ശനിയാഴ്‌ച, ജനുവരി 10, 2015

പ്രഥമാധ്യാപകൻ

                                                                                                                                      പത്രത്താളുകളിൽ നിറയുന്ന                                                               ‘പ്രഥമാധ്യാപകൻ ഇങ്ങനെ...                                                                                                ''പിരിമുറുക്കം  ഏറെയുള്ളവൻ...                                                                                                 വണ്ടിക്കാള.......                                                                                                             ഉച്ചക്കഞ്ഞിക്ക് വകയില്ലാതെ,                                                                                                     പരക്കംപായുന്നവൻ....                                                                                           ആത്മഹത്യയിൽ                                                                                                 അഭയം പ്രാപിക്കുന്നവൻ.......''
......................                                                                                                    മെട്രോ മനോരമയ്ക്കും
കൌമുദിസ്പെഷ്യലിനും                                                                                       വായനക്കാർഏറുന്നു....                                                                                                അവർ പരസ്പരം                                                                                                                   ചോദിക്കുന്നു...                                                                                                          ഇതു നേരോ?                                                                                                                        ...........                                                                                                 പക്ഷേ,                                                                                 നേരറിയുന്നോർ-                                                                    നേരരിയേണ്ടുന്നോർ,                                                                                                 നേരുംനെറിയുമുള്ളോർ!                                                                                      അവർ മാത്രം
മൌനംതുടരുന്നു.                                                                                                                          തുടരട്ടെ....                                                                                                                                        ആപ്തവാക്യം                                                                                                                    അങ്ങനെതന്നെ നിൽക്കട്ടെ.....                                                                                                               മൌനം വിദ്വാനു ഭൂഷണം!

                    ********

വ്യാഴാഴ്‌ച, ജനുവരി 01, 2015

ആഫ്റ്റർ എ ഷോർട്ട് ബ്രേക്ക്'

ഇന്നലെ-
       ഒരു വർഷം
       കൊഴിഞ്ഞു .
       ഇനിയത്
       പോയ  വർഷം
ഇന്ന്-
      ഒരു  വർഷം  
      പിറന്നു.
      ഇനിയിത്
      പുതു  വർഷം  
ഇപ്പോൾ -
     പോയ വർഷത്തെ
     ടേബിളിൽ
     കിടത്തിയിരിക്കയാണ്
     പോസ്റ്റ്‌ മോർട്ടത്തിനായി
     പ്രഗൽഭരായ
     ഒരുപാടു ഡോക്ടർമാർ
     എത്തിക്കൊണ്ടിരിക്കുന്നു  
     തീരാൻ ദിവസങ്ങളേറെ
     വേണ്ടിവരും.
     തത്സമയ റിപ്പോർട്ടിങ്ങിനും
     വിശകലനങ്ങൾക്കുമായ്  
     ചാനലുകളും പത്രങ്ങളും
     എന്നേ ഒരുങ്ങിക്കഴിഞ്ഞു!
ഇപ്പുറത്ത്-
      ഇന്നു പിറന്ന ഉണ്ണിയുടെ,
      ജാതകം കുറിക്കാൻ
      മത്സരിച്ച്
      കവടി നിരത്തുകയാണ്  
      ജ്യോതിഷികൾ!
      അതും കാണാം
      തത്സമയം ചാനലിൽ...
ഇവിടെ-
     ചാനലുകൾ മറ്റാനും.
     മാറ്റാതിരിക്കാനും
     കലഹം മുറുകുന്നു.
    ''പോയതു പോയി
     പോസ്റ്റു മോർട്ടം റിപ്പോർട്ടു-
     കൊണ്ടെന്തു കാര്യ''-
     മെന്നൊരു കൂട്ടർ.
     അവർക്കറിയേണ്ടത്
     പിറന്ന കുഞ്ഞിൻ  ഭാവി
     അതിനായ്ക്കാണണം 
     ജാതകച്ചർച്ചാ ചാനൽ.
     റിമോട്ട് വിടാതെ,
     മറുകൂട്ടർ മൊഴിയുന്നു,
    ''ഇന്നലെച്ചെയ്തോരബദ്ധം
     നാളെയും ചെയ്യാതിരിക്കാൻ
     എല്ലാം അറിയണം
     എല്ലാരുമറിയണം..
     അതിനായ്ക്കാണണം
     പോസ്റ്റു മോർട്ടം.''
ഇതാ-
     വാദം കൊഴുക്കവേ
     പിടിവലി മുറുകവേ
     ചാനലിൽ നിന്നൊരു ശബ്ദം 
     ''പരിപാടി തുടരും..
     ആഫ്റ്റർ എ ഷോർട്ട് ബ്രേക്ക്''
                      പ്രായോജകർ,                                                                                                                                       മന്ദഹാസം പോഴിയവേ
                      കൊച്ചുകിടാങ്ങൾ കൈ-
                      കൊട്ടിച്ചിരിക്കവേ  
                      ആരോ ഒരാൾ ചാനൽ
                      വേഗത്തിൽ മാറ്റുന്നു  

