തിങ്കളാഴ്‌ച, ഡിസംബർ 05, 2011

വേണം മറ്റൊരു കേരളം

('വേണം മറ്റൊരു കേരളം' എന്ന മുദ്രാവാക്യവുമായി കേരളത്തില്‍ നടക്കുന്ന ക്യാംപെയിനിനെക്കുറിച്ച് കേട്ടപ്പോള്‍ മനസ്സില്‍ തോന്നിയ ചില കാര്യങ്ങള്‍ ഇവിടെ കുറിച്ചിടുകയാണ്.. കവിത എന്ന് ഇതിനെ വിളിക്കാമോ എന്ന് അറിയില്ല..എന്തായാലും 'മുദ്രാഗീതം' എന്ന് വിളിക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു..ഇത് ഒരു തുടക്കം മാത്രം...വിഷയവുമായി ബന്ധപ്പെട്ട  കൂടുതല്‍ വരികള്‍ ആര്‍ക്കും എഴുതാം..കമന്റു ബോക്സില്‍ രേഖപ്പെടുത്താം...അഭിപ്രായങ്ങളും ആവാം..ക്യാമ്പെയിന്‍ നടത്തുന്ന പ്രസ്ഥാനവുമായി ഈ എഴുത്തിനു യാതൊരു ബന്ധവുമില്ല..വ്യക്തിപരമായി എന്റെ ആശയങ്ങള്‍,ചിന്താഗതികള്‍ പങ്കു വെക്കുന്നു..അത്രമാത്രം..)
 

  വേണം മറ്റൊരു കേരളം

            (ഒന്ന്)

വേണം മറ്റൊരു കേരളമെന്ന്
വേപഥു  പൂണ്ടവര്‍ ചൊല്ലുമ്പോള്‍ 
വേണ്ടാതിനമത് ചൊല്ലരുതെന്ന്
വേണ്ടപ്പെട്ടവര്‍ മൊഴിയുന്നോ? 
                  ''ഭാര്‍ഗവരാമന്‍ മഴുവാല്‍ തീര്‍ത്തൊരു 
                   ഭൂവിത് കേരളമറിയേണം  
                   ശിവപാര്‍വതിമാര്‍ തെക്ക് വടക്കായ്
                   കാക്കും നാടെന്നറിയേണം       
ദൈവത്തിന്റെ സ്വന്തം നാടിതു 
മാറണമെന്നത്  പറയുന്നോര്‍ 
ദൈവനിഷേധികളെന്നല്ലാതെ 
പിന്നെന്തവരെ വിളിക്കേണ്ടൂ?''
                   (പലവേഷത്തില്‍ പലഭാവത്തില്‍ 
                   ആള്‍ ദൈവങ്ങള്‍ വിലസുമ്പോള്‍ 
                   ദൈവത്തിന്‍ നാടെന്നല്ലാതെ  
                   മറ്റെന്തിതിനെ വിളിക്കേണ്ടൂ!)
ദൈവപ്പേരില്‍ ചെപ്പടിവിദ്യകള്‍ 
കാട്ടിനടപ്പൂ കേമന്മാര്‍-
കാവിയുടുത്തോര്‍,വെള്ളയുടുത്തോര്‍,   
പാട്ടും ആട്ടവുമറിയുന്നോര്‍!
                   അവരുടെ കാല്‍ക്കല്‍ വീഴാനും 
                   അവരുടെ മാറില്‍ ചായാനും 
                   കവിളില്‍ മുത്തം വാങ്ങാനും 
                   കാത്തുകിടപ്പൂ പാവങ്ങള്‍!
കോവിലിനുള്ളില്‍ കുടികൊള്ളും തിരു-
രൂപം കണ്ടു തൊഴാനായി,
കോടികണക്കിനു ഭക്തര്‍ ക്യൂവില്‍ 
തൊഴുകൈകളുമായ് നില്‍ക്കുമ്പോള്‍ 
                    കാശുമുടക്കിയ മുന്തിയ ഭക്തര്‍ 
                    'ഗ്രീന്‍ചാനല്‍' വഴിയെത്തുന്നു!
                     വി.ഐ.പി.കള്‍ ക്യൂവിനുനേരെ 
                     കൈവീശുന്നു, ചിരിക്കുന്നു!
ചാക്കുകണക്കിന് കാശുകൊടുത്താല്‍ 
ചാക്കില്‍ കയറും ദൈവങ്ങള്‍!
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ 
നാട്ടുനടപ്പിതു മാറണ്ടേ?
                    വേണം മറ്റൊരു കേരളമെന്ന് 
                    വേപഥു പൂണ്ടവര്‍ ചൊല്ലുമ്പോള്‍
                    കാരണമെന്തെന്നറിയാനായ് 
                    കാതുകള്‍ നമ്മള്‍ തുറക്കണ്ടേ?      

