ക്ലാസ്‌മുറിക്കകത്തുമുണ്ട്‌ അഭിജാതരും അധഃകൃതരും. ഓരോ കാര്യത്തെ സംബന്ധിച്ചും ഓരോ കുട്ടിക്കുമുണ്ടാകും, സ്വന്തം അനുഭവങ്ങളുടെ അടിസ്ഥാനത്തിലുള്ള വ്യത്യസ്‌തമായ അഭിപ്രായങ്ങൾ. അധ്യാപകൻ കൽപ്പിക്കുന്നതും, പാഠപുസ്‌തകത്തിൽ അവതരിപ്പിച്ചിരിക്കുന്നതുമായ, ഏകപക്ഷീയമായ വീക്ഷണങ്ങൾ മാത്രം അംഗീകരിക്കപ്പെടുന്ന ഇടമായി ക്ലാസ്‌മുറികൾ മാറരുത്‌. നീതി, തുല്യത, വഴക്കം, പ്രാതിനിധ്യം- ഇതൊക്കെ പ്രാദേശിക പ്രസക്തിയുള്ള പാഠ്യപദ്ധതി ആവശ്യപ്പെടുന്നു. ആർക്കും മേൽക്കൈ ഇല്ലാത്ത, എല്ലാവരുടെയും അനുഭവങ്ങൾക്കും അഭിപ്രായങ്ങൾക്കും ചെവി കൊടുക്കുന്ന, സംവാദത്തിന്റെ ഇടങ്ങളായി ക്ലാസ്‌മുറി മാറണം. സ്‌കൂളുകൾ `ചോദ്യം ചെയ്യാനും, അന്വേഷിക്കാനും സംവദിക്കാനും, പുനരാലോചിക്കാനും അതുവഴി ധാരണകളിൽ എത്തിച്ചേരാനും പുതിയ ആശയങ്ങൾ നിർമിക്കാനും അവസരങ്ങൾ ഒരുക്കണം' (പേജ്‌ 16). അതായത്‌ വിമർശനാത്മക ബോധനത്തിന്റെ (Critical Pedegogy) പ്രയോഗശാലകളായി ഇന്ത്യൻ ക്ലാസ്‌മുറികൾ മാറിയേ പറ്റൂ. ജനാധിപത്യം പുലരുന്ന, മതസൗഹാർദവും സാംസ്‌കാരിക വ്യത്യസ്‌തതകളും ഉൾക്കൊള്ളുന്ന ഒരു രാഷ്‌ട്രം കെട്ടിപ്പടുക്കാൻ ഇത്തരമൊരു വിദ്യാഭ്യാസ രീതി നാം സ്വീകരിച്ചേ തീരൂ എന്ന നിലപാടിലേക്ക്‌ എൻ.സി.എഫ്‌. യാഥാർഥ്യബോധത്തോടെ എത്തിച്ചേർന്നിരുന്നു (പേജ്‌ 21, 22). ആ നിലപാട്‌ സ്വീകരിച്ചുകൊണ്ട്‌ നിർമിക്കപ്പെട്ടതിനാലാണ്‌, മുൻകാലത്തുനിന്നും വ്യത്യസ്‌തമായി, ഇന്ത്യൻ യാഥാർഥ്യത്തിന്റെ വ്യത്യസ്‌ത മുഖങ്ങൾ ഉൾക്കൊള്ളുന്ന പുതുമയാർന്ന പാഠപുസ്‌തകങ്ങൾ ദേശീയതലത്തിൽ തയ്യാറാക്കാൻ എൻ.സി.ഇ.ആർ.ടി.ക്ക്‌ കഴിഞ്ഞത്‌. പ്രകൃതിചൂഷണവും ഉച്ചനീചത്വവും ജനാധിപത്യം നേരിടുന്ന വെല്ലുവിളികളും വസ്‌തുനിഷ്‌ഠമായി പാഠപുസ്‌തകത്തിൽ ചർച്ചയ്‌ക്കു വെച്ചത്‌ ഇതിനാലാണ്‌.
എന്നാൽ, വിമർശനാത്മക ബോധനത്തെ അവജ്ഞയോടെയാണ്‌ അസീസ്‌ കമ്മിറ്റി വീക്ഷിക്കുന്നത്‌. അത്‌ കുട്ടികളിൽ ദോഷഫലങ്ങൾ (Negative Impacts) ഉണ്ടാക്കുമെന്നാണ്‌ `വിദഗ്‌ധ' സമിതിയുടെ കണ്ടുപിടുത്തം. പ്രശ്‌നങ്ങളെ കുട്ടികളിൽ നിന്ന്‌ മറച്ചുപിടിക്കണമെന്ന ചിന്തയിലാണ്‌ അത്‌ എത്തി നിൽക്കുന്നത്‌. എന്തിനെയും വിമർശിക്കുന്നവരായി അത്‌ കുട്ടികളെ മാറ്റുമെന്നാണ്‌ അസീസ്‌ കമ്മിറ്റിയുടെ അഭിപ്രായം. അതുകൊണ്ട്‌ `വിമർശനാത്മക ബോധനം' ഒഴിവാക്കിക്കൊണ്ടുള്ള പാഠപുസ്‌തകങ്ങളായിരിക്കും ഇനി വരാൻ പോകുന്നത്‌. `വിമർശനാത്മക ബോധനം' ഒഴിവാക്കുകയെന്നാൽ, എൻ.സി.എഫിനെ തള്ളിപ്പറയുന്നു എന്നാണർഥം. ചുറ്റുപാടുകളെക്കുറിച്ച്‌ നിരന്തരമായി ചോദ്യം ചെയ്യുകയും ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്ന പ്രക്രിയയാണ്‌ വിമർശനാത്മക ബോധനം. അന്വേഷണ ത്വരത വളർത്തുന്ന ഏത്‌ ബോധനരൂപവും വിമർശനങ്ങളും ഉയർത്തും. അത്‌ വിമർശന ചിന്ത മാത്രമാണ്‌ വളർത്തുന്നതെന്ന്‌ പറയുന്നത്‌ ബോധനശാസ്‌ത്രപരമായ അസംബന്ധമാണ്‌. അങ്ങനെയെങ്കിൽ എല്ലാ ശാസ്‌ത്രീയമായ അന്വേഷണങ്ങളും നമുക്ക്‌ നിരാകരിക്കേണ്ടിവരും. ശാസ്‌ത്രബോധത്തെ ഏറ്റവും താഴേത്തട്ടിലുള്ള ജനങ്ങളിലടക്കം എത്തിക്കാനുള്ള ശ്രമങ്ങളെ തള്ളിക്കളയേണ്ടിവരും. ക്ലാസിൽ നടക്കേണ്ട ആരോഗ്യകരമായ ചിന്തകളെയും ചർച്ചകളെയും ഒഴിവാക്കലാണത്‌. മുകളിൽ നിന്നും അടിച്ചേൽപ്പിക്കുന്ന, ഏകപക്ഷീയവും `ഔദ്യോഗിക'വുമായ, വീക്ഷണങ്ങൾ മാത്രം പഠിച്ചാൽ മതി എന്നു പറയലാണ്‌. ജനാധിപത്യ-മതേതര വീക്ഷണങ്ങളുടെ ആരോഗ്യകരമായ വികാസത്തെ തടസ്സപ്പെടുത്തലാവും ഇതിന്റെ ഫലമെന്നതിൽ സംശയം വേണ്ട. ഇത്‌ ഭാവിയിൽ വിഭാഗീയ-സങ്കുചിത-അരാഷ്‌ട്രീയ ചിന്തയ്‌ക്കാവും മുതൽക്കൂട്ടാവുക. അങ്ങിനെ നോക്കുമ്പോൾ നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ നിരാസമാണിതിന്റെ ഫലമായി നടക്കുക. ജ്ഞാനനിർമിതി വാദത്തെയും വിമർശനാത്മക ബോധനത്തെയും തികഞ്ഞ അജ്ഞതയോടെ സമീപിക്കുന്ന റിപ്പോർട്ട്‌ മർദിതരും പുറന്തള്ളപ്പെട്ടവരുമടക്കമുള്ള ജനതയെ വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലെത്തിക്കാനും ഏറ്റവും താഴേത്തട്ടിലുള്ള പഠിതാവിന്റെ പോലും ആന്തരിക ശേഷികളെ ശക്തിപ്പെടുത്തി മുന്നോട്ടു നീങ്ങാനുമുള്ള ശ്രമങ്ങൾക്ക്‌ നേർ വിപരീതമാണ്‌.
