സുനില്‍ പി ഇളയിടം എഴുതിയ വീണ്ടെടുപ്പുകളെ സംബന്ധിച്ച് ഈ കോളത്തില്‍ ചില
നിരീക്ഷണങ്ങള്‍ അവതരിപ്പിച്ചിരുന്നു. കോളത്തിന്റെ പരിമിതിക്കകത്തുനിന്നുള്ള
വിശകലനമാണെന്നും കൂടുതല്‍ ഗൗരവതരമായ വിമര്‍ശനാത്മക പരിശോധന കൃതി
ആവശ്യപ്പെടുന്നുണ്ടെന്നും അതില്‍ സൂചിപ്പിച്ചിരുന്നു. നിര്‍ബന്ധമായും
അഭിസംബോധന ചെയ്യണമെന്നു കരുതിയ ചില പ്രധാന പ്രശ്നങ്ങള്‍ അവതരിപ്പിക്കാനാണ്
ശ്രമിച്ചത്. അതുകൊണ്ടുതന്നെ ഗൗരവമായ വിമര്‍ശനത്തിനാണ് അതില്‍ ഊന്നല്‍
ഉണ്ടായതെന്നു ശരിയാണ്. അതുകൊണ്ടുതന്നെ പല സുഹൃത്തുക്കളും അതു സംബന്ധിച്ച്
ചില കാര്യങ്ങള്‍ ഉന്നയിക്കുകയുണ്ടായി. ഇത് മാര്‍ക്സിസ്റ്റ്
വിരുദ്ധകൃതിയാണല്ലോ എന്നതാണ് ഒരു അഭിപ്രായം. വിശകലന വിധേയമാക്കപ്പെടുന്ന
കൃതിയില്‍ ഏതെങ്കിലും ഒരു ഭാഗത്ത് വിമര്‍ശിക്കപ്പെടേണ്ടതെന്നു കരുതുന്ന
വ്യതിയാനങ്ങളോ തെറ്റാണെന്നു കരുതുന്ന നിഗമനങ്ങളോ ഉണ്ടെന്നതുകൊണ്ടു മാത്രം ആ
കൃതി മാര്‍ക്സിസ്റ്റ് വിരുദ്ധമാകണമെന്നില്ല. ഉന്നയിച്ച പ്രശ്നത്തോടുള്ള
സമീപനം മാത്രമാണത്.
ഗ്രന്ഥത്തില്‍
അവതരിപ്പിക്കുന്നതും സജീവമായ ചര്‍ച്ചക്ക് വിധേയമാക്കേണ്ടതുമായ പ്രശ്നങ്ങളെ
അവഗണിക്കുന്നതിലേക്ക് അത് വികസിക്കുന്നത് നന്നായിരിക്കുകയില്ല. പറവൂരില്‍
നടന്ന പുസ്തകപ്രകാശന ചടങ്ങില്‍ ഞാന്‍ പങ്കെടുക്കുകയും സംസാരിക്കുകയും
ചെയ്തിരുന്നു. എം എ ബേബിയാണ് പുസ്തകം പ്രകാശനംചെയ്തത്. പറവൂരിലെ
ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസിലെ സെക്രട്ടറിയായ ജോഷിച്ചേട്ടനാണ് സുനില്‍
പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. ജോഷിച്ചേട്ടന്‍ തന്നെയാണ്
ബേബിയില്‍നിന്നും പുസ്തകം ഏറ്റുവാങ്ങിയതും.
ഞങ്ങളുടെയെല്ലാം
എസ്എഫ്ഐ പ്രവര്‍ത്തനകാലത്ത് പറവൂരിന്റെ കേന്ദ്രം ചെത്തുതൊഴിലാളി യൂണിയന്‍
ഓഫീസായിരുന്നു. അന്നും ഇന്നും എസ്എഫ്ഐ പ്രവര്‍ത്തകരുമായി നല്ല ആത്മബന്ധം
ജോഷി ച്ചേട്ടനുണ്ട്. പ്രൗഢഗംഭീരമായിരുന്നു ബേബിയുടെ പ്രസംഗം. പുസ്തകത്തെ
ആഴത്തില്‍ വിലയിരുത്തുന്നതോടൊപ്പം തന്നെ മാര്‍ക്സിസത്തിന്റെ അടിസ്ഥാന
തത്വങ്ങളിലേക്കും സമകാലിക പ്രയോഗത്തിലേക്കും വരെ അദ്ദേഹത്തിന്റെ പ്രസംഗം
ചെന്നെത്തി. ഞാന്‍ ഉന്നയിച്ച ചില വിമര്‍ശനങ്ങള്‍ അദ്ദേഹവും ഒടുവില്‍
ഉന്നയിക്കുകയുണ്ടായി. അതില്‍ ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം ഞങ്ങള്‍
രണ്ടുപേരും ഉന്നയിച്ച ഒരു വിമര്‍ശനം സുനില്‍ മറുപടിപ്രസംഗത്തില്‍
ഉള്‍ക്കൊണ്ടുവെന്നതാണ്. അത് സമകാലിക വര്‍ഗരാഷ്ട്രീയത്തിന്റെ കേന്ദ്രം
പാരിസ്ഥിതിക രാഷ്ട്രീയമാണെന്നതാണ്. ആ കേന്ദ്ര പ്രയോഗമാണ് ഞങ്ങളുടെ
വിമര്‍ശനത്തിന് ഇടയാക്കിയത്. യഥാര്‍ഥത്തില്‍ പാരിസ്ഥിതിക പ്രശ്നങ്ങളെ
ഗൗരവമായി സമീപിക്കുന്നതില്‍ ഇടതുപക്ഷത്തിന് പോരായ്മകളുണ്ടായിട്ടുണ്ടെന്ന
വിമര്‍ശനം ശരിയായി തന്നെ സുനില്‍ ഉന്നയിക്കുന്നുണ്ട്.
എല്ലാ
ചൂഷണങ്ങള്‍ക്കുമെതിരെ നിലകൊള്ളുന്ന കമ്യൂണിസ്റ്റ് പാര്‍ടികള്‍ തന്നെ
പ്രകൃതി ചൂഷണം ചെയ്യപ്പെടേണ്ടതാണെന്ന നിലപാടായിരുന്നു ഒരു കാലത്ത്
സ്വീകരിച്ചത്. മാര്‍ക്സും ഒരുപക്ഷേ കുറേക്കൂടി വിശദമായി ഏംഗല്‍സും ഈ
പ്രശ്നത്തെ സമീപിക്കുന്നുണ്ടെങ്കിലും ഗൗരവമായ സൈദ്ധാന്തിക തുടര്‍ച്ചയും
പ്രയോഗമണ്ഡലത്തിലേക്കുള്ള വികാസവും സംഭവിച്ചില്ലെന്നത് പ്രധാനപ്പെട്ട കുറവ്
തന്നെയാണ്. ഭൂമിയും വെള്ളവും ഉള്‍പ്പെടെയുള്ള ഉല്‍പ്പാദനത്തിന് ആവശ്യമായ
അടിസ്ഥാന ഘടകങ്ങളെ തകര്‍ത്തുകളയുന്ന മാര്‍ക്സിയന്‍ നിരീക്ഷണവും പ്രസക്തം.
കാലോചിതമാക്കിയ സിപിഐ എം പരിപാടി പാരിസ്ഥിതിക പ്രശ്നങ്ങളെ ശരിയായ
രൂപത്തില്‍ വിലയിരുത്തുന്നതിന് ശ്രമിക്കുന്നുണ്ട്. ആഗോളതാപന പ്രശ്നത്തില്‍
പ്രായോഗിക ഇടപെടലിലും ശരിയായ സമീപനമാണ് സിപിഐ എം സ്വീകരിച്ചത്. ഇത്തരം
പ്രശ്നങ്ങളെ നിരന്തരം സിദ്ധാന്തവല്‍ക്കരിക്കേണ്ടതുണ്ട്. അതിനുള്ള
ശരിയായ ശ്രമം സുനിലിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നുണ്ട്. മാര്‍ക്സിസ്റ്റ്
പ്രയോഗത്തിന്റെ തലം നിരന്തരം വികസിച്ചുവരുന്ന ഒന്നാണ്. അത് സിദ്ധാന്തത്തെ
ശക്തിപ്പെടുത്തുകയും ചെയ്യും.