                      അവിടെയും വലിയൊരു
                      ഷോർട്ട് ബ്രേക്ക്..
                      മന്ദഹസിക്കുന്നു പ്രായോജകർ,
                      അവിടെയും ഇവിടെയും
                      ഒന്നുപോലെ! 
               ...................................
              ഒരു വർഷം പോയാലും
              പുതു വർഷം വന്നാലും
              മന്ദഹസിപ്പതും
              പൊട്ടിച്ചിരിപ്പതും
              അട്ടഹസിപ്പതും
              പ്രായോജകർ.
             കുമ്പിളിൽ കഞ്ഞി-
             കുടിക്കുന്ന കോരനും
             കോരന്റെ മക്കളും
             കാണി മാത്രം! 


                     

    
  

ചൊവ്വാഴ്ച, ഡിസംബർ 30, 2014

വണ്ടി

ആളു വലിക്കും വണ്ടി
ആളെക്കേറ്റും വണ്ടി
ആളുകൾ കേറിയിരുന്നാൽ
ആഞ്ഞു വലിച്ചവനോടും.

അതിവേഗം അവനോടും
ബഹുദൂരം അവനോടും
ആളുകൾ വിണ്ടും കേറാൻ
ആവുന്നതിലും വേഗം!

മോട്ടോർവണ്ടികൾ ചുറ്റും
ചീറിപ്പായും നേരം
അവരോടൊത്തവനോടും
അവന്റെ വണ്ടി വലിച്ച്!

കഥയിൽ കണ്ടൊരു വണ്ടി
'പപ്പു' വലിച്ചൊരു വണ്ടി
കണ്മുന്നിൽ ഞാൻ കണ്ടു
കൊൽക്കത്തായുടെ തെരുവിൽ!

ഒന്നല്ലനവധി വണ്ടി
ആളെ ക്കേറ്റും വണ്ടി
ആളു വലിച്ചോണ്ടിന്നും
അവിടെപ്പാഞ്ഞു നടപ്പൂ!