3. ഭാഷാപഠനത്തെ സംബന്ധിച്ച്‌ എൻ.സി.എഫ്‌. കൈക്കൊണ്ട നിലപാടുകളും പരിശോധിക്കേണ്ടതുണ്ട്‌. ഒറ്റയൊറ്റ ശേഷികൾ വേറിട്ടു നേടിയാൽ ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടാകും എന്ന അന്ധവിശ്വാസത്തെ അത്‌ നിരാകരിക്കുന്നു. അർഥപൂർണമായ സമഗ്രസന്ദർഭത്തിൽ നിന്നു വേണം ഭാഷ പഠിക്കാൻ എന്ന്‌ അത്‌ ഓർമിപ്പിക്കുന്നു (പേജ്‌ 37, 38). ഉച്ചാരണശുദ്ധി, തെറ്റുകൂടാതെ എഴുതൽ എന്നിവയിൽ അമിതമായി ഗൗരവപൂർവം ഊന്നുമ്പോൾ ഭാഷയുടെ പ്രയോഗശേഷിയുടെ വികാസമാണ്‌ തടസ്സപ്പെടുക. `ശരി'യിൽ അമിതമായ ഊന്നൽ വരുമ്പോൾ ഭാഷയുടെ ധർമങ്ങളാണ്‌ വിസ്‌മരിക്കപ്പെടുക (പേജ്‌ 38). അതിനർഥം, ഭാഷാവ്യവഹാരരൂപങ്ങൾ പോലുള്ള സമഗ്രമായ ഭാഷാനുഭവങ്ങളുടെ സഹായത്തോടെ, ആശയഗ്രഹണത്തിനും പ്രകടനത്തിനും ഊന്നൽ നൽകുന്ന പുതിയ ഭാഷാപഠനരീതി അനുവർത്തിക്കണമെന്നാണ്‌. എന്നാൽ അസീസ്‌ കമ്മിറ്റി വ്യവഹാരരൂപങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭാഷാപഠനത്തെ അവജ്ഞയോടെ തള്ളുന്നു (പേജ്‌ 33). അത്‌ ഭാഷാപഠനത്തിന്റെ സൗന്ദര്യാത്മകത നഷ്‌ടപ്പെടുത്തുമത്രേ. മനഃപാഠമാക്കൽ വളരെ ഉത്തമമാണെന്ന വിശ്വാസത്തിലാണ്‌ കമ്മിറ്റിയംഗങ്ങൾ. വ്യാകരണം പോലുള്ളവ നേരിട്ടു പഠിച്ചാലേ ശരിയാവൂ എന്ന്‌ അവർ പഴയ മട്ടിൽ ആണയിടുന്നു. ഫലത്തിൽ, ഭാഷാപഠനത്തിൽ എൻ.സി.എഫ്‌. കൈക്കൊണ്ട നവീനമായ നിലപാടുകളിൽ നിന്നാണ്‌ പിന്നാക്കം പോയിരിക്കുന്നത്‌. പ്രാദേശിക ഭാഷയ്‌ക്ക്‌ എൻ.സി.എഫ്‌. നൽകിയ പ്രാധാന്യത്തെ അസീസ്‌ കമ്മിറ്റി കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌. 1 മുതൽ 4 വരെ ക്ലാസ്സുകളിൽ ഇംഗ്ലീഷ്‌ മീഡിയം പാഠപുസ്‌തകങ്ങൾ ശുപാർശ ചെയ്‌തുകൊണ്ട്‌ മലയാളഭാഷയുടെ നിലനിൽപ്പിനു തന്നെ അത്‌ ഭീഷണിയും സൃഷ്‌ടിച്ചിരിക്കുന്നു. ഈ റിപ്പോർട്ട്‌ മാതൃഭാഷ പഠനമാധ്യമം ആക്കുന്നതിനെക്കുറിച്ചോ സ്‌കൂളുകളിൽ മലയാളം നിർബന്ധമായി പഠിക്കുന്നതിനെ പറ്റിയോ നിലപാടെടുക്കുന്നില്ല. അതുകൊണ്ടാണല്ലൊ കമ്മിറ്റിയംഗമായ ശ്രീ.കെ.പി.രാമനുണ്ണിക്ക്‌ തന്നെ ഭിന്നാഭിപ്രായം രേഖപ്പെടുത്തേണ്ടിവന്നത്‌. പാർലിമെന്റ്‌ പാസാക്കിയ 2009-ലെ വിദ്യാഭ്യാസ അവകാശനിയമ പ്രകാരം, കഴിയാവുന്നിടത്തോളം (as far as practicable എന്നാണ്‌ നിയമത്തിൽ പറയുന്നത്‌), എട്ടാം ക്ലാസ്‌ വരെ മാതൃഭാഷയാവണം പഠനമാധ്യമം എന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. എന്നിട്ടും ഇക്കാര്യത്തിൽ അസീസ്‌ കമ്മിറ്റി കുറ്റകരമായ നിശ്ശബ്‌ദത പാലിച്ചിരിക്കുന്നു. സ്വകാര്യ വിദ്യാലയങ്ങൾ മാതൃഭാഷയെ അവഗണിക്കുന്നുവെന്ന വസ്‌തുത എൻ.സി.എഫ്‌. ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്‌(പേജ്‌ 8). എല്ലാവരും അവരുടെ മാതൃഭാഷ നിർബന്ധമായും പഠിക്കണമെന്ന്‌ പറയാതെ പ്രതിഭാ പരീക്ഷ, എൻട്രൻസിനും ഉപരിപഠനത്തിനും വെയിറ്റേജ്‌ എന്നീ നിർദ്ദേശങ്ങൾ അവതരിപ്പിക്കുക മാത്രമാണ്‌ ചെയ്‌തത്‌. പ്രതിഭാ പരീക്ഷ മലയാളത്ത രക്ഷിക്കുമോ? വെയിറ്റേജ്‌ നൽകുക എന്നത്‌ പ്രായോഗികമാണോ? മാതൃഭാഷയെ സംവരണം കൊടുത്ത്‌ താങ്ങിനിറുത്തുകയല്ല, ആദ്യപരിഗണന നൽകി ക്ലാസ്‌മുറികളിൽ അതിന്റെ ശ്രേഷ്‌ഠത പ്രഖ്യാപിക്കുകയല്ലേ, ചെയ്യേണ്ടിയിരുന്നത്‌?
