സ്‌കൂള്‍ പാഠ്യപദ്ധതി ചര്‍ച്ചചെയ്യുമ്പോള്‍
ഒ.എം. ശങ്കരന്‍
കേരളത്തിലെ സ്‌കൂള്‍ പാഠ്യപദ്ധതി വീണ്ടും പരിഷ്‌കരിക്കുകയാണ്. ഏറ്റവും
ഒടുവില്‍ കേരളത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്
2007-ലായിരുന്നു. ദേശീയ സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരമായിരുന്നു അത്.
ഒന്നാം യു.പി.എ. സര്‍ക്കാര്‍ 2005-ല്‍ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്
(നാഷണല്‍ കരിക്കുലം ഫ്രെയിം വര്‍ക്ക് - എന്‍.സി.എഫ്. 2005) ഡോ. യശ്പാലിന്റെ
നേതൃത്വത്തില്‍ തയ്യാറാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍
രൂപപ്പെടുത്തിയ 2007-ലെ കേരള പാഠ്യപദ്ധതി ചട്ടക്കൂടിനെയും (കെ.സി.എഫ് 2007)
അതിന്റെ തുടര്‍ച്ചയായി തയ്യാറാക്കിയ പാഠപുസ്തകങ്ങളെയും തമസ്‌കരിച്ചാണ്
പുതിയ പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസവകുപ്പ് ആരംഭിച്ചിരിക്കുന്നത്.
പാഠ്യപദ്ധതി പരിഷ്‌കരണം ഇപ്പോള്‍ കേരളത്തില്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍
നടക്കുന്നു. (അത് വേണോ? 10 വര്‍ഷത്തിലൊരിക്കല്‍ പോരേ?).
എന്‍.സി.എഫും കെ.സി.എഫും
എന്‍.സി.എഫ്. 2005 ഇന്ത്യയിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ പുരോഗമനപരമായ ഒരു വലിയ വ്യതിയാനമാണ്. ഒരുപക്ഷേ, 1986-ലെ ദേശീയ വിദ്യാഭ്യാസനയത്തില്‍ സൂചിപ്പിച്ചപോലെ വിദ്യാര്‍ഥികേന്ദ്രീകൃതമായ പഠനരീതി കൊണ്ടുവരാനുള്ള ആദ്യത്തെ ആസൂത്രിതമായ ശ്രമമായിരുന്നു അത്. 1986-ലെ ദേശീയ വിദ്യാഭ്യാസനയത്തെ പരിശോധിച്ച റിപ്പോര്‍ട്ടായ 1990-ലെ ആചാര്യ രാമമൂര്‍ത്തി കമ്മിറ്റി റിപ്പോര്‍ട്ട് (Towards an Enlightened and Humane Society) വിദ്യാര്‍ഥികേന്ദ്രീകൃത പഠനവും ശിശുസൗഹൃദ മൂല്യനിര്‍ണയവും ആഴത്തില്‍ ചര്‍ച്ചചെയ്യാന്‍ കാരണമായി. തുടര്‍ന്ന് പുറത്തുവന്ന 1993-ലെ യശ്പാല്‍ കമ്മിറ്റി റിപ്പോര്‍ട്ടായ ഭാരരഹിതപഠനം (Learning without Burden) എന്ന രേഖയും അതിലെ പന്ത്രണ്ട് ശുപാര്‍ശകളുമായിരുന്നു ഇന്ത്യയിലെ സ്‌കൂള്‍ വിദ്യാഭ്യസരംഗത്തെ ഉള്ളടക്കത്തിലും രീതിശാസ്ത്രത്തിലുമുള്ള ചുവടുമാറ്റത്തിന്റെ തുടക്കം. ഈ രണ്ട് റിപ്പോര്‍ട്ടുകളുടെയും കേരളത്തിലെ 1997-ലെ പാഠ്യപദ്ധതി പരിഷ്‌കരണ അനുഭവങ്ങളുടെയും വെളിച്ചത്തിലാണ് എന്‍.സി.എഫ്. 2005 തയ്യാറാക്കിയത്.
