ബുധനാഴ്‌ച, നവംബർ 20, 2013

അസീസ് കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയുക - വി.എസ്

തിരുവനന്തപുരം: ശാസ്ത്രീയമായ പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെ വിദ്യാഭ്യാസ രംഗത്ത് കേരളം നേടിയ നേട്ടങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത് എന്നും ഇതിനു കാരണമായിത്തീര്‍ന്നിട്ടുള്ള അബ്ദുള്‍ അസീസ് കമ്മിറ്റി റിപ്പോര്‍ട്ടിനെ തള്ളിക്കളയണമെന്നും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
കേരള വിദ്യാഭ്യാസ രംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുന്ന അസീസ് കമ്മറ്റി റിപ്പോര്‍ട്ടിനെതിരായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ധര്‍ണയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1957-ല്‍ ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് എട്ടാംതരം വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കിയതും അധ്യാപകര്‍ക്ക് നേരിട്ട് ശമ്പളം നല്‍കാന്‍ നടപടി എടുത്തതും. 1967-ലെ സര്‍ക്കാരും ഇത്തരം പുരോഗമന നടപടികള്‍ തുടര്‍ന്നു. എന്നാല്‍ പല കാലത്ത് വന്ന വലതുപക്ഷ സര്‍ക്കാരുകള്‍ ഇത്തരം നയങ്ങളെ തിരുത്തിയെഴുതാനാണ് ശ്രമിച്ചത്. അതിന്റെ തുടര്‍ച്ചയാണ് നാമിപ്പോള്‍ കാണുന്നതെന്നും സര്‍വശക്തിയെടുത്ത് ഇതിനെ ചെറുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 
ഓരോ ഗവണ്‍മെന്റ് മാറുമ്പോഴും വിദ്യാഭ്യാസ രംഗത്ത് ഓരോ നയം നടപ്പിലാക്കുക എന്ന ദൗര്‍ഭാഗ്യമാണ് കേരളം നേരിടുന്നതെന്ന് കാലത്ത് കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോ. ജി. ബാലമോഹന്‍തമ്പി പറഞ്ഞു. ഭരണഘടനാ ലക്ഷ്യങ്ങളായ സമത്വം, മതേതരത്വം, പരമാധികാരം തുടങ്ങിയവ യാഥാര്‍ഥ്യമാക്കുന്ന വിദ്യാഭ്യാസ പദ്ധതിയാണ് ഉണ്ടാവേണ്ടത്. വിദ്യാര്‍ഥികള്‍ മുതിര്‍ന്നുവരുമ്പോള്‍ അവര്‍ക്ക് ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കുവാനുള്ള അവസരം ഉണ്ടാവണം. വിദ്യാര്‍ഥികേന്ദ്രീതമായ പാഠ്യപദ്ധതിക്കുപകരം വിദ്യാഭ്യാസ മാനേജര്‍മാരെ കേന്ദ്രത്തില്‍ പ്രതിഷ്ഠിക്കുന്ന പരിഷ്‌കരണമാണ് അസീസ് കമ്മിറ്റി മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പരിഷത്ത് പ്രസിഡന്റ് ഡോ. എന്‍.കെ. ശശിധരന്‍പിള്ള അധ്യക്ഷത വഹിച്ചു. ഡോ. ആര്‍.വി.ജി. മേനോന്‍, ഡോ. പി.വി. പുരുഷോത്തമന്‍, കെ. മനോഹരന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. പ്രൊഫ. കാര്‍ത്തികേയന്‍നായര്‍, പ്രൊഫ. ഒലീന, ടി. രാധാമണി, പ്രൊഫ. സി. രവിചന്ദ്രന്‍, പി.എച്ച്.എം. ഇസ്മയില്‍, എന്‍. ശ്രീകുമാര്‍, കെ. ശിവകുമാര്‍, എ. നുജൂം, ആര്‍. പാര്‍വതീദേവി, റഷീദ് കണിച്ചേരി, എസ്. ഷിജുഖാന്‍, ഡോ. സുദര്‍ശനന്‍പിള്ള, പ്രൊഫ. ശ്രീവത്സന്‍, വിനോദ് വൈശാഖി, വി.എസ്. ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി വി.വി. ശ്രീനിവാസന്‍ സ്വാഗതം പറഞ്ഞു. പുതിയ പാഠ്യപദ്ധതിയുടെ അനുഭവങ്ങള്‍ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കുവച്ചു.
തിരുവനന്തപുരം വിദ്യാഭ്യാസ ഗവേഷണകേന്ദ്രം പ്രസിദ്ധീകരിച്ച പപ്പായ വിഭവങ്ങള്‍ എന്ന പുസ്തകം പരിഷത്ത് പ്രസിഡന്റ് അശ്വതി എന്ന വിദ്യാര്‍ഥിക്കു നല്‍കി പ്രകാശനം ചെയ്തു.
സമാപന സമ്മേളനത്തില്‍ പരിഷത്ത് തിരുവനന്തപുരം ജില്ലാപ്രസിഡന്റ് ഡോ. കെ. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. നൈനാന്‍കോശി, ടി.എം. തോമസ് ഐസക്ക് എം.എല്‍.എ., കെ.ടി. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന വിദ്യാഭ്യാസ വിഷയസമിതി കണ്‍വീനര്‍ വി. വിനോദ് സ്വാഗതവും ജില്ലാസെക്രട്ടറി ബി. രമേശ് നന്ദിയും പറഞ്ഞു.

തിങ്കളാഴ്‌ച, നവംബർ 18, 2013

ഗാഡ്ഗില്‍ സമിതി ശുപാര്‍ശകള്‍ : കിസാന്‍ സഭാനിലപാടിന്റെ പരിമിതികള്‍

                                                                                             ജോജി കൂട്ടുമ്മൽ 

  ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മാഗ്നാകാര്‍ട്ടയല്ല എന്ന തലക്കെട്ടില്‍ പി.കൃഷ്ണപ്രസാദ് ചിന്ത വാരിക (2013 നവംബര്‍ 15) യില്‍ എഴുതിയ ലേഖനം ഈ വിഷയത്തേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണകളിലെ അശാ സ്ത്രീയതയും,ഈ ശുപാര്‍ശകളെ എതിര്‍ക്കുന്ന ശക്തികള്‍ക്ക് പൊതുവേയും കിസാന്‍ സഭയ്ക്ക് വിശേഷിച്ചും ഉള്ള ആശയ അവ്യക്തതയും വെളിപ്പെടുത്തുന്നു. കൃഷ്ണപ്രസാദ് അഖിലേന്ത്യാ കിസാന്‍സഭയുടെ ഫിനാന്‍സ് സെക്രട്ടറിയാണ്.ആ നിലയ്ക്ക് ഈ ലേഖനത്തില്‍ ഉയര്‍ത്തിയിരിക്കുന്ന ആശയങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടേ ണ്ടതാണ്.ഈ ലേഖനത്തില്‍ ഉന്നയിച്ചിരിക്കുന്ന പ്രധാന വാദങ്ങളെ അങ്ങനെ തന്നെ അവതരിപ്പിക്കുകയും അവയുടെ യാഥാര്‍ത്ഥ്യം വിശദീകരിക്കുകയുമാണ് താഴെ ചെയ്തിരിക്കുന്നത്.
              വാദം 1.പരിസ്ഥിതിനാശം വിവിധ ജനവിഭാഗങ്ങളിലും സമൂഹത്തിലാകെയും സൃഷ്ടിക്കുന്ന പ്രത്യാഘാ തങ്ങളുടെ പഠനം കേന്ദ്രസര്‍ക്കാര്‍ ഗാഡ്ഗില്‍ കമ്മിറ്റിക്ക് നല്‍കിയ എട്ടു ചുമതലകളില്‍ ഉള്‍പ്പെടുന്നില്ല .
            