4. `പരീക്ഷ'കളെക്കുറിച്ചുള്ള വിദഗ്‌ധരുടെ നിലപാട്‌ വിദ്യാഭ്യാസത്തോളം തന്നെ പഴക്കമുള്ളതാണ്‌. ഇതിനെ പരിഷ്‌കരിക്കാതെ വിദ്യാഭ്യാസം മെച്ചമാക്കാനാവില്ലെന്ന്‌ എല്ലാവരും അംഗീകരിക്കുന്നു. പരീക്ഷയെ സംബന്ധിച്ച്‌ എൻ.സി.എഫ്‌. കൈക്കൊണ്ട പല വിശാല നിലപാടുകൾക്കും എതിരെയാണ്‌ അസീസ്‌ കമ്മിറ്റി നിലയുറപ്പിച്ചിരിക്കുന്നത്‌. പരീക്ഷ വഴക്കമുള്ളതാക്കാനും ഫീഡ്‌ബാക്ക്‌ നൽകി പഠനത്തെ മെച്ചപ്പെടുത്താനുള്ള ഉപാധിയാക്കാനുമാണ്‌ എൻ.സി.എഫ്‌. നിർദേശം. എന്നാൽ ചിട്ടപ്പടിയുള്ള പരീക്ഷകൾ തിരിച്ചുകൊണ്ടുവരാനും കുട്ടികളുടെ മേൽ അതൊരു പേടിസ്വപ്‌നമാക്കാനുമാണ്‌ അസീസ്‌ കമ്മിറ്റിയുടെ ശുപാർശകൾ ഇടവരുത്തുക. എൻ.സി.എഫ്‌. പ്രകാരം ഏഴാം ക്ലാസ്‌ മുതൽ മതി ടേം പരീക്ഷകൾ. അതിനാകട്ടെ, അതീവ ഗൗരവം നൽകുകയുമരുത്‌. സ്വയം വിലയിരുത്താനും തെറ്റുകളിൽ നിന്ന്‌ പഠിക്കാനുമാണ്‌ അവസരം വേണ്ടത്‌ (പേജ്‌ 71, 72). എന്നാൽ അസീസ്‌ കമ്മിറ്റിക്ക്‌ `പഠന'ത്തിന്റെ വിലയിരുത്തൽ എന്ന നിലയിൽ ടേം പരീക്ഷകൾ എല്ലാ ക്ലാസിലും കൂടിയേ തീരൂ. `ധാരണാവികാസത്തെ കുറിച്ചറിയാൻ ഔപചാരിക പരീക്ഷകൾ ആവശ്യമില്ലെന്നും' അതിന്‌ മറ്റ്‌ വഴികളുണ്ടെന്നും എൻ.സി.എഫിൽ നിരീക്ഷണമുണ്ട്‌(പേജ്‌ 69) എന്നത്‌ ഇവർ വിസ്‌മരിച്ചിരിക്കുന്നു. എൻ.സി.എഫ്‌. പത്താം തരത്തിലെ പരീക്ഷകൾ പോലും ഓപ്‌ഷണൽ ആക്കണമെന്ന്‌ നിർദേശിച്ചപ്പോൾ അഞ്ചിലും എട്ടിലും പൊതുപരീക്ഷ നടത്തണമെന്ന നിലപാടിലാണ്‌ അസീസ്‌ കമ്മിറ്റി. വിദ്യാഭ്യാസ അവകാശനിയമമാകട്ടെ ഇത്തരം പൊതുപരീക്ഷകൾ പാടില്ലെന്നും പഠിപ്പിക്കുന്ന അധ്യാപകരാണ്‌ മൂല്യനിർണയം ചെയ്യേണ്ടതെന്നും തറപ്പിച്ച്‌ പറയുന്നുണ്ട്‌. വിദ്യാഭ്യാസം ഭരണഘടനയുടെ സംയുക്ത ലിസ്റ്റിലായിരിക്കെ കേന്ദ്രനിയമത്തിനെതിരായ നിലപാടെടുക്കാൻ സംസ്ഥാനങ്ങൾക്ക്‌ അവകാശമില്ലെന്നതാണ്‌ വസ്‌തുത. ഫലത്തിൽ ഓർമയ്‌ക്ക്‌ പ്രാധാന്യമുള്ള പഴയ തരം പരീക്ഷകൾ ക്ലാസ്‌മുറികളിലേക്ക്‌ തിരിച്ചുവരികയാണ്‌. അതോടെ പഠനം പരീക്ഷയ്‌ക്ക്‌ വേണ്ടിയാകും; ക്ലാസ്‌ മുറിയിലെ ജ്ഞാനനിർമിതിയും സർഗാത്മകതയും പഴങ്കഥയാവും; കേരളം വിദ്യാഭ്യാസ രംഗത്ത്‌ നേടിയ നേട്ടങ്ങൾ വിസ്‌മൃതിയിലാവും.

ദർശനരേഖയും കാവിവീക്ഷണവും

കേരളത്തിലെ വിദ്യാഭ്യാസം രൂപപ്പെടുത്തുന്നതിനായി ചില രേഖകൾ അസീസ്‌ കമ്മിറ്റി പരിഗണിക്കുന്നുണ്ട്‌. അതിലൊന്നാണ്‌ റിപ്പോർട്ടിൽ പരാമർശിക്കുന്ന VISION 2020 (NCERT) -വിദ്യാഭ്യാസ ദർശനം 2020. അത്‌ യാദൃശ്ചികമായി സംഭവിച്ചതല്ല. ഇന്ത്യയെ ഒരു ജ്ഞാനസമൂഹമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രൊഫസർ ജെ എസ്‌ രാജ്‌പുത്‌ തയ്യാറാക്കിയതാണ്‌ പ്രസ്‌തുത രേഖ. ആരാണ്‌ രാജ്‌പുത്‌? 2000 ലെ ദേശീയപാഠ്യപദ്ധതി ചട്ടക്കൂട്‌ തയ്യാറാക്കുന്നതിന്‌ നേതൃത്വം വഹിച്ച അന്നത്തെ എൻ സി ഇ ആർ ടി ഡയരക്‌ടർ. അന്ന്‌ നിലവിലിരുന്ന (ബി ജെ പി) സർക്കാരിന്റെ വീക്ഷണത്തിന്‌ അനുപൂരകമായി ഇന്ത്യയിലെ വിദ്യാഭ്യാസത്തെ മാറ്റിയെടുക്കുന്നതിനാണ്‌ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്‌ (2000) ശ്രമിച്ചത്‌. ഇതിനെതിരെ വ്യാപകമായ എതിർപ്പ്‌ ഉയർന്നു വന്നു. വിദ്യാഭ്യാസത്തിന്റെ കാവിവത്‌കരണം എന്ന പദം ചർച്ച ചെയ്യപ്പെട്ടു. പ്രാചീന ഭാരതീയ ഗ്രാമങ്ങൾ വിവേചനരഹിതവും സ്വയം സമ്പൂർണവുമായിരുന്നെന്നും പാശ്ചാത്യവത്‌കരണമാണ്‌ അതിനെ തകിടം മറിച്ചതെന്നുമുളള സമീപനം ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുന്നതായി. ചാതുർവർണ്യ വ്യവസ്ഥ നില നിന്നിരുന്ന സമൂഹം വിവേചന രഹിതമായിരുന്നതായി പറയുന്നത്‌ അന്ധമായ വെളളപൂശലാണ്‌. ഭാരതീയ വിദ്യാഭ്യാസം ജാതി-മത നിരപേക്ഷമായിരുന്നുവെന്നുളള അവകാശവാദവും അത്‌ മുന്നോട്ടുവെച്ചു. തദ്ദേശീയ ജ്ഞാനം എന്നതിന്‌ വലിയ പ്രാധാന്യം നൽകി. ഗ്രാമീണ ജനതയുടെ നാട്ടറിവുകളല്ല, സംസ്‌കൃത സാഹിത്യവും ഭാഷയും ജ്യോതിഷവും വേദഗണിതവും യോഗയും മറ്റുമാണ്‌ തദ്ദേശീയ ജ്ഞാനം എന്നതുകൊണ്ട്‌ പാഠ്യപദ്ധതി ചട്ടക്കൂട്‌ 2000 വിവക്ഷിച്ചത്‌. സംസ്‌കൃത പഠനത്തിലൂടെ തദ്ദേശീയ ജ്ഞാനം നേടാനാകുമെന്നും പാഠ്യപദ്ധതി ചട്ട ക്കൂടിൽ സൂചിപ്പിച്ചു. മൂല്യബോധം വളർത്താൻ മതപഠനം ആവശ്യമാണെന്നുളള നിരീക്ഷണമാണ്‌ മറ്റൊന്ന്‌. പാഠ്യപദ്ധതി രൂപീകരണത്തെ അഖിലേന്ത്യാ തലത്തിൽ കേന്ദ്രീകരിക്കുന്നതിനുളള നിർദ്ദേശങ്ങളും ഈ രേഖയിലുണ്ട്‌. മൂല്യവിദ്യാഭ്യാസത്തിന്‌ സഹായകമായ ബോധന സാമഗ്രികൾ കേന്ദ്രീകൃതമായി തയ്യാറാക്കി നൽകുമെന്നു വ്യക്തമാക്കിയതോടെ കാര്യത്തിന്റെ പോക്ക്‌ എല്ലാവർക്കും പിടി കിട്ടി. വളരെ പുരോഗമനപരമായി പഠനപ്രക്രിയ അവതരിപ്പിച്ചുകൊണ്ട്‌ ഉളളിലൂടെ ഹൈന്ദവ മൗലികവാദ അജണ്ട കടത്തിവിടുവാനുളള നീക്കമായിരുന്നു രണ്ടായിരത്തിലെ പാഠ്യപദ്ധതി ചട്ടക്കൂട്‌. സ്വകാര്യവൽ ക്കരണത്തേയും ആഗോളവൽക്കരണത്തേയും അനുകൂലിക്കുന്ന നിലപാട്‌ അത്‌ മറയില്ലാതെ സ്വീകരിച്ചു. വിവര സാങ്കേതികവിദ്യയെ വിജ്ഞാനാധിഷ്‌ഠിത സമ്പദ്‌ വ്യവസ്ഥയുടെ ഭാഗമാക്കി, വ്യവസായിക മൂല്യമുളളതിനാൽ പഠനത്തിൽ വലിയ സാധ്യതയാണെന്ന തരത്തിലാണ്‌ വിലയിരുത്തിയത്‌. ഇത്തരമൊരു രേഖയുടെ അപകടം തിരിച്ചറിഞ്ഞതിന്റെ പ്രതിരോധവും തിരുത്തൽ പ്രക്രിയയുമായിരുന്നു 2005 ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്‌. കാവിവൽക്കരിക്കപ്പെട്ട പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ആശയതലം തന്നെയാണ്‌ 2020ലേക്കുളള മേൽപ്പറഞ്ഞ ദർശന രേഖയിലുമുളളത്‌. എല്ലാം പണ്ട്‌ കണ്ടെത്തുകയോ പറയുകയോ ചെയ്‌തിട്ടുണ്ടെന്ന്‌ സ്ഥാപിക്കലാണ്‌ അതിന്റെ പൊതുസമീപനം. എല്ലാ മതങ്ങളും പൊതുവേ ശാസ്‌ത്രത്തെ കൂട്ടുപിടിക്കുന്നത്‌ നിലനിൽപ്പിന്‌ വേണ്ടിയാണ്‌.