എന്‍.സി.എഫ്. 2005-ലെ ഒരുപക്ഷേ, ഏറ്റവും നവീനമായ നിര്‍ദേശം ക്ലാസ്മുറിയിലേക്ക് സാമൂഹികജ്ഞാന നിര്‍മിതിരീതിയും വിമര്‍ശനാത്മക പഠനബോധനവും ഉയര്ത്തിക്കൊണ്ടുവന്നുവെന്നതാ
കെ.സി.എഫ്. 2007 ആകട്ടെ, മേല്പറഞ്ഞ നിലപാടുകളെല്ലാം അംഗീകരിക്കുന്നു. കെ.സി.എഫ്. 2007 രൂപപ്പെടുത്തിയപ്പോള്‍ എന്‍.സി.എഫ്. 2005-ന്റെ ഉള്ളടക്കത്തില്‍ ഒരു പ്രധാന കൂട്ടിച്ചേര്‍ക്കല്‍, എട്ട് സാമൂഹിക പ്രശ്‌നമേഖലകളെ അഭിസംബോധന ചെയ്യാന്‍ കുട്ടിയെ ഒരുക്കുംവിധമാണ് പാഠ്യപദ്ധതി ക്രമീകരിക്കേണ്ടത് എന്ന വസ്തുതയാണ്. കെ.സി.എഫിന്റെ ഉള്ളടക്കത്തിന്റെ അടിസ്ഥാനസമീപനം ശിശുകേന്ദ്രീകൃതമായ സാമൂഹികജ്ഞാനനിര്‍മിതി വാദത്തിലും വിമര്‍ശനാത്മക പഠനബോധനത്തിലും പ്രശ്‌നാധിഷ്ഠിത സമീപനത്തിലും നിരന്തരവും സമഗ്രവുമായ മൂല്യനിര്‍ണയത്തിലും ബന്ധപ്പെട്ടിരിക്കുന്നു.
അബ്ദുള്‍ അസീസ് കമ്മിറ്റി
ഇതിന്റെ അടിസ്ഥാനത്തില്‍ വേണം കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന പാഠപുസ്തക പരിഷ്‌കരണത്തെ പരിശോധിക്കേണ്ടത്. പാഠ്യപദ്ധതി പരിഷ്‌കരണത്തിനായി ഡോ. പി.കെ. അബ്ദുള്‍ അസീസ് ചെയര്‍പേഴ്‌സണായ കമ്മിറ്റി 2013 ആഗസ്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിലവിലുള്ള പാഠ്യപദ്ധതിയുടെ മാറ്റത്തിന് കാരണമായി അസീസ് കമ്മിറ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത് 2008-ല്‍ പുറത്തുവന്ന ഡോ. കെ.എന്‍. പണിക്കരുടെ പാഠപുസ്തക പരിശോധനയ്ക്കായുള്ള ഉന്നതാധികാരസമിതിയുടെ റിപ്പോര്‍ട്ടാണ്. പണിക്കര്‍ കമ്മിറ്റിയുടെ 'നിരീക്ഷണങ്ങളും അവലോകനവും' എന്ന അധ്യായത്തില്‍നിന്നാണ് അസീസ് കമ്മിറ്റി പാഠ്യപദ്ധതി പരിഷ്‌കരണത്തെ നീതീകരിക്കാന്‍ പറ്റിയ വാക്യങ്ങള്‍ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി എടുത്തിരിക്കുന്നത്. ഈ അധ്യായത്തിലെ 21 നിരീക്ഷണങ്ങളിലെ ഏഴ് നിരീക്ഷണങ്ങളെ പൂര്‍ണമായി എടുക്കാതെ അതിലെ ചില ഭാഗങ്ങള്‍ മാത്രം സൗകര്യപൂര്‍വം ഉപയോഗപ്പെടുത്തുകയോ ദുരുപയോഗപ്പെടുത്തുകയോ ആണ് ചെയ്തത്. പണിക്കര്‍ കമ്മിറ്റി പ്രശ്‌നാധിഷ്ഠിതസമീപനത്തെ ചോദ്യംചെയ്തിട്ടില്ല. മാത്രവുമല്ല, പ്രസ്തുത കമ്മിറ്റിയുടെ 'ശുപാര്‍ശകള്‍' എന്ന അധ്യായത്തില്‍ ഇത്തരം ഒരു കാര്യം ഇല്ലതാനും. പണിക്കര്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ 16 എണ്ണമാണ്. അതില്‍ അത്രയേറെ പ്രധാനമല്ലാത്ത മൂന്നെണ്ണം മാത്രമാണ് അസീസ് റിപ്പോര്‍ട്ട് പരിഗണിച്ചിട്ടുള്ളത്. പാഠപുസ്തകത്തിലെ ഭാഷ, ചിത്രീകരണം, അച്ചടിക്കാനുപയോഗിച്ച പേപ്പര്‍ എന്നിവയെക്കുറിച്ചുള്ളവ മാത്രം!