പ്രയോഗത്തിന്റെ
പുതിയ അനുഭവപാഠങ്ങളെ നിരന്തരം സിദ്ധാന്തവല്‍ക്കരിക്കുന്നതില്‍ വലിയ
പോരായ്മകളുള്ളതാണ് നമ്മുടെ നാട്. ഈ പോരായ്മ പരിഹരിക്കുന്നതിന് കൂട്ടായ
ധൈഷണിക ഇടപെടല്‍ ഉണ്ടാകേണ്ടതുണ്ട്. ലോകത്ത് നടക്കുന്ന പുതിയ ഇടപെടലുകളെ
സസൂക്ഷ്മം നിരീക്ഷിക്കുന്നതിനും അത് ഇന്ത്യന്‍ അനുഭവങ്ങളുമായി
കണ്ണിചേര്‍ത്ത് അവതരിപ്പിക്കുന്നതിലും സുനില്‍ കാണിക്കുന്ന താല്‍പ്പര്യം
അഭിനന്ദനാര്‍ഹമാണ്. അതിലെ നിരീക്ഷണങ്ങളില്‍ ചിലതിനോടുള്ള വിയോജിപ്പ്
പരസ്യമായി പ്രകടിപ്പിക്കുന്നത് ഗൗരവമായ സംവാദത്തിന്റെ വാതില്‍
തുറന്നിടുകയാണ് ചെയ്യുന്നത്. ആഗോളവല്‍ക്കരണ കാലത്തെ മുതലാളിത്ത
പ്രവര്‍ത്തനരീതികള്‍ വിവിധ മണ്ഡലങ്ങളില്‍ സൃഷ്ടിക്കുന്ന ആഘാതങ്ങളെ
സസൂക്ഷ്മം വിലയിരുത്തുന്നതിന് പറ്റുന്ന ഏറ്റവും ശരിയായ ദര്‍ശനം മാര്‍ക്സിസം
തന്നെയാണ്. ഈ പുതിയ പ്രശ്നങ്ങള്‍ പല പഴയകാല പ്രയോഗങ്ങളെ
അപ്രസക്തമാക്കിയെന്നു വരാം. പുതിയ നിഗമനങ്ങളും പ്രയോഗരൂപങ്ങളും
കണ്ടെത്തിയെന്നുവരാം. എല്ലാത്തിനുമുള്ള ഒറ്റമൂലി മാര്‍ക്സിന്റെയും
ഏംഗല്‍സിന്റെയും കൃതികളില്‍ അടങ്ങിയിട്ടുണ്ടെന്ന വാദം അസംബന്ധവുമാണ്.
വര്‍ഗസമരത്തിന്റെ പ്രയോഗമണ്ഡലങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കേണ്ടത്
ആവശ്യവുമാണ്. വര്‍ഗരാഷ്ട്രീയത്തിന്റെ കേന്ദ്രസ്ഥാനത്ത് ക്ലാസിക്കല്‍
തൊഴിലാളി വര്‍ഗത്തിന് ഇനി പ്രസക്തിയില്ലെന്ന വാദം അടിസ്ഥാനപരമായി
തെറ്റാണെന്ന നിലപാടാണ് നേരത്തെ ഞാന്‍ ഉന്നയിച്ചത്. അത് ഗൗരവമായ പ്രശ്നം
തന്നെയാണ്. വര്‍ഗസമരത്തെ സംബന്ധിച്ച് കൂടുതലായി ഒന്നും പറയാന്‍
പാടില്ലേയെന്ന ചോദ്യം തെറ്റുതന്നെയാണ്.