എന്തിനാണ്‌ അസീസ്‌ കമ്മിറ്റി ഈ ദർശന രേഖ കേരളത്തിന്റെ പരിഗണനയ്‌ക്കായി ഇപ്പോൾ പൊടിതട്ടിയെടുത്തത്‌? ദർശന രേഖ പറയുന്നതെന്താണെന്ന്‌ നോക്കാം. ജ്ഞാന സ്വാംശീകരണത്തെ സംബന്ധിച്ച്‌ രണ്ട്‌ സിദ്ധാന്തങ്ങളുണ്ട്‌: അറിവ്‌ പഠിതാവിന്റെ ബാഹ്യതലത്തിൽ നിലനിൽക്കുന്നു; അതിനാൽ തന്നെ അധ്യാപകർ അത്‌ പഠിപ്പിച്ചു കൊടുക്കേണ്ടിവരുന്നു; കുട്ടി ഒഴിഞ്ഞ പാത്രമാണ്‌ -ഇതാണ്‌ അതിൽ ഒന്ന്‌. ബാങ്കിംഗ്‌ വിദ്യാഭ്യാസ രീതിയാണ്‌ അതിന്റെ മുഖമുദ്ര. രണ്ടാമത്തെ സിദ്ധാന്ത പ്രകാരം ജ്ഞാനം പഠിതാവിന്റെ ഉളളിലാണുളളത്‌. മനസിന്റെ നിർമിതിയാണ്‌ അറിവ്‌. സ്വപ്രയത്‌നത്താൽ അത്‌ കണ്ടെത്തുകയാണ്‌ വേണ്ടത്‌. അതായത്‌ ഭാരതീയ സങ്കൽപം ജ്ഞാന നിർമിതിവാദത്തെയാണ്‌ പ്രതിനിധീകരിക്കുന്നത്‌. ജ്ഞാനനിർമിതി വാദത്തെ വളരെ തന്ത്രപൂർവം ആശയവാദത്തിന്റെ ആലയത്തിൽ തളച്ചിടാനുളള വ്യഖ്യാനമാണിത്‌ എന്ന്‌ കാണാം. പ്രപഞ്ചത്തിൽ അനുഭവപ്പെടുന്നതെല്ലാം മനസ്സിന്റെ അല്ലെങ്കിൽ ചിന്തയുടെ സൃഷ്ടിയാണെന്നുളള ആശയവാദ സമീപനത്തെ ആധുനിക വിദ്യാഭ്യാസ മനഃശാസ്‌ത്രവുമായി കൂട്ടി യോജിപ്പിച്ച്‌ തെറ്റിദ്ധാരണ പരത്തുന്ന രേഖയ്‌ക്ക്‌ കൃത്യമായ അജണ്ടയുണ്ട്‌. ഭൗതിക പ്രപഞ്ചത്തിന്റെ അസ്‌തിത്വത്തെ നിരാകരിക്കുന്ന, ശാസ്‌ത്രീയമായ രീതികളെ വെല്ലുവിളിക്കുന്ന, സമീപനത്തെയാണ്‌ ഭാരതീയ പാരമ്പര്യമായി അവതരിപ്പിക്കുന്നത്‌. ചരിത്രപരമായി തന്നെ ഇത്‌ വാസ്‌തവമല്ല. വിദ്യാഭ്യാസത്തിന്റെ സ്‌തംഭങ്ങളെക്കുറിച്ച്‌ യുനെസ്‌കോ സൂചിപ്പിച്ച ആശയം, ആജീവനാന്ത പഠനം, സ്വയം പഠനം, ആത്മസാക്ഷാത്‌കാരം, കണ്ടെത്തൽ പഠനം, സ്വയം മുൻകൈയെടുത്തുളള പഠനം, തുടങ്ങിയവയെല്ലാം പൗരാണിക ഭാരതസങ്കൽപത്തിലുണ്ടെന്ന്‌ വേേദാപനിഷത്തുകളേയും ഗീതയേയും കൂട്ടുപിടിച്ച്‌ വരുത്തിത്തീർക്കുന്ന വളച്ചൊടിക്കൽ വ്യാഖ്യാനമാണ്‌ ദർശനരേഖയിലുളളത്‌. കേരളത്തിലെ അക്കാദമിക സമൂഹം ഇതിനോട്‌ യോജിക്കുന്നുണ്ടോ? കേരളത്തെപ്പോലുള്ള മതേതര സമൂഹത്തിൽ ഇത്തരം സങ്കുചിത ചിന്തകൾ കുത്തിവെക്കുന്നത്‌ ഇവിടെയുള്ള മതസൗഹാർദത്തെ തകിടം മറിക്കാനല്ലേ?