പരിഷ്‌കരണത്തിന്റെ മറ്റ് യുക്തികള്‍
പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ രണ്ടാമത്തെ യുക്തി കണ്ടെത്തിയിരിക്കുന്നത് പണിക്കര്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പരിഗണിച്ച് പരിഷ്‌കരണം നടത്താതിരിക്കുക വഴി സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുത്തനെ താണുവെന്നതിലാണ്. എസ്.സി.ഇ.ആര്‍.ടി., എസ്.എസ്.എ., എന്‍.സി.ഇ.ആര്‍.ടി., അസര്‍ (Annual Status of Education Report - ASER) എജ്യുക്കേഷന്‍ ഇനീഷ്യേറ്റീവ് എന്നിങ്ങനെ ഒട്ടേറെ സര്‍ക്കാര്‍, സര്‍ക്കാറിതര സംവിധാനങ്ങള്‍ കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും ഗുണനിലവാരത്തെക്കുറിച്ച് നടത്തിയ താരതമ്യപഠനങ്ങളില്‍ കേരളത്തിന്റെ മികവിനെ എടുത്തുകാട്ടുന്നുണ്ട്.
പരിഷ്‌കരണത്തിന് അനുകൂലമായ മൂന്നാമത്തെ ന്യായം സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ എണ്ണത്തിലുള്ള വളര്‍ച്ചയാണ്. ഇതിനുകാരണം കേരളത്തിലെ മധ്യവത്കരിക്കപ്പെടുന്ന ജനങ്ങളുടെ മധ്യവര്‍ഗ മൂല്യങ്ങളോടുള്ള യുക്തിരഹിതമായ അഭിനിവേശവും അതിന് നിന്നുകൊടുക്കുന്ന സര്‍ക്കാര്‍ നയങ്ങളുമാണ്.
നിലവിലുള്ള പാഠ്യപദ്ധതിയെപ്പറ്റി അധ്യാപകര്‍ക്കിടയില്‍ അസീസ് കമ്മിറ്റി നടത്തിയ വിവരശേഖരണം തികച്ചും അശാസ്ത്രീയമായിരുന്നു. സര്‍വേയിലെ ഒട്ടേറെ ചോദ്യങ്ങള്‍ പഠിക്കുന്ന ആളുടെ മുന്‍വിധി പ്രകടിപ്പിക്കുന്നതായിരുന്നു. സര്‍വേ വിവരം ശേഖരിക്കാന്‍ അധ്യാപകരെ കണ്ടെത്തിയത് ശാസ്ത്രീയമായ സാംപ്ലിങ് രീതിയിലല്ലതാനും. നിലവിലുള്ള പാഠ്യപദ്ധതിക്കെതിരെ നിലപാടെടുത്തവരെയോ അത്തരം നിലപാടെടുക്കാന്‍ പ്രേരിപ്പിക്കപ്പെട്ടവരെയോ ആയിരുന്നു വിളിച്ചിരുന്നത്.