                          (രണ്ട്)
'ജാതിയുമൊന്ന്,മതവും ഒന്ന്,
ദൈവവുമൊന്ന്  മനുഷ്യന്ന്'
ഗുരുവചനം കേട്ടാഹ്ലാദിച്ചൂ     
അന്നീ കേരളമൊന്നാകെ.
                       നാനാജാതികളുപജാതികളും 
                       സംഘം ചേര്‍ന്ന് നടക്കുമ്പോള്‍ 
                       സംഘര്‍ഷത്തിന്‍ നാടായ്‌ മാറീ
                       ഇന്നീ കേരള മറിയേണം!
നന്മകള്‍ വിളയും നാടെന്ന്
കവികള്‍ പാടിയ കേരളമേ,
തിന്മകള്‍ നിന്നില്‍ നിറയുമ്പോള്‍ 
കരളുരുകുന്നൂ തകരുന്നൂ 
                   മണ്ണിനു,പെണ്ണിന് വില പറയുന്നൊരു 
                   മാഫിയ നര്‍ത്തനമാടുന്നൂ!
                   മണ്ണിനു പൊന്നിന്‍ വില നല്‍കുന്നൂ 
                   പെണ്ണിന്‍ മാനം കവരുന്നൂ 

സ്വര്‍ണ്ണക്കടകള്‍,ബാര്‍ഹോട്ടലുകള്‍ 
മുക്കിനു മുക്കിനുപെരുകുന്നൂ 
നൂറുകണക്കിന് നാനോ കാറുകള്‍ 
നിത്യം റോഡിലിറങ്ങുന്നൂ!
            ഐ.ടി.പാര്‍ക്കും സ്മാര്‍ട്ട് സിറ്റീം 
            കണ്ണഞ്ചിക്കും കാഴ്ചകളും,
            വികസനമെത്തീ അതിവേഗം 
             മുന്നേറീ നാം ബഹു ദൂരം!     
 
                            
                                         (മൂന്ന്)

                          അക്ഷയതൃതിയ അടുത്തെത്തി  
                          അയലത്തൂന്നും വിളിയെത്തി 
                        '' സുവര്‍ണ്ണ നാളില്‍ സുന്ദര നാളില്‍ 
                          സ്വര്‍ണ്ണം ഒരുതരി വാങ്ങണ്ടേ?'' 


                                   
                                                     കാണം വിറ്റും ഓണം ഉണ്ണാന്‍
                                                      കാത്തുകിടന്നൊരു മലയാളി 
                                                      കണ്ടം വിറ്റും പണ്ടം വാങ്ങാന്‍ 
                                                      ക്യൂ നില്‍ക്കുന്നൂ ജ്വല്ലറിയില്‍!
                                  

 മഴുവാല്‍ തീര്‍ത്തൊരു നാടിന്‍ നാശം 
മഴുവാല്‍ത്തന്നെ തുടങ്ങീ നാം 
കാടുകള്‍ വെട്ടീ,മേടുകള്‍ തട്ടീ 
നാടിന്‍ വികസന പാതയ്ക്കായ്
                       കാടുകള്‍ തോടുകള്‍ കുഞ്ഞരുവികളും 
                            കുളങ്ങള്‍ വയലുകള്‍ കുന്നുകളും 
                            കാണാ കാഴ്ചകളാകുന്നൂ 
                            കേരളനാടിത് വളരുന്നൂ!  
 രണ്ടും മൂന്നും മേനി വിളഞ്ഞൊരു  
 പാടം പാര്‍പ്പിടമാകുന്നൂ
 നെല്ലിനു പകരം 'വില്ലകള്‍' വിളയും 
 നാടായ്‌ നാടിതു മാറുന്നൂ!
                       വൈദ്യുതിവെട്ടം വന്നൊരുനാട്ടില്‍
                       കുട്ടിച്ചാത്തനകന്നപ്പോള്‍
                        വൈദ്യുതി തന്നുടകമ്പടിയോടെ 
                        'പെട്ടി'യിലെത്തീ ചാത്തന്മാര്‍!
ഏലസ്സുകളുടെ  അത്ഭുതസിദ്ധികള്‍  
ചാനല്‍ ചര്‍ച്ചയില്‍ നിറയുന്നൂ 
എതിരാളികളുടെ വാദമുഖങ്ങള്‍
സിദ്ധര്‍ നിഷ്പ്രഭാമാക്കുന്നൂ! 
                       സാക്ഷരസുന്ദര കേരളനാട്ടില്‍ 
                      യക്ഷിക്കഥകള്‍കൊഴുക്കുമ്പോള്‍ 
                      കണ്ണില്‍ക്കണ്ടതു പോലാക്കഥകള്‍ 
                      സാക്ഷരജനത വിഴുങ്ങുന്നൂ!
  വേണം മറ്റൊരു കേരളമെന്ന്
വേപഥു  പൂണ്ടവര്‍ ചൊല്ലുമ്പോള്‍ 
കാരണമെന്തെന്നറിയാനായ്
കഥകള്‍ ഇനിയും ചൊല്ല ണമോ?
 

ശനിയാഴ്‌ച, സെപ്റ്റംബർ 24, 2011

'സാധു മനുഷ്യന്‍'

കവിത 
                                            'സാധു മനുഷ്യന്‍' 
             
                    തീവണ്ടിയാത്രയ്ക്കിടയില്‍ ഞാനിന്നലെ  
               പതിവുപോല്‍ കണ്ടു,ആ 'സാധു മനുഷ്യനെ'
               ഇരുകൈകളാലൂന്നുവടിയും പിടിച്ചുകൊ-
               ണ്ടൊരു കാലില്‍ നീങ്ങുമാ സാധു മനുഷ്യനെ.
                              'പാറിപ്പറക്കുന്ന നര വീണ മുടിയും 
                              വെള്ളി രോമങ്ങളാല്‍ മിന്നുന്ന താടിയും
                              കീറിപ്പറിഞ്ഞൊരു  ലുങ്കിയും ബനിയനും 
                              നീട്ടിയ കയ്യിലൊരു പൊട്ടിയ പാട്ടയും'
               സാധുവിന്‍ രൂപം മനസ്സില്‍ പതിയവേ,
               അറിയാതെയുള്ളില്‍ തെളിഞ്ഞു വന്നു 
               സൌമ്യമാമൊരു പെണ്‍കിടാവിന്‍ മുഖം 
               പേടിച്ചരണ്ടൊരാ  കൊച്ചു മുഖം.
                              മാറുന്നു തെളിയുന്നു സാധുവിന്‍ ചിത്രം 
                              മോര്‍ഫിങ്ങിലെന്നപോല്‍ ഭീകര രൂപിയായ് 
                              നീളുന്നു ദംഷ്ട്രകള്‍,നാക്കും നഖങ്ങളും 
                              നൊട്ടി നുണയുന്നു കുഞ്ഞിളം ചോര 
             ഒരു മാത്രയെന്‍കണ്ണില്‍ അഗ്നി ജ്വലിച്ചുവോ? 
             രോഷാഗ്നിയില്‍ സാധു നീറിപ്പുകഞ്ഞുവോ? 
             അല്ലെങ്കിലെന്തിനവനെന്നോടു ചൊല്ലി?
             ''അല്ല സാര്‍, 'സാധു' ഞാന്‍ 'ചാമി'യല്ല!'' 
                                               (നാരായണന്‍മാഷ്‌ ഒയോളം)                 
                     
               

ഞായറാഴ്‌ച, സെപ്റ്റംബർ 18, 2011

നാട്ടിന്‍പുറത്തെ ഓണ വിശേഷങ്ങള്‍...

മാറുന്ന ലോകത്തെക്കുറിച്ചും,ഓണക്കാഴ്ച്ചകളില്‍ വന്ന മാറ്റങ്ങളെക്കുറിച്ചും എന്തൊക്കെപ്പറഞ്ഞാലും നാട്ടിന്‍ പുറങ്ങളിലെ ആളുകള്‍ക്ക് ഓണം ഒരു ഹരം തന്നെയാണ്.. നാടന്‍ കലാസമിതികളൊക്കെ   ഉറക്കത്തില്‍ നിന്നുണര്‍ന്ന് സജീവമാകുന്ന സമയം..എല്ലാ ക്ലബ്ബുകളും എന്തെങ്കിലും പരിപാടി സംഘടിപ്പിക്കും.കുട്ടികള്‍ക്കും,മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള വൈവിധ്യമാര്‍ന്ന മത്സരങ്ങളായിരിക്കും മുഖ്യ ഇനം...വിജയികള്‍ക്ക് സമ്മാനങ്ങളും നല്‍കും.സമാപനത്തോടന്ബന്ധിച്ച് സാംസ്കാരിക സമ്മേളനവും,പ്രഭാഷണവും,കലാപരിപാടികളും ഉണ്ടാകും.നാട്ടുകാര്‍ ഒന്നടങ്കം ഇത്തരം പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യും.മാവേലിയുടെ ഗൃഹ സന്ദര്‍ശനം,ക്ലബ്ബു പരിധിയിലെ വീടുകളില്‍ ഒരുക്കുന്ന പൂക്കളങ്ങളില്‍ മികച്ചതിനു സമ്മാനങ്ങള്‍ നല്‍കല്‍ തുടങ്ങിയ പരിപാടികളും അടുത്ത കാലത്തായി പലയിടത്തും കാണാറുണ്ട്.ഉത്രാടം,ഓണം ദിവസങ്ങളിലായിരിക്കും മിക്കയിടത്തും ആഘോഷം.ഉച്ചവരെയുള്ള പരിപാടികളില്‍ പങ്കാളികളും കാണികളുമായി കുട്ടികളായിരിക്കും അധികവും..ഉച്ചയാകുമ്പോഴേക്കും പരമാവധി നേരത്തെ വീട്ടു ജോലികളെല്ലാം തീര്‍ത്ത്‌,ഓണസദ്യയും കഴിച്ച്‌ മക്കളുടെയും കൊച്ചു മക്കളുടെയും പരിപാടികള്‍ കാണാനും പറ്റുമെങ്കില്‍ ഒരു കൈ നോക്കാനും അമ്മമാരും അമ്മൂമ്മമാരും റെഡി യാകും! പരിപാടികള്‍ തീരുമ്പോഴേക്കും നേരം വളരെ വൈകും..ഒന്നോ രണ്ടോ ദിവസം മറ്റെല്ലാം മറന്ന് ഇങ്ങനെ ഓണാഘോഷങ്ങളില്‍ ലയിച്ചിരിക്കുന്ന മലയാളികളെ ഒരു പക്ഷെ നാട്ടിന്‍ പുറങ്ങളില്‍ മാത്രമേ കാണാന്‍ കഴിയൂ....ഇവിടെ ഒന്നും ഫാഷനല്ല..കെട്ടിയൊരുക്കിയവയുമല്ല..നന്മകളാല്‍ സമൃദ്ധമായ ഗ്രാമീണ ജനതയുടെ സ്വാഭാവികമായ ഒത്തുചേരല്‍ മാത്രം..
                       ഞങ്ങളുടെ നാട്ടില്‍ ഈ വര്‍ഷത്തെ ഓണത്തിനും.ഉത്രാടത്തിനും പരിപാടികള്‍ ഉണ്ടായിരുന്നു..ഓരോ ദിവസവും ഓരോ സംഘത്തിന്റെ വക..മക്കള്‍  രണ്ടു പേരും സജീവമായിത്തന്നെ പരിപാടികളില്‍ പങ്കെടുത്തു..(കൈ നിറയെ സമ്മാനങ്ങളും കിട്ടി)..അവര്‍ മത്സരിക്കാത്ത ഇനങ്ങളില്‍ വിധികര്‍ത്താക്കളായും ,മറ്റവസരങ്ങളില്‍  കാണികളായും സംഘാടകരായും ഒക്കെ ഞാനും, ടീച്ചറും ആഘോഷത്തില്‍ പങ്കു ചേര്‍ന്നു.കൊച്ചുമക്കളുടെ പരിപാടികള്‍ കാണാന്‍ അമ്മയും അച്ഛനും ഏതാണ്ട് പൂര്‍ണ സമയവും അവിടെത്തന്നെ കഴിച്ചു കൂട്ടി..ഇതിനിടയില്‍ നല്ലൊരു  ഓണ സദ്യയും വീട്ടില്‍ ഒരുക്കിയിരുന്നു...തികച്ചും നാടന്‍,പൂര്‍ണ വെജി റ്റേറിയന്‍!അടുത്ത ഓണത്തിനായുള്ള കാത്തിരിപ്പ് മക്കള്‍ ഇപ്പഴേ തുടങ്ങിയിരിക്കുന്നു..ഒപ്പം ഞങ്ങളും.
ഇനി ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ നേര്‍ക്കാഴ്ചകളിലേക്ക്...
വരൂ...കാണൂ...അഭിപ്രായം അറിയിക്കൂ...



