പ്രധാനമന്തിയുടെ സെക്രട്ടറിയേറ്റിലെ വാണിജ്യ വ്യവസായ വിഭാഗത്തിന്‌ വേണ്ടി ബിർലയും അംബാനിയും ചേർന്ന്‌ തയ്യാറാക്കിയ കൗൺസിൽ റിപ്പോർട്ടിനേയും അസീസ്‌ കമ്മിറ്റി ആധാരമാക്കുന്നു. കമ്പോളസൗഹൃദപരമായ വിദ്യാഭ്യാസത്തെയാണ്‌ ഈ റിപ്പോർട്ട്‌ ആവശ്യപ്പെടുന്നത്‌. െ്രെപമറിഘട്ടം കഴിഞ്ഞാൽ വിഭ്യാഭ്യാസത്തിൽ സർക്കാർ മുതൽ മുടക്കേണ്ടതില്ല, വിദ്യാലയങ്ങൾ തമ്മിലുളള മത്സരം വർദ്ധിപ്പിക്കണം, വിദ്യാഭ്യാസ രംഗത്ത്‌ രക്ഷിതാക്കൾ മുതൽ മുടക്കണം. വിദ്യാഭ്യാസം മാനവ മൂലധനം സൃഷ്ടിക്കാനുളളതാണ്‌, ദേശീയ പൊതു സിലബസ്‌ രൂപപ്പെടുത്തണം, വിദ്യാർഥി രാഷ്ട്രീയം നിരോധിക്കണം, സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിക്കണം, എന്നിങ്ങനെയുള്ള നിരവധി വിവാദ സമീപനങ്ങൾ മുന്നോട്ടുവയ്‌ക്കുന്ന ബിർല-അംബാനി റിപ്പോർട്ട്‌, വിദ്യാഭ്യാസത്തെ കമ്പോളവൽക്കരിക്കാനുളള പരവതാനിയാണ്‌ വിരിച്ചിടുന്നത്‌. ഈ റിപ്പോർട്ടിലെ വിജ്ഞാനാധിഷ്‌ഠിത മത്സര സമൂഹത്തെക്കുറിച്ചുളള കാഴ്‌ചപ്പാടാണ്‌ അസീസ്‌ കമ്മിറ്റി കേരളത്തിനു വേണ്ടി നിർദ്ദേശിക്കുന്നത്‌. മത്സരാധിഷ്‌ഠിത സഹകരണം എന്ന വൈരു ദ്ധ്യവും അതിൽ ചേർത്തുവച്ചിരിക്കുന്നു!

മറ്റു വിമർശനങ്ങൾ

അസീസ്‌ കമ്മിറ്റിയെ സംബന്ധിച്ച വിലയിരുത്തൽ കൃത്യമാക്കാൻ അതിന്റെ പ്രവർത്തനങ്ങളെ പണിക്കർ കമ്മിറ്റിയുടെ പ്രവർത്തനങ്ങളുമായി താരതമ്യം ചെയ്യുന്നത്‌ നന്നായിരിക്കും. രണ്ടു കമ്മറ്റികളും ചോദ്യാവലി ഉപയോഗിച്ച്‌ വിവരങ്ങൾ ശേഖരിച്ചിരുന്നു. ഈ ചോദ്യങ്ങൾ താരതമ്യം ചെയ്യുന്നത്‌ അസീസ്‌ കമ്മിറ്റിയുടെ നിഗൂഢ അജണ്ട വെളിച്ചത്ത്‌ കൊണ്ടുവരാൻ സഹായിക്കും. സമാനസ്വഭാവമുള്ള ചില ചോദ്യങ്ങളാണ്‌ ചുവടെ നൽകിയിരിക്കുന്നത്‌.
പട്ടിക
അസീസ്‌ കമ്മിറ്റി
എല്ലാ പാഠ്യവിഷയങ്ങളും പ്രശ്‌നാധിഷ്‌ഠിതമായി പാഠ പുസ്‌തകത്തിൽ അവ തരിപ്പിക്കാൻ സാധ്യമാ കുമെന്നു കരുതുന്നു ണ്ടോ? ഇല്ലെങ്കിൽ തടസ്സങ്ങളെന്തെല്ലാമാണ്‌?
 • ഉളളടക്കത്തിന്‌ പരസ്‌പരബന്ധവും തുടർച്ചയുമില്ല
 • പ്രശ്‌നങ്ങൾക്ക്‌ പ്രാധാന്യം നൽകുമ്പോൾ ഉളളടക്ക ച്ചോർച്ച സംഭവി ക്കുന്നു
 • എല്ലാ വിഷയ മേഖലകളേയും പ്രശ്‌നാധിഷ്‌ഠിതമായി സമീപിക്കാനാവില്ല,
 • വിവിധ വിഷയങ്ങളുടെ പഠന ലക്ഷ്യങ്ങളിലേക്ക്‌ എത്തിച്ചേരാനാകുന്നില്ല.
നമ്മുടെ പാഠപുസ്‌തക ത്തിലെ ഉളളടക്കം ദേശീയ നിലവാരത്തി ലുളളതാണോ?-അല്ലെങ്കിൽ ദേശീയ നിലവാരത്തിലേക്കുയർ ത്താൻ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം?

പണിക്കർ കമ്മിറ്റി
സാമൂഹ്യശാസ്‌ത്ര പഠനത്തിൽ പാഠ്യ പദ്ധതി ചട്ടക്കൂട്‌ നിശ്ചയിച്ചിട്ടുളള പ്രശ്‌നമേഖലകളാണ്‌ സംസ്‌കാരം, ആരോഗ്യം, അധ്വാന ശേഷീ വികാസം, കൃഷി, പാർശ്വവൽ ക്കരിക്കപ്പെടുന്നവരുടെ പ്രശ്‌ന ങ്ങൾ, സ്ഥല ജല മാനേജ്‌മെന്റ്‌, പരിസര സൗഹൃദമായ വ്യവസായവൽക്കര ണവും നഗരവൽക്കര ണവും, വിശ്വമാനവൻ എന്ന കാഴ്‌ചപ്പാട്‌ എന്നിവ. -ഇതിലെന്തെങ്കിലും കൂട്ടലുകളോ കിഴിക്കലുകളോ ആവശ്യമുണ്ടോ? എൻ സി ഇ ആർ ടി തയ്യാറാക്കിയ പാഠ പുസ്‌തകങ്ങളേ ക്കാൾ നിലവാരം കുറഞ്ഞതാണ്‌ കേരളത്തിലെ പാഠപുസ്‌തകങ്ങൾ എന്ന്‌ അഭിപ്രായമുണ്ടോ?-
ഉണ്ടെങ്കിൽ ഏതെല്ലാം ഘടകങ്ങളിലാണ്‌ നിലവാരം കുറഞ്ഞു പോയത്‌?
വിശകലനം
പണിക്കർ കമ്മിറ്റി പ്രശ്‌നമേഖല കളെ വ്യക്തമാക്കിയ ശേഷമാണ്‌ പ്രതികരണം ആവശ്യപ്പെട്ടത്‌. ഈ സാമൂഹിക പ്രശ്‌നങ്ങളിൽ ഏതെങ്കിലും ഒഴിവാക്കുകയോ പുതിയവ കൂട്ടിച്ചേർക്കുകയോ വേണ്ടതുണ്ടോ എന്ന ചോദ്യം നിഷ്‌പക്ഷ സമീപനമുളളതാണ്‌. പൂർണമായി ഒഴിവാക്കണമെന്ന്‌ പറയാനും കൂട്ടി ച്ചേർക്കലുകൾ നിർദ്ദേശിക്കാനും അവസരവും സ്വാതന്ത്ര്യവും നല്‌കുന്ന ചോദ്യം. അസീസ്‌ കമ്മിറ്റി യാകട്ടെ നാല്‌ നിഷേധ പ്രസ്‌താവനകൾ ഉത്തരമായി നല്‌കി ടിക്‌ ചെയ്യാനാണ്‌ ആവശ്യപ്പെട്ടത്‌. സാമൂഹിക പ്രശ്‌നങ്ങളെ ആധാരമാക്കി പഠിപ്പിച്ചപ്പോൾ എന്തെങ്കിലും മെച്ചമുണ്ടോ എന്നറിയാൻ കമ്മിറ്റി ആഗ്രഹി ച്ചില്ല. ദോഷൈകദൃക്കുകളുടെ സമിതി യായി അത്‌ മാറി. ചോദ്യാവലിയിൽ അസീസ്‌ കമ്മിറ്റി എഴുതി വെച്ച ഈ പ്രസ്‌താവനകൾ തന്നെയാണ്‌ റിപ്പോർട്ടിലെ കണ്ടെത്തലായി അവതരിപ്പിക്കുന്നതും. അതായത്‌ റിപ്പോർട്ടിന്റെ ഉളളടക്കം മുൻകൂട്ടി തീരുമാനിച്ചു എന്ന്‌ കരുതാം. ഒരു ഗവേഷണാത്മക സർവേയിൽ ഒരിക്കലും ഒരു പ്രത്യേക ഉത്തരം കിട്ടത്തക്ക വിധം നയിക്കുന്ന ചോദ്യങ്ങൾ പാടില്ല എന്ന സാമാന്യ തത്വവും അസീസ്‌ കമ്മിറ്റി കാറ്റിൽ പറത്തി. ഹൈസ്‌കൂളിലെയോ ഹയർ സെക്കണ്ടറിയിലെയോ ഒരു അധ്യാപകനോട്‌ `എല്ലാ പാഠ്യവിഷയങ്ങളും പ്രശ്‌നാ ധിഷ്‌ഠിതമായി പാഠപുസ്‌തകത്തിൽ അവതരിപ്പിക്കാൻ സാധ്യമാകുമെന്നു കരുതുന്നുണ്ടോ' എന്നു ചോദിക്കുന്നതും അസംബന്ധ മാണ്‌. സ്വന്തം വിഷയത്തെക്കുറിച്ചല്ലേ അധ്യാപകർക്ക്‌ പറയാനാകൂ?
