ഞായറാഴ്‌ച, സെപ്റ്റംബർ 18, 2011

നാട്ടിന്‍പുറത്തെ ഓണ വിശേഷങ്ങള്‍...

മാറുന്ന ലോകത്തെക്കുറിച്ചും,ഓണക്കാഴ്ച്ചകളില്‍ വന്ന മാറ്റങ്ങളെക്കുറിച്ചും എന്തൊക്കെപ്പറഞ്ഞാലും നാട്ടിന്‍ പുറങ്ങളിലെ ആളുകള്‍ക്ക് ഓണം ഒരു ഹരം തന്നെയാണ്.. നാടന്‍ കലാസമിതികളൊക്കെ   ഉറക്കത്തില്‍ നിന്നുണര്‍ന്ന് സജീവമാകുന്ന സമയം..എല്ലാ ക്ലബ്ബുകളും എന്തെങ്കിലും പരിപാടി സംഘടിപ്പിക്കും.കുട്ടികള്‍ക്കും,മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള വൈവിധ്യമാര്‍ന്ന മത്സരങ്ങളായിരിക്കും മുഖ്യ ഇനം...വിജയികള്‍ക്ക് സമ്മാനങ്ങളും നല്‍കും.സമാപനത്തോടന്ബന്ധിച്ച് സാംസ്കാരിക സമ്മേളനവും,പ്രഭാഷണവും,കലാപരിപാടികളും ഉണ്ടാകും.നാട്ടുകാര്‍ ഒന്നടങ്കം ഇത്തരം പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യും.മാവേലിയുടെ ഗൃഹ സന്ദര്‍ശനം,ക്ലബ്ബു പരിധിയിലെ വീടുകളില്‍ ഒരുക്കുന്ന പൂക്കളങ്ങളില്‍ മികച്ചതിനു സമ്മാനങ്ങള്‍ നല്‍കല്‍ തുടങ്ങിയ പരിപാടികളും അടുത്ത കാലത്തായി പലയിടത്തും കാണാറുണ്ട്.ഉത്രാടം,ഓണം ദിവസങ്ങളിലായിരിക്കും മിക്കയിടത്തും ആഘോഷം.ഉച്ചവരെയുള്ള പരിപാടികളില്‍ പങ്കാളികളും കാണികളുമായി കുട്ടികളായിരിക്കും അധികവും..ഉച്ചയാകുമ്പോഴേക്കും പരമാവധി നേരത്തെ വീട്ടു ജോലികളെല്ലാം തീര്‍ത്ത്‌,ഓണസദ്യയും കഴിച്ച്‌ മക്കളുടെയും കൊച്ചു മക്കളുടെയും പരിപാടികള്‍ കാണാനും പറ്റുമെങ്കില്‍ ഒരു കൈ നോക്കാനും അമ്മമാരും അമ്മൂമ്മമാരും റെഡി യാകും! പരിപാടികള്‍ തീരുമ്പോഴേക്കും നേരം വളരെ വൈകും..ഒന്നോ രണ്ടോ ദിവസം മറ്റെല്ലാം മറന്ന് ഇങ്ങനെ ഓണാഘോഷങ്ങളില്‍ ലയിച്ചിരിക്കുന്ന മലയാളികളെ ഒരു പക്ഷെ നാട്ടിന്‍ പുറങ്ങളില്‍ മാത്രമേ കാണാന്‍ കഴിയൂ....ഇവിടെ ഒന്നും ഫാഷനല്ല..കെട്ടിയൊരുക്കിയവയുമല്ല..നന്മകളാല്‍ സമൃദ്ധമായ ഗ്രാമീണ ജനതയുടെ സ്വാഭാവികമായ ഒത്തുചേരല്‍ മാത്രം..
                       ഞങ്ങളുടെ നാട്ടില്‍ ഈ വര്‍ഷത്തെ ഓണത്തിനും.ഉത്രാടത്തിനും പരിപാടികള്‍ ഉണ്ടായിരുന്നു..ഓരോ ദിവസവും ഓരോ സംഘത്തിന്റെ വക..മക്കള്‍  രണ്ടു പേരും സജീവമായിത്തന്നെ പരിപാടികളില്‍ പങ്കെടുത്തു..(കൈ നിറയെ സമ്മാനങ്ങളും കിട്ടി)..അവര്‍ മത്സരിക്കാത്ത ഇനങ്ങളില്‍ വിധികര്‍ത്താക്കളായും ,മറ്റവസരങ്ങളില്‍  കാണികളായും സംഘാടകരായും ഒക്കെ ഞാനും, ടീച്ചറും ആഘോഷത്തില്‍ പങ്കു ചേര്‍ന്നു.കൊച്ചുമക്കളുടെ പരിപാടികള്‍ കാണാന്‍ അമ്മയും അച്ഛനും ഏതാണ്ട് പൂര്‍ണ സമയവും അവിടെത്തന്നെ കഴിച്ചു കൂട്ടി..ഇതിനിടയില്‍ നല്ലൊരു  ഓണ സദ്യയും വീട്ടില്‍ ഒരുക്കിയിരുന്നു...തികച്ചും നാടന്‍,പൂര്‍ണ വെജി റ്റേറിയന്‍!അടുത്ത ഓണത്തിനായുള്ള കാത്തിരിപ്പ് മക്കള്‍ ഇപ്പഴേ തുടങ്ങിയിരിക്കുന്നു..ഒപ്പം ഞങ്ങളും.
ഇനി ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ നേര്‍ക്കാഴ്ചകളിലേക്ക്...
വരൂ...കാണൂ...അഭിപ്രായം അറിയിക്കൂ...    

2 അഭിപ്രായങ്ങൾ: