ചൊവ്വാഴ്ച, ജനുവരി 14, 2014

മകരവിളക്കും മകരജ്യോതിയും...വിശ്വാസവും വസ്തുതയും

                                                         (കടപ്പാട് :നവനീത് കൃഷ്ണൻ.എസ് ,ഫെയ്സ് ബുക്ക് )

പൊന്നമ്പലമേട്ടില്‍ മകരവിളക്കിനോടൊപ്പം കാണുന്ന നക്ഷത്രമാണ് മകരജ്യോതി എന്നു വിളിക്കപ്പെടുന്നത്. അത് നക്ഷത്രമാണ് എന്നത് എല്ലാവരും സമ്മതിക്കുന്നു. എന്നാല്‍ ഇതിന് അന്നേദിവസം മാത്രമാണ് ഈ ദിവ്യപരിവേഷം ഉള്ളത്. മകരവിളക്കിന്റെ തലേദിവസവും അടുത്ത ദിവസവും അതിനടുത്ത ദിവസവും എല്ലാം ആ നക്ഷത്രം ഉദിക്കുന്നുണ്ട്. പക്ഷേ അപ്പോള്‍ ഒന്നും അത് മകരജ്യോതി ആണ് എന്ന് പറയാറില്ല എന്ന് മാത്രം.

മകരവിളക്ക് എന്ന മനുഷ്യനിര്‍മ്മിതമായ തീ കാണാന്‍ ശബരിമലയില്‍ പോകണമെങ്കിലും മകരജ്യോതി കാണാന്‍ അത് വേണ്ട. ഭൂമിയിലെ ഒട്ടുമിക്ക സ്ഥലങ്ങളില്‍ നിന്നും ഈ നക്ഷത്രത്തെ നിരീക്ഷിക്കാവുന്നതാണ്. സിറിയസ്സ് എന്നാണ് ഈ നക്ഷത്രത്തിന്റെ പേര്. ചന്ദ്രനും ശുക്രനും ചിലപ്പോള്‍ വ്യാഴവും കഴിഞ്ഞാല്‍ രാത്രി ആകാശത്ത് കാണാവുന്ന ഏറ്റവും പ്രഭയേറിയ ജ്യോതിര്‍ഗോളമാണിത്. നഗ്നനേത്രങ്ങളാല്‍ കാണാവുന്ന നക്ഷത്രങ്ങളില്‍ ഏറ്റവും പ്രഭയേറിയതും ഇതേ നക്ഷത്രത്തിനു തന്നെ. അതു കൊണ്ടു തന്നെ ആരുടേയും കണ്ണില്‍പെടാതെ പോകാന്‍ ഈ നക്ഷത്രത്തിനാവില്ല.

സിറിയസ്സിനെ കാണാനും തിരിച്ചറിയാനും ആര്‍ക്കും സാധിക്കും. സ്വന്തം വീട്ടിലെ മട്ടുപ്പാവിലോ അല്പം തുറസ്സായ സ്ഥലത്തോ നിന്നോ നോക്കിയാല്‍ സിറിയസ്സിനെ കണ്ട് സായൂജ്യമടയാവുന്നതാണ്!. ചിത്രം നോക്കുക. വേട്ടക്കാരന്‍ എന്ന ഓറിയോണ്‍ നക്ഷത്രഗണത്തെ മിക്കവര്‍ക്കും പരിചയമുണ്ടാകും. ആ നക്ഷത്രഗണത്തിന്റെ അടുത്തായി വേട്ടക്കാരന്റെ നായ എന്നറിയപ്പെടുന്ന മറ്റൊരു നക്ഷത്രഗണമുണ്ട്. 'കാനിസ്സ് മേജ'ര്‍ അഥവാ 'വലിയനായ' എന്നാണ് ഇത് അറിയപ്പെടുന്നത്. ആ നക്ഷത്രഗണത്തിലെ ഏറ്റവും പ്രഭയേറിയ നക്ഷത്രമാണ് സിറിയസ്സ്. ഒരു നക്ഷത്രമായിട്ടാണ് തോന്നുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ ഇതൊരു ഇരട്ട നക്ഷത്രമാണ്. സിറിയസ് A യും സിറിയസ്സ് B യും. സിറിയസ്സ് ബി ഒരു വെള്ളക്കുള്ളനക്ഷത്രമാണ്. നാം നഗ്നനേത്രങ്ങളാല്‍ കാണുന്നത് സിറിയസ്സ് A നെ ആണ് എന്ന് മാത്രം. 8.6 പ്രകാശവര്‍ഷം മാത്രം അകലെയാണ് സിറയസ്സ് നില്‍ക്കുന്നത്. ഇത്രയും പ്രകാശം തോന്നുവാനുള്ള കാരണവും ഈ അടുപ്പം തന്നെ.

സിറിയസ് ഉദിക്കുന്നത് കിഴക്കന്‍ ചക്രവാളത്തിലാണ്. ജനുവരി മാസം സന്ധ്യക്ക് കിഴക്കന്‍ ചക്രവാളം കാണാന്‍ കഴിയുന്ന എവിടെയെങ്കിലും പോയി നില്‍ക്കുക (കേരളത്തില്‍ ആകണം. സമയവും മറ്റും കേരളത്തിനനുസരിച്ചാണ് ഇനി പറയുന്നത്. ) . സൂര്യന്റെ പ്രകാശം കുറയുന്നതിനനുസരിച്ച് ഓരോരോ നക്ഷത്രങ്ങളായി തെളിഞ്ഞുവരും. ഒട്ടും സംശയിക്കേണ്ട അല്പം തെക്ക് മാറി ആദ്യം തെളിഞ്ഞ് വരുന്ന ആ നക്ഷത്രമാണ് സിറിയസ്സ്. പക്ഷേ ശുക്രന്‍, വ്യാഴം തുടങ്ങിയ ഗ്രഹങ്ങള്‍ ചിലപ്പോള്‍ ആദ്യം കണ്ടേക്കാം. പക്ഷേ നക്ഷത്രങ്ങളില്‍ സിറിയസ്സിനെ കണ്ടതിന് ശേഷമേ മറ്റേത് നക്ഷത്രത്തേയും നിങ്ങള്‍ക്ക് അപ്പോള്‍ കാണുവാന്‍ കഴിയൂ. കാരണം ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ഏറ്റവും പ്രഭയേറിയ നക്ഷത്രമാണത്.

ഇപ്പോഴത്തെ അവസ്ഥയില്‍ (2011 ജനുവരി 10 – ഫെബ്രുവരി 10) ഏതാണ്ട് എട്ട് – എട്ടരയോട് കൂടി ഏതാണ്ട് 45ഡിഗ്രി ഉയരത്തിലായി സിറിയസ്സിനെ കാണാം. ഏതാണ്ട് തലയ്ക്ക് മീതേ അപ്പോള്‍ ഓറിയോണ്‍ നക്ഷത്രഗണത്തേയും കാണാവുന്നതാണ്.

കേരളത്തില്‍ ഏതാണ്ട് 8-9 മാസത്തോളം സിറിയസ്സ് എന്ന നക്ഷത്രത്തെ വലിയ അധ്വാനം കൂടാതെ കാണാന്‍ കഴിയും. ഉദിക്കുന്ന സമയത്തില്‍ വ്യത്യാസമുണ്ടായിരിക്കും എന്ന് മാത്രം. ജൂണ്‍ ജൂലായ് മാസങ്ങളില്‍ മാത്രമാണ് കാണാന്‍ ബുദ്ധിമുട്ടു നേരിടുക. കേരളത്തില്‍ സിറിയസ് ഉദിക്കുന്ന സമയവിവരപ്പട്ടിക നോക്കൂ.

(സിറിയസ് നക്ഷത്രം കേരളത്തിലെ ഉദയാസ്തമയങ്ങള്‍ – സമയവിവരപ്പട്ടിക. എല്ലാ മാസവും 15 ആം തീയ്യതിയോടനുബന്ധിച്ച ദിവസങ്ങളിലെ സമയമാണിത്. സമയത്തില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാകാം. )

മാസം,
ഉദയം, നന്നായി കാണുവാന്‍ കഴിയുന്ന സമയം, അസ്തമയം എന്നീ ക്രമത്തില്‍
ജനുവരി - 6 PM, 8 PM മുതല്‍, 5 AM
ഫെബ്രുവരി- 4 PM, 7PM മുതല്‍, 3 AM
മാര്‍ച്ച് -2 PM, PM മുതല്‍, 1 AM
ഏപ്രില്‍- 12 NOON, 7PM മുതല്‍, 11 PM
മെയ്- 10 AM, 6PM മുതല്‍, 9 PM
ജൂണ്‍- 8 AM, നല്ല സമയമില്ല, 7 PM
ജൂലായ്- 6 AM, കാണാന്‍ കഴിയില്ല, 5 PM
ആഗസ്റ്റ്- 4 AM, 5.30AM മുതല്‍, 3 PM
സെപ്റ്റംബര്‍ - 2 AM, 4 AM മുതല്‍, 1 PM
ഒക്ടോബര്‍, 12 MID NIGHT, 2 AMമുതല്‍, 11 AM
നവംബര്‍- 10 PM, 12 AMമുതല്‍, 9 AM
ഡിസംബര്‍- 8 PM, 10 PM മുതല്‍, 7 AM

3 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2014, ജനുവരി 15 12:49 PM

    "മകരവിളക്ക് എന്ന മനുഷ്യനിര്‍മ്മിതമായ തീ" എന്നൊക്കെ ഇപ്പോള്‍ എഴുതാന്‍ പ്രയാസമില്ലാതെയായി അല്ലേ? കലികാലം കലികാലം

    മറുപടിഇല്ലാതാക്കൂ