ഈ ചോദ്യങ്ങൾ നോക്കൂ. എൻ.സി.ഇ. ആർ.ടി. സിലബസാണ്‌ ദേശീയ നിലവാരം എന്ന്‌ നിർവചിച്ചുകൊണ്ടാണ്‌ പണിക്കർ കമ്മറ്റി പ്രതികരിക്കാനാവശ്യപ്പെടുന്നത്‌. അസീസ്‌ കമ്മിറ്റിക്ക്‌ അത്‌ ഐ.സി.എസ ഇ.യോ എൻ.സി. ഇ.ആർ.ടി.യോ മറ്റു കരിക്കുലങ്ങളോ ആകാം. ചോദ്യ ത്തിന്‌ കൃത്യതയില്ല. നിലവിലുള്ള കേരള പാഠ്യപദ്ധതിക്ക്‌ നിലവാരമില്ലെന്ന്‌ കരുതുന്നുണ്ടെങ്കിൽ അത്‌ എതെല്ലാം ഘടകങ്ങളിലാണെന്ന്‌ കൃത്യമായി വ്യക്തമാക്കാനാണ്‌ പണിക്കർ കമ്മിറ്റി ആവശ്യപ്പെടുന്നത്‌. തോന്നിയത്‌ പറയാനല്ല. അസീസ്‌ കമ്മിറ്റിക്ക്‌ അങ്ങനെ കൃത്യവും വ്യക്തവുമായ ഉത്തരം വേണ്ട. ദേശീയ നിലവാരത്തിലേക്കുയർത്താനുളള നിർദ്ദേശം മതി. നിലവാരമില്ലെന്ന മുൻവിധിയാണ്‌ ഈ രീതിയിൽ ചോദ്യം തയ്യാറാക്കിയതിന്‌ പിന്നിൽ.

രണ്ട്‌ കമ്മിറ്റികളുടേയും പ്രാതിനിധ്യവും പരിശോധിക്കുന്നത്‌ നന്നാവും. ഡോ. എം.എ.ഉമ്മൻ (Emeritus Professor), ഡോ.അർജുൻ ദേവ്‌ (Rtd.Professor, NCERT New Delhi), ഡോ. അനിതാ റാം പാൽ (Dept of Education, Delhi University),ഡോ. പൂനം ബത്ര (Central Institute of Edn, Delhi University), ഡോ.ജമീലാ ബീഗം (Dept. of English, Kerala University),ഡോ.ഫസൽ ഗഫൂർ (MES), പ്രൊഫ.എം.എൻ. കാരശേരി (Department of Malayalam, Calicut University), ഫാ.അലക്‌സ്‌ തോമസ്‌ (Head Master, PEM High School,Kottayam), ഇ.ഡി.തങ്കച്ചൻ (Rtd District& Session Judge, Thiruvananthapuram), മാമൻ വർക്കി (Rtd. Principal, Bishap Moor College,Mavelikkara), കെ.ടി.അബുബക്കർ (Head Master,Teacher's National Award Winner), പ്രൊഫ.തോമസ്‌ മാത്യു (Rtd, Principal Govt. College), പ്രൊഫ.കെ.എം.അബ്ദുൾ റഹീം (Department of Economics,MES College,Mampad), സി.പി.സുദർശനൻ (Rtd Higher Secondary School Teacher), പ്രൊഫ.വി.കാർത്തികേയൻ നായർ (Rtd.Director, Higher Secondary Education), ഒ.അബ്ദുറഹ്‌മാൻ (Islahia College, Kozhikkode), സ്‌കറിയാ സഖറിയാ (Rtd. Professor, Sanskrit University) എന്നിവരായിരുന്നു ഡോ. കെ.എൻ. പണിക്കർ കമ്മിറ്റി അംഗങ്ങൾ.
അസീസ്‌ കമ്മിറ്റി വ്യത്യസ്‌ത വീക്ഷണമുള്ളവരെ ഉൾക്കൊണ്ടില്ല. പൊതുവിദ്യാഭ്യാസത്തെ ഗൗരവത്തോടെ സമീപിച്ച പാരമ്പര്യമുള്ള ആരേയും പ്രതിനിധീകരിക്കാത്തതായി ആ കമ്മിറ്റി. ഡോ.പി.കെ.അബ്ദുൾ അസീസ്‌ (Former Vice Chancellor, Alligarh Muslim Universtiy ,Scientist in Ecology and Biodiverstiy), അധ്യക്ഷനായ ആ കമ്മറ്റിയിലെ അംഗങ്ങൾ, ഡോ.ദൊരൈ സാമി (Former Professor and Principal, RIE, Mysore), ഡോ.വി.സുമംഗല (Former Professor and Head, Dept of Education, Universtiy Of calicut), ഡോ.ഉമ്മൻ. വി.ഉമ്മൻ (Chairman,Kerala State Bio Diverstiy Board ), ഡോ. റോസമ്മാ ഫിലിപ്പ്‌ (Associate Professor, Mount Tabur Training college, Pathanapuram), കെ. പി.രാമനുണ്ണി. (Member, State curriculum steering Committee) എന്നിവരായിരുന്നു.
രണ്ട്‌ ബയോഡൈവേഴ്‌സിറ്റി ശാസ്‌ത്രജ്ഞർ ഉള്ള അസീസ്‌ കമ്മിറ്റിയിൽ പൊതുവിദ്യാഭ്യാസവുമായി നേർ ബന്ധമുളളവർ, അധ്യാപകരെ പ്രതിനിധീകരിക്കുന്നവർ, ബോധനശാസ്‌ത്രപരമായ ആധുനിക ധാരണയുളളവർ, എത്ര പേരുണ്ട്‌? അതു തന്നെയാണ്‌ ഈ കമ്മിറ്റിയുടെ പരിമിതി. വ്യത്യസ്‌ത വീക്ഷണമുളളവരെ ഉൾപ്പെടുത്താൻ ശ്രമിച്ചില്ല. പ്രീപ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെയുളള എല്ലാ വിഷയങ്ങളേയും കുറിച്ച്‌ പഠിക്കാനുളളതാണ്‌ ഈ കമ്മറ്റി എന്നുകൂടി ഓർക്കണം.