    

വെള്ളിയാഴ്‌ച, സെപ്റ്റംബർ 09, 2011

'പൂവിളി'(കവിത)

കവിത 
                           'പൂവിളി'
    ''ഓണനാള്‍ വന്നിങ്ങടുത്തെത്തി
    ഓണപ്പൂക്കളം  തീര്‍ക്കണ്ടേ?''
    ഓര്‍ക്കാപ്പുറത്തമ്മ  ചൊന്നനേരം
    ഓമനപ്പെണ്‍കിടാവമ്പരന്നു

                   'പൂക്കളം തീര്‍ക്കുവാന്‍ പൂക്കള്‍ വേണ്ടേ?
                    പൂക്കളിറുക്കുവാനെങ്ങു  പോകും?'
                    പെണ്‍കിടാവിങ്ങനെ സംശയിക്കേ,
                    പിന്നിലായ് കേട്ടു പതിഞ്ഞ ശബ്ദം

    ''പൂക്കളം തീര്‍ക്കുവാന്‍ പൂക്കള്‍ വേണം
    പൂക്കള്‍ പറിക്കുവാനൊത്തു പോണം
    പൂക്കൂടയില്ലാതെ പൂവിളിയില്ലാതെ
    പൂക്കളം തീര്‍ക്കുവാന്‍ പൂ പോരുമോ?''

                  വായില്‍ മുറുക്കാന്‍ ചവച്ചുകൊണ്ട്
                  വാതില്‍പ്പടിയും കടന്നുവന്ന്
                  മുത്തശ്ശി മെല്ലെ മൊഴിഞ്ഞിടവേ
                  പെണ്ണിന്റെ സംശയം വേറെയായി

        ''പൂക്കളം തീര്‍ക്കുവാന്‍ പൂക്കള്‍ പോരേ?
          പൂക്കൂട പൂവിളി എന്തിനാണ്? 
         'പൂക്കൂട'യെന്താണ്?'പൂവിളി'യെന്താണ്?      
         പൂക്കളം തീര്‍ക്കാനിതെന്തിനാണ്?''
                  പെണ്ണിന്റെ സംശയം കേട്ടപാടെ
                  പൊട്ടിച്ചിരിച്ചുപോയ്‌ മുത്തശ്ശിയും
                  'പൂക്കൂട ,പൂവിളി എന്തെന്നറിയാത്ത
                  പൊട്ടിയോടെന്തു   ഞാന്‍ ചൊല്ലിടേണ്ടൂ!'