ശനിയാഴ്‌ച, ഡിസംബർ 13, 2014

വിധേയരുടെ ഈ ലോകം

കഥ                                                           സുമ ടീച്ചർ

കുഞ്ഞാമൻ കാരണവർ കാലുകൾ നീട്ടിവെച്ച് നടന്നു..വേഗം വീട്ടിലെത്തണം.കണ്ണനെ മുറിക്കകത്ത് പൂട്ടിയിട്ടാണ് വന്നിരിക്കുന്നത്.അവൻ ഉറങ്ങിക്കാണുമോ ആവോ..പകലുകൾ ഉണർന്നിരിക്കാനുള്ളവയാണെന്നും രാത്രികൾ ഉറങ്ങാനുള്ളവയാണെന്നും അവന്  അറിയില്ലല്ലോ.അല്ലെങ്കിൽത്തന്നെ അവതമ്മിൽ അവനെന്തു വ്യത്യാസം!                        അൽ‌പ്പസമയംകൂടി നിന്നാൽ വണ്ടിയിൽ കൊണ്ടുവിടാമെന്ന് ദാമോദരൻ പറഞ്ഞതാണ്..വേണ്ട,ആരെയും ബുദ്ധിമുട്ടിക്കേണ്ട.          വീട്ടിലെത്തി നോക്കിയപ്പോൾ കണ്ണൻ ഉറങ്ങിയിട്ടില്ല.നിവർത്തിപ്പിടിച്ച വലതുകൈത്തലത്തിലേക്കുനോക്കി പെരുവിരൽനഖത്തോട് എന്തൊക്കെയോ സംസാരിക്കുകയാണവൻ.അവന്റെ ഒരേയൊരു കൂട്ടുകാരൻ ആ നഖം മാത്രമാണല്ലോ......പൊന്നുമോനേ,എന്റെ കണ്ണുകളിലേക്കുനോക്കി എന്തെങ്കിലും ഒരു വികാരത്തോടെ  എന്നാണ് നീയൊന്നു സംസാരിക്കുക?                                                           നാൽ‌പ്പത്തിരണ്ടുദിവസങ്ങൾക്കുമുമ്പ് ആശുപത്രിക്കിടക്കയിൽ അർധബോധാവസ്ഥയിൽ അവസാനമായി ദേവകി പറഞ്ഞുകൊണ്ടേയിരുന്നു,“കണ്ണൻ..എന്റെ കണ്ണൻ...”                                        മൂത്ത രണ്ടു മക്കളെക്കുറിച്ച് ഒരുവേവലാതിയുമില്ല.രണ്ടുപേരും കുടുംബമായി സന്തോഷത്തോടെ ജീവിക്കുന്നു.എങ്കിലും ഇന്നുരാവിലെ മൂത്തമകന്റെ                  ഗ്യ് ഹപ്രവേശനമുഹൂർത്തത്തിൽ തിളച്ചുപതഞ്ഞ പാലിനൊപ്പം തന്റെ നെഞ്ചിൻ കൂടിൽ നിന്ന് നുരഞ്ഞുപൊങ്ങിയത് എന്തായിരുന്നുവെന്ന് കാരണവർക്ക് ഇപ്പോഴും അറിയില്ല.                                                                                                 മനുഷ്യൻ മനുഷ്യനെപ്പോലെ പെരുമാറാതിരിക്കുമ്പോൾ, ജീവിക്കാതിരിക്കുമ്പോൾ ശാസ്ത്രം അതിനു പല കാരണങ്ങളും കണ്ടെത്തും....ഗ്രഹങ്ങളും പലതും പറയും.എൻഡോസൾഫാനായാലും ശനിയായാലും ജീവിതം തന്നെ കൈവിട്ടുപോയി തനിക്ക്.                                                     ഇന്നേതായാലും തൽക്കാലം അടുക്കളയിൽ  ജോലിയൊന്നുമില്ല.രണ്ടുപേർക്കുള്ള ഭക്ഷണം ഉച്ചയ്ക്കുമുമ്പ് ഇങ്ങോട്ടെത്തിക്കാമെന്ന് ദാമോദരൻ പറഞ്ഞിട്ടുണ്ട്.വീണ്ടും അങ്ങോട്ട് നടന്ന് ബുദ്ധിമുട്ടേണ്ടല്ലോ.                                                                                                                                               ടി.വി.ഓൺചെയ്തു നോക്കി.ന്യ് ത്തത്തിന്റെ റിയാലിറ്റി ഷോ.തട്ടുപൊളിപ്പൻ സംഗീതം കേട്ടപ്പോൾ കണ്ണൻ ഒന്നു തലയനക്കി. “ബാ...” എന്നൊരു ശബ്ദം അവന്റെ തൊണ്ടയിൽനിന്നും പുറത്തേക്കു വന്നു.അപ്പോഴാണ് അതു കണ്ടത്.അവന്റെ ഇരു കണ്ണുകളിലും ചമറ് അടിഞ്ഞിരിക്കുന്നു.കാരണവർ ഒന്നു ഞെട്ടി.രാവിലെ തിരക്കിലായിരുന്നു എന്നത് നേര്.പക്ഷേ,താനും........?                                                                                                                                                       നനഞ്ഞ തുണി കൊണ്ടുവന്ന് മകന്റെ മുഖവും കണ്ണുകളും തുടച്ചു  വ്യ് ത്തിയാക്കുമ്പോൾ ആ പിതാവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.അനുസരണയുള്ള ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ ശാന്തനായി പതുങ്ങിയിരിക്കുകയാണ് ആ ഇരുപത്തിയെട്ടുകാരൻ.                                                                             അനുസരണ ഒരു നല്ല ശീലം തന്നെയാണോ?      മകന്റെ അനുസരണക്കേട് കാണാൻ വർഷങ്ങളായി കാത്തിരിക്കുന്ന പിതാവാണു താൻ.  “ഛെ,എന്താണച്ഛാ ഇതൊക്കെ? ഞാൻ തന്നെ ചെയ്തോളാം” എന്ന് അവൻ തന്റെ കൈ തട്ടി മാറ്റിയെങ്കിൽ..!                                                                                                                കണ്ണനെ നേരെ കിടത്തിയതിനുശേഷം വീണ്ടും ടി.വിയിൽത്തന്നെ ശ്രദ്ധിച്ചു.വിധികർത്താക്കളിലൊരാൾ നർത്തകനു വന്ന ചുവടുപിഴ ചൂണ്ടിക്കാണിക്കുകയാണ്.ഭവ്യതയോടെ നർത്തകൻ എല്ലാം കേട്ടു നിൽക്കുന്നു.ഇടയ്ക്കിടെ നെഞ്ചിൽ കൈവെച്ച്,തല കുനിച്ചുകൊണ്ട് തന്റെ വിനീത വിധേയത്വം പരമാവധി പ്രകടിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് അയാൾ.കാരണവർക്ക് എന്തോ വല്ലായ്മ തോന്നി.അയാൾ റിമോട്ടിൽ വിരലമർത്തി.സിനിമയാണ്.വില്ലനെ അടിച്ചു വീഴ്ത്തുന്ന നായകൻ.മടുപ്പു തോന്നി അയാൾ ടി.വി ഓഫ് ചെയ്തു.കണ്ണൻ ഉറങ്ങിക്കഴിഞ്ഞിരുന്നു.                                                                                                                                            മുറ്റത്തു വണ്ടി വന്നു നിൽക്കുന്ന ശബ്ദം.അടുത്ത വീട്ടിലെ വിജയനാണ്.ഭക്ഷണവും കൊണ്ട്  വന്നതാണ്.  “ദാമോരേട്ടൻ തന്നെ വരാനിരുന്നതാണ്.അന്നേരത്താണ് ആപ്പീസറും കുടുംബവും എത്തിയത്.വൈകീട്ട് ഇങ്ങോട്ട് വരാമെന്ന് പറഞ്ഞിട്ടുണ്ട്.” പാത്രങ്ങളേൽ‌പ്പിച്ച് വിജയൻ തിരിച്ചുപോയി.                                                                                                                                                        ഭക്ഷണംകഴിക്കാറായിട്ടില്ല.കണ്ണനുണരട്ടെ.ഒരുമിച്ചാവാം.അപ്പോഴാണ് മുറിയുടെ മൂലയിൽ വെച്ച അവന്റെ വീൽ ചെയർ ശ്രദ്ധിച്ചത്.ചക്രത്തിനടുത്തായുള്ള ഒരു സ്ക്രു ഇളകിയിട്ടുണ്ടോ? അയാൾ സ്പാനറെടുത്ത് ആ ആണി  തിരിച്ചു മുറുക്കാൻ തുടങ്ങി......                                                         (കഥവരമ്പത്തൂടെ ബ്ലോഗിൽ നിന്ന്)

