വ്യാഴാഴ്‌ച, ജൂൺ 22, 2023

പരീക്ഷക്കടലാസ് (കഥ)

 **************************

പരീക്ഷക്കടലാസ് (കഥ)

**************************

പണ്ടു പണ്ടു പണ്ട്

ഈ മാഷ് 

മാഷാവുന്നതിനെക്കാളും പണ്ട്

മാഷിനൊരു മാഷുണ്ടായിരുന്നു. 

ആറാംക്ലാസില് പഠിക്കുമ്പം 

ആ മാഷുടെ ശിഷ്യനായിരുന്നു 

ഈ മാഷ് !

ആ മാഷുടെ പേര്.....,

വേണ്ട, അതു പറയണ്ട .

അല്ലേലും, ഒരു പേരിലെന്തിരിക്കുന്നു !

ഈ മാഷിന്റെ 

ക്ലാസ് മാഷായിരുന്നു ആ മാഷ്.

അതോണ്ട് ,ഞാങ്ങ ആ മാഷെ

ക്ലാസ് മാഷെന്ന് വിളിച്ചു.

പിന്നെ,ആ മാഷ് ഞങ്ങക്ക്

കണക്കാണ് എടുത്തത്.

അതോണ്ട് ഞാങ്ങ ആ മാഷെ

കണക്കു മാഷെന്നും വിളിച്ചു.

ബാക്കിയെല്ലാരും 

തൊണ്ടൻ മാഷമ്മാര് ആയതോണ്ട്

മാഷ് ഞാങ്ങക്ക് കുഞ്ഞി മാഷായി!

ആ മാഷിനെപ്പറ്റി 

ഒരുപാടൊരുപാട് പറയാനുണ്ട്.

ഇപ്പം ഒന്ന് പറയാ..

ബാക്കി ഓരോന്നോരോന്നായി

ബയ്യെബയ്യെപ്പറയാ.

ഒ.കെ...ല്ലേ?എന്നാപ്പിന്നെ തൊടങ്ങാ..

ഓണപ്പരീക്ഷ കയിഞ്ഞ്

സ്കൂള് പൂട്ടിത്തൊറന്ന ദെവസം

കുഞ്ഞിമാഷ് ക്ലാസിലേക്ക് വെരുമ്പം

എല്ലാരും തലമ്മ കൈ വെച്ച്

ഒരൊച്ചയാക്കി ,"ശ്..ശോ!"

എന്താ കാര്യംന്നല്ലേ ,

മാഷിന്റെ കയ്യില് നീണ്ട രണ്ട് കെട്ട് !

"ന്റെ കാര്യം പോക്കന്നെ"

തുപ്പല് കൂട്ടി രണ്ടുകയ്യും തിരുമ്പിക്കോണ്ട്

സതീശൻ പറഞ്ഞ ആത്മഗതം

അടുത്തിരുന്ന ഞാൻ കേട്ടു.

ഞാനേ കേട്ടുള്ളൂ !

കണക്കിന്റെ പരീക്ഷക്കടലാസ് കിട്ടുമ്പം ഒറപ്പായിറ്റും തല്ല് കിട്ടുംന്ന് ഓനയിറാം.

അയിന്റെ വേദന  കൊറക്കാനുള്ള

തയ്യാറെടുപ്പാണ് ഈ തിരുമ്പല് !

സതീശൻ മാത്രല്ല,

ബാക്ക്യെല്ലാരെ കാര്യോം

ഇങ്ങന്യന്നെ!

രണ്ട് കെട്ടും മേശേമ്മ വെച്ച്

മാഷ് കസേരമ്മ ഇരുന്നു..

തല പൊന്തിച്ച് എല്ലാരേം നോക്കി ,

ഗൗരവത്തില് !

നോട്ടം സതീശന്റടുക്ക എത്ത്യപ്പം

മാഷൊന്ന് ചിരിച്ചു !

"ന്റമ്മോ! ഞാൻ മനസ്സ്പ്പറഞ്ഞത്

ഇയാള് കേട്ട്വാ ?"പിന്നേം 

സതീശന്റെ ആത്മഗതം !

അതും ഞാനേ കേട്ടുള്ളൂ !

പതിവുപോലെ ആജര് വിളിച്ച ശേഷം

മാഷ് ഒന്നാമത്തെ കെട്ടെടുത്തു..

"അത് നമ്മളതല്ല, ഏഴ് ബീ ലേത്തതാ "

മേശേന്റടുക്ക പസ്റ്റ് ബെഞ്ചില്

അറ്റത്തിരുന്ന ക്ലാസ്സ് ലീഡർ

സുരേഷ്.പി കെട്ടിലേക്ക്എത്തിനോക്കീറ്റ്

ബേക്കിലേക്ക് തിരിഞ്ഞ് 

ആംഗ്യഭാഷയിൽ പറഞ്ഞു.

മാഷ് രണ്ടാമത്തെ കെട്ടെടുത്തു ,

"ശേ, ഇതും ഏഴിലേത്തതന്യാ, എടുക്കുമ്പം മാറിപ്പോയാ ! "

മാഷ്ടെ  ആത്മഗതം

സതീശന്റെ ആത്മഗതത്തേക്കാൾ

ഒച്ചത്തിലായിപ്പോയതോണ്ട്

ഞാൻ മാത്രല്ല, മറ്റേ സൈഡില്

ബേക്കിലെ ബെഞ്ചിന്റെ അറ്റത്തിരിക്ക്ന്ന

കല്യാണിക്കുട്ടീംകൂടി കേട്ടിറ്റ്ണ്ടാവണം,

അതോണ്ടാണല്ലോ അറിയാണ്ട്

"ആയ്ശ് ! " ന്നും പറഞ്ഞ്

ഓള് കയ്യടിച്ചതും,അത് മാഷടക്കം

എല്ലാരും കേട്ടതും!

എന്നിറ്റും കേട്ട ഭാവം നടിക്കാതെ

മാഷ്  പറഞ്ഞത്  കേക്കണ്ടേ?

"സതീശാ, നീ പേടിക്കണ്ട മോനേ,

ഞാൻ, പേപ്പറെടുത്തത് മാറിപ്പോയി ,

നാളെ കൊണ്ടരാ.ട്ടാ!കല്യാണിക്കുട്ടിക്കും

സന്തോഷായല്ലോ." സന്തോഷം

പുറത്തുകാണിക്കാതെ സതീശൻ 

കുത്തപ്പിടിച്ചിരുന്നു.കല്യാണിക്കുട്ടി

മാഷെ നോക്കി പുഞ്ചിരിച്ചു.

"അപ്പൊ, നമ്മക്ക് തൊടങ്ങാ .

ഇന്ന് വെര്‌മ്പം പരീക്ഷേരെ ഉത്തരെല്ലം

കണക്ക് ബൗണ്ടിന്റെ ബേക്കില്

എഴുതിക്കൊണ്ടരാൻ പറഞ്ഞിരുന്നല്ലോ ..

എല്ലാരും അതെടുത്തേ.."

"നേരത്തേ എട്ത്ത് വെച്ചിന് മാഷേ.."

ക്ലാസ്സിലെ പഠിപ്പിസ്റ്റായ

സൗദാമിനി ബൗണ്ട് ബുക്ക്

മാഷിനു നേരെ നീട്ടി. 

"എല്ലാരും എടുത്തില്ലേ, എന്നാ , ഓരോ ചോദ്യത്തിന്റെയും ഉത്തരം ഞാൻ പറയാം..ശരിയാണെങ്കിൽ ശരിയിട്ടോ, തെറ്റാണെങ്കില് തെറ്റിട്ടോ ." സൗദാമിനിയുടെ ബൗണ്ട് ബുക്ക് തുറന്ന്

മാഷ് ഉത്തരം പറയാൻ റെഡിയായി.

"മാഷേ , ഞാനെല്ലാം എഴ്തീനി , ബുക്കെടുത്തത് മാറിപ്പോയി ! "

സതീശന്റെ അയൽവാസിയായ

അബ്ദുള്ള എഴുന്നേറ്റുനിന്ന് കരഞ്ഞോണ്ട് പറഞ്ഞു. "

"എഴുതാണ്ട് വന്നിറ്റ് തട്ടിപ്പ് പറയുന്നോടാ! "

മാഷിന്റെ ഭാവം മാറി, ശബ്ദമുയർന്നു !

കൈ നീട്ടി..ക്ലാസ് ലീഡർ സുരേഷ് .പി 

ഡസ്ക്കിനടിയിൽ  ഒളിപ്പിച്ചു വെച്ച

ചെത്തിമിനുക്കിയ കാശാവിന്റെ വടി

മാഷുടെ കയ്യിൽ  വെച്ചുകൊടുത്തു.

"നീട്ടെടാ കൈ" അബ്ദുള്ളയെ നോക്കി

മാഷ് അലറി !ക്ലാസ്സിൽ ശ്മശാന മൂകത.

അബ്ദുള്ള വിതുമ്പിക്കൊണ്ട് കൈ നീട്ടി.

മാഷുടെ കൈ ഉയർന്നു. പെട്ടെന്നാണ്

അത് സംഭവിച്ചത്."ഓന തല്ലണ്ട മാഷേ ,

ഓൻ എഴുത്യത് ഞാൻ കണ്ടതാ ..

ഓന്റെ വീട്ടിപ്പോയിറ്റാ ഞാനുംകൂടി

എഴുതിയത്. അറിയാത്തതെല്ലാം ഓനാണെനക്ക് പറഞ്ഞ് തന്നത്. "

ചാടിയെണീറ്റ്  മാഷിന്റെ വടിയിൽ പിടിച്ച് 

സതീശൻ പറഞ്ഞതുകേട്ട് ക്ലാസ് ഞെട്ടി. 

സതീശൻ തുടരുകയാണ്, "പിന്ന്യെങ്ങനാ മാഷേ ഓൻ പറഞ്ഞത് തട്ടിപ്പാവ്ന്നത്..

മറക്കലും ,മാറിപ്പോലും സാധാരണയല്ലേ.

മാഷ്ക്കന്നെ ഇന്ന് പരീക്ഷക്കടലാസ് എടുത്തപ്പം  മാറിപ്പോയില്ലേ! അത് തട്ടിപ്പാ ?"മാഷുടെ കയ്യിലിരുന്ന  കാശാവിന്റെ വടി  ഇപ്പോൾ സതീശന്റെ കയ്യിലാണ്. നാളെ ,തന്റെ ഉള്ളംകയ്യിൽ

ആഞ്ഞു പതിക്കാനുള്ള വടി 

സതീശൻ ഭദ്രമായി മേശപ്പുറത്തു കൊണ്ടുവച്ചു, ഒരുപോറലുമേൽക്കാതെ !

അപ്പോഴും , കല്യാണിക്കുട്ടിയുടെ മുഖത്ത്

ആ പുഞ്ചിരി ഉണ്ടായിരുന്നു.

മായാത്ത പുഞ്ചിരി.


[ഒയോളം നാരായണൻ മാഷ് ]

                  *****************