ബന്ധപ്പെട്ടവരുമായുള്ള ആശയവിനിമയത്തില്‍നിന്ന് കെ.സി.എഫ്. 2007-ന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ നിലവിലുള്ള പാഠ്യപദ്ധതിക്ക് ഒട്ടേറെ പ്രശ്‌നങ്ങളുണ്ടെന്ന് അസീസ് കമ്മിറ്റി പറയുന്നു. ഇതിലൊന്നുംതന്നെ ശാസ്ത്രീയമായ പഠനം വഴി ശേഖരിച്ചവയോ ക്ലാസ്‌റും നിരീക്ഷണം വഴി മനസ്സിലാക്കിയവയോ അല്ലെന്നുള്ളത് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തെത്തന്നെ ചോദ്യം ചെയ്യുന്നു.
ഈ പരിഷ്‌കരണത്തിന്റെ അടിസ്ഥാനരേഖകളായി ചില റഫറന്‍സ് പുസ്തകങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. അവയെല്ലാം കാലഹരണപ്പെട്ട ബോധനശാസ്ത്ര ഗ്രന്ഥങ്ങളാണ്. വിഷന്‍ 2020-ഉം ആന്‍ഡേഴ്‌സണ്‍, ക്രാത്ത്‌വാള്‍ എന്നിവരുടെ ഗ്രന്ഥവും ആണവ. ഇവയെല്ലാം എന്‍.സി.എഫ്. 2005-ന് അസ്വീകാര്യമായവയോ വ്യവഹാരവാദത്തെ അംഗീകരിക്കുന്നവയോ ആണ്.
എന്‍.സി.എഫിന് വിരുദ്ധം
അസീസ് കമ്മിറ്റി റിപ്പോര്‍ട്ട് ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന് കടകവിരുദ്ധമാണ്. വിദ്യാഭ്യാസം ഭരണഘടനയിലെ സംയുക്തപട്ടികയില്‍ പെട്ടതാണ്. എന്‍.സി.ഇ.ആര്‍.ടി. തയ്യാറാക്കി സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കിയ എന്‍.സി.എഫ്. 2005-ലെ സമീപനങ്ങളോടൊപ്പം നിന്നുകൊണ്ടേ സംസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാവൂ. എന്‍.സി.എഫും കെ.സി.എഫും സാമൂഹികജ്ഞാനനിര്‍മിതിരീതിയും വിമര്‍ശനാത്മകപഠനബോധന രീതിയും ക്ലാസ്മുറിയിലെ പഠനരീതിയായി അവലംബിക്കണമെന്ന് പറയുന്നു. പക്ഷേ, അസീസ് കമ്മിറ്റി നിര്‍ദേശിക്കുന്നത് അവ പരിഗണിക്കേണ്ടെന്നും ആ രണ്ട് രീതിയില്‍ മാത്രം അധ്യാപികയെ തളച്ചിടേണ്ടെന്നും എല്ലാ കാഴ്ചപ്പാടിലെയും നല്ല രീതികള്‍ സ്വീകരിക്കണമെന്നുമാണ്. പ്രത്യക്ഷത്തില്‍ നല്ലതെന്ന് തോന്നാവുന്ന നിര്‍ദേശം. ഏകാധിപത്യരീതിയും ജനാധിപത്യരീതിയും ചില രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന രണ്ട് വ്യത്യസ്ത ഭരണസമ്പ്രദായങ്ങളാണ്. ഇതില്‍ ഏതെങ്കിലും ഒന്നല്ലാതെ രണ്ടിന്റെയും നല്ലവശങ്ങള്‍ സ്വീകരിക്കണമെന്ന് പറയുംപോലെ യുക്തിരഹിതമാണ് ഈ നിര്‍ദേശവും. സൈദ്ധാന്തികമായി വൈരുദ്ധ്യമുള്ള എല്ലാത്തില്‍നിന്നും ചില സമീപനങ്ങള്‍ എടുക്കുന്നത് പരസ്പരം പൊരുത്തപ്പെടാത്തതുകൊണ്ടുതന്നെ അധ്യാപികയ്ക്ക് നടപ്പാക്കാനാവില്ല; നടപ്പാക്കിയാല്‍ത്തന്നെ കുട്ടിയുടെ പഠനനേട്ടങ്ങള്‍ ഫലപ്രദമാകില്ല.