                 വിശദീകരണം:എതിര്‍ക്കാന്‍ വേണ്ടി എതിര്‍ക്കുമ്പോള്‍ കണ്ടെത്തുന്ന ഒരു ന്യായമാണിതെന്നേ പറയാനാവൂ.പരിസ്ഥിതിനാശം മനുഷ്യനെ എങ്ങനെ ബാധിക്കുന്നുവെന്ന പഠനങ്ങള്‍ ലോകത്തെമ്പാടും നടക്കുന്നുണ്ട്.പശ്ചിമഘട്ടത്തിന് നാശം നേരിട്ടാല്‍ കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ മേഖലയിലെ ജനങ്ങള്‍ക്കുണ്ടാകുന്ന ദുരിതങ്ങള്‍ വളരെ വ്യക്തമാണ് .അത് മനസ്സിലാക്കാന്‍ ഒരു വിദഗ്ദ്ധ സമിതി ഇനി പഠിച്ച് റിപ്പോര്‍ട്ട് നല്കേണ്ടതില്ലതന്നെ.ഗാഡ്ഗില്‍ സമിതിയുടെ പരിഗണനാവിഷയങ്ങള്‍ താഴെ കൊടുക്കുന്നു.
1. പശ്ചിമഘട്ട ആവാസമേഖലയുടെ തൽസ്ഥിതി വിലയിരുത്തുക
2.1986ലെ പരിസ്ഥിതി(സംരക്ഷണ)നിയമ പ്രകാരം പശ്ചിമഘട്ട പ്രദേശങ്ങളിലെ പാരിസ്ഥിതിക ലോല പ്രദേശങ്ങളെ വേർതിരിക്കുക. ഇതിനായി നിലവിലുള്ള പശ്ചിമഘട്ട പഠന റിപ്പോർട്ടുകളായ പ്രണബ്‌ സെൻ കമ്മറ്റി റിപ്പോർട്ട്‌, ഡോ.ടി.എസ്‌.വിജയരാഘവൻ കമ്മറ്റി റിപ്പോർട്ട്‌, ഈ വിഷയം സംബന്ധിച്ച സുപ്രീംകോടതി നിർദ്ദേശങ്ങൾ ദേശീയ വന്യജീവി ബോർഡിന്റെ ശുപാർശകൾ എന്നിവ പരിശോധിക്കുന്നതോടൊപ്പം ബന്ധപ്പെട്ട സംസ്ഥാന ങ്ങളുമായി ഈ വിഷയം ചർച്ച ചെയ്യുകയും വേണ്ടതാണ്‌.
3. ബന്ധപ്പെട്ടഎല്ലാസംസ്ഥാന ഭരണകൂടങ്ങളുടെയും പ്രദേശവാസികളായ ജനങ്ങളുടെ യും പങ്കാളിത്തത്തോടുകൂടി പശ്ചിമഘട്ട പ്രദേശങ്ങളുടെ സംരക്ഷണം പുനരുജ്ജീവനം എന്നിവ സംബന്ധിച്ച്‌ മാർഗ്ഗരേഖകൾ നിർദ്ദേശിക്കുക.
4. പരിസ്ഥിതി(സംരക്ഷണ) നിയമത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമഘട്ട പ്രദേശങ്ങ ളിലെ സവിശേഷ പ്രദേശങ്ങളെ കണ്ടെത്തി അവയെ പരിസ്ഥിതി ലോല പ്രദേശങ്ങളായി പ്രഖ്യാപിക്കുന്നതിനുള്ള യുക്തമായ നടപടികൾ നിർദ്ദേശിക്കുക.
5. പശ്ചിമഘട്ട പ്രദേശങ്ങളുടെ ആവാസ വ്യവസ്ഥയെ പരിപാലിക്കുന്നതിനും സുസ്ഥിര വികസനം ഉറപ്പ്‌ വരുത്തുന്നതിനും പര്യാപ്തമായ ഒരു പ്രോഫഷണൽ സമിതിയെ നിയമിക്കുന്ന തിനള്ള നടപടിക്രമങ്ങൾ നിർദ്ദേശിക്കുക. ഈ സാങ്കേതിക സമിതി 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമമനുസരിച്ചുള്ള പശ്ചിമഘട്ട ആവാസവ്യവസ്ഥാ അഥോറിറ്റിയാണ്‌. ഈ സമിതിയെ ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ പിന്തുണയോടെ നടപ്പിൽ വരുത്തുന്നതിനുള്ള നടപടിക്രമങ്ങൾ നിർദ്ദേശിക്കുക.
6. കേന്ദ്ര വനം മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നവ ഉൾപ്പെടെ പശ്ചിമഘട്ടത്തെ സംബന്ധി ച്ചുള്ള മറ്റ്‌ പാരിസ്ഥിതിക പ്രശ്നങ്ങളെയും അർഹമായ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുക.
ഇവ കൂടാതെ ഏഴാമതൊരു ചുമതലകൂടി പിന്നീട്‌ നിർദ്ദേശിക്കപ്പെട്ടു.കേരളത്തിലെ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി,കർണ്ണാടകത്തിലെ ഗുണ്ടിയ ജലവൈദ്യുതപദ്ധതി എന്നിവയെ വിലയിരുത്തി റിപ്പോർട്ടുകൾ സമർപ്പിക്കുക,മഹാരാഷ്ട്രയിലെ രത്നഗിരി സിന്ധുദുർഗ്ഗ്‌ ജില്ലകളിൽ നടക്കുന്ന ഖനനം, ഊർജോൽപാദന പദ്ധതികൾ, വ്യവസായ മലിനീകരണം എന്നിവ സംബന്ധിക്കുന്ന ഒരു വികസന മാർഗ്ഗരേഖ നിർദ്ദേശിക്കുകയെന്നതായിരുന്നു ഈ അവസാന നിർദ്ദേശം
ഇവയിലേതിനോടാണ് തനിക്കുള്ള വിയോജിപ്പ് എന്നായിരുന്നു കൃഷ്ണപ്രസാദ് പറയേണ്ടിയിരുന്നത്. എന്നാല്‍ അത് ചെയ്യാതെ മറ്റൊരു ചുമതല കൂടി കൊടുക്കണമായിരുന്നു എന്നും അത് ചെയ്യാത്തത്കൊണ്ട് സമിതി നല്‍കിയ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നു എന്നും പറയുന്നത് അര്‍ത്ഥശൂന്യമായ ഒന്നാണ്.സത്യത്തില്‍ ഇത്തരം വാദം മറുപടി അര്‍ഹിക്കുന്നതല്ല.എന്നാലും ഗാഡ്ഗില്‍ സമിതിയുടെ ശുപാര്‍ശകള്‍ ക്കെതിരായി നടക്കുന്ന പ്രചരണത്തിന്റെ ബാലിശതയും അര്‍ത്ഥശൂന്യതയും വ്യക്തമാകാന്‍ ഉപകരിക്കുമെന്നതു കൊണ്ട് ഇവിടെ വിശദീകരിച്ചെന്നേയുള്ളൂ.
           വാദം 2. പ്രാദേശിക ജനസംഖ്യയില്‍ വര്‍ദ്ധിച്ച് വരുന്നവര്‍ക്ക് വീട് വയ്ക്കുന്നതിനായി ഗ്രാമീണ പാര്‍ പ്പിട മേഖലയുടെ വികസനം എന്നതൊഴിച്ചാല്‍ മറ്റൊരാവശ്യത്തിനും ഭൂമി വിനിയോഗിക്കാന്‍ അനുവദിക്കില്ല. ഇത് അംഗീകരിച്ചാല്‍ പൊതുവേ വികസന പിന്നോക്കാവസ്ഥ നേരിടുന്ന പശ്ചിമഘട്ടത്തിലെ 75% പ്രദേശ ങ്ങളിലും പുതുതായി സ്കൂളോ ആശുപത്രിയോ സര്‍ക്കാര്‍ ഓഫീസോ വാണിജ്യവ്യവസായ സ്ഥാപനമോ റോഡോ റെയില്‍വേയോ ലൈബ്രറിപോലുമോ നിര്‍മ്മിക്കാനാവില്ല.
       വിശദീകരണം:വനഭൂമി വനേതര ആവശ്യങ്ങള്‍ക്കോ,കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കരുത് എന്ന നിര്‍ദ്ദേശത്തിന്റെ വിശദീകരണമാണിത്. അതായത് ഈ രണ്ട് വിഭാഗം ഭൂമിയും കെട്ടിടം പണിയാന്‍ വേണ്ടി മാറ്റരുത്.അല്ലാതെ പശ്ചിമ ഘട്ടത്തിലൊരിടത്തും നിര്‍മ്മിതികള്‍ നിരോധി ക്കാന്‍ സമിതി ശുപാര്‍ശ ചെയ്യുന്നേയില്ല.വനഭൂമിയോ കൃഷിഭൂമിയോ പോലും വര്‍ദ്ധിച്ച് വരുന്ന ജനസംഖ്യയ്ക്ക് ആവശ്യമായ പര്‍പ്പിടം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുകയും ചെയ്യാം. (Report Of Western Ghats Ecology Expert panel .page 41,42)ഇതില്‍ വനഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്നത് 1980 ലെ വന നിയമത്തില്‍ നിലനില്‍ക്കുന്ന വ്യവസ്ഥയാണ്.അത്രമാത്രമേ ഗാഡ്ഗിലും പറഞ്ഞിട്ടുള്ളൂ. കൃഷിഭൂമി കെട്ടിടം പണിയാന്‍ ഉപയോഗിക്കരുത് എന്ന് പറയുമ്പോള്‍ കര്‍ഷക നേതാവ് എന്തിനാണ് എതിര്‍ക്കുന്നതെന്ന് മനസ്സിലാകുന്നില്ല.കൃഷിഭൂമിയുടെ വ്യാപ്തി പരമാവധി വര്‍ദ്ധിപ്പിക്കാനല്ലേ അദ്ദേഹം ശ്രമിക്കേണ്ടത് ?
അതുപോലെ തന്നെ റോഡുകളുടെ കാര്യത്തിലും കൃഷ്ണപ്രസാദ് പറയുന്ന നിരോധനങ്ങള്‍ ഇല്ലതന്നെ.റോഡ് നിര്‍മ്മാണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വരുമ്പോള്‍ നിര്‍മ്മാണം ആരംഭിക്കുന്നതിനു മുമ്പ് ഒരു നേട്ട-കോട്ട വില യിരുത്തല്‍ നടത്തണം എന്നാണ് സമിതി നിര്‍ദ്ദേശിക്കുന്നത് .പദ്ധതി മൂലമുണ്ടാകുന്ന പാരിസ്ഥിതിക വ്യയവും പൊതുജനങ്ങള്‍ക്കുണ്ടാകുന്ന നേട്ടവും പരിശോധിച്ച് വേണം തീരുമാനമെടുക്കാന്‍ എന്നാണ് സമിതി വിശദീ കരിക്കുന്നത്.അല്ലാതെ റോഡുകള്‍ പാടില്ല എന്നല്ല.പുതിയ റെയില്‍വേ ലൈനുകളോ വലിയ (major) റോഡുകളോ വേണ്ടി വരുമ്പോള്‍ അവ ഏറ്റവും അത്യാവശ്യമുള്ള മേഖലകളില്‍ പരിസരാഘാത വിലയിരു ത്തലിന്റെ അടിസ്ഥാനത്തിലേ നിര്‍മ്മിക്കാവൂ എന്നും ശുപാര്‍ശകള്‍ പറയുന്നു(റിപ്പോര്‍ട്ട് ,41-44 പേജുകള്‍).പശ്ചിമഘട്ടം പോലെ പരിസ്ഥിതി പ്രാധാന്യമുള്ള ഒരു പ്രദേശത്ത് ഇത്തരം നിര്‍മ്മിതികള്‍ക്ക് യാതൊരു വിധത്തിലുമുള്ള പരിശോധനയോ മുന്‍പഠനങ്ങളോ വേണ്ട എന്നാണോ കൃഷ്ണപ്രസാദ് വാദിക്കുന്നത് എന്നറിയില്ല.അങ്ങനെയാണെങ്കില്‍ അത് നിര്‍ഭാഗ്യകരമാണെന്നേ പറയാനുള്ളൂ.തോട്ടം മേഖലയില്‍ ഒരു നിശ്ചിത ശതമാനം ഭൂമി വിനോദസഞ്ചാര വ്യവസായത്തിനായി ഹോട്ടലുകളും റിസോര്‍ ട്ടുകളും നിര്‍ മ്മിക്കാനായി മാറ്റി വയ്ക്കാന്‍ ശ്രമിക്കുന്നുണ്ടല്ലോ? ഇവരാണ് യഥാര്‍ ത്ഥത്തില്‍ കൃഷി ഭൂമിയില്‍ കെട്ടിടം കെട്ടാന്‍ ആഗ്രഹിക്കുന്നത്
എന്നാല്‍ പ്രത്യേക സാമ്പത്തിക മേഖലകള്‍,പുതിയ ഹില്‍ സ്റ്റേഷനുകള്‍,പുതിയ ഹൈവേകള്‍ എക്സ്പ്രസ്സ് ഹൈവേകള്‍ എന്നിവ പശ്ചിമഘട്ട മേഖലയില്‍ പാടില്ല എന്ന് സമിതി സംശയലേശമെന്യേ പറയുന്നുണ്ട്. അവയോട് ആരും യോജിക്കുമെന്ന് കരുതട്ടെ.മേല്പറഞ്ഞവയൊക്കെ ഒന്നാം സോണില്‍ വരുന്ന നിയന്ത്രണങ്ങളാണ്.രണ്ടും മൂന്നും സോണുകളില്‍ നിയന്ത്രണങ്ങള്‍ താരതമ്യേന കുറവായിരിക്കുമെന്ന് പറയേ ണ്ടതില്ലല്ലോ?
വാദം 3. രാസവളം നിരോധിക്കും .
   വിശദീകരണം:പശ്ചിമഘട്ടത്തിലെ വിവിധ സോണുകളില്‍ സമയബന്ധിതമായി ജൈവകൃഷി രീതി നിര്‍ബന്ധമാക്കണമെന്ന നിര്‍ദ്ദേശത്തെയാണ് ഇങ്ങനെ വ്യാഖ്യാനിച്ചിരിക്കുന്നത്.രാസവളങ്ങളും കീടനാശി നികളും ഉണ്ടാക്കുന്ന അപകടങ്ങളേക്കുറിച്ച് കൃഷ്ണപ്രസാദ് അദ്ദേഹത്തിന്റെ പരാമൃഷ്ടലേഖനത്തില്‍ തന്നെ വിശദീകരിക്കുന്നുണ്ട്.അതുകൊണ്ട് അവ ഇവിടെ വിശദീകരിക്കുന്നില്ല.എന്നാല്‍ ജൈവ കൃഷിയിലേയ്ക്കു പെട്ടന്നുണ്ടാകുന്ന മാറ്റം ഉദ്പ്പാദനത്തില്‍ ഇടിവ് ഉണ്ടാക്കുമെന്ന വസ്തുത പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിനു പരിഹാരമായി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണം എന്നാണ് സമിതിയുടെ നിര്‍ദ്ദേശം.കര്‍ഷകര്‍ക്ക് സാമ്പത്തികനഷ്ടം വരാതെ പരിസ്ഥിതി സൗഹൃദപരമയ കൃഷിരീതിയിലേയ്ക്ക് മാറാന്‍ കഴിഞ്ഞാല്‍ അത് നല്ലതല്ലേ?
   വാദം 4. പശ്ചിമഘട്ടത്തിലെ തേക്ക് തോട്ടം പരിസ്ഥിതി വിരുദ്ധമാണ് .അത് വെട്ടിക്കളഞ്ഞ് പകരം സ്വാഭാവികവനം വച്ച് പിടിപ്പിക്കാന്‍ സമിതി ശുപാര്‍ശചെയ്യുന്നില്ല.
   വിശദീകരണം: സ്വാഭാവികവനം വച്ച് പിടിപ്പിക്കാന്‍ കഴിയുന്നതാണ് എന്ന തെറ്റായ ധാരണയില്‍ നിന്നാണ് ഈ വാദം ഉയരുന്നത്.സ്വാഭാവികവനമെന്നത് അനേക വര്‍ഷങ്ങള്‍ കൊണ്ട് രൂപപ്പെട്ട് വരുന്ന ഒരു പാരിസ്ഥിതികവ്യവസ്ഥയാണ്.കാട് വെട്ടി തേക്ക് തോട്ടം ഉണ്ടാക്കിയത് ഒരു പരിസ്ഥിതിവിരുദ്ധ പ്രവര്‍ത്തനം തന്നെ.എന്നാല്‍ അത് സംഭവിച്ച് കഴിഞ്ഞിട്ട് എത്രയൊ വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇപ്പോള്‍ തേക്ക് മരങ്ങള്‍ അടങ്ങുന്ന ഒരു സവിശേഷ പരിസ്ഥിതിവ്യവസ്ഥ അവിടെ രൂപപ്പെട്ടിട്ടുണ്ടാവണം. ഇനി തേക്ക് മരങ്ങളെല്ലാം ഒറ്റയടിക്ക് വെട്ടിക്കളഞ്ഞാല്‍ അവിടെ പഴയ വനപരിസ്ഥിതി രൂപപ്പെടുമെന്ന് കരുതാനാവില്ല. പരിസ്ഥിതിയില്‍ "റിവേഴ്സ് ഗിയര്‍ " ഇല്ല എന്നത് തന്നെ കാരണം.തേക്ക് തോട്ടം വെട്ടിമാറ്റി യാല്‍ ധാരാളം പണം കിട്ടും എന്ന് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.അതാവരുത് പരിസ്ഥിതിസംബന്ധമായ ഒരു തീരുമാനമെടു ക്കുന്നതിന്റെ അടിസ്ഥാനം.
 
   വാദം 5. പശ്ചിമ ഘട്ടത്തിലെ വയലുകള്‍,നീര്‍ത്തടങ്ങള്‍ നദികള്‍,ജലാശയങ്ങള്‍ എന്നിവ സംരക്ഷിക്കാന്‍ കമ്മിറ്റി ഒരു നിര്‍ദ്ദേശവും വച്ചിട്ടില്ല.
   വിശദീകരണം :ജനവാസ കേന്ദ്രങ്ങളിലും വികസിതവും വികസ്വരവുമായ മേഖലകളിലും മനുഷ്യഇടപെടല്‍ ഇല്ലാതെ ചില പ്രദേശങ്ങള്‍ നിലനിര്‍ത്തണം എന്ന് സമിതി പറയുന്നു.ഇതില്‍ നദികള്‍ ജലാശയങ്ങല്‍ എന്നിവ ഉള്‍ പ്പെടണമെന്നും പറയുന്നു. (റിപ്പോര്‍ട്ട് ,പുറം 41) .എന്നാല്‍ പ്രധാനമായും അറിഞ്ഞിരിക്കേണ്ടത് ഈ റിപ്പോര്‍ ട്ടില്‍ ഇല്ലാത്ത ഒരു പരിസ്ഥിതിസംരക്ഷണ പരിപാടി നടപ്പാക്കാന്‍ റിപ്പോര്‍ട്ട് തടസ്സമേയല്ല എന്നതാണ്. ഒരു റിപ്പോര്‍ട്ടില്‍ എന്തെല്ലാം ഇല്ല എന്നു നോക്കിയല്ല എന്തെല്ലാം ഉണ്ട് എന്ന് നോക്കി വേണമല്ലോ അതിനെ വിലയിരുത്താന്‍.കൂടുതല്‍ കാര്യങ്ങള്‍ വേണമെങ്കില്‍ നടപ്പാക്കാവുന്നതേയുള്ളൂ.
                  പശ്ചിമഘട്ട അഥോറിറ്റിയെക്കുറിച്ചും മറ്റുമുള്ള കൃഷ്ണപ്രസാദിന്റെ വിമര്‍ശനങ്ങള്‍ അംഗീകരിക്കപ്പെടേ ണ്ടവതന്നെ. അതുപോലെ അദ്ദേഹം ഉന്നയിക്കാത്ത മറ്റ് ചില നിര്‍ദ്ദേശങ്ങളും കൂടുതല്‍ പഠനത്തിനു വിധേയമാ ക്കേണ്ടതുണ്ട്.പ്രസ്തുത ലേഖനം അവസാനിപ്പിക്കുന്നത് സ്വാഗതാര്‍ഹമായ ഒരു നിര്‍ദ്ദേശത്തോടെയാണ്. അതിങ്ങനെയാണ്.
              “ഈ സാഹചര്യത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനും ജനങ്ങളുടെ ജീവിതോപാധികളുടെ സംരക്ഷ ണത്തിനും തുല്യപരിഗണന നല്‍കി കസ്തൂരി രംഗന്‍ -ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ പൊതു ചര്‍ച്ചയ്ക് വിധേയമാക്കി ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുന്ന ബഹുജന സമ്മര്‍ദ്ദം വളര്‍ത്തിയെടുക്കുകയാണ് തൊഴിലാളി -കര്‍ഷക പ്രസ്ഥാനങ്ങലുടെ മുന്നിലുള്ള ചുമതല .”ഇത് ശരിതന്നെ. പക്ഷെ ഇതു നടക്കണമെങ്കില്‍ റിപ്പോര്‍ട്ട് ആദ്യം സ്വീകരിക്കണമല്ലോ? അതിനു ശേഷം നടപ്പാക്കുന്ന ഘട്ടത്തിലല്ലേ എന്തെല്ലാം മാറ്റങ്ങള്‍ വേണമെന്ന് തിരുമാനിക്കാന്‍ കഴിയൂ.? എന്നാല്‍ ആദ്യമേതന്നെ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞുകഴിഞ്ഞാല്‍ പിന്നെങ്ങനെയാണ് അതില്‍ തിരുത്തല്‍ വരുത്താന്‍ കഴിയുക?ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും തള്ളിക്കളയണമെന്ന് കിസാന്‍ സഭയ്ക്ക് അഭിപ്രായമില്ല എന്ന് അദ്ദേഹം പറയുന്നുമുണ്ട്.എന്നാല്‍ ശുപാര്‍ശകളെ അതിന്റെ അന്തസത്തയില്‍ സ്വീകരിക്കുക,ചര്‍ച്ചയി ലൂടെ ആവശ്യമയ തിരുത്തലുകള്‍ വരുത്തുക എന്ന ധനാത്മക നിലപാട് സ്വീകരിക്കാന്‍ കഴിയുന്നില്ല എന്ന താണ് കിസാന്‍സഭയുടെ സമീപനത്തിന്റെ പരിമിതി എന്ന് മാത്രം പറയട്ടെ.

                                              ( ' RED HOUSE EFFECT 'ബ്ലോഗിൽ പ്രസിദ്ധീകരിച്ചത്.)

വെള്ളിയാഴ്‌ച, നവംബർ 15, 2013

മാധവ് ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് മലയാളത്തിൽ


പ്രൊഫ:മാധവ് ഗാഡ്ഗിൽ അധ്യക്ഷനായ പശ്ചിമഘട്ട വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പൂർണരൂപത്തിൽ മലയാളത്തിൽ പ്രസിദ്ധീകരിച്ചുകൊണ്ട് ഇതു സംബന്ധമായ ചർച്ചകൾക്കും സംവാദങ്ങൾക്കും വേദിയൊരുക്കുകയാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്.പുസ്തകത്തിന്റെ കാസർഗോഡ്‌ ജില്ലാതല പ്രകാശനം ഹോസ്ദുർഗ് ഗവ:ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് എളേരിത്തട്ട് ഗവ:കോളേജ് പ്രിൻസിപ്പൽ പ്രൊഫ:എം.ഗോപാലൻ നിർവഹിച്ചു.പരിഷത്ത് കേന്ദ്ര നിർവാഹകസമിതി അംഗം വി.വി.ശാന്ത ടീച്ചർ പുസ്തകം ഏറ്റുവാങ്ങി.കെ.ബാലകൃഷ്ണൻ 

പുസ്തകംപരിചയപ്പെടുത്തി.ഡോ.കെ.എം.ശ്രീകുമാർ,ഡോ.സി.രാമകൃഷ്ണൻ,എ.എം.ബാലകൃഷ്ണൻ,പി.മുരളീധരൻ,വി.ടി.കാർത്യായനി,കെ.കെ.രാഘവാൻ,കെ.നാരായണൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.പരിഷത്ത് ജില്ലാ സെക്രട്ടറി പ്രദീപ്‌ കൊടക്കാട് സ്വാഗതവും ചന്ദ്രശേഖരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.ജില്ലാ പ്രസിഡന്റ് വി.എസ.ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ബുധനാഴ്‌ച, ഒക്‌ടോബർ 30, 2013

സ്‌കൂള്‍ പാഠ്യപദ്ധതിപരിഷ്കരണം അനിവാര്യമോ?


സ്‌കൂള്‍ പാഠ്യപദ്ധതി ചര്‍ച്ചചെയ്യുമ്പോള്‍

                                                                                ഒ.എം. ശങ്കരന്‍


കേരളത്തിലെ സ്‌കൂള്‍ പാഠ്യപദ്ധതി വീണ്ടും പരിഷ്‌കരിക്കുകയാണ്. ഏറ്റവും ഒടുവില്‍ കേരളത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരണപ്രവര്‍ത്തനങ്ങള്‍ നടത്തിയത് 2007-ലായിരുന്നു. ദേശീയ സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരമായിരുന്നു അത്. ഒന്നാം യു.പി.എ. സര്‍ക്കാര്‍ 2005-ല്‍ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (നാഷണല്‍ കരിക്കുലം ഫ്രെയിം വര്‍ക്ക് - എന്‍.സി.എഫ്. 2005) ഡോ. യശ്പാലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ രൂപപ്പെടുത്തിയ 2007-ലെ കേരള പാഠ്യപദ്ധതി ചട്ടക്കൂടിനെയും (കെ.സി.എഫ് 2007) അതിന്റെ തുടര്‍ച്ചയായി തയ്യാറാക്കിയ പാഠപുസ്തകങ്ങളെയും തമസ്‌കരിച്ചാണ് പുതിയ പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസവകുപ്പ് ആരംഭിച്ചിരിക്കുന്നത്. പാഠ്യപദ്ധതി പരിഷ്‌കരണം ഇപ്പോള്‍ കേരളത്തില്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്നു. (അത് വേണോ? 10 വര്‍ഷത്തിലൊരിക്കല്‍ പോരേ?).