വിമർശനാത്മക ബോധന ശാസ്‌ത്രത്തെ പടിക്കുപുറത്ത്‌ നിറുത്തിയതിലൂടെ, ബഹു ബോധന രൂപങ്ങളെക്കുറിച്ച്‌ വാചകമടിച്ച കമ്മിറ്റിയുടെ ആത്മാർഥതയും അക്കാദമിക സത്യസന്ധതയും ചോദ്യം ചെയ്യപ്പെടുകയാണ്‌. സി. ബി. എസ്.ഇ.യിൽ വിമർശനാത്മക ചിന്തയുണ്ട്‌. അവിടെ അത്‌ നിരന്തര വിലയിരുത്തിലിന്‌ മാത്രം പരിഗണിക്കും. കുട്ടിക്ക്‌ ആ ലക്ഷ്യത്തോടെ കരിക്കുലം അനുഭവങ്ങൾ ഒരുക്കുന്നുമില്ല. പ്രസ്‌താവനകളേയും വാദങ്ങളേയും വിലയിരുത്തുക, പ്രശ്‌നത്തെ അടുത്തുനിന്ന്‌ വീക്ഷിക്കുക, ശ്രദ്ധാപൂർവം കേട്ട്‌ ഫീഡ്‌ബാക്ക്‌ നൽകുക, ബദലുകളും പരിഹാരങ്ങളും കണ്ടെത്താൻ ശ്രമിക്കുക, പ്രസക്തമായ ചോദ്യങ്ങൾ ഉന്നയിക്കുക എന്നിവ പരിഗണിച്ച്‌ ഓരോ ഇനത്തിനും അഞ്ചു വീതം മാർക്ക്‌ നൽകും. ഇത്‌ എങ്ങനെ ഏത്‌ സന്ദർഭത്തെ ആധാരമാക്കി കണ്ടെത്തുമെന്ന്‌ ചോദിക്കരുത്‌. വിമർശനാത്മക ബോധന ശാസ്‌ത്രം ഇതിലുമെത്രയോ ഔന്നിത്യമുളളതാണ്‌. ഏതൊരു പാഠത്തെയും അനുഭവത്തേയും ജനപക്ഷത്ത്‌ നിന്നും സമീപിക്കാനുളള കഴിവാണത്‌. അറിവ്‌ നിർദ്ദോഷമല്ലെന്നും നിഗൂഢ താൽപര്യങ്ങൾ അതിൽ പ്രവർത്തിച്ചേക്കാമെന്നും വസ്‌തുതകളുടെയും കാര്യ- കാരണ ബന്ധത്തിന്റെയും അടിസ്ഥാനത്തിൽ വേണം നിഗമനങ്ങളും നിലപാടുകളും എടുക്കേണ്ടതെന്നും കുട്ടി തിരിച്ചറിയണം. വിവേചനരഹിതവും വിമോചനപരവുമായ സമൂഹത്തെ വിഭാവനം ചെയ്യുന്ന ഉയർന്ന മാനവികത ആഗ്രഹിക്കുന്നതാണ്‌ വിമർശനാത്മക ബോധന ശാസ്‌ത്രം. അത്‌ സാമൂഹിക മാറ്റത്തിനുളള വിദ്യാഭ്യാസമാണ്‌. വിമർശനാവബോധമുളള തലമുറയ്‌ക്കേ ചരിത്രം സൃഷ്ടിക്കാനാകൂ. യാഥാസ്ഥിതിക ശക്തികൾ നിലവിലുളള സ്ഥിതി തുടരണമെന്ന്‌ ആഗ്രഹിക്കുന്നു. അവർക്ക്‌ തൊലിപ്പുറ പരിഷ്‌കാരങ്ങൾ മാത്രമേ വേണ്ടൂ. അധീശവർഗ താൽപര്യങ്ങളുടെ സംരക്ഷകരാണ്‌ വിമർശനാത്മക ബോധനത്തെ ഭയക്കുന്നത്‌
കുട്ടികളുടെ എണ്ണക്കൂടുതൽ മൂലം ക്ലാസുകളിൽ അധ്യാപകർ പ്രയാസപ്പെടുന്നു എന്ന്‌ കമ്മിറ്റി കണ്ടെത്തുന്നുണ്ട്‌. അതിനും പ്രതി പാഠ്യപദ്ധതി! അധ്യാപക വിദ്യാർഥി അനുപാതം കുറയ്‌ക്കാനുളള വിദ്യാഭ്യാസാവകാശ നിയമത്തിന്റെ നിർദ്ദേശത്തിൽ വെളളം ചേർത്തത്‌ മൂടി വയ്‌ക്കുകയാണ്‌ ഇവിടെ കമ്മിറ്റി. മിക്ക രാജ്യങ്ങളിലും പ്രൈമറി ക്ലാസുകളിൽ കുട്ടികളുടെ എണ്ണം ഇരുപത്തിയഞ്ചിൽ താഴെയായി നിജപ്പെടുത്തിയിട്ടുണ്ട്‌. ഇക്കാര്യത്തിൽ ആഗോളനിലവാരം വേണ്ടേ? ഫലപ്രദമായ പഠനം നടത്തുന്നതിന്‌ അധ്യാപക-വിദ്യാർഥി അനുപാതത്തിൽ മാറ്റം നിർദ്ദേശിക്കുന്നതിന്‌ പകരം, കുട്ടികളുടെ എണ്ണം കൂടുതലുളള ക്ലാസുകൾക്കായി പ്രഭാഷണാധിഷ്‌ഠിത പാഠ്യപദ്ധതിയെയാണ്‌ കമ്മിറ്റി വിഭാവനം ചെയ്യുന്നത്‌.
വൈഗോഡ്‌സ്‌കി, ബ്രൂണർ, ഗാർഡ്‌നർ, ചോംസ്‌കി തുടങ്ങിയ വിദ്യാഭ്യാസ വിചക്ഷണരെ തള്ളിക്കളഞ്ഞ്‌ ആൻഡ്രൂ ചർച്ചസ്‌ എന്ന ഒരാളെ അവതരിപ്പിക്കുന്നു, കമ്മിറ്റി. സ്‌കൂൾ അധ്യാപകനും ഐ.ടി. വിദഗ്‌ധനുമായ ഇദ്ദേഹം ബ്ലോഗിലെഴുതിയ കുറിപ്പാണ്‌ കമ്മിറ്റിയുടെ ആധികാരിക രേഖ! പ്രോജക്ടുകളെ ആധാരമാക്കിയുളള പഠനം, പ്രശ്‌നപരിഹരണ പഠനം, സഹവർത്തിത പഠനം, സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയുളള പഠനം, ചിന്താ നൈപുണികൾ വികസിപ്പിക്കുന്നതിനുളള അധ്യാപനം, കൃത്യമായ ലക്ഷ്യത്തോടെ കുട്ടികളെ വിലയിരുത്തൽ, സ്വയം വിലയിരുത്തൽ, പരസ്‌പര വിലയിരുത്തൽ, യഥാസമയം ഫീഡ്‌ബാക്ക്‌ നൽകൽ, വിഷയങ്ങൾ പരസ്‌പരം ബന്ധിപ്പിച്ചു പഠിപ്പിക്കൽ എന്നിവയാണത്രേ ആൻഡ്രൂ ചർച്ചസ്‌ അവതരിപ്പിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ബോധനരീതി. ഇതെല്ലാം സാമൂഹിക ജ്ഞാനനിർമിതി വാദത്തിന്റെയും വിമർശനാത്മക ബോധനശാസ്‌ത്രത്തിന്റേയും ബഹുമുഖ ബുദ്ധി സങ്കൽപ്പത്തിന്റേയും അടിസ്ഥാനത്തിൽ കേരളം ഇന്ന്‌ പ്രാവർത്തികമാക്കിക്കൊണ്ടിരിക്കുന്നവയാണ്‌.

പഠനത്തിന്റെ പിൻബലമില്ലാത്ത റിപ്പോർട്ട്‌

നിലവിലുളള പാഠ്യപദ്ധതിയുടെ സ്വാധീനം കണ്ടെത്താൻ ശ്രമിച്ചു എന്നു പറയുന്ന കമ്മിറ്റി കുട്ടികളുടെ പഠന നിലവാരം അളക്കുന്നതിനുളള യാതൊരു നടപടിയും സ്വീകരിച്ചില്ല, സമഗ്രമായ `അച്ചീവ്‌മെന്റ്‌ സ്റ്റഡി' നടത്തിയതുമില്ല. ഊഹങ്ങളുടേയും കേട്ടുകേൾവികളുടേയും അടിസ്ഥാനത്തിലാണ്‌ കമ്മിറ്റി പാഠ്യപദ്ധതിയെ സമീപിച്ചത്‌. സി. ബി. എസ.്‌ ഇ. വിദ്യാലയങ്ങളിലെ കുട്ടികളുടെ നിലവാരവും കേരള പാഠ്യപദ്ധതി പ്രകാരം പഠിക്കുന്ന കുട്ടികളുടെ നിലവാരവും ഒരേ ടൂൾ ഉപയോഗിച്ച്‌ താരതമ്യം ചെയ്യാൻ കമ്മിറ്റി തയ്യാറാകണമായിരുന്നു.