പല കാര്യങ്ങളിലും കൃത്യമായ നിലപാടുകളുടെ അഭാവം ഈ രേഖയില്‍ വ്യാപകമായി കാണാം. രേഖയില്‍ ഒരിടത്ത് പ്രീ-പ്രൈമറി വിദ്യാഭ്യാസം ഒരു വര്‍ഷത്തേതെന്ന് പറയുമ്പോള്‍ (പേജ് 20) മറ്റൊരിടത്ത് രണ്ട് വര്‍ഷമെന്ന് പറയുന്നു (പേജ് 25). ഇനിയുമൊരിടത്ത് ഓര്‍മപരിശോധനാരീതിയിലുള്ള പരീക്ഷയ്ക്ക് ന്യൂനതകളുണ്ട്, അത് ഫലപ്രദവുമല്ല എന്ന് പറഞ്ഞശേഷം അതിന്റെ അര്‍ഥം പഠനരീതിയില്‍നിന്ന് അതിനെ മാറ്റിനിര്‍ത്തണമെന്നല്ല എന്നും പറയുന്നു (പേജ് 35).
സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ മാധ്യമം ഏതാവണം? ലോകത്തിലെ വിദ്യാഭ്യാസ പണ്ഡിതന്മാര്‍ക്കും പുരോഗതി പ്രാപിച്ച രാജ്യങ്ങള്‍ക്കും ഇക്കാര്യത്തില്‍ സംശയമില്ല, മാതൃഭാഷതന്നെ. വിദ്യാഭ്യാസ അവകാശനിയമത്തില്‍ 8-ാം ക്ലാസുവരെയുള്ള പഠന മാധ്യമം 'സാധ്യമാകുന്നിടത്തോളം' മാതൃഭാഷയാവണമെന്ന് നിര്‍ദേശിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് ഈ റിപ്പോര്‍ട്ട് എടുക്കുന്നില്ല. സ്‌കൂളുകളില്‍ മാതൃഭാഷാ പഠനം നിര്‍ബന്ധമാക്കാനും യാതൊരു ശുപാര്‍ശയും ഈ രേഖയിലില്ല.
ഒരുപക്ഷേ, ഏറ്റവും അശാസ്ത്രീയമായ നിര്‍ദേശം അസീസ് കമ്മിറ്റിയില്‍നിന്ന് ഉണ്ടായത് പരീക്ഷകളുടെ കാര്യത്തിലാണ്. ഈ റിപ്പോര്‍ട്ടില്‍ 5, 8 ക്ലാസുകളുടെ അവസാനം ജില്ല/സംസ്ഥാന തലത്തിലുള്ള പൊതുപരീക്ഷയെ കുട്ടികള്‍ അഭിമുഖീകരിക്കണമെന്ന് പറയുന്നു (പേജ് 49). എന്തിനാണിത്? വിദ്യാഭ്യാസ അവകാശനിയമത്തിന് വിരുദ്ധമാണിത്.
ഏത് പാഠ്യപദ്ധതിയെയും ശാസ്ത്രീയമായ പഠനത്തിന്റെ പിന്‍ബലത്തില്‍ മാറ്റുന്നതിനെ/മെച്ചപ്പെടുത്തു
നമ്മുടെ നാടിനെയും ലോകത്തെയും പ്രപഞ്ചത്തെത്തന്നെയും അറിയാനും പഠിക്കാനും അതുവഴി ലോകത്തെ മാറ്റിയെടുക്കാനുമുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിനുപകരം കോര്‍പ്പറേറ്റുകള്‍ക്ക് 'അടിമവേല' ചെയ്യുന്ന വിധേയന്മാരെ സൃഷ്ടിക്കുന്നതാവും ഇതിന്റെ പരിണതഫലം. ഇതിനെ പ്രതിരോധിക്കുകതന്നെ വേണം.
(കണ്ണൂര്‍ ഡയറ്റ് റിട്ട. പ്രിന്‍സിപ്പലാണ് ലേഖകന്‍)
അറിയില്ല.