എന്‍.സി.എഫും കെ.സി.എഫും

എന്‍.സി.എഫ്. 2005 ഇന്ത്യയിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ പുരോഗമനപരമായ ഒരു വലിയ വ്യതിയാനമാണ്. ഒരുപക്ഷേ, 1986-ലെ ദേശീയ വിദ്യാഭ്യാസനയത്തില്‍ സൂചിപ്പിച്ചപോലെ വിദ്യാര്‍ഥികേന്ദ്രീകൃതമായ പഠനരീതി കൊണ്ടുവരാനുള്ള ആദ്യത്തെ ആസൂത്രിതമായ ശ്രമമായിരുന്നു അത്. 1986-ലെ ദേശീയ വിദ്യാഭ്യാസനയത്തെ പരിശോധിച്ച റിപ്പോര്‍ട്ടായ 1990-ലെ ആചാര്യ രാമമൂര്‍ത്തി കമ്മിറ്റി റിപ്പോര്‍ട്ട് (Towards an Enlightened and Humane Society) വിദ്യാര്‍ഥികേന്ദ്രീകൃത പഠനവും ശിശുസൗഹൃദ മൂല്യനിര്‍ണയവും ആഴത്തില്‍ ചര്‍ച്ചചെയ്യാന്‍ കാരണമായി. തുടര്‍ന്ന് പുറത്തുവന്ന 1993-ലെ യശ്പാല്‍ കമ്മിറ്റി റിപ്പോര്‍ട്ടായ ഭാരരഹിതപഠനം (Learning without Burden) എന്ന രേഖയും അതിലെ പന്ത്രണ്ട് ശുപാര്‍ശകളുമായിരുന്നു ഇന്ത്യയിലെ സ്‌കൂള്‍ വിദ്യാഭ്യസരംഗത്തെ ഉള്ളടക്കത്തിലും രീതിശാസ്ത്രത്തിലുമുള്ള ചുവടുമാറ്റത്തിന്റെ തുടക്കം. ഈ രണ്ട് റിപ്പോര്‍ട്ടുകളുടെയും കേരളത്തിലെ 1997-ലെ പാഠ്യപദ്ധതി പരിഷ്‌കരണ അനുഭവങ്ങളുടെയും വെളിച്ചത്തിലാണ് എന്‍.സി.എഫ്. 2005 തയ്യാറാക്കിയത്.

എന്‍.സി.എഫ്. 2005-ലെ ഒരുപക്ഷേ, ഏറ്റവും നവീനമായ നിര്‍ദേശം ക്ലാസ്മുറിയിലേക്ക് സാമൂഹികജ്ഞാന നിര്‍മിതിരീതിയും വിമര്‍ശനാത്മക പഠനബോധനവും ഉയര്‍ത്തിക്കൊണ്ടുവന്നുവെന്നതാണ്. കുട്ടിയുടെ പഠനം എന്നത് അറിവുനിര്‍മാണമാണല്ലോ. ഒരു കുട്ടിയുടെ അറിവുനിര്‍മാണം മറ്റ് കുട്ടികളുടെ അറിവുനിര്‍മാണവുമായി ബന്ധപ്പെടുത്തി ശരിയായവ കൂട്ടിച്ചേര്‍ത്തും അല്ലാത്തവ ഒഴിവാക്കിയും സാമൂഹിക സാഹചര്യങ്ങളില്‍ തന്നെ നടക്കണം എന്നതാണ് സാമൂഹിക ജ്ഞാനനിര്‍മിതി എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. വിമര്‍ശനാത്മകബോധനം പ്രശ്‌നങ്ങളുടെ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും ധാര്‍മികവുമായ വശങ്ങളെപ്പറ്റി വിമര്‍ശനാത്മകമായി ചിന്തിക്കുന്നതിന് സന്ദര്‍ഭം നല്‍കുന്നു. സാമൂഹിക പ്രശ്‌നങ്ങളില്‍ വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടാകാമെന്ന് അത് അംഗീകരിക്കുന്നു.

കെ.സി.എഫ്. 2007 ആകട്ടെ, മേല്പറഞ്ഞ നിലപാടുകളെല്ലാം അംഗീകരിക്കുന്നു. കെ.സി.എഫ്. 2007 രൂപപ്പെടുത്തിയപ്പോള്‍ എന്‍.സി.എഫ്. 2005-ന്റെ ഉള്ളടക്കത്തില്‍ ഒരു പ്രധാന കൂട്ടിച്ചേര്‍ക്കല്‍, എട്ട് സാമൂഹിക പ്രശ്‌നമേഖലകളെ അഭിസംബോധന ചെയ്യാന്‍ കുട്ടിയെ ഒരുക്കുംവിധമാണ് പാഠ്യപദ്ധതി ക്രമീകരിക്കേണ്ടത് എന്ന വസ്തുതയാണ്. കെ.സി.എഫിന്റെ ഉള്ളടക്കത്തിന്റെ അടിസ്ഥാനസമീപനം ശിശുകേന്ദ്രീകൃതമായ സാമൂഹികജ്ഞാനനിര്‍മിതി വാദത്തിലും വിമര്‍ശനാത്മക പഠനബോധനത്തിലും പ്രശ്‌നാധിഷ്ഠിത സമീപനത്തിലും നിരന്തരവും സമഗ്രവുമായ മൂല്യനിര്‍ണയത്തിലും ബന്ധപ്പെട്ടിരിക്കുന്നു.

അബ്ദുള്‍ അസീസ് കമ്മിറ്റി

ഇതിന്റെ അടിസ്ഥാനത്തില്‍ വേണം കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന പാഠപുസ്തക പരിഷ്‌കരണത്തെ പരിശോധിക്കേണ്ടത്. പാഠ്യപദ്ധതി പരിഷ്‌കരണത്തിനായി ഡോ. പി.കെ. അബ്ദുള്‍ അസീസ് ചെയര്‍പേഴ്‌സണായ കമ്മിറ്റി 2013 ആഗസ്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിലവിലുള്ള പാഠ്യപദ്ധതിയുടെ മാറ്റത്തിന് കാരണമായി അസീസ് കമ്മിറ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത് 2008-ല്‍ പുറത്തുവന്ന ഡോ. കെ.എന്‍. പണിക്കരുടെ പാഠപുസ്തക പരിശോധനയ്ക്കായുള്ള ഉന്നതാധികാരസമിതിയുടെ റിപ്പോര്‍ട്ടാണ്. പണിക്കര്‍ കമ്മിറ്റിയുടെ 'നിരീക്ഷണങ്ങളും അവലോകനവും' എന്ന അധ്യായത്തില്‍നിന്നാണ് അസീസ് കമ്മിറ്റി പാഠ്യപദ്ധതി പരിഷ്‌കരണത്തെ നീതീകരിക്കാന്‍ പറ്റിയ വാക്യങ്ങള്‍ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി എടുത്തിരിക്കുന്നത്. ഈ അധ്യായത്തിലെ 21 നിരീക്ഷണങ്ങളിലെ ഏഴ് നിരീക്ഷണങ്ങളെ പൂര്‍ണമായി എടുക്കാതെ അതിലെ ചില ഭാഗങ്ങള്‍ മാത്രം സൗകര്യപൂര്‍വം ഉപയോഗപ്പെടുത്തുകയോ ദുരുപയോഗപ്പെടുത്തുകയോ ആണ് ചെയ്തത്. പണിക്കര്‍ കമ്മിറ്റി പ്രശ്‌നാധിഷ്ഠിതസമീപനത്തെ ചോദ്യംചെയ്തിട്ടില്ല. മാത്രവുമല്ല, പ്രസ്തുത കമ്മിറ്റിയുടെ 'ശുപാര്‍ശകള്‍' എന്ന അധ്യായത്തില്‍ ഇത്തരം ഒരു കാര്യം ഇല്ലതാനും. പണിക്കര്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ 16 എണ്ണമാണ്. അതില്‍ അത്രയേറെ പ്രധാനമല്ലാത്ത മൂന്നെണ്ണം മാത്രമാണ് അസീസ് റിപ്പോര്‍ട്ട് പരിഗണിച്ചിട്ടുള്ളത്. പാഠപുസ്തകത്തിലെ ഭാഷ, ചിത്രീകരണം, അച്ചടിക്കാനുപയോഗിച്ച പേപ്പര്‍ എന്നിവയെക്കുറിച്ചുള്ളവ മാത്രം!


പരിഷ്‌കരണത്തിന്റെ മറ്റ് യുക്തികള്‍

പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ രണ്ടാമത്തെ യുക്തി കണ്ടെത്തിയിരിക്കുന്നത് പണിക്കര്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പരിഗണിച്ച് പരിഷ്‌കരണം നടത്താതിരിക്കുക വഴി സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുത്തനെ താണുവെന്നതിലാണ്. എസ്.സി.ഇ.ആര്‍.ടി., എസ്.എസ്.എ., എന്‍.സി.ഇ.ആര്‍.ടി., അസര്‍ (Annual Status of Education Report - ASER) എജ്യുക്കേഷന്‍ ഇനീഷ്യേറ്റീവ് എന്നിങ്ങനെ ഒട്ടേറെ സര്‍ക്കാര്‍, സര്‍ക്കാറിതര സംവിധാനങ്ങള്‍ കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും ഗുണനിലവാരത്തെക്കുറിച്ച് നടത്തിയ താരതമ്യപഠനങ്ങളില്‍ കേരളത്തിന്റെ മികവിനെ എടുത്തുകാട്ടുന്നുണ്ട്.

പരിഷ്‌കരണത്തിന് അനുകൂലമായ മൂന്നാമത്തെ ന്യായം സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ എണ്ണത്തിലുള്ള വളര്‍ച്ചയാണ്. ഇതിനുകാരണം കേരളത്തിലെ മധ്യവത്കരിക്കപ്പെടുന്ന ജനങ്ങളുടെ മധ്യവര്‍ഗ മൂല്യങ്ങളോടുള്ള യുക്തിരഹിതമായ അഭിനിവേശവും അതിന് നിന്നുകൊടുക്കുന്ന സര്‍ക്കാര്‍ നയങ്ങളുമാണ്.

നിലവിലുള്ള പാഠ്യപദ്ധതിയെപ്പറ്റി അധ്യാപകര്‍ക്കിടയില്‍ അസീസ് കമ്മിറ്റി നടത്തിയ വിവരശേഖരണം തികച്ചും അശാസ്ത്രീയമായിരുന്നു. സര്‍വേയിലെ ഒട്ടേറെ ചോദ്യങ്ങള്‍ പഠിക്കുന്ന ആളുടെ മുന്‍വിധി പ്രകടിപ്പിക്കുന്നതായിരുന്നു. സര്‍വേ വിവരം ശേഖരിക്കാന്‍ അധ്യാപകരെ കണ്ടെത്തിയത് ശാസ്ത്രീയമായ സാംപ്ലിങ് രീതിയിലല്ലതാനും. നിലവിലുള്ള പാഠ്യപദ്ധതിക്കെതിരെ നിലപാടെടുത്തവരെയോ അത്തരം നിലപാടെടുക്കാന്‍ പ്രേരിപ്പിക്കപ്പെട്ടവരെയോ ആയിരുന്നു വിളിച്ചിരുന്നത്.
ബന്ധപ്പെട്ടവരുമായുള്ള ആശയവിനിമയത്തില്‍നിന്ന് കെ.സി.എഫ്. 2007-ന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ നിലവിലുള്ള പാഠ്യപദ്ധതിക്ക് ഒട്ടേറെ പ്രശ്‌നങ്ങളുണ്ടെന്ന് അസീസ് കമ്മിറ്റി പറയുന്നു. ഇതിലൊന്നുംതന്നെ ശാസ്ത്രീയമായ പഠനം വഴി ശേഖരിച്ചവയോ ക്ലാസ്‌റും നിരീക്ഷണം വഴി മനസ്സിലാക്കിയവയോ അല്ലെന്നുള്ളത് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തെത്തന്നെ ചോദ്യം ചെയ്യുന്നു.

ഈ പരിഷ്‌കരണത്തിന്റെ അടിസ്ഥാനരേഖകളായി ചില റഫറന്‍സ് പുസ്തകങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. അവയെല്ലാം കാലഹരണപ്പെട്ട ബോധനശാസ്ത്ര ഗ്രന്ഥങ്ങളാണ്. വിഷന്‍ 2020-ഉം ആന്‍ഡേഴ്‌സണ്‍, ക്രാത്ത്‌വാള്‍ എന്നിവരുടെ ഗ്രന്ഥവും ആണവ. ഇവയെല്ലാം എന്‍.സി.എഫ്. 2005-ന് അസ്വീകാര്യമായവയോ വ്യവഹാരവാദത്തെ അംഗീകരിക്കുന്നവയോ ആണ്.

എന്‍.സി.എഫിന് വിരുദ്ധം

അസീസ് കമ്മിറ്റി റിപ്പോര്‍ട്ട് ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന് കടകവിരുദ്ധമാണ്. വിദ്യാഭ്യാസം ഭരണഘടനയിലെ സംയുക്തപട്ടികയില്‍ പെട്ടതാണ്. എന്‍.സി.ഇ.ആര്‍.ടി. തയ്യാറാക്കി സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കിയ എന്‍.സി.എഫ്. 2005-ലെ സമീപനങ്ങളോടൊപ്പം നിന്നുകൊണ്ടേ സംസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാവൂ. എന്‍.സി.എഫും കെ.സി.എഫും സാമൂഹികജ്ഞാനനിര്‍മിതിരീതിയും വിമര്‍ശനാത്മകപഠനബോധന രീതിയും ക്ലാസ്മുറിയിലെ പഠനരീതിയായി അവലംബിക്കണമെന്ന് പറയുന്നു. പക്ഷേ, അസീസ് കമ്മിറ്റി നിര്‍ദേശിക്കുന്നത് അവ പരിഗണിക്കേണ്ടെന്നും ആ രണ്ട് രീതിയില്‍ മാത്രം അധ്യാപികയെ തളച്ചിടേണ്ടെന്നും എല്ലാ കാഴ്ചപ്പാടിലെയും നല്ല രീതികള്‍ സ്വീകരിക്കണമെന്നുമാണ്. പ്രത്യക്ഷത്തില്‍ നല്ലതെന്ന് തോന്നാവുന്ന നിര്‍ദേശം. ഏകാധിപത്യരീതിയും ജനാധിപത്യരീതിയും ചില രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന രണ്ട് വ്യത്യസ്ത ഭരണസമ്പ്രദായങ്ങളാണ്. ഇതില്‍ ഏതെങ്കിലും ഒന്നല്ലാതെ രണ്ടിന്റെയും നല്ലവശങ്ങള്‍ സ്വീകരിക്കണമെന്ന് പറയുംപോലെ യുക്തിരഹിതമാണ് ഈ നിര്‍ദേശവും. സൈദ്ധാന്തികമായി വൈരുദ്ധ്യമുള്ള എല്ലാത്തില്‍നിന്നും ചില സമീപനങ്ങള്‍ എടുക്കുന്നത് പരസ്​പരം പൊരുത്തപ്പെടാത്തതുകൊണ്ടുതന്നെ അധ്യാപികയ്ക്ക് നടപ്പാക്കാനാവില്ല; നടപ്പാക്കിയാല്‍ത്തന്നെ കുട്ടിയുടെ പഠനനേട്ടങ്ങള്‍ ഫലപ്രദമാകില്ല.

പല കാര്യങ്ങളിലും കൃത്യമായ നിലപാടുകളുടെ അഭാവം ഈ രേഖയില്‍ വ്യാപകമായി കാണാം. രേഖയില്‍ ഒരിടത്ത് പ്രീ-പ്രൈമറി വിദ്യാഭ്യാസം ഒരു വര്‍ഷത്തേതെന്ന് പറയുമ്പോള്‍ (പേജ് 20) മറ്റൊരിടത്ത് രണ്ട് വര്‍ഷമെന്ന് പറയുന്നു (പേജ് 25). ഇനിയുമൊരിടത്ത് ഓര്‍മപരിശോധനാരീതിയിലുള്ള പരീക്ഷയ്ക്ക് ന്യൂനതകളുണ്ട്, അത് ഫലപ്രദവുമല്ല എന്ന് പറഞ്ഞശേഷം അതിന്റെ അര്‍ഥം പഠനരീതിയില്‍നിന്ന് അതിനെ മാറ്റിനിര്‍ത്തണമെന്നല്ല എന്നും പറയുന്നു (പേജ് 35).

സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ മാധ്യമം ഏതാവണം? ലോകത്തിലെ വിദ്യാഭ്യാസ പണ്ഡിതന്മാര്‍ക്കും പുരോഗതി പ്രാപിച്ച രാജ്യങ്ങള്‍ക്കും ഇക്കാര്യത്തില്‍ സംശയമില്ല, മാതൃഭാഷതന്നെ. വിദ്യാഭ്യാസ അവകാശനിയമത്തില്‍ 8-ാം ക്ലാസുവരെയുള്ള പഠന മാധ്യമം 'സാധ്യമാകുന്നിടത്തോളം' മാതൃഭാഷയാവണമെന്ന് നിര്‍ദേശിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് ഈ റിപ്പോര്‍ട്ട് എടുക്കുന്നില്ല. സ്‌കൂളുകളില്‍ മാതൃഭാഷാ പഠനം നിര്‍ബന്ധമാക്കാനും യാതൊരു ശുപാര്‍ശയും ഈ രേഖയിലില്ല.
ഒരുപക്ഷേ, ഏറ്റവും അശാസ്ത്രീയമായ നിര്‍ദേശം അസീസ് കമ്മിറ്റിയില്‍നിന്ന് ഉണ്ടായത് പരീക്ഷകളുടെ കാര്യത്തിലാണ്. ഈ റിപ്പോര്‍ട്ടില്‍ 5, 8 ക്ലാസുകളുടെ അവസാനം ജില്ല/സംസ്ഥാന തലത്തിലുള്ള പൊതുപരീക്ഷയെ കുട്ടികള്‍ അഭിമുഖീകരിക്കണമെന്ന് പറയുന്നു (പേജ് 49). എന്തിനാണിത്? വിദ്യാഭ്യാസ അവകാശനിയമത്തിന് വിരുദ്ധമാണിത്.

ഏത് പാഠ്യപദ്ധതിയെയും ശാസ്ത്രീയമായ പഠനത്തിന്റെ പിന്‍ബലത്തില്‍ മാറ്റുന്നതിനെ/മെച്ചപ്പെടുത്തുന്നതിനെ ആര്‍ക്കും എതിര്‍ക്കാനാവില്ല. പക്ഷേ, സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ട മാറ്റം ദൗര്‍ബല്യങ്ങളുള്ള സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തെ കൂടുതല്‍ പരുങ്ങലിലാക്കും. ഇംഗ്ലീഷ് മീഡിയം/സി.ബി.എസ്.ഇ. വിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുടെ ഒഴുക്ക് വര്‍ധിപ്പിക്കും.

നമ്മുടെ നാടിനെയും ലോകത്തെയും പ്രപഞ്ചത്തെത്തന്നെയും അറിയാനും പഠിക്കാനും അതുവഴി ലോകത്തെ മാറ്റിയെടുക്കാനുമുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിനുപകരം കോര്‍പ്പറേറ്റുകള്‍ക്ക് 'അടിമവേല' ചെയ്യുന്ന വിധേയന്മാരെ സൃഷ്ടിക്കുന്നതാവും ഇതിന്റെ പരിണതഫലം. ഇതിനെ പ്രതിരോധിക്കുകതന്നെ വേണം.

(കണ്ണൂര്‍ ഡയറ്റ് റിട്ട. പ്രിന്‍സിപ്പലാണ് ലേഖകന്‍)

ചൊവ്വാഴ്ച, ഒക്‌ടോബർ 29, 2013

പശ്ചിമഘട്ട സംരക്ഷണം...ശാസ്ത്രസാഹിത്യ പരിഷത്തിന്റെ തുറന്ന കത്ത്

പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് കേരളത്തിലെ ജനങ്ങളോടും രാഷ്‌ട്രീയ പാര്‍ട്ടികളോടും ശാസ്ത്ര സാഹിത്യ പരിഷത്ത് അഭ്യർത്ഥിക്കുന്നു ...
Posted 18 October, 2013 - 22:11 by admin

ബഹുമാന്യരേ,
പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിക്കാന്‍ പോകുന്ന വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങള്‍ എന്ന നിലയില്‍ പുറത്തുവന്നിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ വ്യാപകമായ ചര്‍ച്ചകള്‍ ഇപ്പോള്‍ നടന്നുവരികയാണല്ലോ ? മാധ്യമങ്ങളിലൂടെ ലഭിച്ച വിവരങ്ങളില്‍ നിന്ന്‌ മനസ്സിലാക്കാന്‍ കഴിയുന്നത്‌ ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ അല്ല മറിച് ച്‌ കസ്‌തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അനുസരിച്ചുള്ള വിജ്ഞാപനമാണ്‌ പുറപ്പെടുവിക്കാന്‍ പോകുന്നത്‌ എന്നാണ്‌. ഈ വിഷയത്തെ സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യുന്നതിന്‌ ഒക്‌ടോബര്‍ 21 ന്‌ കേരള സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്‌. നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ ഇടുക്കി, വയനാട്‌ ജില്ലകളില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്യപ്പെട്ടിരിക്കുന്നു.
ദക്ഷിണേന്ത്യയിലെ ഇരുപത്തിയഞ്ച്‌ കോടി ജനതയുടെ ജല ആശ്രയവും കര്‍ഷക ജനതയുടേയും വനത്തെ ആശ്രയിച്ച്‌ ജീവിക്കുന്ന ആദിമ ജനവിഭാഗത്തിന്റേയും ആവാസകേന്ദ്രവുമാണ്‌ പശ്ചിമഘട്ടം. ലോകത്തിലെ പ്രധാനപ്പെട്ട 35 ജൈവവൈവിദ്ധ്യ കേന്ദ്രങ്ങളില്‍ ഒന്നായി പശ്ചിമഘട്ടം പരിഗണിക്കപ്പെടുന്നു. ഈ മലനിരകള്‍ നിര്‍വഹിക്കുന്ന വിവിധ ധര്‍മ്മങ്ങളും സേവനങ്ങളും ഇല്ലായിരുന്നെങ്കില്‍, ദക്ഷിണേന്ത്യയിലെ മനുഷ്യവാസവും സംസ്‌കാരവും തന്നെ ഒരു പക്ഷെ അസാധ്യമാകുമായിരുന്നു. അതുകൊണ്ടുതന്നെ പശ്ചിമഘട്ടത്തിലെ കൈയ്യേറ്റങ്ങള്‍ക്ക്‌ സങ്കുചിതമായ സാങ്കേതിക ന്യായീകരണങ്ങള്‍ നിരത്തുന്നതിനേക്കാള്‍ സമത്വവും സാമൂഹ്യനീതിയും ഉറപ്പാക്കുന്ന, സ്ഥായിത്വമുള്ള വിഭവ വിനിയോഗ രീതി നടപ്പാക്കുകയാണ്‌ അനിവാര്യമായിട്ടുള്ളത്‌. പശ്ചിമഘട്ട സംരക്ഷണത്തിനും അതുവഴി കേരളത്തിന്റെ ദീര്‍ഘകാല നിലനില്‍പ്പിനുമുള്ള പൊതുസമീപനങ്ങളാണ്‌ ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളതെന്ന്‌ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ മനസ്സിലാക്കുന്നു. ഇതിലെ പ്രധാന നിര്‍ദ്ദേശങ്ങളെ തിരസ്‌കരിക്കുകയും അമിത പ്രകൃതിചൂഷണത്തിലൂന്നിയ നടപ്പു വികസനമാര്‍ഗത്തെ അംഗീകരിക്കുകയും ചെയ്യുന്ന കസ്‌തൂരി രംഗന്‍ കമ്മറ്റി റിപ്പോര്‍ട്ട്‌ നടപ്പാക്കാനാണ്‌ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. എന്നാല്‍ ഒരു നിയന്ത്രണവും പാടില്ലായെന്ന നിലപാടാണ്‌ നിയമവിരുദ്ധ തടിവെട്ട്‌, ഖനനങ്ങള്‍, ടൂറിസം, കഞ്ചാവു കൃഷി, വനം കയ്യേറ്റം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ക്ഷിപ്രലാഭമോഹികള്‍ എടുത്തിരിക്കുന്നത്‌. ഇവരുടെ താല്‌പര്യങ്ങളും കൃഷിക്കാരുടെ താല്‍പ്പര്യങ്ങളും ഒന്നാണെന്നു കരുതി ജനങ്ങള്‍ സമരരംഗത്തിറങ്ങുന്ന കാഴ്‌ചയാണ്‌ ഇപ്പോള്‍ കാണുന്നത്‌.
ഭൂമിയുടെ ഉപയോഗക്രമത്തിലും ജൈവ - അജൈവ വിഭവങ്ങളുടെ ഉപയോഗത്തിലും ഒരു നിയന്ത്രണവും ഇല്ലാതെ ലോകത്ത്‌ ഒരു സമൂഹത്തിലും നിലനില്‍പ്പുള്ള വികസനം സാധ്യമാക്കാന്‍ ആവില്ല. ഈ തിരിച്ചറിവ്‌ ഉറക്കെ പറഞ്ഞവരാണ്‌ ലോകത്തിലെ ഉന്നതരായ എല്ലാ രാഷ്‌ട്രീയ ചിന്തകരും ഉത്തമ രാഷ്‌ട്രീയ നേതാക്കളും എന്ന്‌ ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്‌. `ലോകത്തിലെ മുഴുവന്‍ ആളുകളുടെയും ആവശ്യം നിറവേറ്റാനുള്ളത്‌ ഭൂമിയിലുണ്ട്‌. ഒരാളുടെയും ദുരാഗ്രഹത്തെ നിറവേറ്റാന്‍ ഭൂമിയിലെ വിഭവങ്ങള്‍ മതിയാകില്ല' എന്ന മഹാത്മാഗാന്ധിയുടെ വാക്കുകളില്‍ നിലനില്‍പ്പുള്ള വികസന സമീപനത്തിന്റെ രാഷ്‌ട്രീയം തുളുമ്പിനില്‍ക്കുന്നു. `ഈ ഭൂമി ഒറ്റപ്പെട്ട വ്യക്തികളുടെ സ്വത്തല്ല, ഒരു സമൂഹത്തിന്റെയോ ഒരു രാഷ്‌ട്രത്തിന്റെയോ സ്വത്തല്ല. എന്തിന്‌ ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെയും കൂട്ടുസ്വത്തുമല്ല അത്‌. ഭൂമിയുടെ ഗുണഭോക്താക്കള്‍ മാത്രമാണ്‌ നമ്മള്‍. നമുക്ക്‌ ലഭിച്ചതിനേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ വരുംതലമുറകള്‍ക്ക്‌ അത്‌ കൈമാറാന്‍ ബാധ്യതപ്പെട്ടവരാണ്‌ നമ്മള്‍ - നല്ല തറവാട്ട്‌ കാരണവരെപ്പോലെ' എന്ന കാറല്‍മാര്‍ക്‌സിന്റെ വാക്കുകളിലും ഇതേ രാഷ്‌ട്രീയമാണ്‌ ഉള്‍ച്ചേര്‍ന്നിരിക്കുന്നത്‌. ഇപ്പോള്‍ എത്ര ആകര്‍ഷകമെന്ന്‌ തോന്നിയാലും അമിത വിഭവ ചൂഷണത്തില്‍ അധിഷ്‌ഠിതമായ ഹ്രസ്വകാല ലാഭ താല്‌പര്യങ്ങളെ ബോധപൂര്‍വ്വം വേണ്ടെന്ന്‌ പറയേണ്ടതുണ്ട്‌. അരുത്‌ എന്ന്‌ പറയേണ്ടതുണ്ട്‌. കേരളത്തിന്റെ സവിശേഷമായ ഭൂപ്രകൃതിയും ജൈവ പ്രകൃതിയും നിലനില്‍ക്കുന്നതിനും സംരക്ഷിക്കുന്നതിനും മേഖല തിരിച്ചുള്ള പ്രത്യേക പരിപാലന രീതികള്‍ അവലംബിച്ചേ മതിയാവൂ. പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കിയുള്ള വികസന സമീപനങ്ങളിലൂടെ കേരള പരിസ്ഥിതിയുടെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നിലനില്‍പ്പ്‌ ഉറപ്പ്‌ വരുത്തുന്നതിനുള്ള ചുമതല അടങ്ങിയിരിക്കുന്നത്‌ കേരളത്തിന്റെ രാഷ്ട്രീയ സമൂഹത്തിലാണ്‌ എന്ന്‌ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ മനസ്സിലാക്കുന്നു. ഈ പശ്ചാത്തലത്തില്‍ പ്രൊഫ. മാധവ്‌ ഗാഡ്‌ഗില്‍ അധ്യക്ഷനായുള്ള വിദഗ്‌ധ സമിതി റിപ്പോര്‍ട്ട്‌ സ്വീകരിക്കുകയും പ്രാദേശിക സമൂഹങ്ങളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിദഗ്‌ധരുടെയും പങ്കാളിത്തത്തോടെ അത്‌ മെച്ചപ്പെടുത്തുന്നതിനും നടപ്പാക്കുന്നതിനുമുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്യുകയാണ്‌ വേണ്ടത്‌. ഇത്തരമൊരു നിലപാട്‌ കേരള സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്തിരിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന രാഷ്‌ട്രീയ കക്ഷികള്‍ സ്വീകരിക്കണമെന്ന്‌ ഞങ്ങള്‍ വിനീതരായി അഭ്യര്‍ത്ഥിക്കുന്നു.
മനുഷ്യ സംസ്‌കാരത്തിന്റെ പുരോഗതി കൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌ പ്രകൃതി - സമൂഹ ബന്ധത്തിലുണ്ടായ നിരന്തരമായ മാറ്റങ്ങളാണ്‌. ഈ പ്രക്രിയയില്‍ പ്രകൃതി വിഭവങ്ങള്‍ വന്‍തോതില്‍ ഉപയോഗിച്ചതായും അതുവഴി നമ്മുടെ ഭൂ ഉപയോഗ രീതിയില്‍ത്തന്നെ ഗണ്യമായ മാറ്റം വന്നതായും കാണാവുന്നതാണ്‌. ഇത്തരം ഇടപെടല്‍ കൂടിവരികയും ശക്തിപ്പെടുകയും ചെയ്‌തതോടെ മനുഷ്യ ജീവിതത്തിന്‌ തന്നെ അത്‌ ഭീഷണി ആയിട്ടുണ്ട്‌. പ്രകൃതി വിഭവങ്ങളെ അനിയന്ത്രിതമായി ഉപയോഗിക്കുമ്പോഴും ഒരു പദ്ധതിയുടെ നേട്ടങ്ങള്‍ അതുണ്ടാക്കുന്ന കോട്ടങ്ങളേക്കാള്‍ കുറയുമ്പോഴും ഇത്തരം ഭീഷണികള്‍ വര്‍ദ്ധിക്കാനാണ്‌ സാധ്യത. സാമ്പത്തിക വികസനത്തിന്റെ പേരിലാണ്‌ പ്രകൃതി വിഭവ ചൂഷണം ന്യായീകരിക്കപ്പെടുന്നത്‌. എന്നാല്‍ വികസനം എന്നാല്‍ എന്താണ്‌ എന്നതില്‍ ജനങ്ങള്‍ ഉത്‌കണ്‌ഠാകുലരാണ്‌. കാരണം സമ്പന്നരാണ്‌ ഇന്ന്‌ `വികസനത്തിന്റെ' ഗുണഭോക്താക്കള്‍. അതേസമയം കെടുതികള്‍ ഒക്കെ ദരിദ്രര്‍ക്കും ഭാവിതലമുറകള്‍ക്കും ആണ്‌. സമ്പന്നരുടെ സങ്കുചിത സാമ്പത്തിക താല്‌പര്യങ്ങള്‍ പ്രശ്‌നം രൂക്ഷമാക്കുകയാണ്‌ എന്ന്‌ മാത്രമല്ല, പ്രശ്‌നത്തിന്റെ വ്യാപ്‌തി തിട്ടപ്പെടുത്തുവാന്‍ പോലും കഴിയാതാകുന്നു. അതേസമയം ജീവിതതുറകളിലെല്ലാം പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയുമാണ്‌. പ്രകൃതി വിഭവങ്ങള്‍ കവര്‍ന്നെടുക്കുന്നതിനെയും ദരിദ്രരുടെ ഉന്നമനത്തിന്റെ പേരിലാണ്‌ ന്യായീകരിക്കുന്നത്‌ എന്നതാണ്‌ രസകരമായ കാര്യം.
മനുഷ്യനും പ്രകൃതിയും തമ്മില്‍ നിലനില്‍പ്പിനു വേണ്ടി നടത്തുന്ന ഒരു സമരവേദിയായി പശ്ചിമ ഘട്ടം മാറിയിട്ടുണ്ട്‌. മനുഷ്യന്‍ മാത്രമല്ല ഈ മലനിരകളുടെ സ്വാഭാവിക പാരിസ്ഥിതിക സംതുലനാവസ്ഥ കാത്ത്‌ സൂക്ഷിക്കുന്ന മറ്റ്‌ ജീവജാലങ്ങളുടെ നിലനില്‍പ്പും അങ്ങേയറ്റം ആശങ്കാകുലമായ സ്ഥിതിയിലാണ്‌. മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ച്‌ വരുന്നു. ഇക്കഴിഞ്ഞ മാസങ്ങളില്‍ മലയോരമേഖലകളില്‍ ഉണ്ടായ പ്രകൃതി ദുരന്തങ്ങള്‍ നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതാണ്‌. മഴ കനക്കുമ്പോള്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സാധാരണമാകുന്നു. വീടുകളും കൃഷിഭൂമിയും നശിക്കുന്നു. മണ്ണൊലിപ്പ്‌ മൂലം മണ്ണിന്റെ ഫലഭൂയിഷ്ടത നഷ്ടപ്പെടുന്നു. വനനശീകരണവും ജൈവവൈവിദ്ധ്യനാശവും ചേര്‍ന്നുണ്ടാകുന്ന പാരിസ്ഥിതിക പ്രതിസന്ധിയാണതിന്റെ മുഖ്യ കാരണം.
ഈ പശ്ചാത്തലത്തിലാണ്‌ പശ്ചിമഘട്ടത്തിന്റെ നിലനില്‍പ്പ്‌ ഉറപ്പ്‌ വരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മാധവ ഗാഡ്‌ഗില്‍ സമിതിയുടെ ശുപാര്‍ശകള്‍ പ്രസക്തമാകുന്നത്‌. ഈ മേഖലയില്‍ നിന്ന്‌ മനുഷ്യനെ ഒഴിപ്പിക്കാതെയും എന്നാല്‍ സാമ്പത്തിക ചൂഷണം മാത്രം ലക്ഷ്യമിട്ടു വരുന്ന പുത്തന്‍ മൂലധനശക്തികളുടെ അമിത ലാഭക്കൊതിയില്‍ നിന്ന്‌ പശ്ചിമഘട്ടപ്രദേശമാകെ സംരക്ഷിക്കുകയും ചെയ്യാനുതകുന്ന നിര്‍ദ്ദേശങ്ങളാണ്‌ ഗാഡ്‌ഗില്‍ സമിതി മുന്നോട്ട്‌ വച്ചിട്ടുള്ളത്‌. പശ്ചിമഘട്ട മേഖലയിലെ വികസനം തടയുന്ന നിര്‍ദ്ദേശങ്ങളൊന്നും ഗാഡ്‌ഗില്‍ കമ്മറ്റി സര്‍ക്കാരിന്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലില്ല എന്നതാണ്‌ വാസ്‌തവം. നിലവിലുള്ള നിബന്ധനകളിലെ പഴുതുകള്‍ അടച്ച്‌ നടപ്പാക്കണമെന്നേ ഗാഡ്‌ഗില്‍ സമിതി പറഞ്ഞിട്ടുള്ളൂ. അതു പോലും നിക്ഷിപ്‌ത താല്‍പ്പര്യക്കാര്‍ക്ക്‌ സഹിച്ചില്ല. ഇവരുടെ നിര്‍ബന്ധപ്രകാരമാണ്‌ കസ്‌തൂരിരംഗന്‍ അദ്ധ്യക്ഷനായ ഉന്നതാധികാര സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചത്‌. എന്നാല്‍ ഈ കമ്മറ്റിയുടെ ശുപാര്‍ശകള്‍ ഗാഡ്‌ഗില്‍ സമിതി ശുപാര്‍ശകളില്‍ വെള്ളം ചേര്‍ക്കാനുള്ളതാണ്‌. പശ്ചിമഘട്ടങ്ങളിലെ ഭൂരിഭാഗവും പരിസ്ഥിതിലോലതയില്‍ നിന്നൊഴിവാക്കി. 37 ശതമാനം പ്രദേശത്തു മാത്രമാണ്‌ പരിസ്ഥിതി ലോലപ്രകൃതിയുള്ളതായി കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിലുള്ളത്‌. ഇതാകട്ടെ നിലവിലുള്ള സംരക്ഷണ പരിധിയില്‍പ്പെട്ട വനമേഖലയുമാണ്‌. ഒരു വലിയ പ്രദേശം മുഴുവന്‍ സാംസ്‌കാരികമേഖലയെന്ന പേരില്‍ ഒഴിവാക്കാന്‍ വേണ്ടി ഉന്നതാധികാര സമിതി ഭൗമസ്ഥലിയ വിശകലനത്തെ തെരഞ്ഞെടുത്ത്‌ ഉപയോഗിക്കുന്നു.
പ്രാദേശികമായി തീരുമാനങ്ങളെടുക്കുന്നതിന്‌ ഗാഡ്‌ഗില്‍ കമ്മിറ്റി വേണ്ടുവോളം ഇടം നല്‍കുന്നുണ്ട്‌. ഈയൊരു കാരണംകൊണ്ടാണ്‌ ഗാഡ്‌ഗില്‍ കമ്മിറ്റി താലൂക്കു തലത്തിലുള്ള മേഖലാ വിഭജനത്തെക്കുറിച്ച്‌ വിശാലമായ സൂചനകള്‍ നല്‍കുന്നതും പ്രാദേശിക ജനതയെയും സ്ഥാപനങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടു ആഴമേറിയ പഠനങ്ങളെ ആധാരമാക്കിയുള്ള അന്തിമ മേഖലാ നിര്‍ണ്ണയവും നിര്‍ദ്ദേശിക്കുകയും ചെയ്യുന്നത്‌. അതേസമയം ആതിരപ്പിള്ളി പദ്ധതിയെക്കുറിച്ചും അണക്കെട്ടുകള്‍ ഡീ കമ്മീഷന്‍ ചെയ്യുന്നതിനെക്കുറിച്ചും ജൈവകൃഷിയെക്കുറിച്ചുമുള്ള ഗാഡ്‌ഗില്‍ സമിതിയുടെ ശുപാര്‍ശകള്‍ കൂടുതല്‍ തുറന്ന ചര്‍ച്ചകള്‍ക്ക്‌ വിധേയമാക്കേണ്ടവ തന്നെയാണ്‌.
കാടും മഴയുമില്ലാതെ, പുഴയും വെള്ളവുമില്ലാതെ ഭക്ഷ്യധാന്യങ്ങളില്ലാതെ, ഏലവും ചുക്കും കുരുമുളകമില്ലാതെ കേരളം നിലനില്‍ക്കുകയില്ലെന്ന്‌ വ്യക്തമാണ്‌. വികസനമെന്നാല്‍ കമ്പോളാധിഷ്ടിതമായ ഉപഭോഗ സംസ്‌കാരവും, ഉപഭോഗത്വരയെ തൃപ്‌തിപ്പെടുത്തുന്ന ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും മാത്രമാണെന്ന ധാരണ അവസാനിപ്പിക്കാതെ പറ്റില്ല. ഇവിടെ ജനങ്ങള്‍ സ്വയം തങ്ങളോടു തന്നെ ചോദിക്കണം. ഈ കേരളം, ഇതിലെ കാടും മലയും പുഴയും കായലും കല്ലും മണ്ണുമെല്ലാം ഏതാനും പേര്‍ക്ക്‌ ലാഭമുണ്ടാക്കാനുള്ളതാണോ?. അതോ എല്ലാവര്‍ക്കും, ഭാവിയില്‍ ജനിക്കാന്‍ പോകുന്നവര്‍ക്കു കൂടി അര്‍ഹതപ്പെട്ടതാണോ?. ഈ ചോദ്യമാണ്‌ ഇത്തരുണത്തില്‍ പ്രസക്തമായതെന്ന്‌ പരിഷത്ത്‌ കരുതുന്നു. അമിതലാഭ മോഹികളുടെ അസത്യപ്രചരണ വലയത്തില്‍ കുടുങ്ങരുതെന്ന്‌ ഞങ്ങള്‍ ജനങ്ങളോട്‌ അഭ്യര്‍ത്ഥിക്കുന്നു. ഒപ്പം നിലനില്‍പ്പുള്ള സാമൂഹ്യനീതിയിലധിഷ്‌ഠിതമായ കേരള വികസനത്തിന്റെ രാഷ്‌ട്രീയം ചര്‍ച്ച ചെയ്യാനും ജനമനസ്സുകളില്‍ ഉറപ്പിക്കാനും ഉള്ള അവസരമാണ്‌ ഇതെന്ന്‌ തിരിച്ചറിഞ്ഞ്‌ അതിനനുസൃതമായ ഒരു ഇടപെടല്‍ ഉണ്ടാവണമെന്ന്‌ സര്‍വ രാഷ്‌ട്രീയ കക്ഷികളോടും അഭ്യര്‍ത്ഥിക്കുന്നു.

കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌

വ്യാഴാഴ്‌ച, ജനുവരി 26, 2012

'ഒരുമയോടെ നീങ്ങിടാം ..പുതിയ കേരളത്തിനായ്..'

[വേണം മറ്റൊരു കേരളം എന്ന മുദ്രാവാക്യവുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ പ്രയാണം ആരംഭിച്ച പദയാത്രകളില്‍ ഒന്നില്‍ ആദ്യ ദിവസം പങ്കെടുത്തപ്പോള്‍ ഉണ്ടായ അനുഭവം ഏറെ ആവേശകരമായിരുന്നു...പദയാത്രയില്‍ പങ്കാളികളാകാനും,സ്വീകരണങ്ങള്‍ നല്‍കാനും ജീവിതത്തിന്റെ നാനാ തുറകില്‍ പെട്ട ആളുകള്‍ ഒഴുകിയെത്തിയത് കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി......പദയാത്രയുടെ സന്ദേശവുമായി പൊരുത്തപ്പെടും എന്ന് തോന്നുന്ന കുറച്ചു വരികള്‍(മുദ്രാ ഗീതങ്ങള്‍) ഇവിടെ കുറിച്ചിടുകയാണ്... വായിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമല്ലോ...]
                                 'ഒരുമയോടെ നീങ്ങിടാം...
                                  പുതിയ കേരളത്തിനായ്...'  
ഐക്യകേരളം പിറന്ന,നാള്‍മുതല്‍ തുടങ്ങിനാം
കേരളത്തിന്‍ വികസനം..സാധ്യമാക്കും ചിന്തകള്‍


      കേരളം തെരഞ്ഞെടുത്ത ഭരണകൂടമാദ്യമായ്..
      കൊണ്ടുവന്നു ഓര്‍ഡിനന്‍സ് കുടിയിറക്ക് നിര്‍ത്തുവാന്‍
      ജന്മിതന്റെ മണ്ണതില്‍..കൂരവെച്ചു കഴിയുവോര്‍
      രണ്ടു സെന്റിനുടമയായ്‌,കുടികിടപ്പ് സാധ്യമായ്‌.
                                                                  (ഐക്യകേരളം...)
 ജന്മി നാടുവാഴി ഭൂ പ്രഭുത്വമൊക്കെ മാറ്റി നാം.
 മര്‍ത്യ മോചനത്തിനായി സമരപാത തീര്‍ത്തു നാം.
 കര്‍ഷകര്‍ക്കു ഭൂമി നല്‍കി, പുതുചരിത്രമെഴുതി നാം,
 അടിമ,ഉടമ യായതിന്‍  ചരിത്രമാണതോര്‍ക്കുക..
                                                                     (ഐക്യകേരളം...)
    സ്വന്തമായ ഭൂമിയില്‍... കൃഷിയിറക്കി കര്‍ഷകന്‍,
    നൂറുമേനി വിളയുവാന്‍,വിയര്‍പ്പൊഴുക്കി കര്‍ഷകന്‍.
    വിത്തെറിഞ്ഞു  കര്‍ഷകന്‍..വളവുമിട്ടു കര്‍ഷകന്‍,
    വിത്തെറിഞ്ഞ കൈകള്‍തന്നെ വിളവെടുത്തു സ്വന്തമായ്.. 
                                                                       (ഐക്യകേരളം...)
 വികസന പ്രതീക്ഷകള്‍...പൂത്തുലഞ്ഞ നാളതില്‍
 മുണ്ടശ്ശേരി കൊണ്ടുവന്നു,വിദ്യ തന്റെ കൈത്തിരി.
 അക്ഷരം പഠിക്കുവാന്‍...അറിവുനേടി വളരുവാന്‍,
 ആയിരങ്ങള്‍ പാഠശാല,തേടിയെത്തി മെല്ലവേ..


                ഏറെ ദൂരം താണ്ടിടാതെ  പാഠശാലയെത്തിടാം,
                ഒറ്റബെഞ്ചിലൊരുമയോടെ,തോളു ചേര്‍ന്നിരുന്നിടാം. 
                ചില്ലിക്കാശു നല്‍കിടാതെ,വിദ്യ അഭ്യസിച്ചിടാം...
                'വിദ്യ' എന്ന ധനവുമായ്..ശാല വിട്ടിറങ്ങിടാം .  
                                                                         (ഐക്യകേരളം..)
   കര്‍ഷകര്‍ക്കു ഭൂമി നല്‍കി, കൈ പിടിച്ചുയര്‍ത്തുവാന്‍,
   കുട്ടികള്‍ക്ക് വിദ്യ നല്‍കി കൂരിരുട്ടകറ്റുവാന്‍...
   കേരളം തെളിച്ച പഴയ, വഴികള്‍ നമ്മളോര്‍ക്കണം,
   പുതിയ തലമുറയ്ക്കു പഴയ, കഥകള്‍ നമ്മള്‍ പകരണം.
                                                                          (ഐക്യകേരളം..) 
              പോയകാല കേരളം,കൈവരിച്ച നന്മകള്‍
              തേച്ചു മായ്ച്ചു കളയുവാന്‍..അനുവദിക്കയില്ല നാം.
              ഒരുമയോടെ നീങ്ങിടാം...പുതിയ സംഘശക്തിയായ്,
              ഒത്തു ചേര്‍ന്നു പൊരുതിടാം..പുതിയ കേരളത്തിനായ്.
                                                                                     (ഐക്യകേരളം...)
  ഇല്ല,നമ്മളനുവദിക്കയില്ല കുന്നിടിക്കുവാന്‍..
  അനുവദിക്കയില്ല നമ്മള്‍ വയല്‍ നികത്തുവാനിനി.
  മണലെടുത്ത് വെള്ളമൂറ്റി,പുഴകളെ ത്തകര്‍ക്കുവാന്‍
  ഇല്ല, നമ്മളനുവദിക്ക യില്ലയീക്കൊടും ചതി   
                                                                    (ഒരുമയോടെ...) 
            കുന്നിടിച്ച്‌ വയല്‍ നികത്തി 'ഫ്ലാറ്റ്' കെട്ടി പ്പൊക്കുവാന്‍
            കര്‍ഷകന്റെ ഭൂമിയാകെ കുത്തകയ്ക്ക് നല്‍കുവാന്‍
            കുട്ടികളുടെ സ്കൂളുകള്‍... കോര്‍പ്പറേറ്റി നേകുവാന്‍
            കച്ച കെട്ടിയെത്തിടുന്നു  പുതിയ ലോക ശക്തികള്‍
   
                                       ഇല്ല നമ്മളനുവദിക്കയില്ല  കുന്നിടിക്കുവാന്‍ 
                                       അനുവദിക്കയില്ല നമ്മള്‍ വയല്‍ നികത്തുവാനിനി..
                                       ഇല്ല നമ്മള്‍ നല്‍കുകില്ല,  ഭൂമി കുത്തകയ്ക്കിനി ..
                                       അനുവദിക്കയില്ല നമ്മള്‍ വിദ്യ വില്‍ക്കുവാനിനി..