നാളിതുവരെയുള്ള
ചരിത്രം വര്‍ഗസമരത്തിന്റെ ചരിത്രമാണെന്നാണ് മാര്‍ക്സും ഏംഗല്‍സും
പ്രഖ്യാപിച്ചത്. പിന്നീട് മാര്‍ക്സിന്റെ മരണശേഷം ഏംഗല്‍സാണ്
അടിക്കുറിപ്പില്‍ ലിഖിതചരിത്രം എന്നെഴുതിച്ചേര്‍ത്തത്. മോര്‍ഗന്റെ
വായനയില്‍നിന്നും തങ്ങള്‍ നേരത്തെ കണ്ടെത്തിയ നിഗമനങ്ങള്‍ അദ്ദേഹം
ആമുഖത്തില്‍ സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്തുകൊണ്ട് ക്ലാസിക്കല്‍
തൊഴിലാളി വര്‍ഗം തന്നെ കേന്ദ്രസ്ഥാനത്ത് വരുന്നെന്ന പ്രശ്നം നേരത്തെ
വ്യക്തമാക്കിയതാണ്. എന്നാല്‍, തൊഴിലാളി വര്‍ഗത്തില്‍ വരുന്ന മാറ്റംപോലും
സൂചിപ്പിക്കാന്‍ പാടില്ലെന്ന നിലപാട് തെറ്റായിരിക്കും. എന്നു മാത്രമല്ല
തൊഴിലാളി വര്‍ഗത്തിന്റെ സഖ്യശക്തികള്‍ എക്കാലത്തും എല്ലായിടത്തും ഒന്നു
തന്നെയായിരിക്കണമെന്നില്ല. സാമൂഹ്യപ്രശ്നങ്ങളും വര്‍ഗപ്രശ്നങ്ങള്‍ക്കൊപ്പം
ഏറ്റെടുക്കേണ്ടതാണെന്ന സിപിഐ എമ്മിന്റെ വിലയിരുത്തല്‍ ഒരു സ്വയം വിമര്‍ശനം
കൂടിയാണ്. ഈ സാമൂഹ്യപ്രശ്നങ്ങളെ ഏറ്റെടുക്കുന്ന ഘട്ടത്തില്‍ പുതിയ
സംഘടനാരൂപങ്ങളെ വരെ ആവിഷ്കരിച്ചെന്നുവരാം.
എന്നാല്‍,
അതെല്ലാം തൊഴിലാളി വര്‍ഗ നേതൃത്വത്തിനു കീഴില്‍ തന്നെയാണ്. ഇത്തരം
ഇഴുകിച്ചേരലുകളിലും പുതിയ സാമൂഹ്യവിഭാഗങ്ങളിലേക്ക് ഇറങ്ങിചെല്ലലിലും
നിലനില്‍ക്കുന്ന ദൗര്‍ബല്യങ്ങള്‍ പ്രധാനം തന്നെയാണ്. ഈ ദൗര്‍ബല്യം
പരിഹരിക്കുന്നതിന് സൈദ്ധാന്തിക ഇടപെടലുകളും ആവശ്യമാണ്. സിപിഐ എം ഇത്തരം
നിലപാടുകള്‍ സ്വീകരിക്കുന്നത് തൊഴിലാളി വര്‍ഗത്തെ കേന്ദ്രസ്ഥാനത്തു
പ്രതിഷ്ഠിച്ചുതന്നെയാണ്. കേന്ദ്രസ്ഥാനത്തെ സംബന്ധിച്ച ഈ
നീരിക്ഷണമില്ലായിരുന്നെങ്കില്‍ കുറേക്കൂടി ആഴത്തിലുള്ള സംവാദസാധ്യത
ശക്തിപ്പെടുമായിരുന്നുവെന്ന് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. വാക്കുകളുടെ
വയറിളക്കംകൊണ്ട് അമ്പരപ്പിക്കാന്‍ ശ്രമിക്കുന്ന പുകപടല രീതിയില്‍നിന്നും
തീര്‍ത്തും വ്യത്യസ്തമാണ് സുനിലിന്റെ രചനാരീതിയെന്നത് പറയാതെ വയ്യ. ഗൗരവമായ
വിമര്‍ശനം ഉന്നയിച്ചത് ആഴത്തിലുള്ള സംവാദത്തിനും നിര്‍ബന്ധമായ വായനയ്ക്കും
സഹായകരമാകുന്നതിനു കൂടിയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