         മുത്തശ്ശി യിങ്ങനെ സംശയിക്കേ
         ഉച്ചത്തിലാരോ വിളിച്ചു ചൊല്ലി
        ''പൂക്കള്‍ വേണോ, നല്ല പൂക്കള്‍ വേണോ?
         പൂക്കളം തീര്‍ക്കുവാന്‍ പൂക്കള്‍ വേണോ?''

                    പൂക്കൂട തലയില്‍ ചുമന്നു കൊണ്ട്
                    പൂക്കാരിപ്പെണ്ണ്  വിളിച്ചു ചൊല്ലി
                   ''പൂക്കള്‍ വേണോ നല്ല പൂക്കള്‍ വേണോ
                    പുതു പുത്തന്‍ 'തോവാളപ്പൂക്കള്‍'വേണോ?''                          
        ''പൂക്കൂട കണ്ടല്ലോ,പൂവിളി കേട്ടല്ലോ!''
         പെണ്‍കിടാവാര്‍ത്തു  ചിരിച്ചിടുന്നു!
         'പുതുലോകപ്പൂക്കൂട,പുതുലോകപ്പൂവിളി'
         മുത്തശ്ശി യന്തിച്ചു നിന്നിടുന്നു!!
                                                   
                                                         (നാരായണന്‍ മാഷ്‌ ഒയോളം)

          
     



                           

തിങ്കളാഴ്‌ച, സെപ്റ്റംബർ 05, 2011

നഷ്ട സ്വപ്നം(കവിത)

(വര്‍ഷങ്ങള്‍ക്കു മുമ്പ് ടി.ടി.സി.ക്ക് പഠിക്കുമ്പോള്‍ എഴുതിയ ഒരു 'കവിത' അധ്യാപക ദിനമായ ഇന്ന് ഈ ബ്ലോഗിലെ ആദ്യ പോസ്റ്റ്‌ ആയി പ്രസിദ്ധീകരിക്കട്ടെ....അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പിന്നീട് കൂട്ടിചേര്‍ത്തതാണ്  അവസാനത്തെ നാലു വരികള്‍.)     
                        നഷ്ട സ്വപ്നം 
എന്റെ ഗ്രാമത്തിലെ 
എന്റെ കുടിലിലെ 
എന്റെ മുറിയില്‍വെച്ചന്ന്
സുന്ദരമാമെന്റെ  കൊച്ചു സ്വപ്നങ്ങളെ 
താരാട്ടു പാടിയുറക്കി 
ഞാന്‍,താരാട്ടു പാടിയുറക്കി...
       ആതുരസേവന തല്‍പ്പരനായൊരു
       ഡോക്ടറാകാന്‍ ഞാന്‍ കൊതിച്ചു 
       പക്ഷെ-
       ജീവിതമാകുന്ന കരകാണാ കടലില്‍ ഞാന്‍ 
       കൈകാലിട്ടടിച്ചപ്പോള്‍ 
       ആദ്യമായ് കണ്ടൊരാ കരയിലേക്ക് 
       ആവേശത്തോടെ  ഞാന്‍ നീന്തി.....
അതെ, 
വാധ്യാരു ട്രെയിനിങ്ങി-
നട്മിഷന്‍ കത്തുമായ്
പോസ്റ്റുമാന്‍ വന്നൊരാ ദിവസം
സുന്ദരമാമെന്റെ  കൊച്ചു സ്വപ്നങ്ങളെ 
താരാട്ടു പാടിയുറക്കി 
ഞാന്‍, താരാട്ടു പാടിയുറക്കി...
ഡോക്ടരായീടാന്‍ കൊതിച്ച ഞാനങ്ങനെ
കൊച്ചു വാദ്ധ്യാരായി മാറി
       ...............................................................
      വര്‍ഷങ്ങളേറെക്കഴിഞ്ഞോരീവേളയില്‍
      അറിയുന്നു ഞാനുമാ സത്യം 
      മറ്റേതു ജോലിയെക്കാളും മഹത്തരം
      അധ്യാപനം എന്ന സത്യം!