വെള്ളിയാഴ്‌ച, ഡിസംബർ 12, 2014

കവിത

              കവിയില്ലാതെ                                                                                                                                     കവിതയില്ലല്ലോ                                                                                                                                   കവിതയില്ലേലും                                                                                                                                   കവിയുണ്ടല്ലോ!                                                                                                                                                                            കവിയുടെ                                                                                                                                            വിതയാണു                                                                                                                                           കവിത.                                                                                                                                                  വിതയ്ക്കുന്നത്                                                                                                                                    കവി                                                                                                                                                    കൊയ്യുന്നതോ?

തിങ്കളാഴ്‌ച, ഓഗസ്റ്റ് 18, 2014

മുഖപുസ്തകം

  മുഖപുസ്തകത്താളിലൊന്നല്ലരണ്ടല്ല-                                                        ഒരുനൂറുവട്ടമെത്തും,ദിനവും,                                                                                            ഒരുനൂറുവട്ടമെത്തും..                                                                                                        ഞാൻ,പലവട്ടമോടിയെത്തും! .....                                                                                                          ഇതുവരെ കാണാത്ത,  .....                                                                                                              അറിയാത്ത പറയാത്ത...........                                                                                                ഒരുപാടുമുഖമതിൽ തെളിയും...                                                                                                          കാണാൻ കൊതിച്ചവർ,  ....                                                                                                                                                                                                                                                                                കണ്ടു മറന്നവർ    ...                                                                                                                                  കൺ മുൻപിലെപ്പൊഴും കാണുവോരും!..                                                                    വിരലൊന്നമർത്തിയാൽ  ....                                                                                          ചങ്ങാതിയായിടും    ...                                                                                        കാതങ്ങളകലെയുള്ളോരും,ഒപ്പം   ...                                                                                                കണ്ടാലും മിണ്ടാത്ത പലരും!   ....                                                  മുഖപുസ്തകത്താളിലൊന്നല്ലരണ്ടല്ല-    ....                                                ഒരുനൂറുവട്ടമെത്തും..ദിനവും,   ...                                                                                          ഒരുനൂറുവട്ടമെത്തും..                                                                                                        ഞാൻ,പലവട്ടമോടിയെത്തും!                                             ........................................                                                                                                   ........................................             

ബുധനാഴ്‌ച, മാർച്ച് 05, 2014

അധ്യയന വര്‍ഷം തീരുമ്പോഴും സൗജന്യ യൂണിഫോമിനായി കാത്തിരിക്കുന്ന കുട്ടികൾ!