കേരള പാഠ്യപദ്ധതിക്ക്‌ ഉളളടക്കം കുറവാണ്‌, ഏകീകൃത സിലബസ്‌ നടപ്പിലാക്കണം എന്ന ആവശ്യം ചില കോണുകളിൽനിന്ന്‌ ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ്‌ അസീസ്‌ കമ്മിറ്റി നിയോഗിക്കപ്പെടുന്നത്‌. കേരളത്തിലേയും കേന്ദ്രത്തിലേയും പാഠ്യപദ്ധതിയുടെ ഉളളടക്കം താരതമ്യ പഠനം നടത്തുക എന്നതാണല്ലോ ഇതിന്‌ പ്രഥമമായും പ്രധാനമായും ചെയ്യേണ്ടിയിരുന്നത്‌ എന്നാൽ അത്തരം പരിശോധനകളൊന്നും സമിതിയുടെ പര്യാലോചനകളിൽ ഇടം പിടിച്ചില്ല. അതൊന്നും കൂടാതെ തന്നെ, കേരളത്തിലെ പാഠ്യപദ്ധതിക്ക്‌ ഉളളടക്കം കുറവാണ്‌ എന്ന്‌ കണ്ടെത്തുകയും അപ്രകാരം റിപ്പോർട്ടിൽ എഴുതിപ്പിടിപ്പിക്കുകയുമാണ്‌ കമ്മിറ്റി!
അസീസ്‌ കമ്മിറ്റി റിപ്പോർട്ടനുസരിച്ചാണ്‌ എസ്‌ സി ഇ ആർ ടി പ്രീ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള കരിക്കുലം തയ്യാറാക്കേണ്ടതെന്നും അതനുസരിച്ച്‌ ഒരു നയരേഖ ഉണ്ടാക്കണമെന്നും പറയുന്നുണ്ട്‌. വിദ്യാഭ്യാസ വിദഗ്‌ധരുടെ ഇടയിൽ പോലും റിപ്പോർട്ട്‌ ചർച്ച ചെയ്യേണ്ടതില്ലെന്ന്‌ ചുരുക്കം. ഇത്തരം ഉഗ്രശാസനങ്ങൾ നടത്തിയ കമ്മിറ്റിയിൽ സ്‌കൂൾ അധ്യാപകരുടെ പ്രതിനിധികൾ ആരുമില്ലായിരുന്നുവെന്നോർക്കണം. കമ്മിറ്റി അംഗങ്ങൾ വിദഗ്‌ധരായേക്കാം. പക്ഷേ, എൻ സി എഫ്‌ 2005 ഉം കെ സി എഫ്‌ 2007 ഉം വിദഗ്‌ധരടക്കമുള്ള സ്‌കൂൾ അധ്യാപകരുടെയും പി ടി എകളുടെയും ഇടയിൽ വിശദമായ ചർച്ചകൾക്ക്‌ ശേഷം രൂപപ്പെട്ടതാണെന്നോർക്കണം. റിപ്പോർട്ടിലുടനീളം പ്രകടമാകുന്നത്‌ ജനാധിപത്യ വിരുദ്ധവും ടെക്‌നോക്രാറ്റിക്കുമായ സമീപനമാണ്‌. ജനാധിപത്യ മുന്നേറ്റങ്ങളുടെ ഫലമായി വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾ വളർന്നുവന്ന അനുഭവങ്ങളുള്ള കേരളത്തിൽ ഇത്തരം സമീപനങ്ങൾ വെച്ചു പൊറുപ്പിക്കേണ്ടതില്ല.
വാചകക്കസർത്തുകളുടെ മറവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കോച്ചിംഗ്‌ സെന്ററുകളായി അധഃപതിപ്പിക്കണമെന്ന്‌ നിർദേശിക്കുന്ന ഈ റിപ്പോർട്ട്‌ കേരളത്തിലെ പൊതു വിദ്യാഭ്യാസത്തിനോടോ വളർന്നുവരുന്ന പുതു തലമുറ നേരിടുന്ന പ്രതിസന്ധികളോടോ ഒരു വിധ പരിഗണനയും കാട്ടുന്നില്ല. പൊതുവിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം പഞ്ചസാരയിൽ പൊതിഞ്ഞ വിഷമാണ്‌ ഈ റിപ്പോർട്ട്‌. കേരളത്തിലും ഇന്ത്യയിലും വളർന്നുവരുന്ന ശാസ്‌ത്രീയവും ജനാധിപത്യപരവുമായ വിദ്യാഭ്യാസ സങ്കൽപ്പങ്ങൾക്ക്‌ കടകവിരുദ്ധമാണിത്‌. ഈ റിപ്പോർട്ട്‌ തള്ളിക്കളയേണ്ടത്‌ ജനാധിപത്യ സമൂഹത്തിന്റെ വളർച്ചയ്‌ക്ക്‌ അത്യാവശ്യമാണ്‌.
അതുകൊണ്ടുതന്നെ മുന്നേ എഴുതപ്പെട്ട തിരക്കഥയ്‌ക്കനുസരിച്ച്‌ നിർമിക്കപ്പെട്ട ഈ റിപ്പോർട്ട്‌ നിലവിലുള്ള പാഠ്യപദ്ധതിയെ പരിഷ്‌കരിക്കുന്നതിനോ മാറ്റുന്നതിനോ ആധാരമാക്കരുത്‌. പാഠ്യപദ്ധതി പരിഷ്‌കരണമാവാം. എന്നാൽ അത്‌ ദേശീയപാഠ്യപദ്ധതി ചട്ടക്കൂടിനും വിദ്യാഭ്യാസ അവകാശനിയമത്തിനും സർവോപരി നമ്മുടെ ഭരണഘടനയ്‌ക്കും അനുസൃതമാകണം. അക്കാദമികവും സൈദ്ധാന്തികവുമായ തത്വങ്ങളുടെയും ശാസ്‌ത്രീയമായ പഠനത്തിന്റെയും വിശദമായ ചർച്ചകളുടെയും അടിസ്ഥാനത്തിൽ മാത്രമേ ആഴത്തിലുള്ള പൊളിച്ചെഴുത്തിലേക്ക്‌ പോകാവൂ. എങ്ങനെയെങ്കിലും ഒരു സമീപനരേഖ തട്ടിക്കൂട്ടി, മറ്റു പല അക്കാദമികേതര കാരണങ്ങളാൽ തങ്ങൾക്ക്‌ ഇഷ്‌ടമില്ലാത്ത ഒരു പാഠ്യപദ്ധതിയെ മാറ്റുന്നത്‌ ശരിയല്ല. തെറ്റായ പാരമ്പര്യം സൃഷ്‌ടിക്കുന്ന ഇത്തരം നീക്കങ്ങളിൽ നിന്നും സർക്കാർ പിന്തിരിയുന്നതാവും നല്ലത്‌. മറിച്ചൊരു തീരുമാനമെടുക്കാൻ ഇപ്പോഴും സമയമുണ്ട്‌. അതുകൊണ്ട്‌ അസീസ്‌ കമ്മിറ്റി റിപ്പോർട്ട്‌ തള്ളിക്കളയണമെന്നും ഇപ്പോഴത്തെ പാഠ്യപദ്ധതി പരിഷ്‌കരണശ്രമങ്ങൾ നിർത്തിവെക്കണമെന്നും കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ഒരിക്കൽ കൂടി ശക്തമായി ആവശ്യപ്പെടുന്നു.                                                                                                                                                                                                                                                                                                                                                                                                                                                          (ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ലഘുലേഖയിൽ നിന്ന്)                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                    
1 അഭിപ്രായം: