ബുധനാഴ്‌ച, ഒക്‌ടോബർ 30, 2013

സ്‌കൂള്‍ പാഠ്യപദ്ധതിപരിഷ്കരണം അനിവാര്യമോ?


സ്‌കൂള്‍ പാഠ്യപദ്ധതി ചര്‍ച്ചചെയ്യുമ്പോള്‍

                                                                                ഒ.എം. ശങ്കരന്‍


കേരളത്തിലെ സ്‌കൂള്‍ പാഠ്യപദ്ധതി വീണ്ടും പരിഷ്‌കരിക്കുകയാണ്. ഏറ്റവും ഒടുവില്‍ കേരളത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരണപ്രവര്‍ത്തനങ്ങള്‍ നടത്തിയത് 2007-ലായിരുന്നു. ദേശീയ സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരമായിരുന്നു അത്. ഒന്നാം യു.പി.എ. സര്‍ക്കാര്‍ 2005-ല്‍ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (നാഷണല്‍ കരിക്കുലം ഫ്രെയിം വര്‍ക്ക് - എന്‍.സി.എഫ്. 2005) ഡോ. യശ്പാലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ രൂപപ്പെടുത്തിയ 2007-ലെ കേരള പാഠ്യപദ്ധതി ചട്ടക്കൂടിനെയും (കെ.സി.എഫ് 2007) അതിന്റെ തുടര്‍ച്ചയായി തയ്യാറാക്കിയ പാഠപുസ്തകങ്ങളെയും തമസ്‌കരിച്ചാണ് പുതിയ പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസവകുപ്പ് ആരംഭിച്ചിരിക്കുന്നത്. പാഠ്യപദ്ധതി പരിഷ്‌കരണം ഇപ്പോള്‍ കേരളത്തില്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്നു. (അത് വേണോ? 10 വര്‍ഷത്തിലൊരിക്കല്‍ പോരേ?).


എന്‍.സി.എഫും കെ.സി.എഫും

എന്‍.സി.എഫ്. 2005 ഇന്ത്യയിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ പുരോഗമനപരമായ ഒരു വലിയ വ്യതിയാനമാണ്. ഒരുപക്ഷേ, 1986-ലെ ദേശീയ വിദ്യാഭ്യാസനയത്തില്‍ സൂചിപ്പിച്ചപോലെ വിദ്യാര്‍ഥികേന്ദ്രീകൃതമായ പഠനരീതി കൊണ്ടുവരാനുള്ള ആദ്യത്തെ ആസൂത്രിതമായ ശ്രമമായിരുന്നു അത്. 1986-ലെ ദേശീയ വിദ്യാഭ്യാസനയത്തെ പരിശോധിച്ച റിപ്പോര്‍ട്ടായ 1990-ലെ ആചാര്യ രാമമൂര്‍ത്തി കമ്മിറ്റി റിപ്പോര്‍ട്ട് (Towards an Enlightened and Humane Society) വിദ്യാര്‍ഥികേന്ദ്രീകൃത പഠനവും ശിശുസൗഹൃദ മൂല്യനിര്‍ണയവും ആഴത്തില്‍ ചര്‍ച്ചചെയ്യാന്‍ കാരണമായി. തുടര്‍ന്ന് പുറത്തുവന്ന 1993-ലെ യശ്പാല്‍ കമ്മിറ്റി റിപ്പോര്‍ട്ടായ ഭാരരഹിതപഠനം (Learning without Burden) എന്ന രേഖയും അതിലെ പന്ത്രണ്ട് ശുപാര്‍ശകളുമായിരുന്നു ഇന്ത്യയിലെ സ്‌കൂള്‍ വിദ്യാഭ്യസരംഗത്തെ ഉള്ളടക്കത്തിലും രീതിശാസ്ത്രത്തിലുമുള്ള ചുവടുമാറ്റത്തിന്റെ തുടക്കം. ഈ രണ്ട് റിപ്പോര്‍ട്ടുകളുടെയും കേരളത്തിലെ 1997-ലെ പാഠ്യപദ്ധതി പരിഷ്‌കരണ അനുഭവങ്ങളുടെയും വെളിച്ചത്തിലാണ് എന്‍.സി.എഫ്. 2005 തയ്യാറാക്കിയത്.

എന്‍.സി.എഫ്. 2005-ലെ ഒരുപക്ഷേ, ഏറ്റവും നവീനമായ നിര്‍ദേശം ക്ലാസ്മുറിയിലേക്ക് സാമൂഹികജ്ഞാന നിര്‍മിതിരീതിയും വിമര്‍ശനാത്മക പഠനബോധനവും ഉയര്‍ത്തിക്കൊണ്ടുവന്നുവെന്നതാണ്. കുട്ടിയുടെ പഠനം എന്നത് അറിവുനിര്‍മാണമാണല്ലോ. ഒരു കുട്ടിയുടെ അറിവുനിര്‍മാണം മറ്റ് കുട്ടികളുടെ അറിവുനിര്‍മാണവുമായി ബന്ധപ്പെടുത്തി ശരിയായവ കൂട്ടിച്ചേര്‍ത്തും അല്ലാത്തവ ഒഴിവാക്കിയും സാമൂഹിക സാഹചര്യങ്ങളില്‍ തന്നെ നടക്കണം എന്നതാണ് സാമൂഹിക ജ്ഞാനനിര്‍മിതി എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. വിമര്‍ശനാത്മകബോധനം പ്രശ്‌നങ്ങളുടെ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും ധാര്‍മികവുമായ വശങ്ങളെപ്പറ്റി വിമര്‍ശനാത്മകമായി ചിന്തിക്കുന്നതിന് സന്ദര്‍ഭം നല്‍കുന്നു. സാമൂഹിക പ്രശ്‌നങ്ങളില്‍ വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടാകാമെന്ന് അത് അംഗീകരിക്കുന്നു.

കെ.സി.എഫ്. 2007 ആകട്ടെ, മേല്പറഞ്ഞ നിലപാടുകളെല്ലാം അംഗീകരിക്കുന്നു. കെ.സി.എഫ്. 2007 രൂപപ്പെടുത്തിയപ്പോള്‍ എന്‍.സി.എഫ്. 2005-ന്റെ ഉള്ളടക്കത്തില്‍ ഒരു പ്രധാന കൂട്ടിച്ചേര്‍ക്കല്‍, എട്ട് സാമൂഹിക പ്രശ്‌നമേഖലകളെ അഭിസംബോധന ചെയ്യാന്‍ കുട്ടിയെ ഒരുക്കുംവിധമാണ് പാഠ്യപദ്ധതി ക്രമീകരിക്കേണ്ടത് എന്ന വസ്തുതയാണ്. കെ.സി.എഫിന്റെ ഉള്ളടക്കത്തിന്റെ അടിസ്ഥാനസമീപനം ശിശുകേന്ദ്രീകൃതമായ സാമൂഹികജ്ഞാനനിര്‍മിതി വാദത്തിലും വിമര്‍ശനാത്മക പഠനബോധനത്തിലും പ്രശ്‌നാധിഷ്ഠിത സമീപനത്തിലും നിരന്തരവും സമഗ്രവുമായ മൂല്യനിര്‍ണയത്തിലും ബന്ധപ്പെട്ടിരിക്കുന്നു.

അബ്ദുള്‍ അസീസ് കമ്മിറ്റി

ഇതിന്റെ അടിസ്ഥാനത്തില്‍ വേണം കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന പാഠപുസ്തക പരിഷ്‌കരണത്തെ പരിശോധിക്കേണ്ടത്. പാഠ്യപദ്ധതി പരിഷ്‌കരണത്തിനായി ഡോ. പി.കെ. അബ്ദുള്‍ അസീസ് ചെയര്‍പേഴ്‌സണായ കമ്മിറ്റി 2013 ആഗസ്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിലവിലുള്ള പാഠ്യപദ്ധതിയുടെ മാറ്റത്തിന് കാരണമായി അസീസ് കമ്മിറ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത് 2008-ല്‍ പുറത്തുവന്ന ഡോ. കെ.എന്‍. പണിക്കരുടെ പാഠപുസ്തക പരിശോധനയ്ക്കായുള്ള ഉന്നതാധികാരസമിതിയുടെ റിപ്പോര്‍ട്ടാണ്. പണിക്കര്‍ കമ്മിറ്റിയുടെ 'നിരീക്ഷണങ്ങളും അവലോകനവും' എന്ന അധ്യായത്തില്‍നിന്നാണ് അസീസ് കമ്മിറ്റി പാഠ്യപദ്ധതി പരിഷ്‌കരണത്തെ നീതീകരിക്കാന്‍ പറ്റിയ വാക്യങ്ങള്‍ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി എടുത്തിരിക്കുന്നത്. ഈ അധ്യായത്തിലെ 21 നിരീക്ഷണങ്ങളിലെ ഏഴ് നിരീക്ഷണങ്ങളെ പൂര്‍ണമായി എടുക്കാതെ അതിലെ ചില ഭാഗങ്ങള്‍ മാത്രം സൗകര്യപൂര്‍വം ഉപയോഗപ്പെടുത്തുകയോ ദുരുപയോഗപ്പെടുത്തുകയോ ആണ് ചെയ്തത്. പണിക്കര്‍ കമ്മിറ്റി പ്രശ്‌നാധിഷ്ഠിതസമീപനത്തെ ചോദ്യംചെയ്തിട്ടില്ല. മാത്രവുമല്ല, പ്രസ്തുത കമ്മിറ്റിയുടെ 'ശുപാര്‍ശകള്‍' എന്ന അധ്യായത്തില്‍ ഇത്തരം ഒരു കാര്യം ഇല്ലതാനും. പണിക്കര്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ 16 എണ്ണമാണ്. അതില്‍ അത്രയേറെ പ്രധാനമല്ലാത്ത മൂന്നെണ്ണം മാത്രമാണ് അസീസ് റിപ്പോര്‍ട്ട് പരിഗണിച്ചിട്ടുള്ളത്. പാഠപുസ്തകത്തിലെ ഭാഷ, ചിത്രീകരണം, അച്ചടിക്കാനുപയോഗിച്ച പേപ്പര്‍ എന്നിവയെക്കുറിച്ചുള്ളവ മാത്രം!


പരിഷ്‌കരണത്തിന്റെ മറ്റ് യുക്തികള്‍

പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ രണ്ടാമത്തെ യുക്തി കണ്ടെത്തിയിരിക്കുന്നത് പണിക്കര്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പരിഗണിച്ച് പരിഷ്‌കരണം നടത്താതിരിക്കുക വഴി സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുത്തനെ താണുവെന്നതിലാണ്. എസ്.സി.ഇ.ആര്‍.ടി., എസ്.എസ്.എ., എന്‍.സി.ഇ.ആര്‍.ടി., അസര്‍ (Annual Status of Education Report - ASER) എജ്യുക്കേഷന്‍ ഇനീഷ്യേറ്റീവ് എന്നിങ്ങനെ ഒട്ടേറെ സര്‍ക്കാര്‍, സര്‍ക്കാറിതര സംവിധാനങ്ങള്‍ കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും ഗുണനിലവാരത്തെക്കുറിച്ച് നടത്തിയ താരതമ്യപഠനങ്ങളില്‍ കേരളത്തിന്റെ മികവിനെ എടുത്തുകാട്ടുന്നുണ്ട്.

പരിഷ്‌കരണത്തിന് അനുകൂലമായ മൂന്നാമത്തെ ന്യായം സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ എണ്ണത്തിലുള്ള വളര്‍ച്ചയാണ്. ഇതിനുകാരണം കേരളത്തിലെ മധ്യവത്കരിക്കപ്പെടുന്ന ജനങ്ങളുടെ മധ്യവര്‍ഗ മൂല്യങ്ങളോടുള്ള യുക്തിരഹിതമായ അഭിനിവേശവും അതിന് നിന്നുകൊടുക്കുന്ന സര്‍ക്കാര്‍ നയങ്ങളുമാണ്.

നിലവിലുള്ള പാഠ്യപദ്ധതിയെപ്പറ്റി അധ്യാപകര്‍ക്കിടയില്‍ അസീസ് കമ്മിറ്റി നടത്തിയ വിവരശേഖരണം തികച്ചും അശാസ്ത്രീയമായിരുന്നു. സര്‍വേയിലെ ഒട്ടേറെ ചോദ്യങ്ങള്‍ പഠിക്കുന്ന ആളുടെ മുന്‍വിധി പ്രകടിപ്പിക്കുന്നതായിരുന്നു. സര്‍വേ വിവരം ശേഖരിക്കാന്‍ അധ്യാപകരെ കണ്ടെത്തിയത് ശാസ്ത്രീയമായ സാംപ്ലിങ് രീതിയിലല്ലതാനും. നിലവിലുള്ള പാഠ്യപദ്ധതിക്കെതിരെ നിലപാടെടുത്തവരെയോ അത്തരം നിലപാടെടുക്കാന്‍ പ്രേരിപ്പിക്കപ്പെട്ടവരെയോ ആയിരുന്നു വിളിച്ചിരുന്നത്.
ബന്ധപ്പെട്ടവരുമായുള്ള ആശയവിനിമയത്തില്‍നിന്ന് കെ.സി.എഫ്. 2007-ന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ നിലവിലുള്ള പാഠ്യപദ്ധതിക്ക് ഒട്ടേറെ പ്രശ്‌നങ്ങളുണ്ടെന്ന് അസീസ് കമ്മിറ്റി പറയുന്നു. ഇതിലൊന്നുംതന്നെ ശാസ്ത്രീയമായ പഠനം വഴി ശേഖരിച്ചവയോ ക്ലാസ്‌റും നിരീക്ഷണം വഴി മനസ്സിലാക്കിയവയോ അല്ലെന്നുള്ളത് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തെത്തന്നെ ചോദ്യം ചെയ്യുന്നു.

ഈ പരിഷ്‌കരണത്തിന്റെ അടിസ്ഥാനരേഖകളായി ചില റഫറന്‍സ് പുസ്തകങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. അവയെല്ലാം കാലഹരണപ്പെട്ട ബോധനശാസ്ത്ര ഗ്രന്ഥങ്ങളാണ്. വിഷന്‍ 2020-ഉം ആന്‍ഡേഴ്‌സണ്‍, ക്രാത്ത്‌വാള്‍ എന്നിവരുടെ ഗ്രന്ഥവും ആണവ. ഇവയെല്ലാം എന്‍.സി.എഫ്. 2005-ന് അസ്വീകാര്യമായവയോ വ്യവഹാരവാദത്തെ അംഗീകരിക്കുന്നവയോ ആണ്.

എന്‍.സി.എഫിന് വിരുദ്ധം

അസീസ് കമ്മിറ്റി റിപ്പോര്‍ട്ട് ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന് കടകവിരുദ്ധമാണ്. വിദ്യാഭ്യാസം ഭരണഘടനയിലെ സംയുക്തപട്ടികയില്‍ പെട്ടതാണ്. എന്‍.സി.ഇ.ആര്‍.ടി. തയ്യാറാക്കി സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കിയ എന്‍.സി.എഫ്. 2005-ലെ സമീപനങ്ങളോടൊപ്പം നിന്നുകൊണ്ടേ സംസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാവൂ. എന്‍.സി.എഫും കെ.സി.എഫും സാമൂഹികജ്ഞാനനിര്‍മിതിരീതിയും വിമര്‍ശനാത്മകപഠനബോധന രീതിയും ക്ലാസ്മുറിയിലെ പഠനരീതിയായി അവലംബിക്കണമെന്ന് പറയുന്നു. പക്ഷേ, അസീസ് കമ്മിറ്റി നിര്‍ദേശിക്കുന്നത് അവ പരിഗണിക്കേണ്ടെന്നും ആ രണ്ട് രീതിയില്‍ മാത്രം അധ്യാപികയെ തളച്ചിടേണ്ടെന്നും എല്ലാ കാഴ്ചപ്പാടിലെയും നല്ല രീതികള്‍ സ്വീകരിക്കണമെന്നുമാണ്. പ്രത്യക്ഷത്തില്‍ നല്ലതെന്ന് തോന്നാവുന്ന നിര്‍ദേശം. ഏകാധിപത്യരീതിയും ജനാധിപത്യരീതിയും ചില രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന രണ്ട് വ്യത്യസ്ത ഭരണസമ്പ്രദായങ്ങളാണ്. ഇതില്‍ ഏതെങ്കിലും ഒന്നല്ലാതെ രണ്ടിന്റെയും നല്ലവശങ്ങള്‍ സ്വീകരിക്കണമെന്ന് പറയുംപോലെ യുക്തിരഹിതമാണ് ഈ നിര്‍ദേശവും. സൈദ്ധാന്തികമായി വൈരുദ്ധ്യമുള്ള എല്ലാത്തില്‍നിന്നും ചില സമീപനങ്ങള്‍ എടുക്കുന്നത് പരസ്​പരം പൊരുത്തപ്പെടാത്തതുകൊണ്ടുതന്നെ അധ്യാപികയ്ക്ക് നടപ്പാക്കാനാവില്ല; നടപ്പാക്കിയാല്‍ത്തന്നെ കുട്ടിയുടെ പഠനനേട്ടങ്ങള്‍ ഫലപ്രദമാകില്ല.

പല കാര്യങ്ങളിലും കൃത്യമായ നിലപാടുകളുടെ അഭാവം ഈ രേഖയില്‍ വ്യാപകമായി കാണാം. രേഖയില്‍ ഒരിടത്ത് പ്രീ-പ്രൈമറി വിദ്യാഭ്യാസം ഒരു വര്‍ഷത്തേതെന്ന് പറയുമ്പോള്‍ (പേജ് 20) മറ്റൊരിടത്ത് രണ്ട് വര്‍ഷമെന്ന് പറയുന്നു (പേജ് 25). ഇനിയുമൊരിടത്ത് ഓര്‍മപരിശോധനാരീതിയിലുള്ള പരീക്ഷയ്ക്ക് ന്യൂനതകളുണ്ട്, അത് ഫലപ്രദവുമല്ല എന്ന് പറഞ്ഞശേഷം അതിന്റെ അര്‍ഥം പഠനരീതിയില്‍നിന്ന് അതിനെ മാറ്റിനിര്‍ത്തണമെന്നല്ല എന്നും പറയുന്നു (പേജ് 35).

സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ മാധ്യമം ഏതാവണം? ലോകത്തിലെ വിദ്യാഭ്യാസ പണ്ഡിതന്മാര്‍ക്കും പുരോഗതി പ്രാപിച്ച രാജ്യങ്ങള്‍ക്കും ഇക്കാര്യത്തില്‍ സംശയമില്ല, മാതൃഭാഷതന്നെ. വിദ്യാഭ്യാസ അവകാശനിയമത്തില്‍ 8-ാം ക്ലാസുവരെയുള്ള പഠന മാധ്യമം 'സാധ്യമാകുന്നിടത്തോളം' മാതൃഭാഷയാവണമെന്ന് നിര്‍ദേശിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് ഈ റിപ്പോര്‍ട്ട് എടുക്കുന്നില്ല. സ്‌കൂളുകളില്‍ മാതൃഭാഷാ പഠനം നിര്‍ബന്ധമാക്കാനും യാതൊരു ശുപാര്‍ശയും ഈ രേഖയിലില്ല.
ഒരുപക്ഷേ, ഏറ്റവും അശാസ്ത്രീയമായ നിര്‍ദേശം അസീസ് കമ്മിറ്റിയില്‍നിന്ന് ഉണ്ടായത് പരീക്ഷകളുടെ കാര്യത്തിലാണ്. ഈ റിപ്പോര്‍ട്ടില്‍ 5, 8 ക്ലാസുകളുടെ അവസാനം ജില്ല/സംസ്ഥാന തലത്തിലുള്ള പൊതുപരീക്ഷയെ കുട്ടികള്‍ അഭിമുഖീകരിക്കണമെന്ന് പറയുന്നു (പേജ് 49). എന്തിനാണിത്? വിദ്യാഭ്യാസ അവകാശനിയമത്തിന് വിരുദ്ധമാണിത്.

ഏത് പാഠ്യപദ്ധതിയെയും ശാസ്ത്രീയമായ പഠനത്തിന്റെ പിന്‍ബലത്തില്‍ മാറ്റുന്നതിനെ/മെച്ചപ്പെടുത്തുന്നതിനെ ആര്‍ക്കും എതിര്‍ക്കാനാവില്ല. പക്ഷേ, സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ട മാറ്റം ദൗര്‍ബല്യങ്ങളുള്ള സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തെ കൂടുതല്‍ പരുങ്ങലിലാക്കും. ഇംഗ്ലീഷ് മീഡിയം/സി.ബി.എസ്.ഇ. വിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുടെ ഒഴുക്ക് വര്‍ധിപ്പിക്കും.

നമ്മുടെ നാടിനെയും ലോകത്തെയും പ്രപഞ്ചത്തെത്തന്നെയും അറിയാനും പഠിക്കാനും അതുവഴി ലോകത്തെ മാറ്റിയെടുക്കാനുമുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിനുപകരം കോര്‍പ്പറേറ്റുകള്‍ക്ക് 'അടിമവേല' ചെയ്യുന്ന വിധേയന്മാരെ സൃഷ്ടിക്കുന്നതാവും ഇതിന്റെ പരിണതഫലം. ഇതിനെ പ്രതിരോധിക്കുകതന്നെ വേണം.

(കണ്ണൂര്‍ ഡയറ്റ് റിട്ട. പ്രിന്‍സിപ്പലാണ് ലേഖകന്‍)

ചൊവ്വാഴ്ച, ഒക്‌ടോബർ 29, 2013

പശ്ചിമഘട്ട സംരക്ഷണം...ശാസ്ത്രസാഹിത്യ പരിഷത്തിന്റെ തുറന്ന കത്ത്

പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് കേരളത്തിലെ ജനങ്ങളോടും രാഷ്‌ട്രീയ പാര്‍ട്ടികളോടും ശാസ്ത്ര സാഹിത്യ പരിഷത്ത് അഭ്യർത്ഥിക്കുന്നു ...
Posted 18 October, 2013 - 22:11 by admin

ബഹുമാന്യരേ,
പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിക്കാന്‍ പോകുന്ന വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങള്‍ എന്ന നിലയില്‍ പുറത്തുവന്നിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ വ്യാപകമായ ചര്‍ച്ചകള്‍ ഇപ്പോള്‍ നടന്നുവരികയാണല്ലോ ? മാധ്യമങ്ങളിലൂടെ ലഭിച്ച വിവരങ്ങളില്‍ നിന്ന്‌ മനസ്സിലാക്കാന്‍ കഴിയുന്നത്‌ ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ അല്ല മറിച് ച്‌ കസ്‌തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അനുസരിച്ചുള്ള വിജ്ഞാപനമാണ്‌ പുറപ്പെടുവിക്കാന്‍ പോകുന്നത്‌ എന്നാണ്‌. ഈ വിഷയത്തെ സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യുന്നതിന്‌ ഒക്‌ടോബര്‍ 21 ന്‌ കേരള സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്‌. നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ ഇടുക്കി, വയനാട്‌ ജില്ലകളില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്യപ്പെട്ടിരിക്കുന്നു.
ദക്ഷിണേന്ത്യയിലെ ഇരുപത്തിയഞ്ച്‌ കോടി ജനതയുടെ ജല ആശ്രയവും കര്‍ഷക ജനതയുടേയും വനത്തെ ആശ്രയിച്ച്‌ ജീവിക്കുന്ന ആദിമ ജനവിഭാഗത്തിന്റേയും ആവാസകേന്ദ്രവുമാണ്‌ പശ്ചിമഘട്ടം. ലോകത്തിലെ പ്രധാനപ്പെട്ട 35 ജൈവവൈവിദ്ധ്യ കേന്ദ്രങ്ങളില്‍ ഒന്നായി പശ്ചിമഘട്ടം പരിഗണിക്കപ്പെടുന്നു. ഈ മലനിരകള്‍ നിര്‍വഹിക്കുന്ന വിവിധ ധര്‍മ്മങ്ങളും സേവനങ്ങളും ഇല്ലായിരുന്നെങ്കില്‍, ദക്ഷിണേന്ത്യയിലെ മനുഷ്യവാസവും സംസ്‌കാരവും തന്നെ ഒരു പക്ഷെ അസാധ്യമാകുമായിരുന്നു. അതുകൊണ്ടുതന്നെ പശ്ചിമഘട്ടത്തിലെ കൈയ്യേറ്റങ്ങള്‍ക്ക്‌ സങ്കുചിതമായ സാങ്കേതിക ന്യായീകരണങ്ങള്‍ നിരത്തുന്നതിനേക്കാള്‍ സമത്വവും സാമൂഹ്യനീതിയും ഉറപ്പാക്കുന്ന, സ്ഥായിത്വമുള്ള വിഭവ വിനിയോഗ രീതി നടപ്പാക്കുകയാണ്‌ അനിവാര്യമായിട്ടുള്ളത്‌. പശ്ചിമഘട്ട സംരക്ഷണത്തിനും അതുവഴി കേരളത്തിന്റെ ദീര്‍ഘകാല നിലനില്‍പ്പിനുമുള്ള പൊതുസമീപനങ്ങളാണ്‌ ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളതെന്ന്‌ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ മനസ്സിലാക്കുന്നു. ഇതിലെ പ്രധാന നിര്‍ദ്ദേശങ്ങളെ തിരസ്‌കരിക്കുകയും അമിത പ്രകൃതിചൂഷണത്തിലൂന്നിയ നടപ്പു വികസനമാര്‍ഗത്തെ അംഗീകരിക്കുകയും ചെയ്യുന്ന കസ്‌തൂരി രംഗന്‍ കമ്മറ്റി റിപ്പോര്‍ട്ട്‌ നടപ്പാക്കാനാണ്‌ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. എന്നാല്‍ ഒരു നിയന്ത്രണവും പാടില്ലായെന്ന നിലപാടാണ്‌ നിയമവിരുദ്ധ തടിവെട്ട്‌, ഖനനങ്ങള്‍, ടൂറിസം, കഞ്ചാവു കൃഷി, വനം കയ്യേറ്റം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ക്ഷിപ്രലാഭമോഹികള്‍ എടുത്തിരിക്കുന്നത്‌. ഇവരുടെ താല്‌പര്യങ്ങളും കൃഷിക്കാരുടെ താല്‍പ്പര്യങ്ങളും ഒന്നാണെന്നു കരുതി ജനങ്ങള്‍ സമരരംഗത്തിറങ്ങുന്ന കാഴ്‌ചയാണ്‌ ഇപ്പോള്‍ കാണുന്നത്‌.
ഭൂമിയുടെ ഉപയോഗക്രമത്തിലും ജൈവ - അജൈവ വിഭവങ്ങളുടെ ഉപയോഗത്തിലും ഒരു നിയന്ത്രണവും ഇല്ലാതെ ലോകത്ത്‌ ഒരു സമൂഹത്തിലും നിലനില്‍പ്പുള്ള വികസനം സാധ്യമാക്കാന്‍ ആവില്ല. ഈ തിരിച്ചറിവ്‌ ഉറക്കെ പറഞ്ഞവരാണ്‌ ലോകത്തിലെ ഉന്നതരായ എല്ലാ രാഷ്‌ട്രീയ ചിന്തകരും ഉത്തമ രാഷ്‌ട്രീയ നേതാക്കളും എന്ന്‌ ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്‌. `ലോകത്തിലെ മുഴുവന്‍ ആളുകളുടെയും ആവശ്യം നിറവേറ്റാനുള്ളത്‌ ഭൂമിയിലുണ്ട്‌. ഒരാളുടെയും ദുരാഗ്രഹത്തെ നിറവേറ്റാന്‍ ഭൂമിയിലെ വിഭവങ്ങള്‍ മതിയാകില്ല' എന്ന മഹാത്മാഗാന്ധിയുടെ വാക്കുകളില്‍ നിലനില്‍പ്പുള്ള വികസന സമീപനത്തിന്റെ രാഷ്‌ട്രീയം തുളുമ്പിനില്‍ക്കുന്നു. `ഈ ഭൂമി ഒറ്റപ്പെട്ട വ്യക്തികളുടെ സ്വത്തല്ല, ഒരു സമൂഹത്തിന്റെയോ ഒരു രാഷ്‌ട്രത്തിന്റെയോ സ്വത്തല്ല. എന്തിന്‌ ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെയും കൂട്ടുസ്വത്തുമല്ല അത്‌. ഭൂമിയുടെ ഗുണഭോക്താക്കള്‍ മാത്രമാണ്‌ നമ്മള്‍. നമുക്ക്‌ ലഭിച്ചതിനേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ വരുംതലമുറകള്‍ക്ക്‌ അത്‌ കൈമാറാന്‍ ബാധ്യതപ്പെട്ടവരാണ്‌ നമ്മള്‍ - നല്ല തറവാട്ട്‌ കാരണവരെപ്പോലെ' എന്ന കാറല്‍മാര്‍ക്‌സിന്റെ വാക്കുകളിലും ഇതേ രാഷ്‌ട്രീയമാണ്‌ ഉള്‍ച്ചേര്‍ന്നിരിക്കുന്നത്‌. ഇപ്പോള്‍ എത്ര ആകര്‍ഷകമെന്ന്‌ തോന്നിയാലും അമിത വിഭവ ചൂഷണത്തില്‍ അധിഷ്‌ഠിതമായ ഹ്രസ്വകാല ലാഭ താല്‌പര്യങ്ങളെ ബോധപൂര്‍വ്വം വേണ്ടെന്ന്‌ പറയേണ്ടതുണ്ട്‌. അരുത്‌ എന്ന്‌ പറയേണ്ടതുണ്ട്‌. കേരളത്തിന്റെ സവിശേഷമായ ഭൂപ്രകൃതിയും ജൈവ പ്രകൃതിയും നിലനില്‍ക്കുന്നതിനും സംരക്ഷിക്കുന്നതിനും മേഖല തിരിച്ചുള്ള പ്രത്യേക പരിപാലന രീതികള്‍ അവലംബിച്ചേ മതിയാവൂ. പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കിയുള്ള വികസന സമീപനങ്ങളിലൂടെ കേരള പരിസ്ഥിതിയുടെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നിലനില്‍പ്പ്‌ ഉറപ്പ്‌ വരുത്തുന്നതിനുള്ള ചുമതല അടങ്ങിയിരിക്കുന്നത്‌ കേരളത്തിന്റെ രാഷ്ട്രീയ സമൂഹത്തിലാണ്‌ എന്ന്‌ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ മനസ്സിലാക്കുന്നു. ഈ പശ്ചാത്തലത്തില്‍ പ്രൊഫ. മാധവ്‌ ഗാഡ്‌ഗില്‍ അധ്യക്ഷനായുള്ള വിദഗ്‌ധ സമിതി റിപ്പോര്‍ട്ട്‌ സ്വീകരിക്കുകയും പ്രാദേശിക സമൂഹങ്ങളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിദഗ്‌ധരുടെയും പങ്കാളിത്തത്തോടെ അത്‌ മെച്ചപ്പെടുത്തുന്നതിനും നടപ്പാക്കുന്നതിനുമുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്യുകയാണ്‌ വേണ്ടത്‌. ഇത്തരമൊരു നിലപാട്‌ കേരള സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്തിരിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന രാഷ്‌ട്രീയ കക്ഷികള്‍ സ്വീകരിക്കണമെന്ന്‌ ഞങ്ങള്‍ വിനീതരായി അഭ്യര്‍ത്ഥിക്കുന്നു.
മനുഷ്യ സംസ്‌കാരത്തിന്റെ പുരോഗതി കൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌ പ്രകൃതി - സമൂഹ ബന്ധത്തിലുണ്ടായ നിരന്തരമായ മാറ്റങ്ങളാണ്‌. ഈ പ്രക്രിയയില്‍ പ്രകൃതി വിഭവങ്ങള്‍ വന്‍തോതില്‍ ഉപയോഗിച്ചതായും അതുവഴി നമ്മുടെ ഭൂ ഉപയോഗ രീതിയില്‍ത്തന്നെ ഗണ്യമായ മാറ്റം വന്നതായും കാണാവുന്നതാണ്‌. ഇത്തരം ഇടപെടല്‍ കൂടിവരികയും ശക്തിപ്പെടുകയും ചെയ്‌തതോടെ മനുഷ്യ ജീവിതത്തിന്‌ തന്നെ അത്‌ ഭീഷണി ആയിട്ടുണ്ട്‌. പ്രകൃതി വിഭവങ്ങളെ അനിയന്ത്രിതമായി ഉപയോഗിക്കുമ്പോഴും ഒരു പദ്ധതിയുടെ നേട്ടങ്ങള്‍ അതുണ്ടാക്കുന്ന കോട്ടങ്ങളേക്കാള്‍ കുറയുമ്പോഴും ഇത്തരം ഭീഷണികള്‍ വര്‍ദ്ധിക്കാനാണ്‌ സാധ്യത. സാമ്പത്തിക വികസനത്തിന്റെ പേരിലാണ്‌ പ്രകൃതി വിഭവ ചൂഷണം ന്യായീകരിക്കപ്പെടുന്നത്‌. എന്നാല്‍ വികസനം എന്നാല്‍ എന്താണ്‌ എന്നതില്‍ ജനങ്ങള്‍ ഉത്‌കണ്‌ഠാകുലരാണ്‌. കാരണം സമ്പന്നരാണ്‌ ഇന്ന്‌ `വികസനത്തിന്റെ' ഗുണഭോക്താക്കള്‍. അതേസമയം കെടുതികള്‍ ഒക്കെ ദരിദ്രര്‍ക്കും ഭാവിതലമുറകള്‍ക്കും ആണ്‌. സമ്പന്നരുടെ സങ്കുചിത സാമ്പത്തിക താല്‌പര്യങ്ങള്‍ പ്രശ്‌നം രൂക്ഷമാക്കുകയാണ്‌ എന്ന്‌ മാത്രമല്ല, പ്രശ്‌നത്തിന്റെ വ്യാപ്‌തി തിട്ടപ്പെടുത്തുവാന്‍ പോലും കഴിയാതാകുന്നു. അതേസമയം ജീവിതതുറകളിലെല്ലാം പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയുമാണ്‌. പ്രകൃതി വിഭവങ്ങള്‍ കവര്‍ന്നെടുക്കുന്നതിനെയും ദരിദ്രരുടെ ഉന്നമനത്തിന്റെ പേരിലാണ്‌ ന്യായീകരിക്കുന്നത്‌ എന്നതാണ്‌ രസകരമായ കാര്യം.
മനുഷ്യനും പ്രകൃതിയും തമ്മില്‍ നിലനില്‍പ്പിനു വേണ്ടി നടത്തുന്ന ഒരു സമരവേദിയായി പശ്ചിമ ഘട്ടം മാറിയിട്ടുണ്ട്‌. മനുഷ്യന്‍ മാത്രമല്ല ഈ മലനിരകളുടെ സ്വാഭാവിക പാരിസ്ഥിതിക സംതുലനാവസ്ഥ കാത്ത്‌ സൂക്ഷിക്കുന്ന മറ്റ്‌ ജീവജാലങ്ങളുടെ നിലനില്‍പ്പും അങ്ങേയറ്റം ആശങ്കാകുലമായ സ്ഥിതിയിലാണ്‌. മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ച്‌ വരുന്നു. ഇക്കഴിഞ്ഞ മാസങ്ങളില്‍ മലയോരമേഖലകളില്‍ ഉണ്ടായ പ്രകൃതി ദുരന്തങ്ങള്‍ നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതാണ്‌. മഴ കനക്കുമ്പോള്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സാധാരണമാകുന്നു. വീടുകളും കൃഷിഭൂമിയും നശിക്കുന്നു. മണ്ണൊലിപ്പ്‌ മൂലം മണ്ണിന്റെ ഫലഭൂയിഷ്ടത നഷ്ടപ്പെടുന്നു. വനനശീകരണവും ജൈവവൈവിദ്ധ്യനാശവും ചേര്‍ന്നുണ്ടാകുന്ന പാരിസ്ഥിതിക പ്രതിസന്ധിയാണതിന്റെ മുഖ്യ കാരണം.
ഈ പശ്ചാത്തലത്തിലാണ്‌ പശ്ചിമഘട്ടത്തിന്റെ നിലനില്‍പ്പ്‌ ഉറപ്പ്‌ വരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മാധവ ഗാഡ്‌ഗില്‍ സമിതിയുടെ ശുപാര്‍ശകള്‍ പ്രസക്തമാകുന്നത്‌. ഈ മേഖലയില്‍ നിന്ന്‌ മനുഷ്യനെ ഒഴിപ്പിക്കാതെയും എന്നാല്‍ സാമ്പത്തിക ചൂഷണം മാത്രം ലക്ഷ്യമിട്ടു വരുന്ന പുത്തന്‍ മൂലധനശക്തികളുടെ അമിത ലാഭക്കൊതിയില്‍ നിന്ന്‌ പശ്ചിമഘട്ടപ്രദേശമാകെ സംരക്ഷിക്കുകയും ചെയ്യാനുതകുന്ന നിര്‍ദ്ദേശങ്ങളാണ്‌ ഗാഡ്‌ഗില്‍ സമിതി മുന്നോട്ട്‌ വച്ചിട്ടുള്ളത്‌. പശ്ചിമഘട്ട മേഖലയിലെ വികസനം തടയുന്ന നിര്‍ദ്ദേശങ്ങളൊന്നും ഗാഡ്‌ഗില്‍ കമ്മറ്റി സര്‍ക്കാരിന്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലില്ല എന്നതാണ്‌ വാസ്‌തവം. നിലവിലുള്ള നിബന്ധനകളിലെ പഴുതുകള്‍ അടച്ച്‌ നടപ്പാക്കണമെന്നേ ഗാഡ്‌ഗില്‍ സമിതി പറഞ്ഞിട്ടുള്ളൂ. അതു പോലും നിക്ഷിപ്‌ത താല്‍പ്പര്യക്കാര്‍ക്ക്‌ സഹിച്ചില്ല. ഇവരുടെ നിര്‍ബന്ധപ്രകാരമാണ്‌ കസ്‌തൂരിരംഗന്‍ അദ്ധ്യക്ഷനായ ഉന്നതാധികാര സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചത്‌. എന്നാല്‍ ഈ കമ്മറ്റിയുടെ ശുപാര്‍ശകള്‍ ഗാഡ്‌ഗില്‍ സമിതി ശുപാര്‍ശകളില്‍ വെള്ളം ചേര്‍ക്കാനുള്ളതാണ്‌. പശ്ചിമഘട്ടങ്ങളിലെ ഭൂരിഭാഗവും പരിസ്ഥിതിലോലതയില്‍ നിന്നൊഴിവാക്കി. 37 ശതമാനം പ്രദേശത്തു മാത്രമാണ്‌ പരിസ്ഥിതി ലോലപ്രകൃതിയുള്ളതായി കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിലുള്ളത്‌. ഇതാകട്ടെ നിലവിലുള്ള സംരക്ഷണ പരിധിയില്‍പ്പെട്ട വനമേഖലയുമാണ്‌. ഒരു വലിയ പ്രദേശം മുഴുവന്‍ സാംസ്‌കാരികമേഖലയെന്ന പേരില്‍ ഒഴിവാക്കാന്‍ വേണ്ടി ഉന്നതാധികാര സമിതി ഭൗമസ്ഥലിയ വിശകലനത്തെ തെരഞ്ഞെടുത്ത്‌ ഉപയോഗിക്കുന്നു.
പ്രാദേശികമായി തീരുമാനങ്ങളെടുക്കുന്നതിന്‌ ഗാഡ്‌ഗില്‍ കമ്മിറ്റി വേണ്ടുവോളം ഇടം നല്‍കുന്നുണ്ട്‌. ഈയൊരു കാരണംകൊണ്ടാണ്‌ ഗാഡ്‌ഗില്‍ കമ്മിറ്റി താലൂക്കു തലത്തിലുള്ള മേഖലാ വിഭജനത്തെക്കുറിച്ച്‌ വിശാലമായ സൂചനകള്‍ നല്‍കുന്നതും പ്രാദേശിക ജനതയെയും സ്ഥാപനങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടു ആഴമേറിയ പഠനങ്ങളെ ആധാരമാക്കിയുള്ള അന്തിമ മേഖലാ നിര്‍ണ്ണയവും നിര്‍ദ്ദേശിക്കുകയും ചെയ്യുന്നത്‌. അതേസമയം ആതിരപ്പിള്ളി പദ്ധതിയെക്കുറിച്ചും അണക്കെട്ടുകള്‍ ഡീ കമ്മീഷന്‍ ചെയ്യുന്നതിനെക്കുറിച്ചും ജൈവകൃഷിയെക്കുറിച്ചുമുള്ള ഗാഡ്‌ഗില്‍ സമിതിയുടെ ശുപാര്‍ശകള്‍ കൂടുതല്‍ തുറന്ന ചര്‍ച്ചകള്‍ക്ക്‌ വിധേയമാക്കേണ്ടവ തന്നെയാണ്‌.
കാടും മഴയുമില്ലാതെ, പുഴയും വെള്ളവുമില്ലാതെ ഭക്ഷ്യധാന്യങ്ങളില്ലാതെ, ഏലവും ചുക്കും കുരുമുളകമില്ലാതെ കേരളം നിലനില്‍ക്കുകയില്ലെന്ന്‌ വ്യക്തമാണ്‌. വികസനമെന്നാല്‍ കമ്പോളാധിഷ്ടിതമായ ഉപഭോഗ സംസ്‌കാരവും, ഉപഭോഗത്വരയെ തൃപ്‌തിപ്പെടുത്തുന്ന ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും മാത്രമാണെന്ന ധാരണ അവസാനിപ്പിക്കാതെ പറ്റില്ല. ഇവിടെ ജനങ്ങള്‍ സ്വയം തങ്ങളോടു തന്നെ ചോദിക്കണം. ഈ കേരളം, ഇതിലെ കാടും മലയും പുഴയും കായലും കല്ലും മണ്ണുമെല്ലാം ഏതാനും പേര്‍ക്ക്‌ ലാഭമുണ്ടാക്കാനുള്ളതാണോ?. അതോ എല്ലാവര്‍ക്കും, ഭാവിയില്‍ ജനിക്കാന്‍ പോകുന്നവര്‍ക്കു കൂടി അര്‍ഹതപ്പെട്ടതാണോ?. ഈ ചോദ്യമാണ്‌ ഇത്തരുണത്തില്‍ പ്രസക്തമായതെന്ന്‌ പരിഷത്ത്‌ കരുതുന്നു. അമിതലാഭ മോഹികളുടെ അസത്യപ്രചരണ വലയത്തില്‍ കുടുങ്ങരുതെന്ന്‌ ഞങ്ങള്‍ ജനങ്ങളോട്‌ അഭ്യര്‍ത്ഥിക്കുന്നു. ഒപ്പം നിലനില്‍പ്പുള്ള സാമൂഹ്യനീതിയിലധിഷ്‌ഠിതമായ കേരള വികസനത്തിന്റെ രാഷ്‌ട്രീയം ചര്‍ച്ച ചെയ്യാനും ജനമനസ്സുകളില്‍ ഉറപ്പിക്കാനും ഉള്ള അവസരമാണ്‌ ഇതെന്ന്‌ തിരിച്ചറിഞ്ഞ്‌ അതിനനുസൃതമായ ഒരു ഇടപെടല്‍ ഉണ്ടാവണമെന്ന്‌ സര്‍വ രാഷ്‌ട്രീയ കക്ഷികളോടും അഭ്യര്‍ത്ഥിക്കുന്നു.

കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