school_uniformഅധ്യയന വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴും സൗജന്യ സ്‌കൂള്‍ യൂണിഫോം വിതരണം എങ്ങുമെത്തിയിട്ടില്ല. സര്‍ക്കാരിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും അലംഭാവം കുട്ടികളെയും രക്ഷിതാക്കളെയും പോലെ സ്‌കൂള്‍ അധികൃതരെയും സാരമായി ബാധിച്ചു. അസംബന്ധങ്ങളും അബദ്ധങ്ങളും നിറഞ്ഞ ഉത്തരവുകളിലൂടെ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങളെ കുത്തക കമ്പനികള്‍ക്കു തീറെഴുതി നല്‍കിയ അധികൃതര്‍ ലാഭവിഹിതം പറ്റുന്നതില്‍ മാത്രം ശ്രദ്ധവെച്ചതാണ് പദ്ധതിയെ അനിശ്ചിതത്വത്തിലാക്കിയത്.
കേരളത്തിലെ 4489 സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ എട്ടു ലക്ഷം കുട്ടികള്‍ക്കും 7305 എയ്ഡഡ് വിദ്യാലയങ്ങളിലെ 24 ലക്ഷം കുട്ടികള്‍ക്കും രണ്ടു ജോടി വീതം യൂണിഫോം സൗജന്യമായി വിതരണം ചെയ്യുകയായിരുന്നു പദ്ധതിയുടെ ഉദ്ദേശ്യം. എട്ടാം ക്ലാസ് വരെയുള്ള ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ള ആണ്‍കുട്ടികള്‍ ഒഴികെയുള്ള മറ്റെല്ലാ കുട്ടികളുമായിരുന്നു പദ്ധതിയുടെ ഗുണഭോക്താക്കള്‍. 2013 ജൂണ്‍ മാസമായിരുന്നു ഇതു സംബന്ധിച്ച മന്ത്രിസഭാ തീരുമാനമുണ്ടായത്. ഓഗസ്റ്റ് 24ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ആദ്യ ഉത്തരവ് ഇറക്കി. സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കു വേണ്ട യൂണിഫോമിനുള്ള തുകയായ 33 കോടിരൂപ സര്‍വശിക്ഷാ അഭിയാന്‍ (എസ്എസ്എ) എന്ന കേന്ദ്ര പദ്ധതിയിലൂടെയാണു നല്‍കുക. എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികള്‍ക്കു വേണ്ട തുക സംസ്ഥാന സര്‍ക്കാരും വഹിക്കും. മുന്‍ വര്‍ഷംവരെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് എസ്.എസ്.എ ഫണ്ട് ഉപയോഗിച്ചാണ് യൂണിഫോം വിതരണം ചെയ്തിരുന്നത്.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കുന്ന തരത്തിലുള്ള പദ്ധതി തുടക്കത്തില്‍ തന്നെ വലിയ വിമര്‍ശനങ്ങള്‍ക്കു കാരണമായിരുന്നു. സ്‌കൂളിന്റെ ഐഡന്റിറ്റി എന്നതിനൊപ്പം സാമ്പത്തിക അസമത്വത്തിന്റെ വേഷക്കാഴ്ചകളെ ഇല്ലാതാക്കുക എന്നൊരു സാമൂഹ്യലക്ഷ്യം കൂടി യൂണിഫോമുകള്‍ക്കുണ്ടായിരുന്നു. എന്നാല്‍ അത്തരമൊരു കാഴ്ചപ്പാടുകളെ അട്ടിമറിക്കുന്ന തരത്തിലായിരുന്നു പുതിയ നിര്‍ദേശങ്ങള്‍. സര്‍ക്കാര്‍ സ്‌കൂളുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നേരിട്ട് ഉത്തരവാദിത്വമെടുക്കാതെ എസ്എസ്എ എന്ന പദ്ധതിക്ക് കൈമാറിയതും, എയ്ഡഡ് സ്‌കൂളുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നേരിട്ടു തീരുമാനമെടുക്കുന്നതും ഇരു വിഭാഗം സ്ഥാപനങ്ങളെയും വേര്‍തിരിച്ചു കാണുന്നതിന്റെ മറ്റൊരു ദൃഷ്ടാന്തമായിരുന്നു. സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികള്‍ എങ്ങനെയായാലും കുഴപ്പില്ലെന്ന ചിന്താഗതിക്ക് ഈ കാലഘട്ടത്തിലും മാറ്റം വന്നിട്ടില്ലെന്നു സാരം. കൂടാതെ, എട്ടാം ക്ലാസ് വരെയുള്ള ദാരിദ്ര്യ രേഖയ്ക്കു മുകളിലുള്ള ആണ്‍കുട്ടികളെ മാത്രമായി പദ്ധതിയില്‍ നിന്നൊഴിവാക്കിയതിനും സര്‍ക്കാരിന്റെ ഭാഗത്തു നിന്നു ന്യായീകരണമൊന്നുമുണ്ടായില്ല.