മറുപടിഇല്ലാതാക്കൂപതിനഞ്ച് വർഷങ്ങൾക്കുമുൻപ് സ്കൂൾ വിദ്യാഭ്യാസം അവസാനിച്ചതിനുശേഷം പാഠപുസ്തകങ്ങളിലും പാഠ്യപദ്ധതിയിലും എന്തൊക്കെ മാറ്റങ്ങളാണ് വന്നിരിക്കുന്നതെന്ന് പത്രവാർത്തകളിലൂടെയല്ലാതെ യാതൊരറിവുമില്ല. പുസ്തകങ്ങളുടെ ഉള്ളടക്കത്തെക്കുറിച്ച് മനസ്സിലാക്കാൻ അത് തീരെ അപര്യാപ്തമാണല്ലോ.
രണ്ടു മൂന്നു കാരണങ്ങള്‍ കൊണ്ടാണ് ഞാനെന്റെ കുട്ടിയെ മലയാളം സര്‍ക്കാര്‍ സ്കൂലില്‍ ഒന്നില്‍ ചേര്‍ത്തത്.
മറുപടിഇല്ലാതാക്കൂഒന്ന് സംസാര ഭാഷയില്‍ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കിയാല്‍ അവര്‍ എന്താണ് പഠിക്കുന്നത് എന്ന് അവര്‍ ചിന്തിക്കുന്നു, മനസിലാക്കുന്നു, മനസിലാകാത്ത ഒരു കാര്യം കാണാപ്പാഠം പഠിച്ചു എഴുതേണ്ടി വരുന്നില്ല.
രണ്ടു നമ്മുടെ സിബിഎസ് ഇ സ്കൂളുകലില്‍ ഒരു ഏകീകൃത സിലബസ് ഇല്ല.ധാരാളം പബ്ലിഷേഴ്സ് ,അവരുടെ മത്സരങ്ങല്‍ക്കനുസരിച്ചു സ്കൂളുകാര്‍ എടുക്കുന്ന ടെക്സ്റ്റുകള്‍ ചെറിയ കുട്ടികള്‍ക്ക് അവരുടെ ബ്രയിനിന്‍ ഓവര്‍ ലോര്‍ഡ് ആണ്.ദിനവുമുള്ള നാലും അഞ്ചും പേജ് ഹോം വര്‍ക്കുകള്‍ വെറുതെ കുത്തിയിരുത്തി എഴുതിപ്പിച്ചു കാണാപ്പാഠം പഠിച്ച് ശര്‍ദ്ദിച്ച് മാര്‍ക്ക് വാങ്ങുന്ന രീതി ഭാവിയില്‍ അവരെ ലോജിക്കോ ചിന്താശേഷിയോ ഇല്ലാത്തവരാക്കുന്നു.മാത്രമല്ല, over strictness,strict discipline causes unwanted fear and there by supress their natural talents.മുകളിലത്തെ വരിയില്‍ എഴുതുന്ന തെറ്റ് താഴെ വരിയിലെത്തുംപോഴും അതെ പടി തന്നെ.
മൂന്നു പഠനം ഒരിക്കലും കുഞ്ഞുങ്ങള്‍ക്ക് ഒരു ഭാരമാകരുത്.രസകരമായൊരു കളിയെന്നോണം ആസ്വദിച്ച് വേണം കുട്ടികള്‍ പഠിക്കാന്.പുസ്തക സിലബസിനോപ്പം പോര്‍ഷന്‍ ഓടിച്ചു തീര്‍ക്കാന്‍ പെടാപാട് പെടുന്നതിനിടയില്‍ കുട്ടികളുടെ ആക്ടിവിട്ടിസ് എല്ലാം സൈഡ് ലൈന്‍ ചെയ്യപ്പെടുന്നു.
മാത്രമല്ല ,ഭാഷ നന്നായി കൈകാര്യം ചെയ്യാനറിയപ്പെടുന്ന കുട്ടികള്‍ വേഗം കാര്യങ്ങള്‍ മനസിലാക്കും.