             ഐക്യകേരളം പിറന്ന നാള്‍ മുതല്‍ തുടങ്ങി നാം,
             കേരളത്തിന്‍ വികസനം സാധ്യമാക്കും ചിന്തകള്‍
             കേരളം തെളിച്ച പഴയ വഴികള്‍ നമ്മളോര്‍ക്കണം
             പുതിയ തലമുറയ്ക്ക് പഴയ കഥകള്‍ നമ്മള്‍ പകരണം



              പോയകാല കേരളം,കൈവരിച്ച നന്മകള്‍
              തേച്ചു മായ്ച്ചു കളയുവാന്‍..അനുവദിക്കയില്ല നാം.
              ഒരുമയോടെ നീങ്ങിടാം...പുതിയ സംഘശക്തിയായ്,
              ഒത്തു ചേര്‍ന്നു പൊരുതിടാം..പുതിയ കേരളത്തിനായ്.
                                                                                     

                                                     [ഒയോളം നാരായണന്‍ ]

തിങ്കളാഴ്‌ച, ഡിസംബർ 05, 2011

വേണം മറ്റൊരു കേരളം

('വേണം മറ്റൊരു കേരളം' എന്ന മുദ്രാവാക്യവുമായി കേരളത്തില്‍ നടക്കുന്ന ക്യാംപെയിനിനെക്കുറിച്ച് കേട്ടപ്പോള്‍ മനസ്സില്‍ തോന്നിയ ചില കാര്യങ്ങള്‍ ഇവിടെ കുറിച്ചിടുകയാണ്.. കവിത എന്ന് ഇതിനെ വിളിക്കാമോ എന്ന് അറിയില്ല..എന്തായാലും 'മുദ്രാഗീതം' എന്ന് വിളിക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു..ഇത് ഒരു തുടക്കം മാത്രം...വിഷയവുമായി ബന്ധപ്പെട്ട  കൂടുതല്‍ വരികള്‍ ആര്‍ക്കും എഴുതാം..കമന്റു ബോക്സില്‍ രേഖപ്പെടുത്താം...അഭിപ്രായങ്ങളും ആവാം..ക്യാമ്പെയിന്‍ നടത്തുന്ന പ്രസ്ഥാനവുമായി ഈ എഴുത്തിനു യാതൊരു ബന്ധവുമില്ല..വ്യക്തിപരമായി എന്റെ ആശയങ്ങള്‍,ചിന്താഗതികള്‍ പങ്കു വെക്കുന്നു..അത്രമാത്രം..)
 

  വേണം മറ്റൊരു കേരളം

            (ഒന്ന്)

വേണം മറ്റൊരു കേരളമെന്ന്
വേപഥു  പൂണ്ടവര്‍ ചൊല്ലുമ്പോള്‍ 
വേണ്ടാതിനമത് ചൊല്ലരുതെന്ന്
വേണ്ടപ്പെട്ടവര്‍ മൊഴിയുന്നോ? 
                  ''ഭാര്‍ഗവരാമന്‍ മഴുവാല്‍ തീര്‍ത്തൊരു 
                   ഭൂവിത് കേരളമറിയേണം  
                   ശിവപാര്‍വതിമാര്‍ തെക്ക് വടക്കായ്
                   കാക്കും നാടെന്നറിയേണം       
ദൈവത്തിന്റെ സ്വന്തം നാടിതു 
മാറണമെന്നത്  പറയുന്നോര്‍ 
ദൈവനിഷേധികളെന്നല്ലാതെ 
പിന്നെന്തവരെ വിളിക്കേണ്ടൂ?''
                   (പലവേഷത്തില്‍ പലഭാവത്തില്‍ 
                   ആള്‍ ദൈവങ്ങള്‍ വിലസുമ്പോള്‍ 
                   ദൈവത്തിന്‍ നാടെന്നല്ലാതെ  
                   മറ്റെന്തിതിനെ വിളിക്കേണ്ടൂ!)
ദൈവപ്പേരില്‍ ചെപ്പടിവിദ്യകള്‍ 
കാട്ടിനടപ്പൂ കേമന്മാര്‍-
കാവിയുടുത്തോര്‍,വെള്ളയുടുത്തോര്‍,   
പാട്ടും ആട്ടവുമറിയുന്നോര്‍!
                   അവരുടെ കാല്‍ക്കല്‍ വീഴാനും 
                   അവരുടെ മാറില്‍ ചായാനും 
                   കവിളില്‍ മുത്തം വാങ്ങാനും 
                   കാത്തുകിടപ്പൂ പാവങ്ങള്‍!
കോവിലിനുള്ളില്‍ കുടികൊള്ളും തിരു-
രൂപം കണ്ടു തൊഴാനായി,
കോടികണക്കിനു ഭക്തര്‍ ക്യൂവില്‍ 
തൊഴുകൈകളുമായ് നില്‍ക്കുമ്പോള്‍ 
                    കാശുമുടക്കിയ മുന്തിയ ഭക്തര്‍ 
                    'ഗ്രീന്‍ചാനല്‍' വഴിയെത്തുന്നു!
                     വി.ഐ.പി.കള്‍ ക്യൂവിനുനേരെ 
                     കൈവീശുന്നു, ചിരിക്കുന്നു!
ചാക്കുകണക്കിന് കാശുകൊടുത്താല്‍ 
ചാക്കില്‍ കയറും ദൈവങ്ങള്‍!
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ 
നാട്ടുനടപ്പിതു മാറണ്ടേ?
                    വേണം മറ്റൊരു കേരളമെന്ന് 
                    വേപഥു പൂണ്ടവര്‍ ചൊല്ലുമ്പോള്‍
                    കാരണമെന്തെന്നറിയാനായ് 
                    കാതുകള്‍ നമ്മള്‍ തുറക്കണ്ടേ?      

                          (രണ്ട്)
'ജാതിയുമൊന്ന്,മതവും ഒന്ന്,
ദൈവവുമൊന്ന്  മനുഷ്യന്ന്'
ഗുരുവചനം കേട്ടാഹ്ലാദിച്ചൂ     
അന്നീ കേരളമൊന്നാകെ.
                       നാനാജാതികളുപജാതികളും 
                       സംഘം ചേര്‍ന്ന് നടക്കുമ്പോള്‍ 
                       സംഘര്‍ഷത്തിന്‍ നാടായ്‌ മാറീ
                       ഇന്നീ കേരള മറിയേണം!
നന്മകള്‍ വിളയും നാടെന്ന്
കവികള്‍ പാടിയ കേരളമേ,
തിന്മകള്‍ നിന്നില്‍ നിറയുമ്പോള്‍ 
കരളുരുകുന്നൂ തകരുന്നൂ 
                   മണ്ണിനു,പെണ്ണിന് വില പറയുന്നൊരു 
                   മാഫിയ നര്‍ത്തനമാടുന്നൂ!
                   മണ്ണിനു പൊന്നിന്‍ വില നല്‍കുന്നൂ 
                   പെണ്ണിന്‍ മാനം കവരുന്നൂ 

സ്വര്‍ണ്ണക്കടകള്‍,ബാര്‍ഹോട്ടലുകള്‍ 
മുക്കിനു മുക്കിനുപെരുകുന്നൂ 
നൂറുകണക്കിന് നാനോ കാറുകള്‍ 
നിത്യം റോഡിലിറങ്ങുന്നൂ!
            ഐ.ടി.പാര്‍ക്കും സ്മാര്‍ട്ട് സിറ്റീം 
            കണ്ണഞ്ചിക്കും കാഴ്ചകളും,
            വികസനമെത്തീ അതിവേഗം 
             മുന്നേറീ നാം ബഹു ദൂരം!     
 
                            
                                         (മൂന്ന്)

                          അക്ഷയതൃതിയ അടുത്തെത്തി  
                          അയലത്തൂന്നും വിളിയെത്തി 
                        '' സുവര്‍ണ്ണ നാളില്‍ സുന്ദര നാളില്‍ 
                          സ്വര്‍ണ്ണം ഒരുതരി വാങ്ങണ്ടേ?'' 


                                   
                                                     കാണം വിറ്റും ഓണം ഉണ്ണാന്‍
                                                      കാത്തുകിടന്നൊരു മലയാളി 
                                                      കണ്ടം വിറ്റും പണ്ടം വാങ്ങാന്‍ 
                                                      ക്യൂ നില്‍ക്കുന്നൂ ജ്വല്ലറിയില്‍!
                                  

 മഴുവാല്‍ തീര്‍ത്തൊരു നാടിന്‍ നാശം 
മഴുവാല്‍ത്തന്നെ തുടങ്ങീ നാം 
കാടുകള്‍ വെട്ടീ,മേടുകള്‍ തട്ടീ 
നാടിന്‍ വികസന പാതയ്ക്കായ്
                       കാടുകള്‍ തോടുകള്‍ കുഞ്ഞരുവികളും 
                            കുളങ്ങള്‍ വയലുകള്‍ കുന്നുകളും 
                            കാണാ കാഴ്ചകളാകുന്നൂ 
                            കേരളനാടിത് വളരുന്നൂ!  
 രണ്ടും മൂന്നും മേനി വിളഞ്ഞൊരു  
 പാടം പാര്‍പ്പിടമാകുന്നൂ
 നെല്ലിനു പകരം 'വില്ലകള്‍' വിളയും 
 നാടായ്‌ നാടിതു മാറുന്നൂ!
                       വൈദ്യുതിവെട്ടം വന്നൊരുനാട്ടില്‍
                       കുട്ടിച്ചാത്തനകന്നപ്പോള്‍
                        വൈദ്യുതി തന്നുടകമ്പടിയോടെ 
                        'പെട്ടി'യിലെത്തീ ചാത്തന്മാര്‍!
ഏലസ്സുകളുടെ  അത്ഭുതസിദ്ധികള്‍  
ചാനല്‍ ചര്‍ച്ചയില്‍ നിറയുന്നൂ 
എതിരാളികളുടെ വാദമുഖങ്ങള്‍
സിദ്ധര്‍ നിഷ്പ്രഭാമാക്കുന്നൂ! 
                       സാക്ഷരസുന്ദര കേരളനാട്ടില്‍ 
                      യക്ഷിക്കഥകള്‍കൊഴുക്കുമ്പോള്‍ 
                      കണ്ണില്‍ക്കണ്ടതു പോലാക്കഥകള്‍ 
                      സാക്ഷരജനത വിഴുങ്ങുന്നൂ!
  വേണം മറ്റൊരു കേരളമെന്ന്
വേപഥു  പൂണ്ടവര്‍ ചൊല്ലുമ്പോള്‍ 
കാരണമെന്തെന്നറിയാനായ്
കഥകള്‍ ഇനിയും ചൊല്ല ണമോ?