പദ്ധതി പ്രകാരം, അര്‍ഹതയുള്ള കുട്ടികളുടെ എണ്ണവും തുണിയുടെ അളവും ഓണ്‍ലൈനില്‍ നല്‍കിയതിനെത്തുടര്‍ന്ന് യൂണിഫോം വാങ്ങുന്നത് സംബന്ധിച്ച് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ക്ക് അനുവാദം നല്‍കി. ഡിസംബര്‍ 12ന് ഇത് സംബന്ധിച്ച വിശദമായ ഉത്തരവുണ്ടായി. ഉത്തരവ് വീണ്ടും വിവാദങ്ങള്‍ക്ക് വഴി തെളിച്ചു. തുണിയുടെ അളവും തരവും സംബന്ധിച്ച നിര്‍ദേശങ്ങളാണ് ഇത്തവണ വ്യാപക പ്രതിഷേധത്തിന് കാരണമായത്. ഏഴാംതരം വരെയുള്ള ആണ്‍കുട്ടികള്‍ക്കു നിക്കറും അരക്കയ്യന്‍ ഷര്‍ട്ടും എട്ടാം ക്ലാസിലെ ആണ്‍കുട്ടികള്‍ക്കു മാത്രം പാന്റ്‌സും ആണു നിര്‍ദേശിച്ചത്. പെണ്‍കുട്ടികള്‍ക്കു പാവാടയും ഉടുപ്പും. എട്ടാം ക്ലാസ് വിദ്യാര്‍ഥിനികള്‍ക്കു നീളന്‍ പാവാട അല്ലെങ്കില്‍ ചുരിദാറും ദുപ്പട്ടയും.
uniform_1നിലവില്‍ പല സ്‌കൂളുകളിലും അഞ്ചാം ക്ലാസ് മുതല്‍ പാന്റ്‌സ് ആണ്. കേരളത്തിലെ കുട്ടികളുടെ ശാരീരിക വളര്‍ച്ചയും വസ്ത്രധാരണത്തില്‍ വന്ന മാറ്റവും മനസിലാക്കാത്ത മണ്ടന്‍ ഉത്തരവിനെതിരേ രക്ഷിതാക്കളും അധ്യാപകരും ഒരുപോലെ ചാട്ടവാറെടുത്തപ്പോള്‍, ആണ്‍കുട്ടികള്‍ക്കെല്ലാം പാന്റ്‌സ് ആകാമെന്ന് ഉത്തരവു തിരുത്തി. എന്നാല്‍ യൂണിഫോമിന് ഉപയോഗിക്കേണ്ട തുണിയുടെ അളവ് കണ്ടതോടെ, ഈ പദ്ധതിയും ഉത്തരവും നിരുത്തരപാദമായ തീരുമാനങ്ങളാണെന്ന് വ്യക്തമാകുകയായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിക്ക് 52 സെ.മി വീതിയും 160 സെ.മി നീളവുമുള്ള ദുപ്പട്ടയാണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ 12 മുതല്‍ 14 വരെ വയസിനിടക്ക് പ്രായമുള്ള ശരാശരി വിദ്യാര്‍ഥിനിക്ക് ദുപ്പട്ടക്കായി 90 സെ.മി വീതിയും 2 മീറ്റര്‍ നീളവുമുള്ള തുണി വേണമെന്നു തയ്യല്‍ക്കാര്‍ പറയുന്നു. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായി വരുന്ന തുണിയുടെ അളവ് ശേഖരിച്ചു നല്‍കാനുള്ള ചുമതല സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്കാണ് ആദ്യം നല്‍കിയിരിക്കുന്നത്. ഷര്‍ട്ട്, സ്യൂട്ടിംഗ്, പാന്റ്, ദുപ്പട്ട, നിക്കര്‍ എന്നിവയുടെ അളവെടുപ്പിച്ച് വിദ്യാഭ്യാസ ഉപജില്ലാ ഓഫീസര്‍മാര്‍ക്ക് നല്‍കണമെന്നായിരുന്നു ആദ്യ നിര്‍ദേശം. നിര്‍ദേശത്തിനെതിരെ രക്ഷിതാക്കള്‍ ശബ്ദമുയര്‍ത്തിയപ്പോള്‍, രക്ഷിതാക്കള്‍ തന്നെ അളവെടുത്ത് സ്‌കൂള്‍ അധികൃതര്‍ക്കു നല്‍കണമെന്ന പുതിയ നിര്‍ദേശം പിന്നാലെയെത്തി.
യൂണിഫോമിനുള്ള തുണി വിതരണം ചെയ്യുന്നതിനായി എട്ടു കമ്പനികളുടെ പാനല്‍ സര്‍ക്കാര്‍ നിശ്ചയിച്ചു. മഫത്‌ലാല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്അഹമ്മദാബാദ്, സുസുക്കി ടെക്‌സ്റ്റൈല്‍സ് ലിമിറ്റഡ് രാജസ്ഥാന്‍, അലോക് ഇന്‍ഡസ്ട്രീസ്, മുംബൈ, ബന്‍സ്വാര സിന്റെക്‌സ് ലിമിറ്റഡ്രാജസ്ഥാന്‍, സംഗം (ഇന്‍ഡ്യ) ലിമിറ്റഡ് രാജസ്ഥാന്‍, എസ്. കുമാര്‍സ് നേഷന്‍വൈഡ് ലിമിറ്റഡ് മുംബൈ, ആര്‍.എസ്.ഡബ്ലു.എം ബില്‍വാരാ ടവേഴ്‌സ് ഉത്തര്‍പ്രദേശ്, നാഷണല്‍ ടെക്‌സ്റ്റൈല്‍സ് കോര്‍പ്പറേഷന്‍ ന്യൂഡല്‍ഹി എന്നീ സ്ഥാപനങ്ങളെയാണ് യൂണിഫോമിനുള്ള തുണികള്‍ വിതരണം ചെയ്യാനായി കണ്ടെത്തിയത്. വിദ്യാഭ്യാസ വകുപ്പ് എംപാനല്‍ ചെയ്ത കമ്പനികളില്‍ നിന്ന് തുണി വാങ്ങണമെന്ന് പുതിയ ഉത്തരവും ഇറക്കി. അതേസമയം, ഈ കമ്പനികള്‍ 11 പാറ്റേണിലുള്ള തുണികള്‍ മാത്രമാണ് നല്‍കുക. കമ്പനികളെ ആശ്രയിക്കുമ്പോള്‍ നിലവിലെ യൂണിഫോം മാറ്റേണ്ടതായി വരുമെന്നത് പുതിയ വിവാദങ്ങള്‍ സൃഷ്ടിച്ചു.
കേരളത്തിലെ ഓരോ സ്‌കൂളിനും അതിന്റെ ഐഡന്റിറ്റി സാക്ഷ്യപ്പെടുത്തുന്ന വ്യത്യസ്തങ്ങളായ യൂണിഫോം നിറവും രീതിയുമാണുള്ളത്. ഓരോ ജില്ലയ്ക്കും 50 മുതല്‍ 60 വരെ വ്യത്യസ്ഥ തരം തുണികള്‍ ആവശ്യമായി വരും. എന്നാല്‍ കമ്പനികളുടെ പക്കലുള്ള 11 പാറ്റേണ്‍ കൊണ്ട് എല്ലാവരും തൃപ്തിപ്പെടേണ്ട സാഹചര്യമുണ്ടായി. കൂടാതെ സംസ്ഥാനത്ത് പലയിടത്തും ഈ കമ്പനികളുടെ ശാഖകളില്ലെന്നും ആക്ഷേപത്തിന് കാരണമായി. അപ്പോഴാണ് പൊതുവിപണിയില്‍നിന്നും നിബന്ധനകള്‍ക്കു വിധേയമായി സ്‌കൂള്‍ അധികൃതര്‍ക്ക് തുണി വാങ്ങാമെന്ന നിര്‍ദേശമുണ്ടായത്. എന്നാല്‍, പൊതുവിപണിയില്‍ നിന്ന് യൂണിഫോമിന് തുണി വാങ്ങുമ്പോള്‍ കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയം അംഗീകരിച്ച ലാബുകള്‍ നല്‍കുന്ന ഗുണമോ സര്‍ട്ടിഫിക്കറ്റോ വേണമെന്ന നിബന്ധന വീണ്ടും തടസം സൃഷ്ടിച്ചു. പരിശോധന നടത്താന്‍ 10,000 രൂപ നല്‍കേണ്ടി വരുമെന്നതിനാല്‍ സ്‌കൂളുകള്‍ അതിന് താത്പര്യം കാട്ടിയില്ല.
uniform_2ഇത്തരത്തില്‍, ടെണ്ടര്‍ നല്‍കിയ കമ്പനികളെ സഹായിക്കുന്ന തരത്തിലുള്ള നിര്‍ദേശങ്ങള്‍ വീണ്ടും സര്‍ക്കാരിന് തിരിച്ചടിയായി. സ്‌കൂള്‍ യൂണിഫോം കരാര്‍ സ്വകാര്യകമ്പനികള്‍ക്ക് നല്‍കിയതും വന്‍ വിവാദമായി. സ്വകാര്യ വസ്ത്രനിര്‍മ്മാണ കമ്പനികളെ ഏല്‍പിച്ചതു വഴിയാണ് കോടികളുടെ തട്ടിപ്പിന് സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും ആക്ഷേപമുയര്‍ന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ ടെക്‌സ്‌റ്റൈല്‍ കോര്‍പറേഷനെ ഒഴിവാക്കിയായിരുന്നു സര്‍ക്കാര്‍ തീരുമാനങ്ങള്‍. ഖാദി, കൈത്തറി പോലുള്ള കേരളത്തിലെ പരമ്പരാഗത വസ്ത്ര നിര്‍മ്മാണ സ്ഥാപനങ്ങളെയും സര്‍ക്കാര്‍ ഒഴിവാക്കി. യൂണിഫോമിനായി വകയിരുത്തിയ 113 കോടിയുടെ കമ്മീഷന്‍ ഇനത്തില്‍ 20 ശതമാനം, ഏകദേശം 23 കോടിയോളം രൂപ തട്ടിയെടുക്കാനുള്ള നീക്കമാണ് ഇതിനെല്ലാം പിന്നിലെന്നും ആക്ഷേപമുയര്‍ന്നിട്ടും വ്യക്തമായ തീരുമാനം കൈക്കൊള്ളാനോ വിശദീകരണം നല്‍കാനോ സര്‍ക്കാര്‍ മെനക്കെട്ടില്ല.
അതിനിടെ, മൂന്നു തവണ ടെണ്ടര്‍ വിളിച്ചെങ്കിലും എം പാനല്‍ ചെയ്ത കമ്പനികളില്‍ മുംബൈ ആസ്ഥാനമായുള്ള മഫത്‌ലാല്‍ ഒഴികെ എല്ലാവരും പദ്ധതിയില്‍ നിന്നു പിന്മാറി. എറ്റവുമൊടുവില്‍, കരാര്‍ കൈക്കലാക്കാന്‍ ആദ്യം മുതല്‍ സര്‍ക്കാരിനെ സ്വാധീനിച്ചിരുന്ന മഫത്്‌ലാലിന് ഉയര്‍ന്ന വിലയ്ക്ക് ടെണ്ടര്‍ നല്‍കിയതും വിവാദമായി. ഇതിനെ തുടര്‍ന്ന് പദ്ധതി നിശ്ചലമായി. ഇനിയും പദ്ധതി വൈകിയാല്‍ കേന്ദ്രഫണ്ട് ലാപ്‌സായിപോകുമെന്നതിലാണ് സ്‌കൂള്‍ യൂണിഫോം വിതരണവുമായി സ്വന്തം നിലയില്‍ മുന്നോട്ട് പോകാന്‍ എസ.എസ്.എ തീരുമാനിച്ചത്. 100 കോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി പ്രഖ്യാപിച്ചിരുന്നത്.
എന്നാല്‍ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ അത്രയും തുക അനുവദിക്കാന്‍ സാധിക്കില്ലെന്ന ധനകാര്യവകുപ്പിന്റെ നിലപാട് യൂണിഫോം വിതരണത്തിലെ പ്രതിസന്ധി കൂട്ടി. മാര്‍ച്ച് മാസത്തില്‍ തന്നെ തുക ചെലവഴിച്ചില്ലെങ്കില്‍ ഫണ്ട് പാഴാകുന്ന സ്ഥിതിയാണുള്ളത്. ഇത്തരത്തില്‍ തുക പാഴാകുന്നത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും ഉത്തമ ഉദാഹരണമായി ഇത് മാറുമെന്നായപ്പോള്‍, പ്രഥമാധ്യാപകരുടെ അക്കൗണ്ടിലേക്ക് തുക നിക്ഷേപിച്ച് തടിതപ്പാന്‍ സര്‍ക്കാര്‍ നീക്കം നടത്തി. നല്‍കിയ തുക ചെലവഴിക്കരുതെന്ന് രഹസ്യ നിര്‍ദേശവും നല്‍കി. സര്‍ക്കാര്‍ സ്‌കൂള്‍ പ്രഥമാധ്യാപകരുടെ അക്കൗണ്ടിലേക്ക് തുക നിക്ഷേപിച്ച് ധനവിനിയോഗം നടത്തിയതായി വരുത്തിത്തീര്‍ക്കുകയായിരുന്നു. ഒരു വിദ്യാര്‍ഥിക്ക് രണ്ടുജോടി യൂണിഫോമിന് 400 രൂപ നല്‍കുമെന്നാണ് അറിയിച്ചിരുന്നത്. കുട്ടികളുടെ എണ്ണവും അളവും തിട്ടപ്പെടുത്തി പ്രഥമാധ്യാപകര്‍ സ്‌കൂളിലേക്ക് ആവശ്യമാകുന്ന തുണിയുടെ അളവ് മാസങ്ങള്‍ക്ക് മുമ്പ് അധികാരികളെ അറിയിച്ചിരുന്നു. അത് കണക്കാക്കിയുള്ള തുകയാണ് ഇവരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത്.
കഴിഞ്ഞ തവണ ഓപ്പണ്‍ ടെണ്ടര്‍ ഇല്ലാത്തതിനാല്‍ വളരെ പ്രശ്‌നങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നെന്നും, അത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനാണ് ഓപ്പണ്‍ ടെണ്ടര്‍ വിളിച്ച് യൂണിഫോം വിതരണം നടത്താന്‍ തീരുമാനിച്ചതെന്നും വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ് നിയമസഭയില്‍ അറിയിച്ചിരുന്നു. അതിലുണ്ടായ കാലതാമസമാണ് സൗജന്യ യൂണിഫോം വിതരണ പദ്ധതിയെ തകിടം മറിച്ചത്. അതേസമയം, പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കി കുത്തക കമ്പനികള്‍ക്ക് മാത്രമായി ടെണ്ടര്‍ നല്‍കിയതിനെക്കുറിച്ച് വിശദീകരണമൊന്നുമില്ലായിരുന്നു. മാര്‍ച്ച് 31നുള്ളില്‍ ഫണ്ട് ചെലവഴിക്കാന്‍ സര്‍ക്കാര്‍ കാണിച്ച അതിബുദ്ധിയാണ് പ്രശ്‌നങ്ങള്‍ ഇത്രയും വഷളാക്കിയതെന്ന തരത്തിലായിരുന്നു (മുന്‍) ഡി.പി.ഐ ബിജു പ്രഭാകറിന്റെ വാക്കുകള്‍. എന്നാല്‍, കുത്തക കമ്പനികളുടെ ചരക്ക് വിറ്റഴിക്കുന്നതിന് വഴിയൊരുക്കി, സ്‌കൂളുകളില്‍ അവരുടെ വിപണി വളര്‍ത്തി ലാഭ ശതമാനം പറ്റാനുള്ള ഗൂഢശ്രമങ്ങള്‍ പദ്ധതിക്കു പിന്നിലുണ്ടെന്ന ആരോപണങ്ങളെയും തള്ളിക്കളയാനാവില്ല.
                                                                                        (കടപ്പാട് :മനോജ് വി.കൊടുങ്ങല്ലൂർ )